KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വേഴാമ്പലുകള്‍ കൂടൊരുക്കുന്നു

vaarthaകേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാന്വലുകളുടെ പ്രജനനത്തിന് കൂടുതല്‍ അനുയോജ്യമായ പ്രദേശമായി ടോപ്സ്ളിപ്പ് മാറുന്നു. ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിലെ പ്രധാന പ്രദേശമാണിത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്കുള്ള പ്രധാന വഴി ഈ പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്. വേഴാമ്പലുകള്‍ ജനുവരി മാസത്തോടെ ശത്രുക്കളുടെ കണ്ണില്‍പ്പെടാത്ത മരപ്പൊത്ത് കണ്ടെത്തുകയും തുടര്‍ന്ന് അവിടെ കൂടുകൂട്ടുകയും ചെയ്യും. മുന്‍പ് ഉപയോഗിച്ച കൂടുകള്‍ തന്നെയായിരിക്കും മിക്കവാറും വീണ്ടും ഉപയോഗി
ക്കുക. മേയ് -ജൂണ്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങും. ഇരുപത്തിയഞ്ചോളം കൂടുകളാണ് ഈ പ്രദേശത്ത് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കടുവകളുടെ സംരക്ഷണത്തിനായും ഇരകളായ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവിനായും എടുത്തിട്ടുള്ള മുന്‍കരുതലുകളും വേഴാമ്പലുകള്‍ക്ക് ഗുണകരമായി എന്നു വേണം കരുതാന്‍. കോഴിവേഴാമ്പലുകളേയും ഇവിടങ്ങളില്‍ ധാരാളമായി കാണുന്നുണ്ട്. വേഴാമ്പലുകളുടെ പ്രജനനകാലമായതോടെ കാരിയന്‍ ചോലയിലേക്കുള്ള പ്രവേശനം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്.Great-Hornbill

അനുയോജ്യമായ മരപ്പൊത്ത് കണ്ടെത്തിക്കഴിഞ്ഞാല്‍ പെണ്‍വേഴാമ്പല്‍ ഈ കൂട്ടില്‍ സ്വയം ഒരു ജയില്‍വാസത്തിന് തയ്യാറാവുന്നു. കൂടിനുള്ളില്‍ കയറി തന്റെ കൊക്ക് മാത്രം പുറത്തേക്കിടാനുള്ള വിടവ് നിലനിര്‍ത്തി കാഷ്ഠവും ചെളിയുമുപയോഗിച്ച് കൂടിന്റെ ദ്വാരം എതാണ്ട് പൂര്‍ണമായും അടയ്ക്കുന്നു. പെണ്‍പക്ഷിയെ പരിപാലിക്കേണ്ട ചുമതല മുഴുവന്‍ പിന്നീട് ആണ്‍പക്ഷിക്കാണ്. പെണ്‍പക്ഷി സ്വന്തം തൂവലുകള്‍ കൊണ്ടുണ്ടാക്കിയ മെത്തയില്‍ ഒന്നോ രണ്ടോ മുട്ടകളിടുന്നു. കോഴിവേഴാമ്പലുകള്‍ നാലുമുട്ടകള്‍വരെ ഇടാറുണ്ട്. 38 മുതല്‍ 40 ദിവസം വരെയാണ് അടയിരിക്കുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി ഏകദേശം രണ്ടാഴ്ചക്കാലത്തോളം പെണ്‍പക്ഷി കൂട്ടില്‍ തന്നെ തുടരും. പിന്നീട് പെണ്‍പക്ഷി കൂടിന്റെ ദ്വാരം പൊളിച്ച് പുറത്തുവരുന്നു. വീണ്ടും ഈ ദ്വാരം പഴയ പോലെ കാഷ്ഠവും ചെളിയും ഉപയോഗിച്ച് അടയ്ക്കുന്നു. കുഞ്ഞുങ്ങള്‍ പറക്കാറായി പുറത്തിറങ്ങുന്നത് വരെ കൂട്ടില്‍ തന്നെ ആയിരിക്കും. മാതാപിതാക്കള്‍ കൊടുക്കുന്ന പല്ലികളും മറ്റുമാണ് ഈ സമയത്ത് കുഞ്ഞുങ്ങളുടെ ആഹാരം. കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുന്നതും മാതാപിതാക്കള്‍ തന്നെ. പരുന്തിനെപ്പോലുള്ള പക്ഷികളുടെ ആക്രമണങ്ങള്‍ ഉണ്ടായേക്കാം എന്നതിനാല്‍ സ്വതന്ത്രമായി പറക്കാന്‍ കുഞ്ഞുങ്ങളെ അനുവദിക്കാറില്ല. പൂര്‍ണവളര്‍ച്ചയെത്താന്‍ ഏതാണ്ട് അഞ്ച് വര്‍ഷമെടുക്കുന്ന വേഴാമ്പലുകളുടെ ജീവിതകാലം അന്‍പത് വര്‍ഷം വരെ നീളാം. കുഞ്ഞുങ്ങളെ ഇത്രയേറെ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍പ്പോലും ഇവയുടെ അതിജീവനനിരക്ക് പത്ത് മുതല്‍ പതിനഞ്ച് ശതമാനത്തോളം മാത്രമേ വരുന്നുള്ളൂ.കൂട്ടില്‍ അടയിരിക്കുന്ന പെണ്‍പക്ഷിക്ക് ആഹാരമെത്തിക്കുന്ന വേളയില്‍ ആണ്‍പക്ഷി വളരെ ശ്രദ്ധാലുവായിരിക്കും. കൂടിന് സമീപം ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയിട്ടേ ആഹാരം കൂട്ടിനകത്തേക്ക് എത്തിക്കാറുള്ളൂ. പെണ്‍പക്ഷിക്ക് ആഹാരം നല്‍കുന്ന ആണ്‍പക്ഷി വളരെ അപൂര്‍വമായ ഒരു കാഴ്ചയാണ്. സ്ഥിരമായ ശല്യപ്പെടുത്തലുകളുണ്ടായാല്‍ ഭക്ഷണമില്ലാതെ പെണ്‍
പക്ഷിയും കുഞ്ഞുങ്ങളും മരണപ്പെടാന്‍ വരെ സാധ്യതയുണ്ടത്രേ. അതുകൊണ്ട് തന്നെ
യാണ് വേഴാമ്പലുകളുടെ പ്രജനനകാലഘട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കാരിയന്‍ചോല പ്രദേശത്ത് വേഴാമ്പലുകളുടെ വളര്‍ച്ചാനിരക്ക് അല്പം കൂടുതലുണ്ടെന്നത് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.