KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ബുള്ളിയും കടുവയും
ബുള്ളിയും കടുവയും

 

നേരം അതിരാവിലെ 4.30. പുലരി അവളുടെ മുറിയിലേക്കും അരിച്ചെത്തി. ബുള്ളി കോട്ടുവായിട്ടുകൊണ്ട്  കിടക്കപ്പായയില്‍ നീണ്ടുനിവര്‍ന്നു കിടന്ന് കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. ആസ്സാമില്‍ സൂര്യന്‍ വളരെ നേരത്തെ തന്നെ ഉദിക്കും. ഉദയകിരണങ്ങള്‍ ബുള്ളിയുടെ കവിള്‍ത്തടത്തെയും മുറിയിലെ മണ്‍തറയെയും ഒരുപോലെ തിളക്കി.
വീട്ടില്‍ മറ്റുള്ളവരൊക്കെ എണീറ്റ് പ്രഭാതകൃത്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അവളുടെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് മുറ്റമടിക്കുന്നതും അടുപ്പില്‍ തീപൂട്ടുന്നതും അവളറിഞ്ഞു. ബുള്ളിയുടെ ചേച്ചി ശാന്തി “ബു...ബു...ബു...” എന്ന് ശബ്ദമുണ്ടാക്കി, കോഴികളുടെ പുറകെ അവറ്റയ്ക്ക് തീറ്റയുമായി നടക്കുന്ന ശബ്ദവും അവളുടെ കാതുകളില്‍ മുഴങ്ങി.bully
പെട്ടെന്ന് കോഴികള്‍ ഒരുമിച്ച് ഉറക്കെ ശബ്ദമുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്. അവളുടെ സഹോദരന്‍ ബാബു അവറ്റകളെ പേടിപ്പിക്കാനായി, അവയുടെ ഇടയിലൂടെ പാഞ്ഞോടിയതാണ് അവയെ ഭയപ്പെടുത്തിയത്.
ബുള്ളി ഉറക്കമെണീക്കാന്‍ തന്നെ തീരുമാനിച്ചു. ഇനിയും കിടന്നാല്‍ ഓരോരുത്തരായി വിളി തുടങ്ങും. പക്ഷേ ഉണര്‍ന്നു കഴിഞ്ഞാലും ഒരല്പം നേരം കിടക്കാന്‍ അവള്‍ക്കിഷ്ടമാണ്. പകല്‍ അവളിലേക്ക് ഒഴുകി എത്താനുള്ള നേരമാണത്. അവളുടെ മുകളിലായി മുളമതിലില്‍ കട്ടിപ്പേപ്പര്‍കൊണ്ട് ഉണ്ടാക്കിയ നിറം പിടിപ്പിച്ച ചിത്രശലഭങ്ങളുണ്ടായിരുന്നു.
ബാഗ്ദോരടില എന്ന ഗ്രാമത്തിലെ വീടുകളൊക്കെ തന്നെ മുളകൊണ്ടുണ്ടാക്കിയതാണ്. ബുള്ളിയുടെ വീടും അങ്ങനെ തന്നെ. വീടുകളില്‍ മുള കൊണ്ടുള്ള കഴുക്കോലും ചെറുസ്തൂപങ്ങളും മതിലും ഒക്കെ ഉറപ്പോടെ പണിതിരുന്നു. എന്തിനേറെ! കതകും വലിച്ചു തുറക്കാവുന്ന ജനലുകളും ഒക്കെ മുളയില്‍ത്തന്നെ. ഇതൊന്നും കൂടാതെ വീടിനു ചുറ്റുമുള്ള വേലിയും വലിയ കമാനത്തോടുകൂടിയ വേലിവാതിലും ഒക്കെ മുളയിലാണ്. ഇതു വീടിന്റെ കാര്യം. പിന്നെ അരി ഇട്ടുവെക്കുന്ന വലിയ വലിയ പാത്രങ്ങള്‍, ചായ അരിപ്പ്, മീന്‍ ചൂണ്ട ഇത്തരം ദൈനംദിന സാധനങ്ങളും മുളകൊണ്ടുണ്ടാക്കിയിരുന്നു. മുളങ്കൂടകള്‍ ഉണ്ടാക്കുക ആയിരുന്നു അവളുടെ അച്ഛന്റെ പ്രധാന ജോലി. ബുള്ളി എണീറ്റു പുറത്തേക്കുവന്നതും അച്ഛന്‍ പുറത്തിരിക്കുന്നതും കണ്ടു. അവളുടെ അപ്പൂപ്പന്‍ കോക്കയുണ്ട് കൂടെ. അവരുടെ പിറകുവശത്തായി മുളക്കൂടുകള്‍ നിരത്തിവെച്ചിട്ടുണ്ടായിരുന്നു. ഗൌരവത്തോടെ സംസാരിച്ചിരിക്കുകയായിരുന്നു അവര്‍. അവളൊന്നു മുരടനക്കി അച്ഛന്റെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, അച്ഛന്‍ അവളെ കാര്യമായി ശ്രദ്ധിക്കാതെ പറഞ്ഞു. ‘പോയി അമ്മയെ എന്തിനെങ്കിലും സഹായിക്കൂ...’ അവള്‍ക്ക് എന്തോ പന്തികേട് തോന്നി. എപ്പോഴും പ്രസന്നവതിയായി നടക്കുന്ന അമ്മൂമ്മപോലും വിഷാദത്തോടെയിരിക്കുന്നു. എന്തായിരിക്കും കാര്യം?
ബുള്ളി തലേന്ന് രാത്രി ബാക്കി വന്ന എരിവുള്ള ‘ലെന്തില്‍ധാലി’ പ്രഭാതഭക്ഷണമായി കഴിച്ചു. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അത് വീട്ടില്‍ ഉണ്ടാക്കുക. എല്ലാവര്‍ക്കും എന്തു പറ്റി എന്നാലോചിച്ചുകൊണ്ട് പിന്നീടവള്‍ സ്കൂളില്‍ പോകാന്‍ തയ്യാറായി.
ബൂ... ലീ ലീ... ബൂ... ലീ.. പുറങ്കേറ്റില്‍ നിന്നും അലോക ഉറക്കെ വിളിച്ചു. പൊട്ടിത്തുടങ്ങിയ കൂട്ടിലേക്ക് പിന്നിത്തുടങ്ങിയ പുസ്തകം വാരിയിട്ട് അവള്‍ പുറത്തേക്കോടി. ബുള്ളിയും അലോകയും അടുത്ത സുഹൃത്തുക്കളാണ്. ശരിക്കും പറഞ്ഞാല്‍ കുടുംബസുഹൃത്തുക്കളാണവര്‍. അച്ഛനമ്മമാര്‍ തമ്മില്‍ അലോകയുടെ മൂത്ത സഹോദരന്‍ പ്രോബിര്‍ ചേട്ടനും ബുള്ളിയുടെ സഹോദരി ശാന്തിയും തമ്മിലുള്ള വിവാഹം പറഞ്ഞുറപ്പിച്ചിട്ടുണ്ട്. ഇപ്പോഴേ അവര്‍ ഒരു കുടുംബം പോലെയാണ്. അലോകയും ബുള്ളിയും എല്ലാ കാര്യങ്ങളും പരസ്പരം പറയാറുണ്ട്. അവര്‍ കൈപിടിച്ച് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക് നടന്നു തുടങ്ങി.
ബുള്ളി പറഞ്ഞു. ‘വീട്ടിലെന്തോ പ്രശ്നമുണ്ട്. എല്ലാവരും വളരെ ഗൌരവത്തിലാണ്.bulli_final-8
അലോക കൂട്ടിച്ചേര്‍ത്തു ‘എന്റെ വീട്ടിലും അങ്ങനെ തന്നെ ബുള്ളീ... ഇന്നലെ പ്രോബിര്‍ ചേട്ടന്‍ ചന്തയില്‍ വന്നപ്പോള്‍ മുതല്‍ അങ്ങനെതന്നെയാണ്. എന്നോടു മിണ്ടിയിട്ടു കൂടിയില്ല. എന്താണ് ചേട്ടനെ അലട്ടുന്നതെന്ന് മനസ്സിലാവുന്നില്ല.
“എനിക്കറിയാം. എനിക്കറിയാം. ബാബു പെട്ടെന്ന് കയറിപ്പറഞ്ഞു. ബുള്ളിയും അലോകയും ഞെട്ടിത്തരിച്ചുപോയി. ബാബു ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. പക്ഷേ ശബ്ദമുണ്ടാക്കാതെ പാടി നടക്കാന്‍ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.
ബുള്ളി ചോദിച്ചു.നിനക്കെന്തറിയാം.”
ബാബു തിരിച്ചു ചോദിച്ചു: “ഞാന്‍ പറഞ്ഞാല്‍ എനിക്കെന്തു തരും?
പറഞ്ഞില്ലെങ്കില്‍ നിന്റെ മോന്തക്കിട്ടൊരടി തരും” അവള്‍ വിട്ടുകൊടുത്തില്ല.
തന്റെ സഹോദരി ഈ ശബ്ദത്തിലും ഭാവത്തിലും സംസാരിച്ചുതുടങ്ങിയാല്‍ പിന്നീട്  സൂക്ഷിക്കണം എന്ന് ബാബുവിനറിയാമായിരുന്നു. “അവര്‍ക്ക് മുള കിട്ടുന്നില്ല. കരാറുകാരന്‍ കൂടുതല്‍ പണം ചോദിക്കുകയാണ്. ആയിരക്കണക്കിന് രൂപ. ഗവണ്‍മെന്റിന്റെ കൈയില്‍ നിന്ന് കാട്ടുമുള വാങ്ങാന്‍ തക്ക പണം അച്ഛന്റെ കൈയിലില്ല. അവരിതൊക്കെ പറയുന്നത് ഞാന്‍ കേട്ടതാണ്.” മണ്‍പാതയില്‍ നൃത്തം കണക്കെ ചുവടുവെച്ചുകൊണ്ട് ബാബു സംസാരിച്ചുകൊണ്ടിരുന്നു.
ബുള്ളിയും അലോകയും ഒന്നും മിണ്ടാതെ നടന്നു. അവരും ഗൌരവത്തിലിരുപ്പായി.
താമസിയാതെ അവര്‍ നഗരാതിര്‍ത്തിയിലെ തടിഫാക്ടറിയുടെ അടുത്തെത്തി. പുറത്തെ വലിയ വാതിലിനു മുമ്പില്‍ ഒരു നീണ്ട വരിയായി ജീവനക്കാര്‍ അകത്തു കയറാനായി കാത്തുനിന്നിരുന്നു. ബുള്ളി ഒന്നു വിറച്ചു. ഒരിക്കല്‍ അവള്‍ ഇവിടെ അച്ഛനുമമ്മയുമോടൊപ്പം തടി ചുമക്കാന്‍ വന്നിട്ടുണ്ട്. ദൈനംദിന അത്യാവശ്യങ്ങള്‍ക്കുപോലും പണം തികയാതെ വന്ന ഒരു സമയത്തായിരുന്നു അങ്ങനെ ഇവിടെ ജോലി ചെയ്തത്. അതുപോലെ ഇനിയും വരേണ്ടി വന്നേക്കും. മുളയില്ലയെന്നുവെച്ചാല്‍ കൂടയില്ല എന്നര്‍ത്ഥം. അപ്പോള്‍ അവ വില്ക്കാനും പറ്റില്ല. സ്കൂളിലെത്തിയപ്പോഴും അവളുടെ ചിന്ത മുഴുവനും ബാബു പറഞ്ഞു കാര്യമായിരുന്നു. അച്ഛനു കൂടയുണ്ടാക്കാനുള്ള മുള എവിടെനിന്നു കിട്ടും?
അവള്‍ക്ക് ക്ളാസ്സില്‍ ശ്രദ്ധിക്കാനായില്ല. തലയും കുനിച്ചിരുന്നു. വഴക്ക് കിട്ടിയപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ അവള്‍ നിന്നു. 12 ന്റെ ഗുണനപ്പട്ടിക ക്ളാസ്സിലെ എല്ലാവരുടെയും ഒപ്പം അവളും ചൊല്ലി. ക്ളാസ്സിലെ ഏറ്റവും കുസൃതിക്കാരന്‍ ഖാഗെന്‍ റബര്‍ബാന്റ് തൊടുത്ത് ഒരു കടലാസ് അമ്പ് ബുള്ളിയുടെ ദേഹത്തേക്ക് തെറിപ്പിച്ചപ്പോഴും അവള്‍ ഒച്ചവെച്ചില്ല.

ഊണു കഴിക്കാനുള്ള ഇടവേളയില്‍ ബുള്ളി എല്ലാ ദിവസത്തെയും പോലെ കൂട്ടുകാരോടൊപ്പം തൊട്ടുകളിക്കാന്‍ പോയില്ല. അവള്‍ അലോകയോടൊപ്പം ഒരു മൂലയില്‍ ചടഞ്ഞിരുന്നു സ്വന്തം കുടുംബത്തെ സഹായിക്കാന്‍ ഈ അവസരത്തില്‍ എന്തു ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു.
ഉച്ച കഴിഞ്ഞു ക്ളാസ്സുകളിലും അവള്‍ക്ക് ശ്രദ്ധിക്കാനായില്ല. വൈകിട്ട്, വീട്ടില്‍ പോകാനുള്ള മണി അടിച്ചപ്പോള്‍, സാധാരണ ദിവസങ്ങളിലെന്നപോലെ സ്കൂള്‍വളപ്പില്‍ ഓടിക്കളിക്കാന്‍ നില്ക്കാതെ ബുള്ളിയും
അലോകയും ധൃതി പിടിച്ച് വീട്ടിലേക്ക് നടന്നു. അവരവരുടെ വീട്ടിലേക്ക് വെവ്വേറെ തിരിയുന്ന മുക്കിലെത്തിയപ്പോള്‍ ബുള്ളി അലോകയോട് പറഞ്ഞു. ‘ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ തൂക്കുപാലത്തിന്റെ അടുത്തെത്തണം.’
ബുള്ളി ഒരു പദ്ധതിയിട്ടിരുന്നു. അതു നടപ്പാക്കാനവള്‍ക്ക് ഒരു മൂര്‍ച്ചയുള്ള സാധനം ആവശ്യമുണ്ടായിരുന്നു. ഒരു കോടാലിയോ വെട്ടുകത്തിയോ.. അതെവിടെനിന്നു കിട്ടും എന്നും അവള്‍ക്കറിയാമായിരുന്നു.
അവളുടെ അമ്മൂമ്മ നാരങ്ങാവറ്റലും ഒലീവ് ഉപ്പിലിട്ടതും വെയിലത്തുണക്കാനായി പായയില്‍ വിതറുകയായിരുന്നു.
യാതൊരു വ്യത്യാസവും തോന്നാത്തവിധം കൂസലില്ലാതെ ബുള്ളി ചോദിച്ചു “അമ്മൂമ്മേ, അച്ഛനെവിടെ?” സംശയം തോന്നരുതല്ലോ. മുതിര്‍ന്നവര്‍ക്ക് ഒരു പ്രശ്നമുണ്ട്; ഏത് കാര്യത്തിലും കയറി ഇടപെട്ട് അവ നശിപ്പിക്കും.
“ഗൌഹാത്തിക്ക് പോയി. പ്രോബിര്‍ ചേട്ടനും കൂടെ പോയി. മുള അന്വേഷിച്ചു പോയതാണവര്‍” അമ്മൂമ്മ പറഞ്ഞു. പുളിമ്പന്‍ ‘ഗൂസ്ബരീ’ കള്‍ കുറച്ചു വാരി എടുക്കാന്‍ ബുള്ളി തുടങ്ങിയപ്പോള്‍ അമ്മൂമ്മ കയ്യിലൊരു തട്ടുവെച്ചുകൊടുത്തു. പക്ഷേ ബുള്ളി, മിടുക്കി, അപ്പോഴേക്കും ഒരു പിടി എടുത്ത് ഒരൊറ്റ ഒട്ടം...
പുറത്തുള്ള പണിശാലയില്‍ അപ്പൂപ്പനുണ്ടായിരുന്നു. ആ ചെറിയ ഷെഡ്ഡില്‍വെച്ചാണ് അവര്‍ മുളസഞ്ചികളൊക്കെ ഉണ്ടാക്കുന്നത്. അപ്പൂപ്പന്‍ തനിയെയിരിക്കുകയാണ്. അത് സാധാരണമല്ല. ബാബുവിനെ അവിടെയൊന്നും കാണാനില്ല. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുകയോ ശാന്തിയെ ശല്യപ്പെടുത്തുകയോ ആയിരിക്കും അവന്‍.
“നോക്ക്. ഇത് നിനക്കുള്ളതാ.” ഒരു കുഞ്ഞുസഞ്ചി നീട്ടിക്കൊണ്ട് അപ്പൂപ്പന്‍ പറഞ്ഞു. കട്ടിക്കണ്ണടയുടെ കീഴെ ആ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ക്ക് ഒരുപാടു കളിപ്പാട്ടങ്ങള്‍ അപ്പൂപ്പന്‍ ഉണ്ടാക്കിക്കൊടുക്കാറുണ്ട്. എന്തെല്ലാം തരത്തിലും രൂപത്തിലും ഉള്ള കൂടകള്‍, സഞ്ചികള്‍, ചെറിയ കസേരകള്‍, സോഫകള്‍, മേശ, കുഞ്ഞു കാളവണ്ടി, ഇതും അവള്‍ക്കിഷ്ടപ്പെട്ടു.
“ഇന്നെന്റെ മോള് എന്ത് പഠിച്ചു സ്കൂളില്‍? സൂക്ഷിച്ചില്ലെങ്കില്‍ നീ പഠിച്ച് പാസ്സായി ഡല്‍ഹിക്ക് പോയേക്കും. എന്നിട്ട് പ്രധാനമന്ത്രിയായി നമ്മളെ ഒക്കെ ഭരിക്കാന്‍ തുടങ്ങും...”
അവള്‍ ചിരിച്ചു... പിന്നീടവള്‍ കിണുങ്ങി “അപ്പൂപ്പാ, അപ്പൂപ്പാ... ഒരു കഥ പറഞ്ഞുതായോ-”
അവള്‍ ആ മുറിയാകെ ഒന്നു നോക്കി. മുളന്തണ്ടുകളും മുളവടികളും തടികളും മേല്‍ക്കൂര തൊടുന്നതുപോലെ കൂട്ടിയിട്ടിരുന്നതാണ് . ഇപ്പോള്‍ വളരെക്കുറച്ചു മുളകളേ ശേഷിച്ചിട്ടുള്ളൂ.... അവള്‍ ഒരു നീണ്ട മുള വളരെ വൈദഗ്ദ്ധ്യത്തോടെ ഒരേ വലിപ്പത്തിലുള്ള ചെറിയ കഷണങ്ങളാക്കി.
“ഏത് കഥയാണ് നിനക്ക് ഇത്തവണ കേള്‍ക്കേണ്ടത്?” അപ്പൂപ്പന്‍ ചോദിച്ചു. മുളയുടെ കട്ടിയുള്ള ഭാഗം മൂര്‍ച്ചയുള്ള കത്തികൊണ്ട് രാകി മിനുസപ്പെടുത്തിക്കൊണ്ടാണ് അപ്പൂപ്പന്‍ സംസാരിക്കുന്നത്.
“കടുവയുടെ കഥ, കടുവയുടെ കഥ,” അവള്‍ തുള്ളി.
“നിനക്കിത് കേട്ട് മടുക്കില്ലേ?”
ഒരൊറ്റ വെട്ടില്‍ അപ്പൂപ്പന്‍ ഒരു തടിയന്‍മുള രണ്ടു കഷണമാക്കാന്‍ അടയാളപ്പെടുത്തി. മിന്നല്‍ വേഗത്തില്‍ മുളന്തടികള്‍ രണ്ടായി പിളര്‍ക്കുകയും ചെയ്തു. പിന്നീടൊരുകഷണം കറക്കിത്തിരിച്ചപ്പോള്‍ രണ്ടും രണ്ടുഭാഗമായി. മുളകൊണ്ടുള്ള ‘ഇല്കാപ്പീസ്’
എന്ന വലിയ തൊപ്പി ഉണ്ടാക്കണമായിരുന്നു. കര്‍ഷകര്‍ക്ക് പാടം കൊയ്യാറാവുമ്പോള്‍ ഉപയോഗിക്കാനുള്ളവയാണത്. മഴ കഴിഞ്ഞ്, പാടം മുഴുവന്‍ ചോളം പഴുത്ത് നില്പുണ്ട്. ജാപികള്‍ കമിഴ്ത്തിവെച്ചത് ‘കോണ്‍ ഐസ്ക്രീം’ ആകൃതിയിലാണ്. ജാപികള്‍ക്ക് നിറംകൊടുത്തും തിളങ്ങുന്ന ലോഹകടലാസ് ഒട്ടിച്ചും മുത്തുകള്‍ പിടിപ്പിച്ചും പലവിധത്തില്‍ ഭംഗികൂട്ടിയിരുന്നു. ഉത്സവകാലത്ത് അത്തരത്തിലുള്ളതാണ് ഉപയോഗിക്കുക. ജാപിയില്‍ അപ്പൂപ്പന്‍ വള്ളികളുണ്ടാക്കി അവ പരസ്പരം മുകളിലേക്കാക്കി കെട്ടുപിണച്ച് ഒരു കിരീടം പോലെയാക്കി. അപ്പൂപ്പന്‍ ഇങ്ങനെ ചെയ്യുന്നത് ഒരായിരം തവണ ബുള്ളി കണ്ടിട്ടുണ്ടാവും. എന്നിട്ടും അത് അവള്‍ നോക്കിനിന്നു. അപ്പൂപ്പന്റെ വിരലുകള്‍ ജാപിയുടെ അടിയില്‍ക്കൂടി പതിയെ ചലിപ്പിച്ചുകൊണ്ടിരുന്നു. പുതിയ വള്ളികളുണ്ടാക്കി അവയ്ക്ക് വലുപ്പം കൂടി അരികുകള്‍ വികസിപ്പിക്കുകയായിരുന്നു അപ്പൂപ്പന്‍. പിന്നീട് അരിക് മടക്കിവെച്ചു. അപ്പോള്‍ പുറത്ത് മടക്കിയ ഭാഗത്ത് അഞ്ചു മുനകളുള്ള ഒരു നക്ഷത്രം രൂപപ്പെട്ടിരുന്നു. പിന്നീട് അപ്പൂപ്പന്‍ അകത്തെ ഭാഗം രൂപപ്പെടുത്താന്‍ തുടങ്ങി.
ബുള്ളി കത്രിക എടുത്ത് വര്‍ണക്കടലാസുകള്‍ ത്രികോണാകൃതിയില്‍ മുറിക്കാന്‍ തുടങ്ങി. അത് ജാപിയുടെ അരികില്‍ തുന്നിച്ചേര്‍ക്കാനുള്ളതാണ്. ബുള്ളി മുറിയുടെ മൂലയിലേക്ക് എത്തിനോക്കി. അച്ഛന്റെ കത്തി അവിടെത്തന്നെയുണ്ട്. നന്നായി, ഇനി അത് പുറത്തേക്ക് കടത്തണം. അപ്പൂപ്പന്‍ ജാപിയുടെ അകത്തെ ചുറ്റ് തീര്‍ത്തിരുന്നു. അവള്‍ കൊടുത്ത വര്‍ണക്കടലാസുകള്‍ അകത്തെ രണ്ടു പാളികളുടെ നടുക്കു വെച്ച് അപ്പൂപ്പന്‍ തുന്നിച്ചേര്‍ത്തിരുന്നു. അടിഭാഗത്ത് ഉറപ്പു bulli_final-11കിട്ടാനായി അല്പം വീതി കൂടിയ മുളങ്കഷണങ്ങളാണ് വെച്ചിരുന്നത്. പല പാളികളും ഒരുമിച്ച് നിര്‍ത്താനായി ഒരു വള്ളികൊണ്ട് അവയ്ക്കിടയിലൂടെ തയ്ചു കഴിഞ്ഞപ്പോള്‍ ജാപി റെഡി. ഇനി ചില മുത്തുകള്‍ ഒട്ടിക്കുകയും അറ്റത്ത് ലേസുകള്‍ വെക്കുകയും ഒക്കെ ആവാം.
അങ്ങനെ ജോലികള്‍ തുടരവേ അപ്പൂപ്പന്‍ കഥ പറഞ്ഞു തുടങ്ങി.‘പണ്ടു പണ്ട്...’
‘എത്ര പണ്ട്...’ ബുള്ളി ചോദിച്ചു.
‘ഇടയ്ക്കു കയറി ചോദിക്കരുത് പെണ്ണേ...’
‘പണ്ടെന്നുവെച്ചാല്‍ എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അച്ഛന്റെ അല്ലെങ്കില്‍ അതിനും മുമ്പ്. അന്ന് ഈ പുഴയ്ക്കരുകില്‍ അഞ്ചു വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഴയ്ക്ക് പുറകിലായി ഒരു വലിയ കുന്നും ചുറ്റും കാടുമായിരുന്നു. ജനങ്ങള്‍ നെല്ലും പച്ചക്കറികളും വിളയിച്ചിരുന്നു. അതവരുടെ ആവശ്യത്തിന് അല്പം അധികം വന്നാല്‍ ചന്തയില്‍ വില്ക്കുകയും ചെയ്യും.
ഒരു വര്‍ഷം പതിവിലധികം മഴ പെയ്യാന്‍ തുടങ്ങി. പട്ടാപ്പകല്‍പോലും ആകാശം കല്ക്കരിപോലെ കൂരിരുണ്ടു കിടന്നു. രാത്രിയാണെന്ന് വിചാരിച്ച് സൂര്യന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു. മഴ നിര്‍ത്താതെ തകര്‍ത്തു പെയ്തു. പുഴ കവിഞ്ഞൊഴുകാന്‍ തുടങ്ങി, ജലം പൊങ്ങിപ്പൊങ്ങി വന്നു. അണപൊട്ടി വെള്ളപ്പൊക്കം ഗ്രാമത്തിലെ പാടങ്ങളെ നശിപ്പിച്ചു.
പിന്നെയും മഴ തുടര്‍ന്നുകൊണ്ടിരുന്നു. മുട്ടോളമെത്തി വെള്ളം. പിന്നെയും പൊങ്ങുന്നു. എല്ലാവരും പരിഭ്രാന്തരായി. വിശന്നു തളര്‍ന്ന്, കുതിര്‍ന്ന് അവര്‍ കൂനിക്കൂടിയിരുന്നു. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇതുവരെ കഷ്ടപ്പെട്ട് സമ്പാദിച്ചതൊക്കെ ഒഴുകിപ്പോകും. തങ്ങള്‍ മുങ്ങിച്ചാകുകയും ചെയ്യും.
അപ്പോള്‍ അവരൊരു ശബ്ദം കേട്ടു. “ബ്രൌൌര്‍ര്‍ര്‍ര്‍ര്‍ര്‍... ആബ്രാാാാര്‍ര്‍ര്‍...’ എന്തൊരു ശബ്ദം... ഞെട്ടിപ്പോയി എല്ലാവരും... മഴ പേടിച്ചു നിന്നു, എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ സൂര്യന്‍ മേഘത്തിന്റെ നടയില്‍നിന്നും എത്തിനോക്കി. കുന്നിനുമുകളില്‍ സ്വര്‍ണം പോലെ തിളങ്ങുന്ന ഒരു സുന്ദരന്‍ കടുവ. അതവരെ വിളിച്ചു “ബ്രൌര്‍.... അബ്രൌര്‍... ഇങ്ങുവരൂ... ഗീര്‍...ര്‍ര്‍ര്‍ര്‍...”
ബുള്ളി ഇടയ്ക്കു കയറി - കടുവയ്ക്ക് നമ്മുടെ ഭാഷയില്‍ സംസാരിക്കാന്‍ പറ്റില്ലല്ലോ...”
“നീ കടുവയെ കണ്ടിട്ടുണ്ടോ അതിന്?” ഇല്ല എന്നവള്‍ക്ക് സമ്മതിക്കേണ്ടിവന്നു.
“പിന്നെ നിനക്കെങ്ങനെ അറിയാം അവയ്ക്ക് പറ്റില്ലയെന്ന്? അപ്പൂപ്പന്‍ ചോദിച്ചു. പിന്നെ കഥ തുടര്‍ന്നു.
“ആദ്യം എല്ലാവര്‍ക്കും പേടിയായിരുന്നു പോകാന്‍. കുന്നിനു മുകളില്‍ അവരിതുവരെ പോയിട്ടില്ല. ഇത് കടുവയുടെ ഒരു വിദ്യയാണെങ്കിലോ. ഒരു കാട്ടുമൃഗത്തിന്റെ ഭക്ഷണമാവാന്‍ അവര്‍ക്കാര്‍ക്കും ആഗ്രഹമുണ്ടായിരുന്നില്ല.
അവരുടെ മടി കടുവ മനസ്സിലാക്കി. “ബ്രൌര്‍ര്‍ര്‍.. അര്‍ബ്രര്‍ര്‍...”  വരൂ... ഹിര്‍ര്‍ര്‍ര്‍ര്‍ര്‍. ഇവിടെ സുരക്ഷിതമാണ്. ഇവിടെ മഴയില്ല! എത്രമാത്രം സാധിക്കുമോ അത്രയും സൌഹൃദപരമായി കടുവ അവരെ ക്ഷണിച്ചു വീണ്ടും.
ഇത്തവണ അവര്‍ പോയി. അവര്‍ക്ക് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. പകുതി കുന്നിറങ്ങിവന്ന് അവരെ മലമുകളിലേക്ക് സുരക്ഷിതരായി
എത്താന്‍ കടുവ സഹായിച്ചു. ഗ്രാമീണര്‍ കടുവയെ അനുഗമിച്ചു. അവരുടെ പേടിയൊക്കെ വിട്ടുമാറി. ദയയുള്ള കടുവ. അവരുടെ രക്ഷകന്‍..
കുന്നിനു മുകളില്‍ ധാരാളം മീനുകളുള്ള കുന്നുകളും അരുവികളും. പിന്നെ ഫലവൃക്ഷങ്ങളും മുളങ്കാടുകളുമുണ്ടായിരുന്നു പുതിയ വീടുവെക്കാന്‍ പറ്റിയ ഇത്ര നല്ല സ്ഥലം കിട്ടിയതില്‍ ഗ്രാമീണര്‍ക്ക് സന്തോഷമായി. പക്ഷേ ഒരു പ്രശ്നം. പാടം അങ്ങകലെയാണ്. താഴ്വരയില്‍ ജീവിക്കാന്‍ എന്തു ജോലി ചെയ്യും?”
“ഹ്മം... അബ്രര്‍... ഞാന്‍ നിങ്ങള്‍ സങ്കടപ്പെടുന്നത് മനസ്സിലാക്കുന്നു. പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ഞാനൊരു മാര്‍ഗം പറഞ്ഞുതരാം.”  കടുവ എപ്പോഴെത്തേയും പോലെ മാന്യമായി പറഞ്ഞു. “എന്റെ കൂടെ വരൂ...” കടുവ മുളങ്കാടിലേക്കവരെ കൊണ്ടുപോയി. “ഇഷ്ടം പോലെ മുളയുണ്ടിവിടെ... നല്ല ഉറപ്പുള്ളവ, വെള്ളം കയറാത്തവ. വീടുണ്ടാക്കാന്‍ കൊള്ളാം. കൂടയുണ്ടാക്കി ചന്തയില്‍ വില്ക്കാം. കൂടകള്‍ സാധനങ്ങള്‍ കൊണ്ടു നടക്കാനും സൂക്ഷിച്ചു വെക്കാനും എല്ലാവര്‍ക്കും വേണമല്ലോ. മുന്‍കാലുകള്‍ ഉപയോഗിച്ച് കടുവ ഒരു മുളന്തടി അടിച്ചു വീഴ്ത്തി. അത് പൊട്ടിച്ച് കഷണങ്ങളാക്കി. എങ്ങനെ മുളമ്പായയും കുട്ടകളും ഉണ്ടാക്കാമെന്ന് കടുവ അവര്‍ക്ക് കാണിച്ചുകൊടുത്തു. എന്നിട്ടു കടുവ പോയി. കൊടുങ്കാട്ടിലേക്ക് കടുവ അപ്രത്യക്ഷനായി. കാട്ടിനുള്ളിലെ മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന് കടുവ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ഗ്രാമീണര്‍ പക്ഷേ വിശ്വസിച്ചു.
അവര്‍ നശിച്ചുപോയ തങ്ങളുടെ ഗ്രാമം തീര്‍ത്തും നന്നാക്കി എടുക്കാന്‍ തീരുമാനിച്ചു. ഗ്രാമത്തിന് പുതിയ പേരു നല്കി.‘ഭഗോധര തില. ഭഗ എന്നാല്‍ കടുവ, തില എന്നാല്‍ മല ഭഗോധരതില എന്നാല്‍ മലമുകളിലെ കടുവ. ഈ കടുവയാണല്ലോ അവരെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിച്ചതും  ഒരു തൊഴില്‍ പഠിപ്പിച്ചതും.
“അങ്ങനെയാണ് നമ്മള്‍ ഇവിടെയെത്തിയതും ജീവിക്കാനായി കൂട ഉണ്ടാക്കാന്‍ തുടങ്ങിയതും” അപ്പൂപ്പന്‍ പറഞ്ഞു നിര്‍ത്തി.
“കടുവയ്ക്കെന്തു പറ്റി? ബുള്ളി അക്ഷമയായിരുന്നു. പക്ഷേ, അവളുടെ ഈ ചോദ്യം അപ്പൂപ്പന്‍ പ്രതീക്ഷിക്കും.
“ആ കടുവ ഇപ്പോഴുമുണ്ട്. കാട്ടില്‍ താമസിച്ചുകൊണ്ട് ഗ്രാമത്തെ ഉറ്റുനോക്കി നില്ക്കുന്നു. നമുക്കെന്തെങ്കിലും ഒരു കഷ്ടപ്പാട് വന്നാല്‍ അതില്‍നിന്നു രക്ഷിക്കാന്‍, ഓരോ പ്രാവശ്യവം കടുവ പ്രത്യക്ഷപ്പെടും.

തര്‍ജമ  തനൂജ എസ് ഭട്ടതിരി  

ചിത്രീകരണം നാന്‍കുസിയ ശ്യാം