KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കിളിനോട്ടം

munnura

 

kili1ഈ തളിര് നിങ്ങള്‍ക്ക് കിട്ടുമ്പോഴേക്ക് പരീക്ഷച്ചൂടെല്ലാം അടങ്ങിയിരിക്കും. എങ്കിലും മീനച്ചൂടാണ്. ഈയാണ്ട് മാവിലൊക്കെ മാങ്ങ പിടിച്ചിട്ടുണ്ടെങ്കിലും മാമ്പഴക്കാലം വരുന്നതേയുള്ളൂ. ഇത്തവണ നമുക്ക് കുറച്ച് പക്ഷിനോട്ടം ആയാലോ? പക്ഷിനിരീക്ഷണം എന്നതാണ് ശരിയായ വാക്ക് എന്നറിയാഞ്ഞിട്ടല്ല. പക്ഷേ ആദ്യം നമുക്ക് വെറും നോട്ടം മതി. നോക്കിക്കണ്ടിട്ടാകാം ശ്രദ്ധിച്ചു നിരീക്ഷിക്കലും നോട്ടുകുറിക്കലുമൊക്കെ. തുടക്കം ഇങ്ങനെയാകാം. പ്രഭാതത്തില്‍ ഉണര്‍ന്നു കിടന്ന് ചെവിയോര്‍ക്കുക. ഏതൊക്കെ കിളികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാം? കാക്കയായിരിക്കും ആദ്യത്തെ ലഹളക്കാരന്‍, പാട്ടുകാരന്‍. അതോ പൂവന്‍കോഴിയോ? മധുര മധുരമായി കേള്‍ക്കുന്ന ആ കളനാദം ആരുടേതാണ്? ഏതു കിളിയാണത്? പതുക്കെ മുറ്റത്തിറങ്ങി മരച്ചില്ലകളിലേക്കു നോക്കുക. പുലരിയെ എതിരേല്‍ക്കുന്ന
ഒരുപാടുപേരെ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും. പൂഞ്ചിറകുള്ളവരെ മാത്രമല്ല പൂക്കുലവാലുള്ളവരും അവിടെ ഉത്സാഹത്തോടെ തിമര്‍ക്കുന്നുണ്ടാവും. ഓരോരുത്തരെയും നോക്കിക്കാണുക, അവരുടെ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുക. ആദ്kili2യപാഠം അത്രയും മതിയാകും.
എന്റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ഒരു പഴയ വീട്ടില്‍ ഞങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ താമസിച്ചിരുന്നു. വലിയ മുറ്റമായിരുന്നു അവിടുത്തെ പ്രത്യേക സൌഭാഗ്യം. നിറയെ മരങ്ങളും ചെടികളും. മതിലരികില്‍ പൂത്തുലയുന്ന ചെമ്പരുത്തികള്‍. മുല്ലവള്ളികള്‍. എന്തു രസമായിരുന്നു അവിടെ കളിച്ചു നടക്കുവാന്‍! ഒരു പുലരിയില്‍ അതിമനോഹരമായൊരു കിളിപ്പാട്ടു കേട്ട് എന്റെ ചേച്ചിയും ഞാനും അതിന്റെ ഉത്ഭവസ്ഥാനം തിരഞ്ഞു നടന്നു കണ്ടുപിടിച്ചു. അത്ര വലുതൊന്നുമല്ലാത്ത ഒരു ക്രോട്ടണ്‍ ചെടിയുടെ നിറമുള്ള ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിക്കൂട്. ഞങ്ങളെ കണ്ടാകാം അതില്‍ നിന്ന് കറുത്ത തൊപ്പിക്കാരന്‍ ഒരു ചെറുകിളി പെട്ടെന്ന് പറന്നുപോയി. പിന്നീട് നോക്കി നോക്കി ഞങ്ങള്‍ ആ കൂട്ടില്‍ രണ്ട് കിളികളുണ്ടെന്നും അവരുടെ പേര് ബുള്‍ബുള്‍ എന്നാണെന്നും മലയാളത്തില്‍ ഇരട്ടത്തലച്ചി എന്നു വിളിക്കുമെന്നുമൊക്കെ മനസ്സിലാക്കി. പതുങ്ങിപ്പതുങ്ങിചെന്ന് ആ കൂട്ടിനുള്ളില്‍ നോക്കലും പതിവായി. ഒരു ദിവസമതാ പഞ്ഞിയും നാരുകളും കൊണ്ട് ഭംഗിയില്‍ പണിഞ്ഞ ആ കൂട്ടിനുള്ളില്‍ രണ്ട് മുട്ടകള്‍!... കിളികള്‍ മാറി മാറി അവിടെ കാവലിരിപ്പാണെങ്കിലും ഞങ്ങള്‍ രണ്ട് കൊച്ചു പെണ്‍കുട്ടികള്‍ അപകടകാരികളല്ല, കൂട്ടുകാരികളാണ് എന്നവര്‍ തിരിച്ചറിഞ്ഞു കാണും. പിന്നെപ്പിന്നെ ആ മുട്ടകള്‍ വിരിഞ്ഞു. കുഞ്ഞുങ്ങള്‍ പുറത്തു വന്നു. കൂട്ടിലാരുമില്ലെങ്കില്‍ അവ മിണ്ടാതിരിക്കും. അച്ഛന്‍കിളിയും അമ്മക്കിളിയും തീറ്റ തേടിക്കൊണ്ടുവന്ന് കുഞ്ഞിച്ചുണ്ടുകള്‍ക്കുള്ളില്‍ വെച്ചുകൊടുക്കുന്നത് ഞങ്ങള്‍ ആഹ്ളാദത്തോടെ കണ്ടു നിന്നു. ആ വഴിയെങ്ങാനും ഒരു പൂച്ചയോ മറ്റോ പോയാല്‍ അവര്‍ പുറപ്പെടുവിക്കുന്ന അപകട ശബ്ദം ഞങ്ങള്‍ തിരിച്ചറിഞ്ഞു. എന്നും പുലരിയില്‍ അവരുടെ മധുരമായ പാട്ടു കേട്ടു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അച്ഛനമ്മമാര്‍ കുഞ്ഞിക്കിളികളെ കൂട്ടില്‍ നിന്നിറക്കി പറക്കാന്‍ പഠിപ്പിക്കുന്നത് കണ്ടു. എന്തൊരു രസ മായിരുന്നു ആ കാഴ്ച! കുഞ്ഞുങ്ങള്‍ കുറേശ്ശെ പറന്ന് ചെടിച്ചില്ലകളിലെല്ലാം വന്നു തത്തിയിരിക്കുന്നതും അമ്മക്കിളിയുടെയും അച്ഛന്‍കിളിയുടെയും വേവലാതിയും ഞങ്ങള്‍ കണ്ടു രസിച്ചു. ദിവസങ്ങള്‍ ചിലത് കഴിഞ്ഞു. ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് ഓടിച്ചെന്ന് നോക്കിയപ്പോള്‍ കൂട് ഒഴിഞ്ഞു കിടക്കുന്നു. പറക്കമുറ്റിയ മക്കളുമായി അവര്‍ വീട് മാറി പൊയ്ക്കഴിഞ്ഞിരിക്കുന്നു!
ഞങ്ങള്‍ക്ക് സങ്കടമായി. എങ്കിലും പിറ്റേ വര്‍ഷവും അവര്‍ അതേ ചെടിയില്‍ കൂടുകൂട്ടാന്‍ വന്നു. പിന്നെയും പല വര്‍ഷങ്ങള്‍ അതാവര്‍ത്തിച്ചു. ആ കൊച്ചു ബുള്‍ബുള്‍ കുടുംബം എന്റെ കുട്ടിക്കാലത്തിന് എന്തൊരു സൌഭാഗ്യമായിരുന്നു എന്ന് ഇന്ന് ഞാനറിയുന്നു.
കിളികളെ പരിചയപ്പെടുക. ഇഷ്ടപ്പെടുക. അവര്‍ ചിറകുള്ള കൊച്ചു ദേവതകളാണ്. അവരെപ്പറ്റി വീണ്ടും എഴുതാം. അറിവുള്ളവരെക്കൊണ്ട് എഴുതിക്കാം.
സ്നേഹത്തോടെ,


സുഗതകുമാരി

വര: അരുണ ആലഞ്ചേരി