KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ മാളുവിന്റെ ആ ദിവസം
മാളുവിന്റെ ആ ദിവസം

 

 

മാളുവിന് ഇപ്പോള്‍ ഏഴു വയസ്സു തികഞ്ഞു. ഇന്നലെയായിരുന്നു പിറന്നാള്‍. അയല്‍ക്കാരും ബന്ധുക്കളും കൂട്ടുകാരും വന്നു. കളര്‍ ബലൂണുകള്‍ തൂക്കിയിട്ടു. കേക്കു മുറിച്ചു. അമ്മ പായസവും പ്രഥമനും ഉണ്ടാക്കി.
ഇന്ന് അമ്മ ഓഫീസിലും അച്ഛന്‍ കോളേജിലേക്കും പോയി. മുത്തശ്ശി ജാനുവിന് അടുക്കളയില്‍ നിര്‍ദേശം കൊടുക്കുന്ന തിരക്കില്‍. അനിയന്‍ മനു തൊട്ടിലില്‍ ഉറങ്ങുന്നു. മാളു തൊട്ടിലിനുള്ളിലേക്കു ചാഞ്ഞു നോക്കി. അവന്‍ ഇപ്പോഴേ നടന്നു തുടങ്ങി. ‘ചേച്ചീ’ എന്നു വിളിക്കുന്നതു പോലെ ശബ്ദവും ഉണ്ടാക്കുന്നുണ്ട്. മാളുവിന് അനിയനെ ഒന്നു തൊടാന്‍ തോന്നി. കൈ നീട്ടിയെങ്കിലും തൊട്ടിലിനരികത്തേക്ക് എത്തുന്നില്ല. ഇനിയും നീങ്ങിയാല്‍ താന്‍ മറിഞ്ഞു വീഴും.
മാളു അവളുടെ കാലിലേക്ക് നോക്കി. അവളുടെ മുഖം മ്ളാനമായി. കാലുകള്‍ എപ്പോഴുമെന്നതുപോലെ ബലമില്ലാതെ കുഴഞ്ഞും തളര്‍ന്നും ഇരിക്കുന്നു. കൈകളും അവളെ അനുസരിക്കാതെ അവയുടെ ഇഷ്ടം നടപ്പാക്കുകയാണ്. തലയിലേക്കു നീട്ടിയാല്‍ കണ്ണിലേക്കും കണ്ണു തൊടാന്‍ തുനിഞ്ഞാല്‍ ചെവിക്കരികിലേക്കും തെന്നി നീങ്ങി അവളെ നിരാശപ്പെടുത്തുന്നു.
അമ്മ വേവലാതി പൂണ്ട്, ദീര്‍ഘ നിശ്വാസത്തോടെ കെട്ടിപ്പിടിക്കുമ്പോള്‍ അവളും ദുഃഖിച്ചു. ഈ കൈയും കാലും ഉടലുമൊക്കെ എന്നാണ് താന്‍ വിചാരിക്കുന്നതുപോലെ malu1തന്റെ ആഗ്രഹത്തിനൊപ്പം ചലിക്കുക?
അവളുടെ നീണ്ടു വിടര്‍ന്ന, ബുദ്ധിയുടെ തിളക്കമുള്ള കണ്ണുകള്‍ കണ്ട് വീട്ടില്‍ വരുന്നവര്‍ അടക്കിപ്പിടിച്ചു പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്. ‘മന്ദബുദ്ധിയല്ലല്ലോ; അതും കൂടിയായിരുന്നെങ്കിലോ...’
മാളു ജനലിലൂടെ പുറത്തേക്കു നോക്കി കിടന്നു. മഞ്ഞക്കിളി കറുത്ത വാലുമാട്ടി പാരിജാത മരക്കൊമ്പില്‍ വന്നിരുന്നു. ജനല്‍പ്പടിയിലേക്കു കൈ എത്തിച്ച് മാളു, അമ്മുവെന്നു പേരിട്ടു വിളിക്കുന്ന കിളിയോടു ചോദിച്ചു:
“ഇന്നു നീ എന്തു തിന്നു? പപ്പായക്കുരുവോ അതോ കിളിമരത്തിലെ കായയോ?” കിളി ‘ക്കി... ക്കി... ക്കി’ എന്നു ചിലച്ചു.
“എവിടെ നിന്റെ കൂട്ടുകാരന്‍ കിട്ടു?” പരക്കം പാഞ്ഞു വരുന്ന അണ്ണാനെ മാളു അങ്ങനെയാണ് വിളിക്കുന്നത്. അവന്‍ മാളു കൊടുക്കുന്ന കടലമണികള്‍ കൊറിച്ച് ജനല്‍പ്പടിയില്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ടു. എന്നും എട്ടു പത്തു കടലമണികള്‍ മാളു അവനായി ജനല്‍പ്പടിയില്‍ വയ്ക്കാറുണ്ട്. കിളിക്കും അതറിയാം. എത്ര പ്രയാസപ്പെട്ടാണ് മാളു തന്റെ അനുസരണകെട്ട കൈകാലുകളെ അനുനയിപ്പിച്ച് ഈ വിധം പല തീറ്റവസ്തുക്കളും ജനല്‍പ്പടിയില്‍ വയ്ക്കുന്നതെന്നു കിളിയും കിട്ടുവും സങ്കടപ്പെടാറുണ്ട്.
കിട്ടു ഇന്നു കുറച്ചു വൈകി. “അതാ വരുന്നു അവന്‍,” കിളി വിളിച്ചു പറഞ്ഞു. മാളു അതു വ്യക്തമായി കേട്ടു. അവള്‍ ജനല്‍പ്പടിയിലേക്ക് പത്തു കടലമണികള്‍ വച്ചു. അണ്ണാന്‍ പാരിജാത മരക്കൊമ്പില്‍ നിന്നും ജനല്‍പ്പടിയിലേക്കു ചാടി. മാളുവിനെ നോക്കി ഇരുകൈകളും പൊക്കി നമസ്കാരം പറഞ്ഞു. പിന്നെ കുത്തിയിരുന്നു കടലമണികള്‍ ഒന്നൊന്നായി തിന്നു തുടങ്ങി. ഇടയ്ക്കിടെ മാളുവിനെ നോക്കി കണ്ണടച്ചു കാണിച്ചു. “എന്താ കിട്ടൂ?” മാളു ചോദിച്ചു, “ഇന്നു നിനക്ക് ആ കട്ടുറുമ്പിന്റെ കടികിട്ടിയോ?” കടലമണികള്‍ കൊറിക്കുന്നതിനിടയില്‍ കിട്ടു കട്ടുറുമ്പിനെപ്പറ്റി മുമ്പും ചോദിച്ചിട്ടുണ്ട്.
“ഇല്ലല്ലോ. എന്താ ചോദിക്കാന്‍? അവന്‍ എന്നെ കടിക്കാറേയില്ല. അവന്റെ കൂട്ടുകാരും കടിക്കാറില്ല.” മാളു ഉത്തരം പറഞ്ഞു.
“ഉം... എനിക്കറിയാം. അവരൊക്കെ എന്റെ കൂട്ടുകാരാ... എങ്കിലും ആരേം കടിക്കാനൊന്നും മടിയില്ലാത്തവരാ. മാളൂനെ കടിക്കരുതെന്ന് ഞാന്‍ പറയാറുണ്ട്. അവര്‍ക്കും മാളു കടലമണികള്‍ കൊടുക്കുന്നതല്ലേ...”  മാളുവിന്റെ വീട്ടിലെ പുല്‍ത്തകിടിയിലാണു കട്ടുറുമ്പുകളുടെ താമസം. അവ ചിലപ്പോള്‍ ജനലിനു കീഴെ വന്ന് ചെറിയ പടിയിലൂടെ വരി വരിയായി നടന്ന് എങ്ങോട്ടോ മറഞ്ഞു കളയും.
ചിലപ്പോള്‍ അവ കൂട്ടത്തോടെ മുറിക്കുള്ളില്‍ വരാറുണ്ട്. തലയില്‍ ഏന്തിയ മുട്ടകളുമായി വേറെ ചില കുഞ്ഞു കറുമ്പന്‍ ഉറുമ്പുകളും മുറിക്കുള്ളില്‍ കയറി പരക്കം പായുന്നതു മാളു കണ്ടിട്ടുണ്ട്. അവയും മാളുവിനെ നോക്കാതെ പോകാറില്ല. കട്ടിലിനു കീഴേക്കു നോക്കിക്കിടന്ന് മാളു അവരുടെ ഓട്ടവും വര്‍ത്തമാനവും ശ്രദ്ധിക്കും.malu2
ഒരിക്കല്‍ അവരുടെ നേതാവ് കൊമ്പു കുലുക്കി കൂട്ടുകാരോടു പറയുന്നത് മാളു കേട്ടു. “നമ്മളെ നോക്കിക്കൊണ്ട് ഒരു കുട്ടി അതാ
അവിടെ...”
“എവിടെ? മുകളില്‍ ചെന്നു ഞങ്ങള്‍ കടിക്കട്ടെ?”
“ഹേയ്, വേണ്ട. ആ കുട്ടി നമ്മളെ ഒന്നും ചെയ്യില്ല. അതിനു നടക്കാനോ ഇരിക്കാനോ ഒന്നും ആവില്ല. നമ്മളെ അടിക്കാനും ആവില്ല.”
“അതെന്താ?” ഉറുമ്പുകള്‍ കൂട്ടത്തോടെ
ചോദിച്ചു.
“ആ...” നേതാവ് കൊമ്പാട്ടി.
വൈകിട്ട് അമ്മ വന്നപ്പോള്‍ മാളു ഉറുമ്പുകളുടെ സംസാരം വിസ്തരിക്കാന്‍ തുടങ്ങി. അമ്മ പറഞ്ഞു:
“മാളൂ, നീ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി പറയല്ലേ. ഉറുമ്പുകള്‍ സംസാരിച്ചു എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ കളിയാക്കും മോളെ. അച്ഛന്‍ നിന്നെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോയേക്കാനും മതി.”
“ഓ! ഈ അമ്മ. ഉറുമ്പു മാത്രമല്ല അണ്ണാനും മഞ്ഞക്കിളിയും കടന്നലും ആ തെങ്ങിന്‍തൈമേല്‍ വന്നിരിക്കാറുള്ള ഉപ്പനും, ഇടയ്ക്ക് അകത്തുവരാറുള്ള പച്ചത്തുള്ളനും എന്നോട് സംസാരിക്കാറുണ്ട്... അപ്പോഴോ?”
മാളുവിന്റെ വിടര്‍ന്ന മുഖം ഒന്നുകൂടി
ജ്വലിച്ചു.
അമ്മ പറഞ്ഞു: “ഹും ആയ്ക്കോട്ടെ. അവറ്റകളുടെ കൂടെ നീ കറങ്ങി നടക്കില്ലല്ലോ, പറന്നും പോകില്ല...” പറഞ്ഞു തീര്‍ന്നതും അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ ഭംഗിയുള്ളതെങ്കിലും കുഴഞ്ഞാടുന്ന കാലില്‍ അമ്മ തടവി. രാത്രിയായി...
മതിലിനു മുകളിലൂടെ വരയന്‍ പൂച്ച പമ്മിപ്പമ്മി പോകുന്നതു നോക്കിക്കിടക്കേ മാളു ഉറങ്ങിപ്പോയി.
ഉറക്കത്തില്‍ മാളുവിന്റെ മുന്‍പില്‍ പകലത്തെ കൂട്ടുകാരെല്ലാം നിരന്നു. അവര്‍ സംസാരിക്കാത്ത വിഷയമില്ല. കാക്കകള്‍ക്കും കിളികള്‍ക്കും ഭൂമിയിലെ സകല കാര്യങ്ങളും അറിയാം. കോര്‍പ്പറേഷനിലെ ശുചീകരണക്കാര്‍ ഗ്ളൌസിട്ട കൈകൊണ്ട് തൊടാനറയ്ക്കുന്ന സാധനങ്ങള്‍ തങ്ങള്‍ കൊക്കുകൊണ്ട് വലിച്ചു ഡസ്റ് ബിന്നില്‍ ഇടാറുണ്ടെന്ന് ശങ്കു എന്നു പേരുള്ള കുട്ടിക്കാക്ക ഒരിക്കല്‍ മാളുവിനോട് പറഞ്ഞിരുന്നു. മഞ്ഞക്കിളി പോയാ ല്‍ ശങ്കുവാണ് മാളുവിനെ നിത്യവും കാണാന്‍ വരാറുള്ള സുഹൃത്ത്. പിന്നെ കിട്ടു, അതിനിടെ പൂമ്പാറ്റകളും വണ്ടുകളും വരും. പാരിജാതത്തില്‍ നിറയെ പൂവുള്ളപ്പോള്‍ എന്താ അവരുടെ ഒരു സന്തോഷം! ഒരിക്കല്‍ തേന്‍ കുടിച്ചു മയങ്ങിപ്പോയ ഒരു വണ്ട് പൂവില്‍ നിന്നും മറിഞ്ഞു വീഴുന്നതുപോലും മാളു കണ്ടിട്ടുണ്ട്. വണ്ട് ചമ്മി ഇരിക്കുന്നതും ഒരു വെള്ള പൂമ്പാറ്റ അവനെ നോക്കി ചിരിക്കുന്നതും അവള്‍ കണ്ടു എന്നു പറഞ്ഞപ്പോള്‍ അമ്മ മാളുവിനെ കളിയാക്കി ചിരിച്ചു. മാളു പിണങ്ങും എന്നു കരുതി പെട്ടെന്നു ചുണ്ടു തുടയ്ക്കുന്നതുപോലെ ചിരി തുടച്ചു കളഞ്ഞു.
ഉറക്കത്തില്‍ മാളുവിനു പൂര്‍ണ സ്വാതന്ത്യ്രമാണ്. കാലുകള്‍ അവള്‍ വിചാരിക്കുന്നിടത്തേക്കു കൊണ്ടുപോകും. കൈകളും കുറച്ച് അനുകമ്പ കാണിക്കും.
അങ്ങനെയാണ് ഇന്നവള്‍ മുറ്റത്തെ പുല്‍ത്തകിടിയില്‍ കിട്ടുവിന്റെ കൂടെ കട്ടുറുമ്പിനെ തേടി വന്നത്. മാളുവിനെ കണ്ടതും കട്ടുറുമ്പിനും കൂട്ടര്‍ക്കും ഉത്സാഹമായി. നിറയെ കടലമണികളും ചോളവും കല്‍ക്കണ്ടവുമായാണ് മാളു ചെന്നിരിക്കുന്നത്. കിട്ടുവിനും വേണ്ടത്ര കിട്ടി. തിന്നുന്നതിനിടയില്‍ കട്ടുറുമ്പ് മാളുവിനോടു ചോദിച്ചു: “മാളു, ഞങ്ങളുടെ വീട്ടില്‍ വരുമോ? പുറംകാഴ്ചകളൊന്നും കാണാതെ മാളു വിഷമിച്ചിരിക്കാറുണ്ടെന്നു കിട്ടു എപ്പോഴും പറയും.”
“ഞാന്‍ വരാം.” മാളുവിന് ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല. കട്ടുറുമ്പിന്റെ കൂട്ടുകാര്‍ കൂട്ടമായി വന്ന് അവളെ പൊതിഞ്ഞു തലയിലേറ്റി നടപ്പു തുടങ്ങി. എവിടേക്കാണെന്നോ, എത്ര ദൂരം പോകണമെന്നോ അവള്‍ ചോദിച്ചില്ല. കിട്ടുവിനേയും കട്ടുറുമ്പുകളേയും അവള്‍ക്ക് വിശ്വാസമായിരുന്നു.
“ഇത് എന്റെ മുത്തശ്ശിയുടെ വീട്ടിലെ കാവിനകമല്ലേ?” മാളു ചോദിച്ചു. “ടൌണില്‍ നിന്ന് ഇത്ര പെട്ടെന്ന് എങ്ങനെ നമ്മള്‍ ഇവിടെ എത്തി?” അത്ഭുതം! ഒരിക്കല്‍ പോലും മാളുവിനെ കാവിനകത്തേക്ക് കയറാനോ ഒരാളുയരത്തില്‍ നില്‍ക്കുന്ന ചിതല്‍പ്പുറ്റിനടുത്തേക്കു ചെല്ലാനോ അമ്മയും മുത്തശ്ശിയും അച്ഛനും അനുവദിച്ചിരുന്നില്ല. അവളുടെ കാലുകള്‍ വേച്ചു വേച്ചു പോകുന്നതുകൊണ്ടല്ല, ഇഴജന്തുക്കളെ ഭയന്നാണത്രേ.
കാവിനടുത്തേക്ക് പോകരുത്, പാമ്പുണ്ടാവും എന്നാണ് എപ്പോഴുമുള്ള പല്ലവി. ‘എന്നാലും ഇവന്മാര്‍ ഇതൊക്കെ malu3എങ്ങനെ അറിഞ്ഞു?’ മാളുവിന് അതിശയം തോന്നി.
മാളുവിന് ഈ വരവ് ഇഷ്ടപ്പെട്ടു. “എത്ര കൊതിച്ചതാ ഞാന്‍,” മാളു കിട്ടുവിനോടു പറഞ്ഞു. “ഉം... ഞങ്ങള്‍ക്ക് അതൊക്കെ അറിയാം, മാളു. എന്നാലും ഞാനല്ല ഈ ഹൈമനോപ്ട്ര കാരണമാണ് ഇപ്പൊ മാളു ഇവിടെ വന്നത്.”
“ഹൈമനോപ്ട്രയോ? അതാണോ നിന്റെ പേര്?” മാളു ഉറുമ്പിനോടു ചോദിച്ചു.
“ഹും, അതെന്റെ കുടുംബപ്പേര്...”
ഇതു പറഞ്ഞ് ഹൈമനോപ്ട്ര മണ്‍പുറ്റില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു.
പെട്ടെന്ന് അതിന്റെ ഒരു വശം വാതില്‍ പോലെ തുറന്നു വന്നു. ഉറുമ്പുകളും കിട്ടുവും മുന്നിലും മാളു പിന്നിലുമായി അകത്തു കടന്നു... പിന്നില്‍ ചുറ്റുമതില്‍ പൂര്‍വസ്ഥിതിയില്‍ ആയി. മാളുവിന് ഇപ്പോള്‍ കുറച്ചു കൂടി നന്നായി നടക്കാന്‍ സാധിക്കും. കൈകള്‍ കൊണ്ട് കിട്ടുവിനേയും ഹൈമനോയേയും തൊടാന്‍ സാധിക്കും.
“നീ ഇവരുടെ രാജാവാണോ ഹൈമനോ?” മാളു സംശയം ചോദിച്ചു.
“രാജാവോ, അതെന്താ?”
“അതായത് ലീഡര്‍, ഇവരുടെയൊക്കെ നേ
താവ്,” മാളു വിശദീകരിച്ചു.
“അങ്ങനെയൊന്നുമില്ല, മാളൂ.” ഹൈമനോ പറഞ്ഞു. അവന്റെ മാളൂ എന്ന വിളി കേട്ട് അവള്‍ക്ക് അത്ഭുതമായി. എങ്കിലും പുറത്തു കാണിച്ചില്ല; പകരം ഇവന് എന്തൊക്കെ അറിയാം എന്നുള്ളതില്‍ വിസ്മയിച്ചു.
“എന്നാലും നിങ്ങളുടെ കൂട്ടര്‍ക്ക് നിന്നെ വലിയ കാര്യമാണ് അല്ലേ?”
“ഞങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ വലിയ കാര്യമാ മാളൂ... ഇക്കാണുന്നതെല്ലാം കൂടിച്ചേര്‍ന്ന് ഞങ്ങള്‍ ഒറ്റ ശരീരമാണ്. ഒറ്റ ചിന്തയും പ്രവൃത്തിയും ഒരു ജീവിതവുമാണ് മാളു. നിങ്ങളെപ്പോലെ ഒറ്റയ്ക്കൊറ്റയ്ക്കല്ല.” ഹൈമനോ ഒരു ചിന്തകനെപ്പോലെ പറഞ്ഞു. മാളു അപ്പോള്‍ ടിവിയിലും മറ്റും വലിയ വായില്‍ അവള്‍ക്കു മനസ്സിലാകാത്ത കാര്യങ്ങള്‍ പറയുന്ന ആളുകളെ ഓര്‍ത്തു.
എങ്കിലും അവള്‍ക്കു ഹൈമനോ പറഞ്ഞതു മനസ്സിലായി. ഒരു കടലമണി പൊക്കിക്കൊണ്ടു പോകാന്‍ ഉറുമ്പുകള്‍ ചെയ്യുന്ന അധ്വാനം അവള്‍ കണ്ടിട്ടുണ്ടല്ലോ. കൂട്ടം ചേര്‍ന്നു തള്ളിത്തള്ളി അവ ഇങ്ങനെ എന്തെല്ലാം കൊണ്ടുപോകാറുണ്ട്. ഇപ്പോള്‍ തന്നേയും അവര്‍ ഇവിടെ എത്തിച്ചില്ലേ... “ഉം, നിങ്ങള്‍ മനുഷ്യരെപ്പോലെ തമ്മില്‍ തല്ലില്ല.” അതു പറയമ്പോള്‍ ടി വിയില്‍ കണ്ട ഒരു കാഴ്ച തന്നെ ആയിരുന്നു അവള്‍ക്കു മുന്നില്‍. യുദ്ധത്തില്‍ തോറ്റ ഏതോ ഒരാളെ ജയിച്ച രാജ്യക്കാര്‍ പിടിച്ചു തൂക്കിക്കൊല്ലുന്നത് അമ്മയും അച്ഛനും ശ്വാസം അടക്കിക്കണ്ടിരുന്നത് അവളുടെ മനസ്സില്‍ ഉണ്ട്. എത്രയോ കുഞ്ഞായിരുന്നു അവള്‍ അന്ന്. അതൊക്കെ ഉള്ളതാണോ ഇല്ലാത്തതാണോ എന്നൊന്നും അവള്‍ക്ക് അറിയില്ല.
എന്തായാലും നമ്മുടെ കൈയും കാലുംതമ്മില്‍ അടികൂടാത്തതുപോലെ ഉറുമ്പുകളും തമ്മില്‍ അടികൂടില്ല, അവളുറപ്പിച്ചു.
കിട്ടുവിന്റേയും ഹൈമനോയുടേയും കൂടെ നടക്കുമ്പോള്‍ അവള്‍ കാണുന്നതോ?
മിന്നാമിനുങ്ങുകള്‍ വട്ടമിടുന്ന ആകാശം. ഭൂമിക്കുള്ളിലെ ആകാശം, ഭൂമിക്കുള്ളിലെ ഇളംകാറ്റ്, ഭൂമിക്കുള്ളിലെ ചെറു സൂര്യന്‍. സൂര്യനോ? അതോ ചന്ദ്രനോ?malu4
മാളുവിന്റെ ഉള്ളറിഞ്ഞിട്ടെന്ന വണ്ണം ഹൈമനോ പറഞ്ഞു. “എന്റെ മാളൂ, അതു സൂര്യനും ചന്ദ്രനും ഒന്നുമല്ല. കൂട്ടം കൂടി നില്‍ക്കുന്ന മിന്നാമിനുങ്ങുകളാ. ഞങ്ങളുടെ വിളക്കുകള്‍.”
ദീര്‍ഘ ചതുരത്തിലും സമചതുരത്തിലും ഉള്ള അവളുടെ മുറിയോളം വലിപ്പമുള്ള കുഴികളില്‍ എന്താണ് നിറച്ചു വച്ചിരിക്കുന്നത്?
മാളു കൈവരിയില്ലാത്ത ആ കുഴികളുടെ അടുത്തേക്കു ചെന്നു. എന്തെല്ലാം നിറത്തിലുള്ള ദ്രാവകങ്ങള്‍... തേനിന്റെ നിറത്തില്‍ക്കണ്ട ഒന്ന് അവളെ വല്ലാതെ കൊതിപ്പിച്ചു. നല്ല മധുരമായിരിക്കും അതിന്... മാളുവിന്റെ മനസ്സറിഞ്ഞ ഹൈമനോ കിട്ടുവിനെക്കൊണ്ട് കുറച്ചു ദൂരെയുള്ള പപ്പായ മരത്തില്‍ നിന്ന് ഒരു പപ്പായത്തണ്ട് എടുപ്പിച്ചു മാളുവിനുകൊടുത്തു. എന്തു നല്ല കുഴല്‍! അവള്‍ സന്തോഷത്തോടെ തേന്‍പോലുള്ള പാനീയം അതുപയോഗിച്ചു വലിച്ചു കുടിച്ചു.
ഈ ഒറ്റ ചതുരമുറി മാത്രമല്ല, ഇങ്ങനെ തേന്‍ പോലെ മധുരമുള്ള കൊഴുത്ത ദ്രാവകങ്ങളുമായി മാളുവിനെ കാത്തു നിന്നത്. പച്ചയും ഇളം ചുവപ്പും മഞ്ഞയും ഇളം തവിട്ടും നിറത്തിലുള്ള എത്ര എത്ര ഇനങ്ങള്‍! മാളുവിന് എല്ലാം രുചിച്ചു നോക്കണം എന്നുണ്ടായിരുന്നു. ഒന്നുരണ്ടെണ്ണത്തിലേതു കുടിച്ചപ്പോഴേക്കും വയറു നിറഞ്ഞു. ഉറുമ്പുകള്‍ കൂട്ടം കൂട്ടമായി അവയിലോരോന്നിലും കയറിയിറങ്ങി വയറു വീര്‍പ്പിച്ച് പുറത്തുവന്നുകൊണ്ടിരുന്നു.
വയര്‍ നിറഞ്ഞതു കാരണം മാളുവിന് കാഴ്ചകള്‍ കുറച്ചുകൂടി ഭംഗിയായി കാണാം എന്നായി.
ഇലകളുടെ കൂടുകള്‍ അങ്ങിങ്ങു തൂങ്ങിക്കിടക്കുന്നു. വണ്ടുകളേയും പല്ലികളേയും പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയാണ് എന്ന് ഹൈമനോ പറഞ്ഞു. മഴക്കാലത്തേക്കാണത്രേ.
മാളുവിനു മുമ്പില്‍ ഉറുമ്പു രാജ്യം വിസ്തൃതമായിക്കൊണ്ടിരുന്നു. ടി വി യിലും മറ്റും കാണുന്ന ഏതോ പട്ടണംപോലെ തോന്നിച്ചു അത്. തിളങ്ങുന്ന പുഴുക്കളെ പതിപ്പിച്ച മേല്‍ത്തട്ടുകളുള്ള ഹാളുകളില്‍ വെളിച്ചം നിറഞ്ഞു നിന്നു. അവിടെ ഉറുമ്പുകള്‍ കൂട്ടം കൂട്ടമായി നൃത്തം ചെയ്യുമ്പോള്‍ കൊതുകുകള്‍ പാട്ടു പാടി. കടിക്കാന്‍ മാത്രമല്ല അവയ്ക്കു നന്നായി താളത്തില്‍ പാട്ടു പാടാനും അറിയാം... മാളു വിചാരിച്ചു.
അങ്ങനെ നീങ്ങുമ്പോള്‍ കണ്ടു. ഇതെന്താ താന്‍ കൊടുത്ത കടലമണികളോ... ഹേയ്... താന്‍ കൊടുത്ത ലഡ്ഡുത്തരികളും ഉണ്ടല്ലോ മഞ്ഞ നിറത്തില്‍. കല്‍ക്കണ്ട കഷണങ്ങളും അടുക്കി വച്ചിരിക്കുന്നു. എന്തു കഥ! മാളുവിന് അത്ഭുതവും സന്തോഷവും ഉണ്ടായി. ചോളവും കടലമണികളും കൂടി ഇവര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. എല്ലാം മഴക്കാലത്തേക്കാകും. ഹൈമനോയും കിട്ടുവും മാളുവിന്റെ തിളങ്ങുന്ന പുഞ്ചിരി നോക്കി സന്തോഷിച്ചു. ഒരിക്കലും അവളെ ഇത്ര സന്തോഷത്തില്‍ അവര്‍ കണ്ടിട്ടില്ല. അവള്‍ കട്ടിലില്‍ കിടന്നു സ്വന്തം കൈകളോടും കാല്‍വിരലുകളോടും മാത്രമേ സങ്കടം പറയാറുള്ളൂ. അതും ആരും അടുത്തില്ല എന്നുറപ്പാക്കിയിട്ട്. അല്ലെങ്കില്‍ അമ്മ സങ്കടപ്പെടും. മുത്തശ്ശിക്കും വ്യസനമാകും. പക്ഷേ മാളുവിന് അറിയില്ലായിരുന്നു, അവളുടെ ഈ കൂട്ടുകാര്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു എന്ന്.
കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതുപോലെ നിര നിരയായി വച്ചിരിക്കുന്ന ആമത്തോടുകളിലെ ദ്വാരങ്ങളിലൂടെ ഉറുമ്പുകള്‍ മുട്ടകളും തലയിലേറ്റി സഞ്ചരിക്കുന്നത് കാണാമായിരുന്നു. ഹൈമനോ പറഞ്ഞു: “അങ്ങോട്ടു നോക്കൂ മാളൂ, നീ തന്ന ചോക്ളേറ്റ് കഷ്ണങ്ങള്‍ കൊണ്ടു പണിത ആ മാളിക. അവിടെയാണ് ഉറുമ്പിന്‍ കുഞ്ഞുങ്ങളുടെ സ്കൂള്‍. പഠിക്കാന്‍ താത്പര്യമില്ലാതിരുന്ന ഉറുമ്പിന്‍ കുഞ്ഞുങ്ങളെ നീ തന്ന മിഠായികളും ചോക്ളേറ്റുകളും ബിസ്ക്കറ്റിന്‍ തരികളും കൊടുത്താണ് ഞങ്ങള്‍ ഉത്സാഹികള്‍ ആക്കിയത്. ഇപ്പോള്‍ അവര്‍ മിടുക്കരായിപ്പോയി. അതിനു പുറമേ ഞങ്ങള്‍ അവരെ ജെംസ് മിഠായികള്‍ കാണിച്ച് നിറങ്ങളും പഠിപ്പിക്കുന്നു. നീയാണ് ഞങ്ങള്‍ക്ക് ആദ്യമായി ജെംസ് തന്നത്. ഓര്‍ക്കുന്നുണ്ടോ മാളൂ?”
മാളുവിന് ഓര്‍മ വന്നു. തിന്നാന്‍ കൊടുക്കുന്നതൊക്കെ കട്ടിലിനു ചുവട്ടില്‍ ഉറുമ്പുകള്‍ക്കും ജനല്‍പ്പടിയില്‍ അണ്ണാനും കാക്കകള്‍ക്കും കുരുവികള്‍ക്കും പകുത്തു നല്‍കുന്നതുകൊണ്ടാണ് തന്റെ മെലിഞ്ഞ കാലുകള്‍ ഇങ്ങനെ മെലിഞ്ഞുതന്നെ ഇരിക്കുന്നതെന്ന് അമ്മ എത്ര തവണ പറഞ്ഞിരിക്കുന്നു.
“എങ്കിലും ഇത്രയും ജെംസ് നിങ്ങള്‍ക്ക് എവിടന്ന് കിട്ടി ” മാളു ചോദിച്ചു. “അതോ, നിങ്ങളുടെ വീട്ടിനടുത്തുള്ള ആ കടയില്‍ നിന്നാണ് മാളൂ... നിന്റെ അമ്മ നിനക്ക് കേക്കും ചോക്ളേറ്റും വാങ്ങുന്ന അതേ ബേക്കറി.” ഹൈമനോ ഒരു കള്ളച്ചിരി ചിരിച്ചു. ചിരിച്ചപ്പോള്‍ അവന്റെ ചെറിയ കൊമ്പുകള്‍ കുലുങ്ങി.
കിട്ടുവിന് ഇതൊന്നും കാണാനോ കേള്‍ക്കാനോ നേരമില്ല. ഏതു നേരവും കൊറിക്കുക തന്നെ. കടലയോ ചോളപ്പൊരിയോ എന്തെങ്കിലും.
ഒരു നീണ്ട തോടിന്റെ കരയിലാണ് ഇപ്പോള്‍ ഹൈമനോയും കിട്ടുവും മാളുവും നില്‍ക്കുന്നത്. കിട്ടു തീറ്റയോടു തീറ്റ തന്നെ. പെട്ടെന്ന് വലിയ ശബ്ദത്തോടെ, ഒരു ഡാം തുറന്നു വിട്ടാലെന്ന പോലെ, പാലു പോലെ വെളുത്ത എന്തോ ഒന്ന് തോട്ടിലൂടെ പതഞ്ഞൊഴുകി വന്നു തുടങ്ങി. കുതിച്ചു പാഞ്ഞു വരുന്ന അതിന്റെ വേഗതയും ശബ്ദവും മാളുവിനെ പേടിപ്പിച്ചു. ഞെട്ടിപ്പോയ മാളുവിനെ ആശ്വസിപ്പിച്ചുകൊണ്ട് ഹൈമനോ പറഞ്ഞു. “പേടിക്കേണ്ട, ഇതു പാല്‍പ്പുഴയാണ്. വെറും പാലല്ല. അനേകം ഔഷധങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഞങ്ങളുടെ വൈദ്യന്മാര്‍ ഉണ്ടാക്കുന്നതാണ്. ഇതില്‍ നിന്ന് ഓരോ തുള്ളി കുടിച്ചാല്‍ ഉറുമ്പുകള്‍ക്ക് പിന്നെ മരിക്കുന്നതുവരെ ഒരു രോഗവും വരില്ല. കുട്ടിയുറുമ്പുകളെ ഉദ്ദേശിച്ചാണ് ഞങ്ങള്‍ ഇതു കൂടുതലും ഉണ്ടാക്കുന്നത്.” മാളുവിന്റെ മുഖത്തേക്കു നോക്കി ഹൈമനോ നിര്‍ത്തി. പിന്നെ തുടര്‍ന്നു.
“നീ ഇതില്‍ ഇറങ്ങി പതുക്കെ ഒഴുകി നീന്തി അങ്ങേ കരയിലേക്കു പൊയ്ക്കൊള്ളൂ.” മാളുവിന് മനസ്സിലായില്ല. നീന്താനറിയാത്ത താന്‍ എങ്ങനെ ഇതിലിറങ്ങും, ഈ പാല്‍പ്പുഴയില്‍? അവളുടെ ഭാവമാറ്റം കണ്ടു കിട്ടു പറഞ്ഞു. “പേടിക്കേണ്ട മാളോ... നിനക്ക് കുഴപ്പം വരുന്നതൊന്നും ഞങ്ങള്‍ ചെയ്യില്ല.”
“നീ ഇറങ്ങുമ്പോള്‍ തന്നെ അതു മനസ്സിലാകും മാളൂ,” ഹൈമനോ പ്രോത്സാഹിപ്പിച്ചു. അങ്ങേ കരയില്‍ നീന്തി എത്തുമ്പോഴേക്കും നിന്റെ കാലിന് നല്ല ബലം വരും. പിന്നെ നിനക്ക് നടക്കാം, ഓടാം, ചാടാം... എന്തു രസമാകും... സ്കൂളിലും പോകാന്‍ പറ്റുമല്ലോ.”
“ശരിയാണോ ഹൈമനോ... എനിക്ക് ഓടാനും ചാടാനും ആകുമോ?”
“ഇല്ലാതെ. നീ ഇപ്പോള്‍ തന്നെ എത്ര നടന്നു... പിടിച്ചിട്ടാണെങ്കിലും നിന്റെ കാലുകള്‍ക്ക് കിടക്കയില്‍ കഴിയുമ്പോഴുള്ളതിനേക്കാള്‍ ബലം വന്നില്ലേ. അതു നീ ആ തവിട്ട് പാനീയം കുടിച്ചതുകൊണ്ടാ. പിന്നെ നിന്റെ മേല്‍ ഞങ്ങള്‍ ഉറുമ്പിന്‍ തൈലം പുരട്ടിയാ എടുത്തുകൊണ്ടു വന്നതുതന്നെ.”
കിട്ടുവും അതു കേട്ടു തലയാട്ടി. “നീ ഇറങ്ങി നീന്തൂ മാളൂ.”
മാളു പതുക്കെ പതുക്കെ  പാല്‍പ്പുഴയിലേക്ക് കാല്‍ വച്ചു. നീന്തലറിയാത്ത അവള്‍ ഇറങ്ങിയ പാടെ ഒഴുക്കിന്റെ ശക്തിയില്‍ മുങ്ങിയും പൊങ്ങിയും നീങ്ങി. താണു പോകാതിരിക്കാന്‍ അവള്‍ക്ക് കൈകാല്‍ കൊണ്ട് തുഴയാതെ നിര്‍വാഹമില്ലെന്ന സ്ഥിതിയായി. എന്നാല്‍ അവള്‍ തുഴയാന്‍ തുടങ്ങിയതും ഒഴുക്കിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. ശാന്തമായ പാല്‍പ്പുഴയില്‍ സാവധാനം നീന്തി നീന്തി പോകാമെന്നായി. അങ്ങനെ പതുക്കെ പതുക്കെ നീന്തി മാളു അക്കരെ എത്തി, പുഴയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു മരത്തിന്റെ വേരില്‍ പിടിച്ച് വലിഞ്ഞു കയറിത്തുടങ്ങി. കൈ കുഴയുന്നതിനാല്‍ ഇടയ്ക്കു വീണും കയറിയും ആണു കയറ്റം. ഒടുവില്‍ കരയ്ക്കെത്തി അവള്‍ മറുകരയിലേക്കു നോക്കി. ഹൈമനോയും കിട്ടുവും അവിടെ നില്‍ക്കുന്നുണ്ടാകുമോ എന്നറിയാനായി തിടുക്കം. എന്നാല്‍ അവള്‍ തിരിഞ്ഞു നോക്കിയതും പാല്‍പ്പുഴയ്ക്കൊപ്പം ഹൈമനോയും കിട്ടുവും അപ്രത്യക്ഷമായി, ഞൊടിയിടയില്‍.
“ഹൈമനോ... ഹൈമനോ... കിട്ടൂ, കിട്ടൂ.” എന്ന് ഉറക്കെ വിളിച്ച് മാളു മുന്നോട്ട് കാലെടുത്തു വച്ചതും മരത്തിന്റെ വേരില്‍ തട്ടി മറിഞ്ഞു വീണതും ഒപ്പം.
“മോളെ... മോളെ... മാളൂ...” എന്ന് അമ്മ അവളെ കുലുക്കി വിളിക്കുമ്പോള്‍ അവള്‍ ചോദിച്ചു: “ഞാനെവിടെയാ അമ്മേ?”
തറയില്‍ നിന്നു മാളുവിനെ പൊക്കിയെടുത്ത് കട്ടിലില്‍ കിടത്താന്‍ ഭാവിക്കുമ്പോള്‍ അമ്മ ചോദിച്ചു.malu5
“ഉറങ്ങിപ്പോയോ മാളൂ?”
“വീട്ടിലെത്തിയോ?”
തന്നെ എടുക്കാന്‍ കുനിയുന്ന അമ്മയുടെ കൈ പിടിച്ചു കൊണ്ട്  മാളു ചോദിച്ചു. രാത്രിയില്‍ മതിലിനു മുകളില്‍ കൂടി നടന്നു പോയ വരയന്‍ പൂച്ചയായിരുന്നു അപ്പോള്‍ അവളുടെ മനസ്സില്‍. അവള്‍ അമ്മയുടെ കൈയില്‍ ബലമായി പിടിച്ച് സ്വന്തം കാലില്‍ നിവര്‍ന്നെഴുന്നേറ്റ് അമ്മയെ അന്ധാളിപ്പിച്ചു. എന്നിട്ടു ചോദിച്ചു:
“അമ്മേ, അമ്മയെങ്ങനെ എന്റെ സ്വപ്നത്തിലേക്ക് കയറി? എവിടെ പാല്‍പ്പുഴ? എനിക്ക് ഇനിയും നീന്തണമല്ലോ അതില്‍... എവിടെ ഹൈമനോയും കിട്ടുവും?”
അമ്മ ഉത്തരമാലോചിച്ചു നിന്നു. അപ്പോള്‍ തൊട്ടിലില്‍ നിന്ന് അവളുടെ കുഞ്ഞനിയന്‍ മനു ഉറക്കെ കരഞ്ഞു.

സാവിത്രി രാജീവന്‍
വര: അരുണ ആലഞ്ചേരി