KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ മഴക്കാലവും മഴവില്ലും പിന്നെ ഞാനും
മഴക്കാലവും മഴവില്ലും പിന്നെ ഞാനും

rainbowfeatureവീണ്ടും ഒരു മഴക്കാലം. പഴയകാലത്തെപ്പോലെ ഈ മഴക്കാലത്തും മഴവില്ല് കാണാന്‍ കഴിയുമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ എന്റെ വീടായ ‘ശാന്തി’ക്ക് ചുറ്റും ഉയരമുള്ള കെട്ടിടങ്ങള്‍ വന്നു നിറഞ്ഞുകഴിഞ്ഞു. വെളുത്ത മേഘക്കൂട്ടങ്ങളും വേഗത്തില്‍ പാഞ്ഞുപോവുന്ന കറുത്ത മഴ മേഘങ്ങളും ഇപ്പോള്‍ എനിക്ക് കാണാന്‍ സാധിക്കുന്നില്ല. വെളുത്തപക്ഷ രാത്രിയിലെ പൂനിലാവും കറുത്ത പക്ഷത്തിലെ നക്ഷത്രക്കൂട്ടങ്ങളും ചന്ദ്രക്കലയും എനിക്ക് അദൃശ്യമായിരിക്കുന്നു. രാത്രിയില്‍ മിന്നുന്ന കൈവട്ടക പോലെയുള്ള കാര്‍ത്തിക നക്ഷത്രക്കൂട്ടം, തീക്കനല്‍ പോലെ തുടുത്ത തിരുവാതിര നക്ഷത്രം, നുകത്തിന്റെ ആകൃതിയിലുള്ള സപ്തര്‍ഷികള്‍, ഓറിയോണിന്റെ ബെല്‍റ്റായി നിരന്നു നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍... ഇവയെ കാണാന്‍ എന്റെ മനസ്സില്‍ അതിയായ മോഹമുണ്ട്. ചില മാസങ്ങളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് കിഴക്ക് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ‘എട്ടുനാഴികപ്പൊട്ട’നായ ശുക്രന്‍ എന്ന പ്രഭാത നക്ഷത്രം, മറ്റു ചില മാസങ്ങളില്‍ സന്ധ്യാസമയത്ത് സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറ് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന സന്ധ്യാനക്ഷത്രമായ അതേ ശുക്രന്‍ എന്ന വെള്ളിനക്ഷത്രം (venus), ഇവയെല്ലാം ഒരു കാലത്ത് ‘ശാന്തി’ യുടെ മുറ്റത്തിറങ്ങി നിന്നാല്‍ നന്നായി കാണാമായിരുന്നു. ഈയിടെയായി എനിയ്ക്കിവയെല്ലാം നഷ്ടമായിരിക്കുന്നു! ഇവയെപ്പോലെ മഴക്കാലത്തെ ഏഴഴകുള്ള ഏഴ് നിറങ്ങളുള്ള മഴവില്ല് കണ്ടിട്ടും ഏറെ ക്കാലമായി.
മഴക്കാലത്ത് ആകാശത്ത് വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന അതിമനോഹരമായ പ്രതിഭാസമാണ് വില്ലുപോലെ വളഞ്ഞ മഴവില്ല്. മഴയുടെ ശക്തി കുറഞ്ഞ്, നേരിയ മഴച്ചാറലുകള്‍ മാത്രം ശേഷിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ കനത്ത ഈര്‍പ്പം തങ്ങി നില്‍ക്കുമ്പോള്‍ സൂര്യന്‍ പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ ആകാശത്തില്‍ മഴവില്ല് പ്രത്യക്ഷപ്പെടും. മഴവില്ലില്‍ വയലറ്റ്, ഇന്‍ഡിഗോ (കടുത്ത നീല നിറം), നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങളാണ് അടങ്ങിയിരിക്കുന്നത്. (VIBGYOR - Violet, Indigo, Blue, Green, Yellow, Orange, Red എന്നാണ് ഇംഗ്ളീഷില്‍ ഈ വര്‍ണ്ണ വിന്യാസത്തെ വിവരിക്കുന്നത്).Full_Rainbow
ആകാശത്ത് സൂര്യന്റെ എതിര്‍ദിശയിലാണ് മഴവില്ല് പ്രത്യക്ഷപ്പെടുക. ചക്രവാളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വില്ലുപോലെ അര്‍ദ്ധവൃത്താകൃതിയില്‍ വളഞ്ഞുനില്‍ക്കുന്ന മഴവില്ല് പൂര്‍ണ്ണമായും ചുരുക്കം സമയങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ. വിശാലമായ കടല്‍ത്തീരങ്ങളിലും കുന്നിന്‍പുറങ്ങളിലും പൂര്‍ണ്ണ മഴവില്ല് കാണാന്‍ കഴിയാറുണ്ട്. മേഘശകലങ്ങള്‍ മഴവില്ലിനെ മറയ്ക്കുന്നത് കാരണം അത് കഷ്ണങ്ങളായി കാണപ്പെടുന്നു. ചിലപ്പോള്‍ ഒരു മഴവില്ലിന് താഴെ മറ്റൊരു മഴവില്ലു കൂടി കാണാറുണ്ട്. രണ്ടു മഴവില്ലുകള്‍ ഒരേ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത് വിസ്മയകരവും അതിമനോഹരവുമായ കാഴ്ചയാണ്.
അല്‍പ്പം ശാസ്ത്രം
മഴവില്ല് എങ്ങനെയുണ്ടാകുന്നു എന്നതിന്റെ ശാസ്ത്രം വളരെ കൌതുകകരമാണ്. നമ്മുടെ കണ്ണിന് തിരിച്ചറിയാന്‍ കഴിയുന്ന നിരവധി വര്‍ണ്ണങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണല്ലോ സൂര്യപ്രകാശം. ഈ നിറങ്ങളെല്ലാം ഒന്നിച്ചു ചേരുമ്പോള്‍ സൂര്യപ്രകാശം ശുഭ്രവര്‍ണ്ണമായി നമുക്കനുഭവപ്പെടുന്നു. 1666-ല്‍ സര്‍ ഐസക് ന്യൂട്ടനാണ് സൂര്യപ്രകാശത്തിന്റെ ഈ സവിശേഷത തിരിച്ചറിഞ്ഞത്.
ഒരു മാധ്യമത്തില്‍ (ഉദാ: വായു) നിന്നു മറ്റൊന്നിലേക്ക് (ഉദാ: ജലം, കണ്ണാടി) കടന്നുപോവുമ്പോള്‍ വ്യത്യസ്തവര്‍ണ്ണങ്ങളാല്‍ തീര്‍ത്ത സൂര്യപ്രകാശം വ്യത്യസ്തഅളവില്‍ വിഭ്രംശിക്കപ്പെടുന്നു (Refract). ഓരോ മഴത്തുള്ളിയും ഒരു ത്രിഭുജക്കണ്ണാടി (prism) പോലെ ധവളരശ്മികളെ വിഭ്രംശിച്ച് സപ്തവര്‍ണ്ണങ്ങള്‍ വിതറി സമപാര്‍ശ്വവര്‍ണ്ണങ്ങളും വര്‍ണ്ണരാജി (spectrum) വിന്യസിക്കുന്നു. ഇങ്ങനെയാണ് നാം മഴവില്ലിന്റെ ഏഴ് വര്‍ണ്ണങ്ങള്‍ കാണുന്നത്. മഴത്തുള്ളികള്‍ അന്തരീക്ഷത്തില്‍ എവിടെയാണെന്നതിനെ അനുസരിച്ച് ചിലപ്പോള്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് വളരെ ദൂരെയോ, മറ്റ് ചിലപ്പോള്‍ വളരെ അടുത്തോ മഴവില്ല് കാണുന്നു. മഴവില്‍ശിഖരത്തിന്റെ (cone) മൂലഘടകങ്ങളില്‍ ഉടനീളം, സൂര്യപ്രകാശത്തില്‍ മിന്നുന്ന ഏറ്റവും അടുത്തുള്ള ജലകണികകളില്‍ നിന്ന് തുടങ്ങി, ഏറ്റവും അകലെയുള്ളവവരെ നീളുന്ന മഴവില്ലാണ് നാം കാണുന്നത്.
മഴയും വെയിലും മാറി മാറി വരുന്ന വേനല്‍മഴ സമയത്തോ, അല്ലെങ്കില്‍ കാലവര്‍ഷം കഴിഞ്ഞുള്ള ഓണക്കാലത്തോ ആണ് നമ്മുടെ നാട്ടില്‍ മഴവില്ല് ഏറ്റവുമധികം കാണുക. അതേ സമയം ശീതോഷ്ണമേഖലയിലാവട്ടെ ശിശിരകാലത്തല്ല, വേനല്‍ക്കാലത്താണ് മഴവില്ല് പ്രത്യക്ഷപ്പെടുക. മഞ്ഞുകാലത്ത് ജലകണികകള്‍ ഉറഞ്ഞ് ഐസ്പരലുകളായി മാറുമ്പോള്‍, അവയ്ക്ക് സൂര്യപ്രകാശത്തെ വിഭ്രംശിപ്പിച്ച് വര്‍ണ്ണങ്ങള്‍ വിന്യസിക്കാന്‍ കഴിയില്ലല്ലോ.
സൂര്യന്റെ വിപരീതദിശയിലായിരിക്കും മഴവില്ലിന്റെ കേന്ദ്രം എന്നു പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ മഴവില്ലിന്റെ എത്ര കണ്ട് മുകളിലാണോ സൂര്യന്‍ അത്ര കണ്ട് താഴെയാവും നാം ആ മനോജ്ഞദൃശ്യം കാണുക.
മഴവില്ലിനെക്കുറിച്ച് പറയുമ്പോള്‍ എന്നെ ഏറ്റവും അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരേ സമയത്ത് മഴവില്ലിനെ നോക്കി രണ്ടു പേര്‍
നിന്നാല്‍ അവര്‍ കാണുന്നത് രണ്ടു വ്യത്യസ്ത മഴവില്ലുകളായിരിക്കും! ഒരു പ്രത്യേകതരത്തില്‍ വര്‍ണ്ണങ്ങള്‍ വിതരണം (distribute) ചെയ്യുമ്പോള്‍ ഒരു നിശ്ചിത (പ്രത്യേക) രീതിയില്‍ ഉണ്ടാവുന്ന പ്രതിഭാസമാണല്ലോ മഴവില്ല്. അത് ഒരൊറ്റ ബിന്ദുവുമായി ബന്ധപ്പെട്ടാണ് ആകാശത്ത് ‘ദൃശ്യ’മാവുന്നത്. മഴവില്ലിനെ ആ സമയം ദര്‍ശിക്കുന്നയാളുടെ കണ്ണാണ് ആ ബിന്ദു. രണ്ടു വ്യത്യസ്തനയനങ്ങളില്‍ (ബിന്ദുക്കളില്‍) നിന്ന് ഒരേ പ്രകാശ വിസ്താരവും വിഭ്രംശവും കാണാനാവില്ല. അതുകൊണ്ടുതന്നെ രണ്ടുപേര്‍ കാണുന്നത് രണ്ട് മഴവില്‍ ദര്‍ശനമായിരിക്കും. ഒരേ മഴവില്ല് കാണാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഓരോ കണ്ണും കാണുന്നത് അതിന്റേതുമാത്രമായ ‘സ്വന്തം’ മഴവില്ലായിരിക്കും. എന്നാല്‍ ഒരു ക്യാമറയുടെ ലെന്‍സ് പകര്‍ത്തുന്ന മഴവില്ലിന്റെ ചിത്രം/പ്രതിബിംബം കാണുന്നവരെല്ലാം ഒരേ മഴവില്ല് തന്നെയാവും ദര്‍ശിക്കുന്നത്!
ലോകത്തെ ഏറ്റവും വിസ്മയകരമായ ദൃശ്യങ്ങളാണ് പ്രതിഫലന മഴവില്ലുകള്‍ (reflection rainbow).reflected_rainbow സൂര്യനില്‍ നിന്ന് നേരിട്ട് വരുന്ന പ്രകാശത്തില്‍ നിന്ന് ഉത്ഭവിക്കുന്ന മഴവില്ലും സൂര്യന്റെ പ്രതിഫലന പ്രതിബിംബ (reflected image) ത്തില്‍ നിന്നുരുവാകുന്ന മറ്റൊരു മഴവില്ലും ഒരുമിച്ചു കാണുന്ന അതിമനോജ്ഞമായ പ്രതിഭാസമാണിത്. സൂര്യപ്രകാശത്തിന്റെ ചായ്വുകള്‍ (angles) വളരെ വ്യത്യസ്തമായിരിക്കുന്നതുകൊണ്ടുതന്നെ, നാം കാണുന്ന ഇരട്ട മഴവില്ലിന്റെ ധനുസ്സു (arcs) കളുടെ ഉയരവും വ്യത്യസ്തമായിരിക്കും. നേരിട്ടുള്ള സൂര്യപ്രകാശം വിഭ്രംശിക്കുന്ന മഴവില്ലിനേക്കാള്‍ ഉയരത്തിലായിരിക്കും ജലത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്താലുണ്ടാവുന്ന മഴവില്ല് ആകാശത്ത് കാണപ്പെടുക.
അസാധാരണ ആകൃതിയിലുള്ള മഴവില്ലുകള്‍
വളരെ അപൂര്‍വ്വമായി ഉച്ചസമയത്ത് സൂര്യന് ചുറ്റും വൃത്താകൃതിയില്‍ മഴവില്ല് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ധ്രുവപ്രദേശത്താണ് ഈ വൃത്താകൃതിയിലുള്ള മഴവില്ല് സാധാരണ കാണുക. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ഞങ്ങള്‍ ഉച്ചസമയത്ത് സൂര്യന് ചുറ്റും മഴവില്ല് കണ്ടതായി ഞാനോര്‍ക്കുന്നു. അത് കൌതുകകരമായ വാര്‍ത്തയായി പിറ്റേന്നു പത്രങ്ങളിലും വന്നു. തികച്ചും വിസ്മയകരമായ ഒരു കാഴ്ചയായിരുന്നു അത്. ജ്വലിക്കുന്ന ഒരു വലിയ പമ്പരത്തിന് ചുറ്റും ഒരു കുട്ടി കളിയ്ക്കായി വര്‍ണ്ണപ്പെന്‍സില്‍ കൊണ്ട് വൃത്തങ്ങള്‍ വരച്ചതുപോലെയായിരുന്നു ആ സുന്ദരദൃശ്യം.
വിചിത്രമായ ഒരു മഴവില്ലിനെപ്പറ്റി ഒരു റഷ്യന്‍ സഞ്ചാരകഥയില്‍ വായിച്ചത് ഞാനോര്‍ക്കുന്നു. ആര്‍മീനിയക്കാരനായ ഷൊറിന്‍ ബലിയാന്‍ എന്ന സാഹിത്യകാരനാണ് തന്റെ അനുഭവകഥയില്‍ ഈ വിചിത്രമായ മഴവില്ലിനെപ്പറ്റി വിവരിച്ചിട്ടുള്ളത്. റഷ്യയിലെ ഉത്തരധ്രുവപ്രദേശത്തിനടുത്ത് താപനില പൂജ്യത്തിനും താഴെ 60 ഡിഗ്രിയായിരിക്കുമ്പോഴാണ് അദ്ദേഹം ഈ അപൂര്‍വ്വ മഴവില്ല് കണ്ടത്. ഓറഞ്ച് നിറമുള്ള വലിയ സൂര്യന്റെ ഓരോ വശത്തും സമദൂരത്തില്‍ നെടുംതൂണുകള്‍ (vertical columns) പോലെയാണ് ഈ മഴവില്ലുകള്‍ ദൃശ്യമായത്. ഉത്തരധ്രുവ പ്രദേശത്തിനടുത്ത് താമസിക്കുന്ന ജനങ്ങള്‍ ഇത്തരം മഴവില്ലുകളെ ‘സൂര്യന്റെയും മഞ്ഞിന്റെയും കുഞ്ഞുങ്ങള്‍’ (children of the sun and the forest) എന്ന ഓമനപ്പേര് നല്‍കിയാണ് വിശേഷിപ്പിക്കുന്നത്. സൂര്യന്റെ രണ്ടു ഭാഗത്തും അംഗരക്ഷകന്മാരെപ്പോലെ നിലകൊള്ളുന്ന ഈ മഴവില്ലുകള്‍ അതിശയകരമായ കാഴ്ച തന്നെയായിരിക്കണം. ഈ പ്രതിഭാസം അധികനേരം ദൃശ്യമായിരിക്കില്ല. പെട്ടെന്ന് അവ അലിഞ്ഞ് സൂര്യന് ചുറ്റും ഒരു വലയം സൃഷ്ടിക്കുമ്പോള്‍ ‘രണ്ട് സൂര്യന്മാര്‍’ ഉണ്ടെന്ന പ്രതീതി ഉളവാക്കുന്നു എന്ന് ബലിയാന്‍ പറയുന്നു. നടുക്ക് മെല്ലെ ചാഞ്ചാടുന്ന ഓറഞ്ചു നിറത്തിലുള്ള വലിയ യഥാര്‍ ത്ഥസൂര്യന്‍. പിന്നെ അതിന് ചുറ്റും വളയം പോലെ കാണപ്പെടുന്ന മഴവില്ല് സൃഷ്ടിക്കുന്ന ഗോളം. ഈ പ്രതിഭാസം അവിസ്മരണീയമായ ഒരു കാഴ്ച തന്നെയായിരിക്കണം. പ്രകൃതിയില്‍ ഇങ്ങനെയുള്ള എത്രയോ വിസ്മയകരമായ ദൃശ്യങ്ങള്‍, പ്രതിഭാസങ്ങള്‍, നമ്മുടെ കണ്ണില്‍ ഇനിയും പെടാതെ ഒളിഞ്ഞിരിക്കുന്നുണ്ടാവണം!
അവിസ്മരണീയമായ മഴവില്‍ക്കാഴ്ചകള്‍
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴയും വെയിലും മേഘവും മൂടല്‍മഞ്ഞും ഒളിച്ചു കളിക്കുന്ന ഒരു ദിവസം ഞങ്ങള്‍ തിരുവനന്തപുരം നഗരത്തിനടുത്തുള്ള പൊന്മുടി എന്ന മലമുകളിലേക്ക് പോയി. ബസ്സ് കാട്ടുവഴിയിലെ ‘ഹെയര്‍പിന്‍’ വളവുകളിലൂടെ മെല്ലെ മലമുകളിലെത്തിയപ്പോള്‍ ഇടതുവശത്തെ താഴ്വരയിലെ മഴക്കാട്ടില്‍ ഒരു മഴവില്ല്! പച്ചിലകളില്‍ മിന്നുന്ന മഞ്ഞിന്‍കണികകളിലും മഴത്തുള്ളികളിലും പ്രകാശം വിഭ്രംശിച്ച് ചിതറി ആയിരമായിരം കുഞ്ഞുകുഞ്ഞു മഴവില്ലുകള്‍! അവ ചേര്‍ന്ന് ഇളം കാറ്റില്‍ മഴവില്‍ത്തിരമാലകള്‍പോലെ... മേഘവും മൂടല്‍മഞ്ഞും വെയിലും കാറ്റും മഴത്തുള്ളികളും പച്ചിലച്ചാര്‍ത്തും ചേര്‍ന്ന മഴവില്‍ക്കാവടി നൃത്തം! തെളിയുകയും മായുകയും വീണ്ടും ദൃശ്യമാവുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ ഇന്ദ്രധനുസ്സുകളുടെ മായികദൃശ്യം! ഭൌതികശാസ്ത്രപരമായി ഞങ്ങളന്നു കണ്ട ദൃശ്യത്തെ വിശദീകരിക്കാനാവുമോ എന്നെനിക്കറിയില്ല. പക്ഷേ എണ്ണിയാല്‍ത്തീരാത്ത, സംഖ്യാതിരിക്തമായ വര്‍ണ്ണധനുസ്സുകളുടെ (super numerary arcs) മഹാദൃശ്യമായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയദൃശ്യങ്ങളിലൊന്ന്!

മറ്റൊരിക്കല്‍, കാടെല്ലാം പോയി മൊട്ടക്കുന്നായ താഴ്വരകള്‍ അണക്കെട്ടുകളില്‍ മുങ്ങിപ്പോയ ഇടുക്കിയില്‍ തങ്ങുകയായിരുന്നു ഞങ്ങള്‍. മഴയേക്കാള്‍ മൂടല്‍മഞ്ഞും മഞ്ഞുമേഘങ്ങളും ആവരണം ചെയ്യുന്ന, മരുവല്‍ക്കരിക്കപ്പെടുന്ന ഭൂമി. അതിവിശാലമായ താഴ്വരകളും കുന്നുകളും മലര്‍ന്നുകിടക്കുന്നത് കാണാനാവുന്ന ഒരു കുന്നിന്‍പുറത്തായിരുന്നു ഞങ്ങളുടെ താമസം. ഇടിയും മിന്നലുമായി വന്ന മഴ പെയ്തൊഴിഞ്ഞ സായംകാലം വെറുതേ നടക്കാനിറങ്ങിയ ഞങ്ങളുടെ കണ്‍മുമ്പില്‍ തെളിഞ്ഞത് ഒരു പൂര്‍ണ്ണ മഴ വില്ല്! ഒരു കുന്നില്‍ നിന്നും നേരേ എതിരെയുള്ള കുന്നിലേക്ക് എത്തുന്ന ഒരു ധനുസ്സ്! ഭൂമി ഒരു പൂക്കൂട പോലെ. മഴവില്ലിന്റെ കൈപ്പിടി കൊണ്ട് ഭൂമിപ്പൂക്കൂടയുമായി ഏതു പെണ്‍കുഞ്ഞാവും പൂ ശേഖരിച്ച് ആകാശത്ത് കളിച്ചു നടന്നിട്ടുണ്ടാവുക അന്ന്? എന്റെ ജീവിത സായംകാലത്ത് ഇതെല്ലാം ഓര്‍ത്തോര്‍ത്തിരിക്കാന്‍ എന്തു രസം!

സി തങ്കം