KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്തകള്‍ മെയ്‌ 2011

vaartha

 

വേഴാമ്പലുകള്‍ കൂടൊരുക്കുന്നു

കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാന്വലുകളുടെ പ്രജനനത്തിന് കൂടുതല്‍ അനുയോജ്യമായ പ്രദേശമായി ടോപ്സ്ളിപ്പ് മാറുന്നു. ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിലെ പ്രധാന പ്രദേശമാണിത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്കുള്ള പ്രധാന വഴി ഈ പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്. വേഴാമ്പലുകള്‍ ജനുവരി മാസത്തോടെ ശത്രുക്കളുടെ കണ്ണില്‍പ്പെടാത്ത മരപ്പൊത്ത് കണ്ടെത്തുകയും തുടര്‍ന്ന് അവിടെ കൂടുകൂട്ടുകയും ചെയ്യും. മുന്‍പ് ഉപയോഗിച്ച കൂടുകള്‍ തന്നെയായിരിക്കും മിക്കവാറും വീണ്ടും ഉപയോഗി
ക്കുക. മേയ് -ജൂണ്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങും. ഇരുപത്തിയഞ്ചോളം കൂടുകളാണ് ഈ പ്രദേശത്ത് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കടുവകളുടെ സംരക്ഷണത്തിനായും ഇരകളായ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവിനായും എടുത്തിട്ടുള്ള മുന്‍കരുതലുകളും വേഴാമ്പലുകള്‍ക്ക് ഗുണകരമായി എന്നു വേണം കരുതാന്‍. കോഴിവേഴാമ്പലുകളേയും ഇവിടങ്ങളില്‍ ധാരാളമായി കാണുന്നുണ്ട്. വേഴാമ്പലുകളുടെ പ്രജനനകാലമായതോടെ കാരിയന്‍ ചോലയിലേക്കുള്ള പ്രവേശനം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്.Great-Hornbill

അനുയോജ്യമായ മരപ്പൊത്ത് കണ്ടെത്തിക്കഴിഞ്ഞാല്‍ പെണ്‍വേഴാമ്പല്‍ ഈ കൂട്ടില്‍ സ്വയം ഒരു ജയില്‍വാസത്തിന് തയ്യാറാവുന്നു. കൂടിനുള്ളില്‍ കയറി തന്റെ കൊക്ക് മാത്രം പുറത്തേക്കിടാനുള്ള വിടവ് നിലനിര്‍ത്തി കാഷ്ഠവും ചെളിയുമുപയോഗിച്ച് കൂടിന്റെ ദ്വാരം എതാണ്ട് പൂര്‍ണമായും അടയ്ക്കുന്നു. പെണ്‍പക്ഷിയെ പരിപാലിക്കേണ്ട ചുമതല മുഴുവന്‍ പിന്നീട് ആണ്‍പക്ഷിക്കാണ്. പെണ്‍പക്ഷി സ്വന്തം തൂവലുകള്‍ കൊണ്ടുണ്ടാക്കിയ മെത്തയില്‍ ഒന്നോ രണ്ടോ മുട്ടകളിടുന്നു. കോഴിവേഴാമ്പലുകള്‍ നാലുമുട്ടകള്‍വരെ ഇടാറുണ്ട്. 38 മുതല്‍ 40 ദിവസം വരെയാണ് അടയിരിക്കുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി ഏകദേശം രണ്ടാഴ്ചക്കാലത്തോളം പെണ്‍പക്ഷി കൂട്ടില്‍ തന്നെ തുടരും. പിന്നീട് പെണ്‍പക്ഷി കൂടിന്റെ ദ്വാരം പൊളിച്ച് പുറത്തുവരുന്നു. വീണ്ടും ഈ ദ്വാരം പഴയ പോലെ കാഷ്ഠവും ചെളിയും ഉപയോഗിച്ച് അടയ്ക്കുന്നു. കുഞ്ഞുങ്ങള്‍ പറക്കാറായി പുറത്തിറങ്ങുന്നത് വരെ കൂട്ടില്‍ തന്നെ ആയിരിക്കും. മാതാപിതാക്കള്‍ കൊടുക്കുന്ന പല്ലികളും മറ്റുമാണ് ഈ സമയത്ത് കുഞ്ഞുങ്ങളുടെ ആഹാരം. കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുന്നതും മാതാപിതാക്കള്‍ തന്നെ. പരുന്തിനെപ്പോലുള്ള പക്ഷികളുടെ ആക്രമണങ്ങള്‍ ഉണ്ടായേക്കാം എന്നതിനാല്‍ സ്വതന്ത്രമായി പറക്കാന്‍ കുഞ്ഞുങ്ങളെ അനുവദിക്കാറില്ല. പൂര്‍ണവളര്‍ച്ചയെത്താന്‍ ഏതാണ്ട് അഞ്ച് വര്‍ഷമെടുക്കുന്ന വേഴാമ്പലുകളുടെ ജീവിതകാലം അന്‍പത് വര്‍ഷം വരെ നീളാം. കുഞ്ഞുങ്ങളെ ഇത്രയേറെ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍പ്പോലും ഇവയുടെ അതിജീവനനിരക്ക് പത്ത് മുതല്‍ പതിനഞ്ച് ശതമാനത്തോളം മാത്രമേ വരുന്നുള്ളൂ.കൂട്ടില്‍ അടയിരിക്കുന്ന പെണ്‍പക്ഷിക്ക് ആഹാരമെത്തിക്കുന്ന വേളയില്‍ ആണ്‍പക്ഷി വളരെ ശ്രദ്ധാലുവായിരിക്കും. കൂടിന് സമീപം ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയിട്ടേ ആഹാരം കൂട്ടിനകത്തേക്ക് എത്തിക്കാറുള്ളൂ. പെണ്‍പക്ഷിക്ക് ആഹാരം നല്‍കുന്ന ആണ്‍പക്ഷി വളരെ അപൂര്‍വമായ ഒരു കാഴ്ചയാണ്. സ്ഥിരമായ ശല്യപ്പെടുത്തലുകളുണ്ടായാല്‍ ഭക്ഷണമില്ലാതെ പെണ്‍
പക്ഷിയും കുഞ്ഞുങ്ങളും മരണപ്പെടാന്‍ വരെ സാധ്യതയുണ്ടത്രേ. അതുകൊണ്ട് തന്നെ
യാണ് വേഴാമ്പലുകളുടെ പ്രജനനകാലഘട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കാരിയന്‍ചോല പ്രദേശത്ത് വേഴാമ്പലുകളുടെ വളര്‍ച്ചാനിരക്ക് അല്പം കൂടുതലുണ്ടെന്നത് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

 

 

xഇന്ത്യയുടേയും കേരളത്തിന്റേയുമെല്ലാം ഭൂപടങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഭൂപടങ്ങളില്‍ ഭൂരിഭാഗത്തിന്റേയും പകര്‍പ്പവകാശം നിര്‍മാതാക്കള്‍ക്കാണ്. അതായത് അവരുടെ അനുവാദമില്ലാതെ ഈ ചിത്രങ്ങള്‍freemap മറ്റൊരിടത്തും ഉപയോഗിക്കാന്‍ പറ്റില്ല എന്ന് സാരം. ഇതിനൊരു പരിഹാരവുമായാണ് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ വരവ്. കേരളത്തിന്റെ വിശദമായ ഭൂപടം  സ്വതന്ത്ര ലൈസന്‍സോടെ നിര്‍മിക്കാനാണ് അവരൊരുങ്ങുന്നത്. കേരളത്തിലെ ജില്ലകളുടെ പഞ്ചായത്തു തലം വരെ വിഭജനമുള്ള  ഭൂപടം, കേരളത്തിലെ ഓരോ പഞ്ചായത്തിന്റേയും വാര്‍ഡ് തലം വരെ വിഭജനമുള്ള ഭൂപടങ്ങള്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും ജില്ലാതലം വരെയുള്ള ഭൂപടങ്ങള്‍, ഇന്ത്യയുടെ സംസ്ഥാന തലം വരെയുള്ള ഭൂപടം എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജേഷ് ഒടയഞ്ചാല്‍, അജയ് കുയിലൂര്‍, ജെയ്സണ്‍ നെടുമ്പാല, നവീന്‍ തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകരാണ് ഇപ്പോള്‍ ഈ പ്രൊജക്റ്റിലെ അംഗങ്ങള്‍. ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേകം ഭൂപടങ്ങള്‍ തയ്യാറാക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയറായ ഇങ്ക്സ്കേപ്പ് ഉപയോഗിച്ചാണ് ഭൂപടങ്ങള്‍ നിര്‍മിക്കുന്നത്. എത്ര വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടാത്ത തരത്തിലുള്ള SVG (scaled vector graphics) ചിത്രങ്ങളായാണ് ഇവയുടെ നിര്‍മാണം.  ഭൂപടനിര്‍മാണത്തില്‍ താത്പര്യമുള്ള ആര്‍ക്ക് വേണമെങ്കിലും ഈ പ്രൊജക്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇന്ത്യ, കേരളം, കാസര്‍ഗോഡ്, വയനാട് എന്നീ ഭൂപടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.
‘മലയാളികള്‍ വിക്കിമീഡിയയെ സ്നേഹിക്കുന്നു’ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയും വിജയം കണ്ടിരുന്നു. സ്വതന്ത്ര അനുമതിയുള്ള ചിത്രങ്ങള്‍ വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യാനുള്ള പദ്ധതിയായിരുന്നു അത്. ആയിരത്തിയഞ്ഞൂറോളം ചിത്രങ്ങളാണ് സ്വതന്ത്ര ലൈസന്‍സോടെ ഈ പദ്ധതിവഴി വിക്കിമീഡിയയ്ക്ക് ലഭിച്ചത്. പണം മുടക്കാതെയും പകര്‍പ്പവകാശപ്രശ്നങ്ങള്‍ ഇല്ലാതെയും  ഈ ചിത്രങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാനാവും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല സ്വതന്ത്ര അനുമതിയുള്ള പുസ്തകമാക്കി മാറ്റാനുള്ള പദ്ധതിയും ഇതിനോടൊപ്പം നടന്നുവരുന്നു.


വരയാടുകളുടെ കണക്കെടുക്കുന്നു

ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കണക്കെടുത്തു തുടങ്ങി. ഏപ്രില്‍ മാസംvarayadu 26 മുതല്‍ ഒരാഴ്ചയാണ് ഈ കണക്കെടുപ്പ്.  വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്. വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് 1975 ല്‍ ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായത്. അതിനു മുമ്പ് 1969 ല്‍ നടത്തിയ കണക്കെടുപ്പില്‍ 550 വരയാടുകളെ ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു. 1996 ലാണ് വനം വകുപ്പ് നേരിട്ട് ഇവിടെ കണക്കെടുപ്പു നടത്തിയത്. അന്ന് 640 വരയാടുകളെ അവര്‍ കണ്ടെത്തി. 1998 ഓടെ ഇവയുടെ എണ്ണം 760 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ കണക്കെടുപ്പ് പ്രകാരം 776  ആണ് ഇവിടത്തെ വരയാടുകളുടെ എണ്ണം. 97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കിനെ 13 ബ്ളോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ഓരോ ബ്ളോക്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓരോ സംഘങ്ങള്‍ കണക്കെടുപ്പില്‍ പങ്കാളികളാകും.
ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വരയാടുകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. രണ്ടു മാസത്തോളം അമ്മയുടെ സംരക്ഷണയിലായിരിക്കുന്ന കുഞ്ഞുങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകും. ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് കുറവായതും ഇവയ്ക്ക് ഭീഷണിയാകുന്നു. ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ കൂസലില്ലാതെ നടക്കുന്ന വരയാടുകള്‍ ആരേയും ആത്ഭുതപ്പെടുത്തും.  ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ ചെന്നാല്‍ വരയാടുകളെ  കാണാനാകും. കര്‍ശനമായ സുരക്ഷയും സന്ദര്‍ശകരുടെ നിയന്ത്രണവും വരയാടുകളുടെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

ദേവികുളം ഖനനം

കേരള സംസ്ഥാന പുരാവസ്തുവകുപ്പ് ദേവികുളംdevikulam താലൂക്കിലെ വായുമലയില്‍ നടത്തിയ പര്യവേക്ഷണത്തില്‍ 400-ഓളം ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. ശിലാസ്മാരകങ്ങള്‍
കണ്ടെത്താനുള്ള പ്രൊജക്റ്റിന്റെ ഭാഗമായി മറയൂര്‍, കോവിലൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പര്യവേക്ഷണം നടക്കുന്നത്. നന്നങ്ങാടികള്‍, കല്ലുകൊണ്ടുള്ള ശവകുടീരങ്ങള്‍, കല്ലറകള്‍, കരകൌശലവസ്തുക്കള്‍ തുടങ്ങിയവയ്ക്കായിട്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ചരിത്രാതീതകാലത്ത് മനുഷ്യന്‍ ശവസംസ്കാരത്തിനായി ഉപയോഗിച്ച രീതികളെക്കുറിച്ചറിയാന്‍ ഈ പര്യവേക്ഷണങ്ങള്‍ക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത രീതികളിലുള്ള ശവസംസ്കാര സ്മാരകങ്ങള്‍ ഒരു പ്രദേശത്ത് നിന്നു തന്നെ കണ്ടെത്തുന്നത് ഇത് ആദ്യമായാണത്രേ.

 

 

 

ജലസ്തംഭം ദൃശ്യമായി


കടല്‍ച്ചുഴലി എന്ന് വിളിക്കപ്പെടുന്ന അപൂര്‍വപ്രതിഭാസം ജലസ്തംഭം (Waterspout) തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം കടലില്‍ ദൃശ്യമായി. കഴിഞ്ഞ ഏപ്രില്‍ 3 നാണ് ശംഖുമുഖം കടപ്പുറത്ത് സായാഹ്നം ആസ്വദിwaterspoutക്കാന്‍ വന്നവര്‍ക്ക് കൌതുകവും ഭീതിയുമുണര്‍ത്തി ജലസ്തംഭം ദൃശ്യമായത്. ജലോപരിതലത്തില്‍ നിന്നും ആകാശത്തേക്ക് ഒരു ഫണലിന്റെ ആകൃതിയില്‍ നടക്കുന്ന മേഘരൂപീകരണമാണ് കടല്‍ച്ചുഴി എന്ന ജലസ്തംഭം. ജലോപരിതലത്തിന് മുകളിലെ ജലബാഷ്പം സാന്ദ്രീകരിക്കപ്പെട്ട് ജലകണങ്ങളായി മാറുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്. കടലിലോ വളരെ വലിയ ജലാശയങ്ങളിലോ വളരെ താഴ്ന്ന് ക്യുമിലോനിംബസ്സ് ഇനത്തില്‍പ്പെട്ട മേഘങ്ങള്‍ രൂപപ്പെടുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാവാനുള്ള സാധ്യതയുണ്ടാവുന്നത്. അന്തരീക്ഷ താപനിലയും സമുദ്രോപരിതലത്തിലെ താപനിലയും ഇതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. കരയിലുണ്ടാകുന്ന ഒരു ടോര്‍ണാഡോ ചുഴലിക്കാറ്റിന് സമാനമാണിത്. ജലാശയത്തിന് മുകളില്‍ ഏകദേശം രണ്ടു കിലോമീറ്ററോളം ചുറ്റളവില്‍ മാത്രമാണ് ഈ
പ്രതിഭാസം അനുഭവപ്പെടുന്നത്. വളരെ താഴ്ന്ന് മഴമേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ തീരപ്രദേശത്ത് പെട്ടെന്ന് ഇരുട്ട് പരക്കുകയും ചെയ്യും. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ അപൂര്‍വമായ കാഴ്ചയാണെങ്കിലും അമേരിക്കന്‍ തീരപ്രദേശങ്ങളില്‍ മിക്ക വര്‍ഷങ്ങളിലും ജലസ്തംഭം പ്രത്യക്ഷപ്പെടാറുണ്ട്.

 

വന്യജീവി സെന്‍സസ്

നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ വന്യജീവികളുടെ സമഗ്രമായ കണക്കെടുപ്പിന് വനം വകുപ്പ് ഒരുങ്ങുന്നു. മേയ് മാസത്തില്‍kaadu ആരംഭിക്കുമെന്ന് കരുതുന്ന സെന്‍സസ് കേരളത്തിന്റെ വന്യജീവി സമ്പത്തിനെക്കുറിച്ചുള്ള ഏറ്റവും പുതിയതും സമഗ്രവുമായ വിവരങ്ങള്‍ ലഭ്യമാക്കും. ഇതിന് മുന്‍പ് 2002 ലാണ് ഇത്തരമൊരു സെന്‍സസ് എടുത്തിട്ടുള്ളത്. പ്രത്യേക ജീവികളെ (ആന, ക ടുവ) ലക്ഷ്യം വെച്ചുള്ള സെന്‍സസുകള്‍ ഇതിനിടയ്ക്ക് നടന്നിട്ടുണ്ട്. കേരളത്തെ 35 ഡിവിഷനുകളായി തിരിച്ചാണ് സെന്‍സസ് നടത്തുന്നത്. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് തുടങ്ങിയവരും  സെന്‍സ സില്‍ സഹകരിക്കുന്നു. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. മൂവായിരം ചതുരശ്രകിലോമീറ്ററില്‍ താഴെ സംരക്ഷിതവനമടക്കം പതിനായിരം ചതുരശ്ര കിലോമീറ്ററോളം വനം മാത്രമേ ഇന്ന് കേരളത്തില്‍ അവശേഷിച്ചിട്ടുള്ളൂ.  അവയിലെ ജൈവവൈവിധ്യം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സെന്‍സസ് സഹായിക്കും.