KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ മൃഗശാല ക്യാമ്പെയ്ന്‍
മൃഗശാല ക്യാമ്പെയ്ന്‍

മനുഷ്യര്‍ ഇത്ര ക്രൂരരോ?


cubആനകളോടുമാത്രമല്ല. എല്ലാ മൃഗങ്ങളോടും മനുഷ്യന്‍ ക്രൂരത മാത്രമാണ് കാട്ടുന്നത് എന്ന് കാടോ കൂടോ ഏറെക്കൂറേതിനോട് എന്ന ലേഖനം വായിച്ചപ്പോഴാണ്  മനസിലായത്. ഓടാനോ ചാടാനോ ഒന്ന് നടക്കാനോ പറ്റാത്ത ചതുരക്കൂടുകളില്‍ അവ എത്ര കഷ്ടപ്പെടുന്നു.  ചെറുപ്പത്തില്‍ മൃഗശാലയിലേക്ക് പോകാനും പലതരം മൃഗങ്ങളെ അടുത്തു കാണാനും എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ അതിന്റെ ഗൌരവം ഞാന്‍ പൂര്‍ണമായി മനസ്സിലാക്കുന്നു.
ശരിക്കും എന്തിനാണീ മൃഗശാലകള്‍? മനുഷ്യന് സമയം കളയാനും കൂട്ടിലടയ്ക്കപ്പെട്ട് സ്വാതന്ത്യ്രം നഷ്ടപ്പെട്ട മൃഗങ്ങളെ കണ്ട് കൈകൊട്ടിച്ചിരിക്കാനുമോ?... പാവം മൃഗങ്ങളെ ഇങ്ങനെ നോക്കുകുത്തികളാക്കുന്നതിനോട് ഇപ്പോള്‍ ഞാന്‍ പൂര്‍ണമായി വിയോജിക്കുന്നു. സമയം കളയാന്‍ പുസ്തകം വായിച്ചൂടേ? അതുകൂടാതെ മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ട്. പക്ഷേ അതെല്ലാം വെടിഞ്ഞ് മനുഷ്യന്‍ എന്തുകൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ രസം കാണുന്നു.
ഒരിക്കല്‍ ഞാന്‍ ബാംഗ്ളൂരിലേക്ക് പോയപ്പോള്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനിടയായി. വെള്ളക്കടുവകളെ കാണാം എന്ന് പപ്പ പറഞ്ഞു. പക്ഷേ ഞാന്‍ സന്തോഷിച്ചത് കാട്ടിലൂടെയാണ് യാത്ര എന്നോര്‍ത്തപ്പോഴാണ്.  കാട് ഇടതൂര്‍ന്ന് വളരുന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും അരുവികളും നിറഞ്ഞതാണെന്നാണ് ഞാന്‍ പഠിച്ചട്ടുള്ളത്. എന്നാല്‍ അവിടെ മരങ്ങള്‍ തമ്മില്‍ ഏകദേശം അമ്പതും നൂറും മീറ്ററുകളുടെ വ്യത്യാസമുണ്ടായിരുന്നു. പച്ചപ്പിന്റെ കുളിര്‍മ ആസ്വദിക്കാമല്ലോ എന്ന് കരുതിയ എന്നെ വരവേറ്റത് ഉണങ്ങിയ പുല്ലുകളുടെയും ചെടികളുടെയും മഞ്ഞയും കാപ്പിയും കലര്‍ന്ന നിറമായിരുന്നു. എങ്കിലും ധാരാളം മൃഗങ്ങളെ കണ്ടു. അവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ധാരാളം

സ്ഥലമുണ്ടായിരുന്നു. മൃഗശാലകള്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇങ്ങനെയായിക്കൂടേ. അവയെ ചെറിയ കൂടുകളിലാക്കി ബുദ്ധിമുട്ടിക്കണോ?
ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും സ്വതന്ത്രമായി വിഹരിക്കാന്‍ അവകാശമുണ്ട്. അവയെ  കൊന്നൊടുക്കി, മരങ്ങള്‍ വെട്ടി നശിപ്പിച്ച്, വനങ്ങള്‍ കെട്ടിടങ്ങളാക്കി, പുഴകള്‍ മലിനമാക്കി, വായു മലിനമാക്കി പുരോഗമനവാദിയായ മനുഷ്യന്റെ യാത്ര എങ്ങോട്ടാണ്... മരണത്തിലേക്കോ...?
 

പിയ എസ്,
ക്ളാസ്: 9, ശ്രീകൃഷ്ണ ഹൈസ്കൂള്‍, മറ്റത്തൂര്‍,തൃശൂര്‍


സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന കൂട്ടുകാര്‍


എന്തിനും വ്യാപാരശീലം കാണാനാഗ്രഹിക്കുന്ന ആധുനികജനത മൃഗങ്ങളെയും അതിനൊരു കരുവാക്കി മാറ്റിയിരിക്കുന്നു എന്നാണ് തളിരിലെ കാടോ കൂടോ ഏറെക്കൂറേതിനോട് എന്ന ലേഖനം വായിച്ചപ്പോള്‍ തേന്നിയത്.  മനുഷ്യന്റെ വ്യാപാരശീലത്തിന്റെ പരിണതരൂപമായ മൃഗശാലയില്‍ തങ്ങളുടെ സ്വന്തം ആവാസകേന്ദ്രങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കേണ്ട മൃഗങ്ങളെ തളയ്ക്കുന്നതിന്റെ ലക്ഷ്യം പണം മാത്രമാണ്.  മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇഷ്ടപ്പെടുന്ന സ്ഥാനങ്ങളില്‍ ആയിരിക്കുവാനാണ് കൂടുതല്‍ പ്രിയം. അല്ലാതെ തടവറയ്ക്കുള്ളില്‍ കഴിയാനല്ല. അതുപോലെയാണ് മൃഗങ്ങളും.  മനുഷ്യന്റെ സ്വാര്‍ത്ഥചിന്തയില്‍ ഒതുങ്ങി  മൃഗശാലയിലെ ചെറിയ പരിമിതിക്കുള്ളില്‍ മൃഗങ്ങള്‍  ആയുസ്സു തീര്‍ക്കാന്‍ വിധിക്കപ്പെടുന്നു.

മൃഗശാലയില്‍ ജീവിതമര്‍പ്പിച്ച മൃഗങ്ങള്‍ക്കു സ്വാതന്ത്യ്രമെന്തെന്ന് കണികാണാന്‍ പോലും കഴിയുന്നില്ല. അതുപോലെ സനാഥനായിcaged_bird കാട്ടില്‍ കഴിഞ്ഞിരുന്ന മൃഗം മൃഗശാലയില്‍ എത്തുമ്പോള്‍ അനാഥനാവുന്നു. അവിടെ അവയ്ക്ക് കൂട്ടില്ല, പരസ്പരം കെട്ടിത്തിരിച്ചിരിക്കുന്ന കൂടുകളില്‍ സ്വാതന്ത്യ്രത്തോടെ വിഹരിക്കാനാകുന്നില്ല, മൃഗശാലയില്‍ എന്നും അവ മനുഷ്യന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങുന്ന അടിമയാണ്. അവിടെ  ജീവന്‍ നിലനിറുത്താനുള്ള പോഷകാഹാരത്തിനുപകരം മനുഷ്യന്റെ ക്രൂരപീഡനമാണ് വയറുനിറയെ.
എന്തിനാണ് മനുഷ്യന്‍ മൃഗശാലകള്‍ നിര്‍മ്മിക്കുന്നത്? തന്റെ ജീവിതസുഖത്തിന് ഒരു വ്യാപാര മാര്‍ഗ്ഗമെന്ന നിലയില്‍ എന്നാണുത്തരം. എന്നാല്‍ അവര്‍ ഇത് സമ്മതിക്കില്ല.  “ഇന്നത്തെ തലമുറയ്ക്ക് മൃഗങ്ങളെ അറിയാന്‍ ഒരു മാര്‍ഗവുമില്ല. അത് ഒരളവോളം ശരിയാണ്. കാരണം കാടുകള്‍ നശിച്ച, ആവാസവ്യവസ്ഥ നശിച്ച ഇക്കാലത്ത് മൃഗശാലകളാണ് കുട്ടികള്‍ക്ക് പ്രകൃതി. പക്ഷേ,
നമ്മുടെ സന്തുലിതാവസ്ഥ നില നില്‍ക്കുന്നത് ജീവികള്‍ പര സ്പരം തിന്നും തിന്നപ്പെട്ടും ജീവിക്കുമ്പോഴാണ്. ഇതിനനുവദിക്കാതെ മൃഗങ്ങളെ അടച്ചുപൂട്ടിയിടുന്നത് ശുദ്ധ അസംബന്ധം തന്നെ. മൃഗങ്ങള്‍ മനുഷ്യാസ്തിത്വത്തിന്റെ ഘടകങ്ങളാണ്. മൃഗങ്ങളോടുള്ള ക്രൂരതയും പീഡനവും അനുവദനീ യമല്ല എന്ന് നാം തിരിച്ചറിയണം.

ശരത് ബാബു എം,
ക്ളാസ്: 10, സെയിന്റ് ജോസഫ് ഹൈസ്കൂള്‍, കിടങ്ങൂര്‍