KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കത്ത്

kathu

 

 

 

മാമാ ഞാന്‍ തോറ്റു തൊപ്പിയിട്ടു. ഇനി എന്തു ചെയ്യും?

 

“മാമാ ഞാന്‍ തോറ്റു.  എനിക്ക് സങ്കടം സഹിക്കാനാകുന്നില്ല.  എനിക്കു നന്നായി നൃത്തം ചെയ്യാനറിയാം.  അക്കാര്യത്തില്‍ ഞാനൊരു മിടുക്കിയാണെന്ന് എല്ലാവരും പറയുന്നുമുണ്ട്.  എന്നിട്ടും യുവജനോത്സവത്തില്‍ ജില്ലാതലത്തില്‍ ഭരതനാട്യത്തിന് ഞാന്‍ തോറ്റു തൊപ്പിയിട്ടു... ഞാനിനി എന്തു ചെയ്യും?...”
ഒരു കൂട്ടുകാരിയുടെ കണ്ണീരില്‍ കുതിര്‍ന്ന കത്തിന്റെ ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.  നന്നായി നൃത്തം ചെയ്തിട്ടും സംസ്ഥാന തല മത്സരത്തിനു പോകാനായില്ല.  തന്നേക്കാള്‍ കഴിവു കുറഞ്ഞവര്‍ക്ക് സിലെക്ഷന്‍ കിട്ടി.  അതോര്‍ത്ത് അമ്മയ്ക്കു കലി വന്നു.  ഞങ്ങള്‍ വഴക്കിനൊന്നും പോയില്ല.  എന്നാലും സങ്കടം പറയാതെ പറ്റുമോ?... അങ്ങനെയും ആ കൂട്ടുകാരി കത്തില്‍ ചോദിക്കുന്നുണ്ട്.
cryആ കൊച്ചു കൂട്ടുകാരിക്ക് യുവജനോത്സവത്തില്‍ ‘ജയിക്കാന്‍’ പറ്റാതെ പോയതില്‍ നമുക്ക് സഹതപിക്കാം.  ‘സാരമില്ല മോളേ’ എന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കാം.  മാമന് എല്ലാം തുറന്ന് എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ക്ക് വലിയ സമാധാനമായി എന്ന് കത്തിലുണ്ട്.  നന്നായി.  
എല്ലാ കൂട്ടുകാരും ഇക്കാര്യത്തെപ്പറ്റി ചിന്തിക്കണേ.  ഒന്നാമതായി ഒരു കാര്യം ഓര്‍ക്കുക. ഒരു മത്സരമായാല്‍ എല്ലാവരും ജയിക്കുകയില്ല.  ഏതാനും പേര്‍ ജയിക്കും.  അതിലേറെപ്പേര്‍ തോല്‍ക്കും.  അങ്ങനെ തോറ്റവരൊക്കെ മോശക്കാരാണോ? അല്ലേയല്ല.  തോറ്റവരും ജയിച്ചവരും ഏകദേശം ഒരേ കഴിവുള്ളവരാണ്.  ജയിച്ചവര്‍ക്ക് അല്പം കഴിവു കൂടുതലുണ്ടാകും.  കൂടുതലുണ്ടാകണം എന്നു നിര്‍ബന്ധവുമില്ല.  ഒരു ഓട്ട
മത്സരം നടത്തുമ്പോള്‍ ഒരാള്‍ക്കേ ഒന്നാം സമ്മാനം ലഭിക്കൂ.  അവസാന കുതിപ്പില്‍ പുറകില്‍ നിന്നയാള്‍ മുന്നിലായി എന്നു വരാം.  ഒപ്പത്തിനൊപ്പം ഓടിയെത്തിയവരിലൊരാള്‍
ഒരു നിമിഷം നേരത്തെ ഫിനിഷിങ് പോയിന്റിലെത്തിയേക്കാം. അങ്ങനെ ഒന്നാം സ്ഥാനം നേടിയേക്കാം. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമൊക്കെ എത്തിയവര്‍ തോറ്റു എന്നു പറയുന്നത് വിഡ്ഢിത്തമാണ്.
വാസ്തവത്തില്‍ കലാകായിക മത്സരങ്ങളില്‍ ആരും തോല്ക്കുന്നില്ല.  എല്ലാവരും ജയിക്കുകയാണ്.  പങ്കെടുക്കുന്നു എന്നതല്ലേ ഏറ്റവും വലിയ അംഗീകാരം? അങ്ങനെ പങ്കെടുത്ത് നമ്മുടെ കഴിവ് വളര്‍ത്താന്‍ അവസരം ലഭിച്ചതല്ലേ ഏറ്റവും വലിയ ഭാഗ്യം?  ജയത്തേയും തോല്‍വിയേയും പുഞ്ചിരിയോടെ ഒരുപോലെ സ്വീകരിക്കാന്‍ പരിശീലിക്കണം.  നിരാശയ്ക്ക് അടിപ്പെടരുത്.  സങ്കടപ്പെടുന്നത് സ്വാഭാവികമാകാം.  സാരമില്ല.  കുറച്ചു കണ്ണുനീര്‍ ഒഴുകട്ടെ.  അത് ആശ്വാസം പകരും.  പക്ഷേ അതു കഴിഞ്ഞാല്‍ ചിരിക്കണം.  ചിരിക്കാന്‍ പഠിക്കണം.  കണ്ണീരില്‍ കുതിര്‍ന്ന ചിരി.  മഴയത്ത് മേഘങ്ങള്‍ക്കിടയില്‍ നിന്നും ചന്ദ്രന്‍ തലപൊക്കി നോക്കി, ചുറ്റും നിലാവു പരത്തുന്നത് കണ്ടിട്ടില്ലേ? കുഞ്ഞു കുഞ്ഞു മഴത്തുള്ളികളും മഴയില്‍ കുളിച്ചുനില്ക്കുന്ന മരവും ആ മഴനിലാവില്‍ തിളങ്ങും.  അതുപോലെ മനോഹരമാണു കൂട്ടുകാരേ നിറഞ്ഞ കണ്ണും വച്ചുള്ള ചിരി.  ആ ചിരിയിലൂടെ സങ്കടവും നിരാശയും കഴുകിക്കളയുക.  കൂടുതല്‍ ഉഷാറാകുക.  ‘ഞാന്‍ നന്നായി തിളങ്ങി.  അതു മതി. പരാജയത്തിലൊന്നും കാര്യമില്ല.  ഇന്നത്തെ
പരാജയം നാളത്തെ വിജയത്തിലേക്കുള്ള പാതയാണ്.’  അങ്ങനെ ആശ്വസിക്കണം.  വിജയത്തിനുള്ള യജ്ഞം തുടtelescopeരുകയും വേണം.
നോബല്‍ സമ്മാനജേതാവായ വെങ്കട്രാമന്റെ കഥയറിയുമോ? അദ്ദേഹം അമേരിക്കയില്‍ പഠിച്ച് ഫിസിക്സില്‍ പി എച്ച് ഡി എടുത്തു.  എന്നിട്ട് അവിടെ അന്‍പത് യൂണിവേഴ്സിറ്റികളില്‍ ജോലിക്ക് അപേക്ഷിച്ചു.  എന്നാല്‍ ഒരൊറ്റ യൂണിവേഴ്സിറ്റിപോലും അദ്ദേഹത്തിന് ഒരു ജോലികൊടുക്കാന്‍ തയ്യാറായില്ല.  അപ്പോള്‍ നിരാശപ്പെട്ട്, ഗവേഷണമൊക്കെ   നിര്‍ത്തി തിരിച്ച് നാട്ടിലേക്കു വണ്ടി കയറുകയാണോ ആ യുവാവ് ചെയ്തത്? അല്ല.  ഭൌതികം പഠിച്ച തനിക്ക് ജീവശാസ്ത് രരംഗത്ത് ഗവേഷണം നടത്തിയാല്‍ വലിയ കണ്ടെത്തലുകള്‍ സാധ്യമാണ് എന്ന് അദ്ദേഹം സ്വപ്നം കണ്ടു.  അമേരിക്കയിലൊരു  യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ജീവശാസ്ത്ത്രില്‍ ബി എസ് സി പഠിച്ചു പാസായി.  എന്നിട്ടാണ് പ്രോട്ടീന്‍ഘടനയില്‍ ഗവേഷണം നടത്തി വലിയ കണ്ടുപിടുത്തം നടത്തിയത്.  നോബല്‍ സമ്മാനം വാങ്ങിയത്.
അപ്പോള്‍ ഒരു ശ്രമം പാളി എന്നു കരുതി നിരാശരാകരുത്.  വീണ്ടും ശ്രമിക്കണം.  ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം.  അപ്പോള്‍ വിജയിക്കും.  നന്നായി നൃത്തം ചെയ്യാനറിയുന്ന കുട്ടി ഒരിക്കല്‍ തോറ്റു എന്നു കരുതി എന്തിനു നിരാശപ്പെടണം? സ്വന്തം കഴിവില്‍ വിശ്വാസമുണ്ട്.  പിന്നെ എന്തിനു സങ്കടം? യുവജനോത്സവത്തിലും കായികമത്സരങ്ങളിലുമൊക്കെ പരാജയപ്പെടുന്നവരോ അവരുടെ രക്ഷിതാക്കളോ കലഹത്തിനു തുനിയുന്നത് ശരിയല്ല.  അതല്ലേ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്.  പരാജയത്തെയും സ്വീകരിക്കാന്‍ പഠിക്കുന്നവര്‍ക്കാണ് ഭാവി വിജയം എന്നറിയുക.
പിച്ച നടന്നു പഠിക്കുന്ന കുട്ടികളൊക്കെ വീഴും.  പറക്കാന്‍ പഠിക്കുന്ന പക്ഷിയും വീഴും.  പക്ഷേ വീണിടത്തു നിന്നും വീണ്ടും എഴുന്നേറ്റു ശ്രമം തുടരുമ്പോഴാണ് വിജയിക്കുക.  പരാജയപ്പെടാത്തവരായി ആരുമില്ല എന്ന സത്യം എല്ലാ കൂട്ടുകാരും എപ്പോഴും ഓര്‍ക്കുക.അതിനാല്‍ എന്റെ പുന്നാരക്കുട്ടികളേ, കാന്താരിക്കുഞ്ഞുങ്ങളേ! നിങ്ങള്‍ ചിരിച്ചുകൊണ്ട് തോല്‍വിയെ നേരിട്ട് മുന്നോട്ടു പോയി വിജയിക്കണം.  എന്താ എല്ലാ കുന്നിമണികളും തയ്യാറല്ലേ?.

എസ് ശിവദാസ്

വര: അനിഷ തമ്പി