KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അയ്യോ! പാവം വാവല്‍

photo_feature

bat1

 

 

 

അനന്തവിശാലമായ ആകാശത്ത് വലിയ ചിറകുകള്‍ വീശി പതിയെ പറന്നു നീങ്ങുന്ന കടവാവലിനെ കണ്ടിട്ടില്ലേ? എത്രയെത്ര ഭീകര കഥകളാണ് ആ കാഴ്ച നമ്മുടെ ഓര്‍മയിലെത്തിക്കുന്നത്!  ഒരുപക്ഷേ രാത്രിസഞ്ചാരവും രഹസ്യ ജീവിതവുമായിരിക്കാം പൈശാചിക ശക്തികളുടേയും അന്ധവിശ്വാസങ്ങളുടേയും പ്രതിരൂപമായി വാവലുകളെ മാറ്റിയത്.

വാവല്‍ കുടുംബം

ചര്‍മബന്ധിതമായ കൈകാലുകള്‍ ചിറകുകളായി വര്‍ത്തിക്കുന്ന, രോമാവൃതമായ ശരീരമുള്ള സസ്തനികളാണ് വവ്വാലുകള്‍. ചെറിയ വവ്വാലുകളെ നമ്മുടെ നാട്ടില്‍ നരിച്ചീര്‍ അല്ലെങ്കില്‍ നരിച്ചില്‍ എന്നാണ് പറയുക. ലോകത്തൊട്ടാകെ ഏതാണ്ട് തൊള്ളായിരത്തിയമ്പതോളം ജാതി വാവലുകള്‍ ഉണ്ടെന്നാണ് കണക്ക്.കിറോപ്റ്റിറ (Chiroptera) എന്ന ഓഡറിലാണ് സസ്തനികളായ വവ്വാലുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കിറോപ്റ്റിറ എന്ന വാക്കിന്റെ അര്‍ത്ഥം കൈച്ചിറക് എന്നാണ്. കിറോപ്റ്റിറയെ രണ്ട് ഉപ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- കടവാവലിനെപ്പോലെയുള്ള വലിയ വവ്വാലുകള്‍ ഉള്‍പ്പെടുന്ന മെഗാകിറോപ്റ്റിറ (Megachiroptera), ചെറിയ നരിച്ചീറുകള്‍ ഉള്‍പ്പെടുന്ന മൈക്രൊകിറോപ്റ്റിറ(Microchiroptera).
തീരെ വരണ്ട മരുഭൂമികbat2ളിലും അതിശൈത്യമേഖലകളിലും ഒഴികെ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വവ്വാലുകള്‍ ജീവിക്കുന്നു. വവ്വാലുകള്‍ക്കിടയില്‍ സ സ്യഭോജികളും മാംസഭുക്കുകളും മിശ്രഭുക്കുകളുമുണ്ട്. നമ്മുടെ വവ്വാല്‍ (കടവാവല്‍) Indian flying fox-Pteropus giganteus ശുദ്ധ വെജിറ്റേറിയനാണ് . എന്നാല്‍ ചെറിയ നരിച്ചീറുകള്‍ ഷഡ്പദഭോജികളുമാണ്. കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന ഒട്ടേറെ കീടങ്ങളെ തിന്നൊടുക്കുന്നത് ഈ നരിച്ചീറുകളാണ്. 
വാവലുകള്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതു കണ്ടിട്ടില്ലേ? ചര്‍മബന്ധിതമായ കൈകാലുകള്‍ ഗഗന സഞ്ചാരത്തിന് യോജിച്ചതാണെങ്കിലും അവ മുന്‍കൈകളെ മറ്റു കാര്യങ്ങളില്‍ നിഷ്പ്രയോജനമാക്കിയിരിക്കുന്നു. പക്ഷികളെപ്പോലെ നിലത്തുനിന്ന് പെട്ടെന്ന് പറന്നുയരാനും വവ്വാലുകള്‍ക്ക് പറ്റില്ല. അതിനാല്‍ പെട്ടെന്ന് പറന്നുയരാനും ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങാനും ഈ തൂങ്ങിക്കിടപ്പ് സഹായിക്കുന്നു.

നമ്മുടെ വാവലുകള്‍

ഇന്ത്യയില്‍ ഏതാണ്ട് നൂറ്റിപ്പത്തിലധികം വാവലുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് മുപ്പത്തിയഞ്ചോളം വാവല്‍ ജാതികള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നു.

വാവല്‍ കുപ്പായം

മറ്റ് സസ്തനികളെപ്പോലെതന്നെ വവ്വാലുകളുടെ ശരീരം രോമാവൃതമാണ്. ഈ രോമക്കുപ്പായത്തില്‍ നിന്നും ഒരു രോമമെടുത്ത് സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കിയാല്‍ അവ നേര്‍ത്ത ചെതുമ്പലുകളാല്‍ (Scales) പൊതിഞ്ഞവയാണെന്നു കാണാം. ശരീരോഷ്മാവ് സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു. ഓറഞ്ച്, ചാരംകലര്‍ന്ന തവിട്ട് നിറം അല്ലെങ്കില്‍ മുഷിഞ്ഞ വെള്ളയോ തവിട്ടോ ഇവയിലേതെങ്കിലുമായിരിക്കും മിക്ക വാവല്‍ ജാതിക്കാരുടേയും രോമക്കുപ്പായങ്ങള്‍ക്ക്.

വാവല്‍ വാവകള്‍

വവ്വാല്‍ കുഞ്ഞുങ്ങള്‍ക്ക് ജനിക്കുമ്പോള്‍ രോമമുണ്ടാവുകയില്ല. അവ ഇളം റോസ് നിറത്തിലുള്ള കുഞ്ഞു മാംസപിണ്ഡങ്ങള്‍പോലെയിരിക്കും. പ്രസവിക്കുമ്പോള്‍ അമ്മവാവല്‍ വാലും ചിറകുകളും ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ നിലത്ത് വീഴാതെ നോക്കും. വളരെ വേഗം തന്നെ കുഞ്ഞുങ്ങള്‍ അമ്മയുടെ മാറില്‍ പറ്റിപ്പിടിച്ച് പാല്‍ കുടിച്ചു വളരും. 3-4 ആഴ്ചകള്‍ കൊണ്ട് അവ അമ്മയുടെ പകുതിയോളം വലിപ്പം വയ്ക്കും. ഇങ്ങനെ പാതിവളര്‍ന്ന കുഞ്ഞുങ്ങളേയും കൊണ്ട് അമ്മവാവലുകള്‍ പറക്കുന്നത് ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ കാണാന്‍ കഴിയും.


നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ചില വാവലുകള്‍

കടവാവല്‍   
Indian Flying Fox or Large Indian Fruit Bat - Pteropus giganteus  

bat3നെമ്മുടെ വാവലുകളില്‍ ഏറ്റവും വലുത്. വന്‍മരങ്ങളില്‍ കൂട്ടങ്ങളായി കഴിയുന്നു. ഒരു സംഘത്തില്‍ 50 മുതല്‍ 5000  അംഗങ്ങ ളുണ്ടാകും. പഴങ്ങളാണ് മുഖ്യാഹാരം. വന്‍മരങ്ങളുടെ വിത്തു വിതരണം പ്രധാനമായും നടക്കുന്നത് കടവാവലുകളിലൂടെയാണ്.

 

 

 

 

 

കുറുമൂക്കന്‍ നരിച്ചീര്‍
Short-nose d Fruit Bat - Cynopterus sphinx

bat4കണ്ടാല്‍ ഒരു കുഞ്ഞു കടവാവലിനെപ്പോലെയിരിക്കും. തവിട്ട് നിറമുള്ള  ചിറകുകളില്‍ വിളര്‍ത്ത വിരലുകള്‍ നമുക്ക് വ്യക്തമായി കാണാന്‍ കഴിയും.  തവിട്ട് നിറമുള്ള ചെവികളുടെ ഓരങ്ങള്‍ക്ക് മങ്ങിയ നിറമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ പഴംതീനിയാണ്. വാഴക്കൂമ്പില്‍ തേനുണ്ണാന്‍ സ്ഥിരമായി എത്താറുണ്ട്.

 

 

 

 

ചെമ്പന്‍ കുതിരലാടന്‍ നരിച്ചീര്‍
Rofous Horseshoe Bat - Rhinolophus rouxii

bat5മൂക്കിനുചുറ്റും കുതിരലാടത്തിന്റെ ആകൃതിയാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മനോഹരമായ ഓറഞ്ച് അല്ലെങ്കില്‍ ചെമ്പന്‍ നിറമുള്ള ഈ നരിച്ചീറിന്, മറ്റുകാലങ്ങളില്‍ തവിട്ടുകലര്‍ന്ന ചാരനിറമാണ്. ഷഡ്പദങ്ങളാണ് കാനനവാസിയായ ഈ വാവലിന്റെ പ്രധാന ആഹാരം

 

 

 

 

നരിച്ചീര്‍

Indian Pigmy Bat- Pipistrellus tenuis

bat8വിവിധജാതി നരിച്ചീറുകള്‍ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. അവയെ തമ്മില്‍ തിരിച്ചറിയുക വിഷമമാണ്. അവയില്‍ വളരെ സാധാരണയായി കാണപ്പെടുന്ന നരിച്ചീറാണ് കുഞ്ഞന്‍ വാവല്‍. പഴയ വീടുകളിലും കെട്ടിടങ്ങളിലുമൊക്കെ കാണാം. ഷഡ്പദങ്ങളാണ് പ്രധാനാഹാരം.

 

 

 

 

വര്‍ണ്ണ വാവലുകള്‍

Painted Bat- Kerivoula picta

bat6നമ്മുടെ വാവലുകളില്‍ സുന്ദരി. കടുത്ത ഓറഞ്ചും കറുപ്പും നിറമുള്ള ഈ വാവലിന് ഒരു വലിയ ശലഭത്തിനോളം വലിപ്പമേയുള്ളൂ. ചെവികള്‍ക്ക് ചോര്‍പ്പിന്റെ (ഫണല്‍) ആകൃതിയാണ്. വാഴത്തോപ്പുകളിലാണ് കൂടുതല്‍ കാണുന്നത്.മറ്റ് എല്ലാ വന്യജീവികളെയും പോലെതന്നെ വാവലുകളും കടുത്ത വംശനാശ ഭീഷണിയിലാണ്. ആവാസവ്യവസ്ഥകളുടെ നാശമാണ് പ്രധാന ഭീഷണി. വൈദ്യുത കമ്പികളില്‍ തട്ടി ഷോക്കേറ്റ് ചത്തു തൂങ്ങിക്കിടക്കുന്ന കടവാവലുകള്‍ നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണെന്ന് ഓര്‍ക്കുക. കൃഷിക്കും മറ്റും നാം കോരിച്ചൊരിയുന്ന രാസവസ്തുക്കളും കീടനാശിനികളും ഷഡ്പദങ്ങളെ തിന്നു ജീവിക്കുന്ന വാവലുകളെ ഇല്ലാതാക്കുന്നു.

 

വാവലുകള്‍ നമ്മുടെ മിത്രങ്ങള്‍

തികച്ചും നിരുപദ്രവകാരികളായ സസ്തനികളാണ് വാവലുകള്‍. മനുഷ്യനും കൃഷിക്കും ഉപദ്രവകാരികളായ ഒട്ടേറെ കീടങ്ങളെ അവ തിന്നൊടുക്കുന്നു. വാഴക്കൂമ്പില്‍ തേനുണ്ണാനെത്തുന്ന നരിച്ചീറാണ് വാഴകളില്‍ പരാഗണം നടത്തുന്നത്.
പകല്‍സമയം വിശ്രമിക്കുമ്പോള്‍ തങ്ങളുടെ രോമക്കുപ്പായങ്ങള്‍ നക്കിത്തുവര്‍ത്താനും ചീകി ഒതുക്കാനുമാണ് വാവലുകള്‍ അധികസമയവും വിനിയോഗിക്കുന്നത് . അതിനാല്‍ പൊതുവെ പരാദങ്ങള്‍ വാവലുകളുടെ ശരീരത്തില്‍ കുറവാണ്. അതുകൊണ്ടുതന്നെ അവ രോഗങ്ങള്‍ പരത്തുന്നില്ല.
പിന്നെ ആകെയുള്ള ചെറിയൊരു ശല്യം വീടിനകത്തും തട്ടില്‍ പുറത്തുമൊക്കെ അവ നിക്ഷേപിക്കുന്ന കാഷ്ഠവും അതിന്റെ ഗന്ധവുമാണ്. വാവലുകള്‍ പരിസ്ഥിതിക്ക് ചെയ്യുന്ന സേവനങ്ങളോര്‍ത്താല്‍ അത് ക്ഷമിക്കാവുന്നതേയുള്ളൂ.

കാണാം മണക്കാം കേള്‍ക്കാം

നല്ല കാഴ്ചശക്തിയുണ്ടെങ്കിലും വവ്വാലുകള്‍ക്ക് നിറങ്ങള്‍ കാണാനാകില്ല. കടവാവലിന്റെ വലിയ കണ്ണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വവ്വാലുകളുടെ കണ്ണുകള്‍ മങ്ങിയ വെളിച്ചത്തിലും ഇരയുടെ ആകൃതിയും ചലനങ്ങളുമെല്ലാം നന്നായിക്കാണുവാന്‍ അനുയോജ്യമാണ്. അതുപോലെ തന്നെ നല്ല ഘ്രാണശക്തിയുള്ള ജീവികളാണ് വാവലുകള്‍. ഇണയെ തിരിച്ചറിയുന്നതിനും ആഹാര സമ്പാദനത്തിനുമൊക്കെ ഈ കഴിവ് സഹായിക്കുന്നു. പല ജാതി വാവലുകള്‍ക്കും വെരുകിനുള്ളതുപോലെ മണമുള്ള ദ്രാവകം സ്രവിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. ഇണകളേയും കുഞ്ഞുങ്ങളേയും തിരിച്ചറിയുന്നതിനും കോളനികളായി ജീവിക്കുന്ന വവ്വാലുകള്‍ സ്ഥിരം ചേക്കസ്ഥലം അടയാളപ്പെടുത്തുന്നതിനും ഈ സ്രവം ഉപയോഗിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചില വവ്വാലുകള്‍ക്ക് മുഖത്തും മാറിടത്തിലും ഗന്ധഗ്രന്ഥിക
ളുണ്ട്.
ഘ്രാണശക്തിയിലെന്നപോലെ കേള്‍വിശക്തിയിലും പിന്നിലല്ല വാവലുകള്‍. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്നതും കഴിയാത്തതുമായ ശബ്ദങ്ങള്‍ വാവലുകള്‍ക്ക് കേള്‍ക്കാന്‍ കഴിയും. മിക്ക വാവലുകള്‍ക്കും നന്നായി ശബ്ദിക്കുവാനും കഴിയും. കടവാവല്‍കൂട്ടത്തെ ശല്യപ്പെടുത്തിയാല്‍ അവ അലറുന്നതും ചീറുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ?bat7

വവ്വാല്‍ റഡാര്‍

നമുക്ക് കേള്‍ക്കാന്‍ കഴിയാത്തത്ര നേര്‍ത്ത ആവൃത്തിയിലുള്ള ശബ്ദമാണ് വവ്വാലുകള്‍ സഞ്ചാരത്തിനും ഇരപിടിക്കുന്നതിനും ഉപയോഗിക്കുന്നത്. ഇങ്ങനെ പുറത്തുവിടുന്ന ശബ്ദതരംഗങ്ങള്‍ വളരെ പെട്ടെന്നു തന്നെ തൊട്ടടുത്തുള്ള വസ്തുക്കളില്‍ തട്ടി അതിന്റെ പ്രതിധ്വനി (Echo) തിരിച്ചുവരും. എന്നാല്‍ അകലെയുള്ള കടുത്ത പ്രതലങ്ങളില്‍ നിന്നും പ്രതിധ്വനികള്‍ തിരിച്ചെത്താന്‍ കൂടുതല്‍ സമയമെടുക്കും.
തിരിച്ചെത്തുന്ന പ്രതിധ്വനികള്‍ വളരെ അടുത്തുനിന്നും വ്യക്തവുമാണെങ്കില്‍ ഭിത്തികളോ കെട്ടിടങ്ങളോ ആണെന്ന് വാവലുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. മരങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും ചലിച്ചുകൊണ്ടിരിക്കുന്ന ഇരകളില്‍ നിന്നും തിരിച്ചെത്തുന്ന പ്രതിധ്വനികളുടെ വ്യത്യാസവും വാവലുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

രചന, ഫോട്ടോ: മനോജ് പി