KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മടക്കിവിളിക്കല്‍

mahabaharathm_title

ഇതെല്ലാം കണ്ട് പരിഭ്രാന്തനായ ദുര്യോധനന്‍ ദുശ്ശാസനും കര്‍ണനും ശകുനിയുമായി ഇനിയെന്തുവേണ്ടൂ എന്ന് തിരക്കിട്ട് ആലോചന നടത്തി. “കഷ്ടപ്പെട്ടുനേടിയ ധനമെല്ലാം ആ കിഴവനിതാ കളഞ്ഞു” എന്ന് ദുശ്ശാസനന്‍ ചൊടിച്ചു. അവര്‍ രാജസന്നിധിയിലേയ്ക്കു ചെന്ന് ധൃതരാഷ്ട്രരെ അലട്ടുകയായി. “അച്ഛാ, അവിടുന്ന് എന്തുകൊണ്ടാണിങ്ങനെ ചെയ്തത്? ശത്രുക്കളാണ് പാണ്ഡവര്‍, ശത്രുക്കള്‍ വധ്യരാണ്. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാതെ നമുക്ക് അവരുടെ ധനമെല്ലാം ഉപയോഗിക്കാമായിരുന്നു. ചീറ്റിക്കൊണ്ട് കടിക്കാന്‍ വരുന്ന പാമ്പിനെ ആരെടുത്തു കഴുത്തിലിടും? അവര്‍ നമ്മോടു പൊറുക്കുമെന്നു വിചാരിക്കുന്നുണ്ടോ! ആ അര്‍ജുനന്‍ വീണ്ടും ആവനാഴി തോളിലിട്ട് ഗാണ്ഡീവം കൈയിലെടുത്ത് നെടുവീര്‍പ്പിട്ടുകൊണ്ട് ആ വില്ലിനെ നോക്കി നോക്കിയാണ് തേരേറിയത്. ക്രോധംകൊണ്ടു മത്തനായ ഭീമന്‍ തന്റെ തടിച്ച ഗദയെ ഉയര്‍ത്തിക്കൊണ്ടാണ് തേരേറി ഓടിച്ചുപോയത്. നകുല സഹദേവന്മാര്‍ ചന്ദ്രനെപ്പോലുള്ള പരിചകള്‍ ധരിച്ചും വാളേന്തിയുമാണ് പോയത്, അവരുടെ വമ്പിച്ച പട അവരെ അനുഗമിച്ചു. മഹാരാജാവേ, പാഞ്ചാലിയോടു കാട്ടിയത് ഒരിക്കലുമവര്‍ പൊറുക്കുകയില്ല. ഞങ്ങളെ അവര്‍ ഒടുക്കുംമുമ്പ് അവരെ മടക്കിവിളിച്ചാലും. ഒരുവട്ടംകൂടി ചുതുകളിക്കാന്‍ കല്പിച്ചാലും. അതില്‍ പണയമല്ല വയ്ക്കേണ്ടത്. തോല്ക്കുന്നവര്‍ക്ക് പന്ത്രണ്ടു വര്‍ഷം വനവാസം, ഒരാണ്ട് അജ്ഞാതവാസം, അതു കഴിഞ്ഞ് ആmahabaharatham1ലോചിക്കാം ബാക്കി കാര്യങ്ങള്‍. പിതാവേ, ആ സമയംകൊണ്ട് നമുക്ക് പാണ്ഡവധനം കൂടിയെടുത്ത് മഹാസൈന്യത്തെ തയ്യാറാക്കാം. രാജാക്കന്മാരെയെല്ലാം ഒരുമിച്ചുകൂട്ടാം. അങ്ങനെ അവരെ ഇല്ലായ്മചെയ്യാത്തപക്ഷം അവര്‍ അങ്ങയുടെ പുത്രന്മാരെ പാടേ മുടിച്ചു കളയും എന്നോര്‍ക്കുക. ഉടന്‍ അവരെ മടക്കി വിളിച്ചാലും.”
പുത്രവത്സലനായ ധൃതരാഷ്ട്രര്‍ പരിഭ്രമിച്ച് “പാണ്ഡവരെ തിരികെ വിളിക്കട്ടെ” എന്ന് കല്പിച്ചു. “അരുത് പാടില്ല പാടില്ല” എന്ന് ദ്രോണരും ഭീഷ്മരും വിദുരരുമെല്ലാം തടസ്സം ചെയ്തിട്ടും പുത്രസ്നേഹാന്ധതയാല്‍ രാജാവ് അതനുസരിച്ചില്ല. ഗാന്ധാരി കണ്ണീരോടെ അപേക്ഷിച്ചു. “മഹാരാജന്‍, കൊന്നു കളയൂ ഈ കുലദ്രോഹിയെ, ഇവന്‍ ജനിച്ചപ്പോള്‍ കുറുക്കനെപ്പോലെ ഓരിയിട്ടവനാണ്. ഇവന്‍ കൌരവകുലം മുടിക്കുമെന്ന് ആ വിദ്വാന്മാര്‍ പ്രവചിച്ചത് മറന്നുപോയോ? അതിന്റെ ആരംഭമത്രേയിത്, വീടിന് തീവയ്ക്കുംപോലെയുള്ള ഈ ഘോരകര്‍മം ചെയ്യരുതേ, മക്കള്‍ അച്ഛനമ്മമാര്‍ക്ക് കീഴ്പ്പെട്ട് നില്‍ക്കണം. തലയ്ക്കുമേല്‍ ചാടിക്കയറരുത്. വൃദ്ധന്‍ ബാലനെപ്പോലെയായിക്കൂടാ മഹാരാജാവേ, വിട്ടുകളയൂ ഈ ദുഷ്ട പുത്രനെ!”
ധൃതരാഷ്ട്രര്‍ ദുഃഖത്തോടെ പറഞ്ഞു. “ദേവി, വിധിച്ചതുപോലെ വരട്ടെ. നമുക്കതൊന്നും മാറ്റാനാവില്ലല്ലോ. പാണ്ഡവന്മാര്‍ തിരിച്ചെത്തി എന്റെ മക്കളുമായി ചൂതാടട്ടെ എന്നു ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞു.”
ആ വിധം തന്നെ നടന്നു. പാണ്ഡവര്‍ മടക്കി വിളിക്കപ്പെട്ടു. മഹാരാജാവിന്റെ ആജ്ഞപ്രകാരം വീണ്ടുമവര്‍ ചൂതുകളിക്കായി സഭയില്‍ ചെന്നുകയറി. ചൂതിനായി വിരിച്ചൊരുക്കിയിരിക്കുന്നിടം കണ്ടു. വ്യഥിതരായ സഭാവാസികളും പാണ്ഡവന്മാരും കേള്‍ക്കെ ശകുനി ഇങ്ങനെ പറഞ്ഞു.
“മഹാരാജാവ് നിങ്ങള്‍ക്ക് ധനമെല്ലാം മടക്കിത്തന്നുവല്ലോ. അതുശരി. ഇനിയുള്ള കളിയില്‍ ധനമല്ലാ ആദ്യത്തെ പണയം - തോല്‍ക്കുന്നവര്‍ പന്ത്രണ്ടുവര്‍ഷം തോലുടുത്തു വനവാസം ചെയ്യണം. അതിനുശേഷം ഒരു വര്‍ഷം ആരുമാരുമറിയാതെ ഏതെങ്കിലും നാട്ടില്‍ അജ്ഞാതവാസവും ചെയ്യണം. കണ്ടുപിടിക്കപ്പെട്ടാല്‍ വീണ്ടും ഇതാവര്‍ത്തിക്കണം. പന്ത്രണ്ടു വര്‍ഷം വനവാസവും ഒരാണ്ട് അജ്ഞാതവാസവും. ഞങ്ങളാണ് തോല്‍ക്കുന്നതെങ്കില്‍ ഞങ്ങള്‍ ഈ കരാറിന് തയാര്‍. ഈ കരാറനുസരിച്ച് കളി തുടങ്ങാം.”
സദസ്യര്‍ “അയ്യോ കഷ്ടംകഷ്ട”മെന്നു കൈയുയര്‍ത്തി തടയവേ യുധിഷ്ഠിരന്‍ നിശ്ശബ്ദനായി ചൂതുകളിക്കാന്‍ ഇരുന്നു. ഇത് കൌരവരുടെ നാശത്തിനാണ് എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് കളിച്ച യുധിഷ്ഠിരനെ ഒറ്റക്കളിയില്‍ തോല്‍പ്പിച്ച് ശകുനി “ഞങ്ങള്‍ ജയിച്ചൂ!” എന്നട്ടഹസിച്ചു. യുധിഷ്ഠിരന്‍ എഴുന്നേറ്റ് സഹോദരന്മാരുടെ അരികിലേക്കു ചെന്നു ‘കാട്ടില്‍ പോകാനൊരുങ്ങാം’ എന്നു പറയവേ അതാ ഉടുക്majhabharatham2കാന്‍ തോലുകള്‍ എത്തിക്കഴിഞ്ഞു. കിരീടങ്ങളും ആഭരണങ്ങളും ഊരിവെച്ച് പട്ടുവസ്ത്രങ്ങള്‍ മാറ്റി മരത്തോലുടുത്ത് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ആ മഹാപുരുഷന്മാരെ നോക്കി ദുശ്ശാസനന്‍ ഇങ്ങനെ ഉച്ചത്തില്‍ പരിഹസിച്ചു. “ഹാ ഹാ! എന്തൊരു ഗംഭീരമായ കാഴ്ച! ഞങ്ങളെക്കാള്‍ യോഗ്യര്‍ ആരുണ്ടീ ഭൂമിയിലെന്നു മദിച്ചു നടക്കുന്നവര്‍ കാശിനു വകയില്ലാത്തവരായി തോലുടുത്തു നില്‍ക്കുന്ന ഈ നില്‍പ്പ്! മഹാബലവാന്മാര്‍! വീരാധിവീരന്മാര്‍ എന്നൊക്കെ ഭാവിക്കുന്ന ഈ പാണ്ഡവരെ നോക്കുക, പാഞ്ചാലീ, ഇവരെ വിട്ടു കളയൂ. ഇവര്‍ ആണും പെണ്ണും കെട്ടവരാണ്. കഷ്ടം, നിന്നെപ്പോലൊരുവളെ ആ ദ്രുപദ രാജന്‍ ഈ ഷണ്ഡന്മാര്‍ക്കു കൊടുത്തുവല്ലോ. അത് സാരമില്ല. നീ മറ്റൊരാളെ വരിച്ചുകൊള്ളൂ. ഇതാ പരമയോഗ്യന്മാരായ കൌരവന്മാരെ നോക്കൂ, ഇവരിലാരെയെങ്കിലും നീ ഭര്‍ത്താവായി സ്വീകരിക്ക്. ഈ അധ:പതിച്ചവരെ നിനക്കെന്തിനാണിനി!”
ഉഗ്രകോപത്തോടെ ഭീമസേനന്‍ സിംഹം കുറുക്കനെ നോക്കുംപോലെ അവനെ ഒന്നു നോക്കിയിട്ട് ഇങ്ങനെ ഗര്‍ജ്ജിച്ചു. “പാപി! ദുഷിച്ച വാക്കുകളാല്‍ മര്‍മങ്ങളെ പിളര്‍ക്കുന്ന നിന്റെ മര്‍മങ്ങള്‍
ഞാന്‍ യുദ്ധത്തില്‍ പിളര്‍ക്കുന്നുണ്ട്. ജ്വലിച്ചുനില്‍ക്കുന്ന ഭീമനെനോക്കി നാണംകെട്ട ഗോഷ്ടികള്‍ കാട്ടിയും നൃത്തം വെച്ചും പൈ പൈ എന്ന് വിളിച്ചും ദുശ്ശാസനന്‍ വീണ്ടും ആക്ഷേപം തുടര്‍ന്നു. അപ്പോള്‍ ഭീമന്‍ ഇടിവെട്ടുംപോലെ ഇങ്ങനെ അലറി. “നീച, ചീത്ത വാക്കുകള്‍ പറയുന്നവനേ, ശകുനിയുടെ കള്ളക്കളിയില്‍ ജയിച്ച് അഹങ്കരിക്കുന്നവനേ, നിന്റെ ചെയ്തികള്‍ക്ക് ഘോരമായ പ്രതികാരം ചെയ്യുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു. നിന്നെ ഞാന്‍ പോര്‍ക്കളത്തിലിട്ടു മാറുപിളര്‍ന്ന് കൊന്ന് ചോരകുടിക്കും! ഇത് സത്യം! ഇത് ഭീമസേനന്റെ പ്രതിജ്ഞ. ഈ വാക്ക് ഫലിക്കാതെ പോയാല്‍ എനിക്ക് പുണ്യലോകങ്ങള്‍ കിട്ടേണ്ട. നീ മാത്രമല്ല ദുശ്ശാസന, ഈ ധൃതരാഷ്ട്ര പുത്രന്മാരെയെല്ലാം ഞാന്‍ കൊന്നൊടുക്കുകതന്നെ ചെയ്യും. ഇത് ഭീമ പ്രതിജ്ഞ!”
ഇത്രയുംപറഞ്ഞ് സിംഹനട നടന്നു പോകാനൊരുങ്ങുന്ന ഭീമന്റെ നടപ്പിനെ അതുപോലെ ഗോഷ്ടിയായി അനുകരിച്ച് ആര്‍ത്ത് ചിരിക്കുകയായീ ദുര്യോധനന്‍. പകുതി തിരിഞ്ഞുനിന്ന് കണ്ണുകള്‍ ചുവത്തിക്കൊണ്ട് അഭിമാനിയായ ഭീമന്‍ വീണ്ടും പറഞ്ഞു. “ദുര്യോധനാ, കൂട്ടത്തോടെ നിന്നെ ഞാന്‍ ഒടുക്കിക്കൊള്ളാം. കരുതിയിരുന്നോ!”
സഭവിട്ടിറങ്ങി തിരിഞ്ഞുനിന്ന് വീണ്ടും ഭീമന്‍ ഇടിവെട്ടുംപോലെ കൈ ചൂണ്ടിപ്പറഞ്ഞു. “ഈ ദുര്യോധനനെ ഞാന്‍ കൊല്ലുന്നതാണ്! കര്‍ണനെ അര്‍ജുനന്‍ പോരില്‍ കൊല്ലും. കള്ളനായ ശകുനിയെ സഹദേവന്‍ കൊല്ലും! മഹായുദ്ധം വരുന്നു എന്ന് ഞാന്‍ പറയുന്നു. ആ യുദ്ധത്തില്‍ ഈ ദുഷ്ടനായ ദുര്യോധനനെ ഞാന്‍ ഗദയാല്‍ അടിച്ചുവീഴ്ത്തി അവന്റെ തല ചവിട്ടിയുരുട്ടും. ദുശ്ശാസനന്റെ ചോര സിംഹത്തെപ്പോലെ കുടിക്കും ഞാന്‍!” അപ്പോള്‍ അര്‍ജുനനും ജ്വലിക്കുന്ന വാക്കുകള്‍ സഭയെ നോക്കി തീപോലെ വാരിവിതറി. “എന്റെ ജ്യേഷ്ഠന്റെ വാക്കുകള്‍ സഫലമായിത്തീരും. സഭയില്‍ ദുര്‍വാക്കോതി നിന്ദിച്ച ഈ കര്‍ണ്ണനെ ഞാന്‍ പോരില്‍ കൂരമ്പിനിരയാക്കും. കര്‍ണനെ അര്‍ജുനന്‍ കൊല്ലും എന്നിതാ ഞാന്‍ സത്യം ചെയ്യുന്നു. ഈ കര്‍ണനെയും പോരില്‍ ഇവനോടൊപ്പം നില്‍ക്കുന്ന ഏവരെയും ഞങ്ങള്‍ കൂര്‍ത്തുമൂര്‍ത്ത ശരങ്ങളാല്‍ കൊന്നൊടുക്കും! ഇത് സത്യം! പതിനാലാമാണ്ടില്‍ ദുര്യോധനന്‍ വാക്കുപാലിക്കാത്തപക്ഷം ഇത് സംഭവിക്കുകതന്നെ ചെയ്യും. എന്റെ സത്യം പിഴച്ചാല്‍ സൂര്യന് പ്രഭ കെട്ടുപോകട്ടെ, ഹിമാലയം ഉരുകിപ്പോകട്ടെ, ചന്ദ്രന് കുളുര്‍മയില്ലാതാവട്ടെ!” അര്‍ജുനന്റെ ഉഗ്രപ്രതിജ്ഞ കേട്ട് ശ്രീമാനായ സഹദേവന്‍ തന്റെ കുരുത്തുറ്റ നീണ്ട കൈയുയര്‍ത്തി ഇങ്ങനെ വിളിച്ചു പറഞ്ഞു. “ദുഷ്ടനായ ശകുനേ, ചതിക്കുന്നവനേ, നീ ചുതുകളിയാല്‍ നേടിയത് കൂര്‍ത്ത കൂരമ്പുകളെയാണ്. എന്റെ ജ്യേഷ്ഠന്മാര്‍ പറഞ്ഞതുപോലെ ബന്ധുമിത്രാദികള്‍ സഹിതം ശകുനേ, നിന്നെ ഞാന്‍ യുദ്ധത്തില്‍ കൊല്ലുന്നതാണെന്ന് ഇതാ സത്യം ചെയ്യുന്നു.”

സുഗുതകുമാരി
വര ജയേന്ദ്രന്‍