KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്തകള്‍ ഏപ്രില്‍ 2011

 

vaartha

 

കാലാവൂട്ടിന്റെ ഭാഗമായി കൂത്ത്


കാലാവൂട്ട് മഹോത്സവം ആദിവാസികളുടെ ഒരു പ്രധാന ഉത്സവമാണ്. ഗോത്രസംസ്കാരത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് ഇടുക്കി ജില്ലയിലെ കോവില്‍ മലയിലാണ് മാര്‍ച്ച് ആദ്യം കാലാവൂട്ട് മഹോത്സവം നടന്നത്. വേനല്‍ക്കാലാരംഭം വിളവെടുപ്പിന്റെ കാലംkalavoot കൂടിയാണ്. വിളവെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഉത്സവങ്ങളിലൊന്നാണ് കാലാവൂട്ട്. മന്നാന്‍ സമുദായത്തിന്റെ പാരമ്പര്യ കലാരൂപമായ കൂത്തോടു കൂടിയാണ് കാലാവൂട്ട് മഹോത്സവം ആരംഭിക്കുന്നത്. നാല്‍പ്പത്തിരണ്ട് കുടികളില്‍ നിന്നുള്ള ആദിവാസികളുടെ ഒത്തുകൂടല്‍ കൂടിയാണ് ഈ ഉത്സവം. മന്നാന്‍ കൂത്ത് അരങ്ങേറുന്നതും ഇവരുടെ സാന്നിദ്ധ്യത്തില്‍ തന്നെയാണ്.
കൂത്തിന്റെ പാട്ടുകള്‍ പറയുന്നത് ചിലപ്പതികാരത്തിലെ കണ്ണകിയുടേയും കോവലന്റേയും കഥയാണ്. മുളയുപയോഗിച്ച് ഉണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ പാട്ടുകാര്‍ ഇരിക്കുന്നു. പുരുഷന്‍മാര്‍ തന്നെയാണ് സ്ത്രീവേഷവും കെട്ടുന്നത്. മൃഗവേഷം, പുരുഷവേഷം, കോമാളി, പക്ഷികള്‍ തുടങ്ങിയവയാണ് പ്രധാനവേഷങ്ങള്‍. മത്താളം, ചിരല, ചിലങ്ക തുടങ്ങിയ പിന്നണിവാദ്യങ്ങളുടെ അകമ്പടിയോടെ നടക്കുന്ന കൂത്ത് നേരം പുലരുവോളം നീളും. കേരളത്തില്‍ ഇന്നും രാജഭരണം നിലനിര്‍ത്തിപ്പോരുന്ന ഒരു സമുദായമാണ് മന്നാന്‍. കോവില്‍മലയിലാണ് രാജാവിന്റെ ആസ്ഥാനം. തങ്ങള്‍ക്ക് കിട്ടിയ വിളവിന്റെ വിഹിതം രാജാവിന് സമര്‍പ്പിച്ച് കോവില്‍മല മുത്തിയമ്മയെന്ന കുലദൈവത്തെ വണങ്ങാനും കൂടിയാണ്  ആദിവാസികള്‍ കോവില്‍മലയില്‍ എത്തുന്നത്. കാലാവൂട്ട് മഹോത്സത്തിന്റെ പ്രധാന ചടങ്ങായ കൂത്ത് കാണാന്‍ വിദേശികളടക്കം നിരവധിപേര്‍ ഇത്തവണയും കോവില്‍മലയിലെത്തി.

 

ടൈറ്റാനിയം സ്പോഞ്ച്  നിര്‍മിക്കാന്‍ ഇന്ത്യയും


ടൈറ്റാനിയം സ്പോഞ്ച് നിര്‍മിക്കാന്‍ ശേഷിയുള്ള ഏഴ് രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. കൊല്ലം ജില്ലയിലെ ചവറയില്‍ വിക്രം സാരാഭായ് സ്titaniumspongeപേസ് സെന്റര്‍, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി  എന്നിവരുടെ സംയുക് ത സംരംഭമായി തുടങ്ങിയ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറി പ്രതിരോധ മന്ത്രി ശ്രീ. എ.കെ ആന്റണി ഉദ്ഘാടനം ചെയ്തതോടെയാണിത്. കേരളത്തില്‍ ചവറയിലാണ് ടൈറ്റാനിയം നിക്ഷേപം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ടൈറ്റാനിയം ലോഹനിര്‍മാണത്തിന്റെ അവസാനഘട്ടങ്ങളില്‍ നിര്‍മിക്കപ്പെടുന്ന വസ്തുവാണ് ടൈറ്റാനിയം സ്പോഞ്ച്. റോക്കറ്റുകളുടെ എന്‍ജിന്‍, തെര്‍മല്‍ പവര്‍ പ്ളാന്റുകള്‍, കൃത്രിമ എല്ലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ടൈറ്റാനിയം ഉപയോഗിക്കുന്നു. കുറഞ്ഞ സാന്ദ്രതയും പ്രതികൂലകാലാവസ്ഥയെ അതിജീവിക്കാനുള്ള ശേഷിയുമാണ് ടൈറ്റാനിയം ലോഹത്തെ പ്രിയങ്കരമാക്കുന്നത്.

പെരുമാട്ടി സമ്പൂര്‍ണ സൌര ഗ്രാമംsolarpanel


പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഊര്‍ജസ്രോതസ്സുകള്‍ തീര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പുതിയ ഊര്‍ജരൂപങ്ങളുടെ സാധ്യതകളെപ്പറ്റി നമുക്ക് ചിന്തിച്ചേ പറ്റൂ. പരിസ്ഥിതിമലിനീകരണവും ആഗോളതാപനവും എല്ലാം വിരല്‍ ചൂണ്ടുന്നതും ഇതിലേക്ക് തന്നെ യാണ്. സൌരോര്‍ജമെന്ന ഹരിത ഊര്‍ജം കൊണ്ട് ഗ്രാമം മുഴുവന്‍ വൈദ്യുതീകരിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് പാലക്കാട് ജില്ലയിലെ പെരുമാട്ടി എന്ന ഗ്രാമം. തങ്ങളുടെ കുടിവെള്ളം മുട്ടിച്ച കൊക്കക്കോള കമ്പനിക്കെതിരേ പോരാടി വിജയം നേടിയ ഗ്രാമം കൂടിയാണ് പെരുമാട്ടി.  ഓരോ വീടും ഓരോ ഊര്‍ജോല്‍പാദക യൂണിറ്റുകളാക്കി മാറ്റുകയാണ് സമ്പൂര്‍ണ സൌരപഞ്ചായത്ത് എന്ന ഈ പ്രൊജക്റ്റിന്റെ ലക്ഷ്യം. പെരുമാട്ടി സഹകരണബാങ്കിന്റെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പ്രൊജക്റ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. പകല്‍ സമയം വീടുകളില്‍ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നല്‍കാനും ഇതിലൂടെ ഇതിനെ ഒരു വരുമാനസ്രോതസ്സാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.


വിഴിഞ്ഞത്ത് മെസോപ്പൊട്ടേമിയന്‍ അവശിഷ്ടങ്ങള്‍


vizhinjam_excavationകേരള സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി ഡോ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് നടത്തിയ ഖനനത്തില്‍ മെസോപ്പൊട്ടേമിയന്‍ കാലഘട്ടത്തിലെ അവശിഷ്ടങ്ങളും പ്രാചീന റോമക്കാര്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇവിടെ നിന്നും കണ്ടെത്തിയ ചീനഭരണികള്‍ ചൈനയുമായുള്ള ബന്ധത്തിന് തെളിവുകള്‍ നല്‍കുന്നു. റോമക്കാരും മെസോപ്പൊട്ടേമിയക്കാരുമായിട്ടുള്ള ബന്ധത്തിന്റെ തെളിവുകളും പര്യവേക്ഷണത്തില്‍ നിന്നും ലഭിച്ചു. ചെങ്കടലില്‍ നിന്നും പുറപ്പെടുന്ന കപ്പല്‍യാത്രികര്‍ വിഴിഞ്ഞത്ത് എത്തിയിരുന്നതിന്റെ തെളിവുകളും ജനുവരി 23 ന് തുടങ്ങിയ പര്യവേക്ഷണത്തില്‍ നിന്നും ലഭിച്ചിരുന്നു. മുത്തുകള്‍, നാണയങ്ങള്‍, സ്ഫടികത്തില്‍ തീര്‍ത്ത വസ്തുക്കള്‍ തുടങ്ങിയവയാണ് ഖനനപ്രദേശത്തു നിന്നും ലഭിച്ച മറ്റ് സാമഗ്രികള്‍.

നവനീത് എസ് കൃഷ്ണന്‍