KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ വിളക്കുപാറയിലെ എന്റെബാല്യം
വിളക്കുപാറയിലെ എന്റെബാല്യം

rasool1സിനിമയുടെ സാങ്കേതിക മികവിന് ഏഷ്യയിലേക്ക് ആദ്യമായി ഒരു ഓസ്കാര്‍ പുരസ്കാരം. ശബ്ദമിശ്രണത്തിന് 2009 ലെ ഓസ്കാര്‍ അവാര്‍ഡ് നേടിയതോടെ റസൂല്‍ പൂക്കുട്ടി ശ്രദ്ധേയനായി.
അഞ്ചലിനടുത്തുള്ള വിളക്കുപാറയെന്ന കുടിയേറ്റ ഗ്രാമത്തിലെ ആദ്യതലമുറയിലെ സന്തതിയാണ് ബിജു എന്ന റസൂല്‍ പൂക്കുട്ടി. ആ നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ എട്ടാമത്തെ സന്തതി. പഴയതെരുവില്‍ തമ്പിക്കുഞ്ഞ് പൂക്കുട്ടിയുടെയും അലിക്കുഞ്ഞ് നബീസാ ബീവിയുടെയും മകന്‍. അടി, ഇടി, മരംകേറല്‍, കുത്തിമറിച്ചില്‍, കരാട്ടേ, കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി ഇതൊക്കെയായി. കഷ്ടപ്പാടുകളെ ആഘോഷമാക്കി കാലക്ഷേപം കഴിച്ച ബിജു ഇന്ന് വിശ്വപ്രസിദ്ധനാണ്. ഇന്ത്യന്‍ മണ്ണിലേക്ക് ഓസ്കാര്‍ എന്ന സ്വപ്ന പുരസ്കാരം എത്തിച്ച ഈ മലയാളിയുടെ ജീവിതം കഠിനാദ്ധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിജയഗാഥ കൂടിയാണ്. ‘പാട്ടകൊട്ടി ആനയെ ഓടിച്ചതിന്റെ ശബ്ദപൈതൃകം എല്ലാ വിളക്കുപാറക്കാരിലും സമൃദ്ധമായുണ്ട്’ എന്ന് അഭിമാനിക്കുന്നു ഈ ശബ്ദാന്വേഷി. റസൂല്‍ പൂക്കുട്ടിയുടെ ബാല്യകാല യാത്രകളിലൂടെ...

കുട്ടിക്കാലം എന്നുപറഞ്ഞാല്‍ വാസ്തവത്തില്‍ അവധിക്കാലവും ബാല്യവും സ്കൂളിപ്പോക്കും അടികൊള്ളലും ഒക്കെയാണ് മനസ്സു മുഴുവന്‍.
സ്കൂളില്‍ പോക്ക് നടന്നാണ്.  മെറ്റല് ഇളകിക്കിടക്കുന്ന വഴിയാണ്.  കാലു തട്ടിത്തട്ടി പഴുത്ത് നഖമൊക്കെ ഇളകും.  ഇടതുകാലിന്റെ രണ്ടാമത്തെ വിരലുണ്ടല്ലോ, ഇതഞ്ചാമത്തെ നഖമാണ്.  പിന്നന്നുള്ള വാഹന സൌകര്യം എന്നു പറഞ്ഞാല്‍, ഒരു കമ്പിവണ്ടിയാണ്.  കൊല്ലന് അമ്പത് പൈസ കൊടുത്ത്, കനം കുറഞ്ഞ ഒരു കമ്പി വട്ടത്തില്‍ വിളക്കിയെടുത്തിട്ട് നീളത്തില്‍ വേറൊരു കമ്പി കൊഴ വച്ച് അതിനോട് പിടിപ്പിച്ചതാണിത്.  ഇതിങ്ങനെ കൈയില്‍ ബാലന്‍സ് ചെയ്ത് പിടിച്ച് ഉരുട്ടിക്കൊണ്ടുപോകും.  ഗിയറുമാറലും സംഭവങ്ങളുമൊക്കെയുണ്ട്- വായ് കൊണ്ടാണത്! നമ്മളിത് ഉണ്ടാക്കാന്‍ അമ്പത് പൈസ ചോദിച്ചാല്‍ ഉമ്മാടേന്ന് അടി കൊള്ളും.  പകരം നമ്മള് സൈക്കിള്‍ കടയില്‍ പോയി കുത്തിയിരിക്കും.  കുറച്ചു ദിവസം ഇരിക്കുമ്പം കടക്കാരന്‍ കനിയും.  ഓട്ടവീണ പഴയ ഒരു ടയറ് തരും.  കവണി പോലെയുള്ള ഒരു കമ്പെടുത്ത് ടയര്‍ അതിനകത്താക്കി ഉരുട്ടുമ്പം നമ്മക്കും വാഹനസൌകര്യം ആകും.
കാലത്തേ വീട്ടീന്നിറങ്ങും.  (നമ്മക്ക് rasool2
പ്രത്യേക സമയമൊന്നുമില്ല.  രാവിലെ എഴുന്നേറ്റ് സ്ക്കൂളില്‍ പോകുന്നു.  ആരുമൊന്നും പറയുന്നില്ല) അഞ്ചു പേരുണ്ട് ഞങ്ങള്‍ അയല്‍വക്കത്തുകാര്.  സന്തോഷ്, രാധാകൃഷ്ണന്‍, കല്യാണി അക്കയുടെ മോന്‍ ബിജു, ബൈജു, സാം ബാബു, പിന്നെ ഞാനും.  സന്തോഷിന്റെ  അച്ഛന് മുറുക്കാന്‍ കടയുണ്ട്.  സന്തോഷിന്റെ അച്ഛന്‍ കുളിക്കാന്‍ പോകുമ്പോള്‍ അവനെപ്പിടിച്ച് കടയിലിരുത്തും.  ആ സമയത്ത് നമ്മളവിടെയെത്തും.  സന്തോഷ് ഇരുപത്തഞ്ചുപൈസയെടുത്ത് കയ്യില്‍ തരും! അല്ലെങ്കില്‍ കപ്പലണ്ടിയും കടലയും. മിക്കവാറും  പൈസയാണ് മോഷ്ടിക്കുന്നത്.  എല്ലാവരും ഈക്വല്‍ പാര്‍ട്ട്നേഴ്സാണ്.  കളവുമുതല്‍ വീതിക്കുമ്പോഴുള്ള ഒരു സെന്‍സ് ഓഫ് ഈക്വാലിറ്റിയുണ്ടല്ലോ- വേറൊരു സംഭവത്തിലും അത്ര കൃത്യതയില്ല! സ്കൂളീന്നു വരുമ്പോള്‍ വഴീല്‍ ഒരു അച്ചായന്റെ കടയുണ്ട്.  ഉണ്ണിയച്ചായന്റെ കട.  കട്ട കാശിന് അവിടുന്ന് ഗ്യാസുമുട്ടായിയും കപ്പലണ്ടിയും കടലയും വാങ്ങിക്കും.  എല്ലാം കൂടി മിക്സ്ചെയ്ത് വായിലിടും.  ഭയങ്കര രസം.
സ്കൂളിലോട്ടു പോകുമ്പോള്‍ പ്രധാന ഐറ്റം


എന്റെ ഹാപ്പി ബര്‍ത്ത്ഡേ

സത്യത്തില്‍ എനിക്കു പിടിയില്ലാത്ത ഒരു കാര്യം എന്റെ ജന്മദിനമാണ്.  എന്റെ ഹാപ്പി ബര്‍ത്ത്ഡേ ഞാന്‍ ആഘോഷിക്കാറില്ല. കാര്യം ഉമ്മയോടു ചോദിച്ചപ്പോള്‍ ഏതോ ഒരു മഴയ്ക്കു പിമ്പോ അതോ മുമ്പോ ആണെന്നുള്ളത് ഉറപ്പാണെന്ന് ആദ്യം പറഞ്ഞു.  പിന്നെപ്പറഞ്ഞു ‘അല്ല, അന്ത്രാം കൊച്ചാപ്പ മരിക്കുന്നേന്ന് രണ്ടോ മൂന്നോ ദിവസം മുമ്പാണെന്ന്. ആകെയുള്ള ചരിത്രരേഖ സ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ്.  ചേരാന്‍ സൌകര്യത്തിന് വയസ്സു തികച്ച് ഹെഡ്മാസ്റര്‍ കൃഷ്ണന്‍നായര്‍ സാര്‍ എനിക്കൊരു ജനന
ത്തീയതി ഇട്ടു; 30-5-1970.  അതനുസരിച്ചുള്ള നാളും രാശിയും കണ്ടുപിടിച്ച് അതിനനുസരിച്ചു ബിഹേവു ചെയ്തുപോരികയാ   ണു ഞാന്‍

  വട്ടയില പറിക്കുകയെന്നതാണ്.  പുഴുക്കുത്തില്ലാത്ത ഏറ്റവും നല്ല വട്ടയില പറിക്കുക.  അതിനകത്ത് സ്കൂളില്‍ നിന്നും പുട്ടു കിട്ടും.  വട്ടയില നാലായിട്ടു മടക്കി നിക്കറിന്റെ വള്ളിയില്‍ തിരുകിവയ്ക്കും.  ഉമ്മയറിയാതെ പഞ്ചസാരയെടുത്ത് കടലാസില്‍ പൊതിഞ്ഞ ഒരു പൊതി പോക്കറ്റില്‍ കാണും.  വീട്ടില്‍ കാന്താരിമുളകുണ്ട്.  (മുളകുതിന്നല്‍ ഒരു മത്സരമാണ്.  എത്ര കാന്താരിമുളകു വേണേലും തിന്നും.  നമ്മുടെ ശക്തി തെളിയിക്കലാണത്.  ഒരംഗീകാരം.  കുറവനെക്കൊല്ലി എന്നൊരു മുളകുണ്ട്.  കറുത്ത ഉണ്ടന്‍ മുളക്.  അസാദ്ധ്യ എരിവാണ്.  ഒരു രക്ഷേം ഇല്ല.  അവനെ പഴംകഞ്ഞിക്കകത്ത് ഞെരടി അടിക്കുക.  ഇതൊക്കെ പരസ്പരമുള്ള മത്സരമാണ്.) പഞ്ചസാരയും മുളകും മിക്സ്ചെയ്ത് പുട്ടു കഴിക്കും. ഗോതമ്പു പുട്ടാണ്.  കൂടെ വേറൊന്നുമില്ല.
ബാച്ചുബാച്ചായിട്ടാണ് പിള്ളേര്‍ പോവുക; റോഡുനിറഞ്ഞ്! ഹാഫ് പാവാടയിട്ട പുള്ളാര്, ഫുള്‍പാവാടയിട്ടവര്‍, ദാവണിയുടുത്തവര്‍.  ചെറുക്കന്മാര് നിക്കറൊക്കെ കീറീട്ട്.  നമ്മടെ നിക്കറിന്റെ ബട്ടന്‍സൊക്കെ പൊട്ടിപ്പോയതായിരിക്കും.  വാഴേട വള്ളികൊണ്ടാണ് പിന്നെ അരേന്ന് ഊരിപ്പോകാതെ നിക്കറു കെട്ടിവയ്ക്കുക.  രണ്ടോ മൂന്നോ നിക്കറാണുള്ളത്.  സ്കൂളു തൊറക്കുന്ന സമയത്ത് ഭയങ്കര മഴയാണ്.  രണ്ടു മഴേല് പുതിയ ഉടുപ്പും നിക്കറും ഒക്കെ ചുരുങ്ങി കളറൊക്കെ എളകി കരമ്പന്‍ പിടിക്കും.  മഴക്കാലത്ത് ഉടുപ്പൊക്കെ അടുപ്പിനു മുകളില്‍ അഴകെട്ടി അവിടയിട്ടൊക്കെയാണ് ഉമ്മ ഉണക്കിത്തന്നിരുന്നത്.  നമ്മളപ്പം രാവിലെ കിട്ടണ ഒരുടുപ്പെടുത്തിട്ടോണ്ടു പോകും.  ആരുടെ എന്നൊന്നും ഇല്ല.  മഴ വരുമ്പം തല നനയാം, പക്ഷേ പുസ്തകം സംരക്ഷിക്കണം എന്നതാണ് പ്രധാന പ്രശ്നം.  മിക്കവാറും പുസ്തകക്കെട്ട് ഉടുപ്പിനകത്താക്കും.
വല്ലപ്പഴും ആരെങ്കിലും ഒരു ബ്ളേഡൊക്കെ കൊണ്ടുവരും.  എന്നിട്ടത് നാലായിട്ട് ഒടിച്ച് വീതം വയ്ക്കും.  മഴയത്ത് വാഴത്തോപ്പില്‍ കയറി ഈ മുറിബ്ളേഡ് വച്ച് ഇലമുറിക്കും.  അതാണ് പിന്നെ കുട.കുറച്ചുകഴിഞ്ഞ് ഇലയൊക്കെ കീറി തലയില്‍ വെള്ളം വീഴും. എന്നാലും എട്ടുപേരൊക്കെ ഒരു കുടക്കീഴില്‍ പോകും.  നോക്കുമ്പം കുറെ ഇലകള്‍ ഇങ്ങനെ പോകുന്നതുപോലെയിരിക്കും.  ചേമ്പിലയും മുറിക്കും.  അതു കണ്ടാല്‍ വീട്ടുകാര്‍ വടിയൊക്കെ എടുത്ത് ഓടിക്കും.  അപ്പോ ഓടിപ്പോയി വെള്ളത്തില്‍ ചാടും.  എന്നാലും ഇല കൈയീന്ന് വിടില്ലrasool7.  നെല്ലില്‍ പാലു വരുന്ന കാലത്ത്  അതു പൊട്ടിച്ചു തിന്നാന്‍ നല്ല രസമാണ്.  പറിക്കുക, പൊളിക്കുക, തിന്നുക.  അതുപോലെ വെട്ടിക്ക എന്നു പറഞ്ഞൊരു കാട്ടുമരം ഉണ്ട്.  കുരങ്ങു കേറുമ്പോലെ വലിഞ്ഞുകേറും.  കുറെ കായൊക്കെ തോട്ടില്‍ വീഴും.  നമ്മളും ഉടനെ തോട്ടില്‍ ചാടും.  തോടും കാവും ഒക്കെ ജീവിതത്തിന്റെ ഭാഗമാണ്.  പോകുന്ന വഴിക്ക് ചിലപ്പോ തോട്ടിലെറങ്ങി നാലഞ്ചു കുളിയുമൊക്കെ നടത്തും.  ഒരേയൊരു പ്രാര്‍ത്ഥനയേയുള്ളു - സാറു
പിടിക്കരുത്.  നിന്റെ നിക്കറെങ്ങനെ നനഞ്ഞു - നീ ഈയാളുടെ മകനല്ലേ എന്നു ചോദിക്കും.  അടീംകിട്ടും.  പോകുന്ന വഴിക്ക് ചിലടുത്ത് നെല്ലിങ്ങനെ കെട്ടിവയ്ക്കും.  അടികൊണ്ടില്ലെങ്കില്‍ നെല്ലിന്റെ ഭാഗ്യമാണ്.  അടി കൊള്ളിച്ചാല്‍  കല്ലെടുത്ത് ആ നെല്ലൊക്കെ ഇടിച്ചു ചതയ്ക്കും.  അറിയാതെ ചാണകത്തില്‍ ചവിട്ടിയാല്‍ ഒടനേ പോയി വേറൊരുത്തനെ തൊടും.  അവന്  അടികൊള്ളും എന്നാണ് വിശ്വാസം.
ഇങ്ങനെ ഓരോരോ ഏര്‍പ്പാടുകളുമായിട്ട് സമയം പോകും.  വഴിയില്‍ പിള്ളാരൊക്കെ കുറയുന്നതു കാണുമ്പോഴാണ്, അയ്യോ സമയം പോയല്ലോ എന്നോര്‍ക്കുന്നത്! സ്കൂളില്‍ ചെല്ലുമ്പോള്‍ മിക്കവാറും ഫസ്റ് പിരീഡ് കഴിഞ്ഞിരിക്കും.

ശബ്ദത്തിന്റെ ചില ഓര്‍മകള്‍

ശബ്ദത്തിന്റെ ചില ഓര്‍മകളുണ്ട്.  ഒരനക്കവും ഇല്ലാത്ത രാത്രിയില്‍ പശു കുളമ്പുകൊണ്ടു മാന്തുന്ന ശബ്ദം കേള്‍ക്കും.  പിന്നെ നാലു കാലില്‍ എഴുന്നേറ്റു നില്ക്കുന്ന ശബ്ദം.  പിന്നത് ശ്വാസം കൊണ്ടൊരമിട്ടുവിടും.  അപ്പോ ഉമ്മ എണീക്കും. വിളക്കെടുക്കും.  ഇത് കാട്ടുമൃഗങ്ങള്‍ വരുന്നതിന്റെ അടയാളമാണ്.  അല്ലെങ്കില്‍ ആടുകളുടെ കൂട്ടക്കരച്ചില്‍.  പിന്നെ പെട്ടെന്ന് അവത്തുങ്ങളുടെ അടക്കിപ്പിടിച്ച നിശ്ശബ്ദത.  കൂട്ടത്തീന്ന് ഒന്നുപോയി എന്നാണ് ആ നിശ്ശബ്ദതയുടെ അര്‍ത്ഥം.  ഈ ശബ്ദങ്ങളുടെ അര്‍ത്ഥങ്ങള്‍ എനിക്കാദ്യം മനസ്സിലായത് ഉമ്മ പറഞ്ഞുതന്നാണ്.  ആടും കോഴിയും പശുവും ഒക്കെ ഒപ്പമുള്ള ആ കാലത്തെക്കുറിച്ചും എനിക്കൊരുപാട് ഓര്‍മകളുണ്ട്.
ഒരു സൌണ്ട്മാന്‍ എന്ന നിലയില്‍ എന്റെ ശക്തി കിടക്കുന്നത് എന്റെ തനി നാടന്‍ ബാല്യകാല പശ്ചാത്തലത്തിലും കൂക്കിവിളിച്ചു നടന്ന കോളേജ് ജീവിതത്തിലുമൊക്കെയാണ്.  ഈ എനര്‍ജി ഇപ്പഴും ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിലുണ്ടാവും.  ഇന്ത്യയിലെ ഗവണ്‍മെന്റ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ ഈ എനര്‍ജി എങ്ങനെ ടാപ് ചെയ്യുമെന്നത് പ്രധാനമാണ്.  മിഡില്‍ക്ളാസിനിപ്പോള്‍ ലോകത്തെവിടെ വേണമെങ്കിലും പോയി പഠിക്കാനുള്ള സ്മാര്‍ട്ട്നസ് ഉണ്ടല്ലോ.  ഞാന്‍ വിളക്കുപാറ എന്ന അവികസിത ഗ്രാമത്തില്‍ നിന്നു വന്ന ആളാണ്.  ഇതേപോലെയുള്ള അവികസിത ഗ്രാമങ്ങള്‍ ബീഹാറിലും യുപിയിലുമൊക്കെയുണ്ടാവും.  അവിടെനിന്നുള്ള ആള്‍ക്കാര്‍ക്ക് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം കിട്ടിയാല്‍ അവര്‍ കാണുന്ന ഇമേജുകളും കേള്‍ക്കുന്ന ട്രാക്കുകളും സംവദിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളും കുറെക്കൂടെ മൂല്യവത്തായിരിക്കും.

 ഒരു പതിനെട്ടോ ഇരുപതോ പടിയുണ്ട് സ്കൂളിലോട്ടു കേറാന്‍.  ഈ പടിയുടെ ഏറ്റവും മുകളില് ശാരദടീച്ചര്‍ നല്ലൊരു ചൂരലുമായിട്ടങ്ങനെ നില്‍ക്കും.  നമ്മള്‍ വൈകിയാണ് ചെല്ലുന്നതെന്ന് നമുക്കറിയാം.  അടിയുണ്ടെന്നും അറിയാം.  കേറിച്ചെല്ലുന്നു, കൈനീട്ടി അടിവാങ്ങുന്നു, പോവുന്നു.  അതില്‍ ക്വസ്റ്യനൊന്നുമില്ല.  അടിയുടെ ഊക്കു കാണുമ്പോള്‍ ചിലപ്പോള്‍ കൈവലിക്കും.  അതിനു കൂടുതല്‍ അടിയുണ്ട്.  ചന്തിക്കൊക്കെ അടികൊള്ളും.  ടീച്ചറവിടെ ഒരു പതിനൊന്നര മണിവരെയൊക്കെ കാണും.  വൈകിവരുന്നവരെ പിടിക്കാന്‍.  എന്നാലും നമ്മള്‍ ചില ചില്ലറ റിസര്‍ച്ചൊക്കെ നടത്തും.  ടീച്ചറുണ്ടോ എന്ന്.  പിന്നെ എല്ലാ പിരീഡും അറ്റന്റന്‍സെടുക്കും.  അപ്പോള്‍ നമ്മളെ പിടിക്കാനെളുപ്പമാണ്.  ഒത്തുനോക്കിയാ മതി.  എന്നാലും സ്ഥിരം വൈകില്ല.  ആഴ്ചയിലൊരു മൂന്നുനാലുദിവസം വൈകും.rasool4

വെള്ളിയാഴ്ച സ്കൂ ളില്‍ ക്ളാസ്മീറ്റിങ്ങുണ്ട്.  ലാസ്റ് ദിവസമാണല്ലോ.  അന്നു കലാപരിപാടികളൊക്കെയാണ്- പാട്ടും കവിതാപാരായണവും. ആഴ്ച മുഴുവന്‍ നമ്മള്‍ വെള്ളിയാഴ്ചയ്ക്കുവേണ്ടിയാണ് വെയ്റ്റുചെയ്യുന്നത്.  അതു കഴിഞ്ഞ് ഞായറൊക്കെയാവുമ്പോള്‍ ബോറാവും.  വീട്ടിലൊന്നും ചെയ്യാനില്ല.  പിന്നെ കൂട്ടുകാരുമൊക്കെയായിട്ടുള്ള ഗുസ്തിയാണ്.
പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പെട്ടെന്നൊരു ദിവസം നമ്മളുറക്കെ വായിക്കാന്‍ തുടങ്ങും.  ഭാഷ കയ്യില്‍ കിട്ടുന്നതാണത്.  അതുപോലെ ക്ളാസ്മീറ്റിങ്ങില്‍ ചാടിക്കേറി ഞാനൊരു പാട്ടങ്ങു പാടി.
കണ്ണുങ്കണ്ണും ഉം...
തമ്മില്‍ത്തമ്മില്‍ല്‍ല്‍...
കഥകള്‍ കൈമാറും അനുരാഗമേ...
അങ്ങാടി എന്ന സിനിമയിലെ പാട്ടാണ്.  ജയന്റെ സിനിമ.  മനസ്സില്‍ നമ്മള്‍ അന്നൊരു ജയനാണ്.  ഈ നാലഞ്ചു കിലോമീറ്റര്‍ ഇങ്ങനെ നടന്നു വരുമ്പോള്‍ കാണുന്നത് സീനിയേഴ്സ് ഒരു ഗ്രൂപ്പായിട്ട്, അടികൂടുന്നതൊക്കെയാണ്.  അതില്‍ വില്ലന്മാരൊക്കെയുണ്ട്.  നമ്മളെക്കൊണ്ട് കായികമായി പറ്റത്തില്ലെങ്കിലും കണ്ടു നില്‍ക്കുമ്പോള്‍ മനസ്സില്‍ നമ്മള്‍ ജയനാണ്.
അന്നു നമ്മുടെ മനസ്സില്‍ ഹീറോസങ്കല്പമുണ്ട്.  ഒരു പത്തുപേരെ ഇടിച്ചിടണം.  ബ്രൂസ്ലി എന്നു നമുക്കറിയാം.  ബ്രൂസ്ലിയെപ്പോലെ മുടിയൊക്കെ വെട്ടിക്കും.  അങ്ങനെ രഹസ്യമായിട്ട് കരാട്ടെ പഠിക്കാന്‍ തുടങ്ങി.  ബൈജു കല്ലുവിളയാണ് കരാട്ടെ ഗുരുനാഥന്‍.  ഹാ... ഹീ.. ശാ... ശൂ എന്ന് സൌണ്ട് എഫക്ടൊക്കെയുണ്ട്.  കരാട്ടെ അറിയുന്നവരെ പൊതുവേ ഒരു പേടിയുണ്ട് പിള്ളാരടെ ഇടയില്‍. പിന്നെയൊരു ഗുണം കരാട്ടേക്കാരന്‍ കനം കൊറഞ്ഞിരുന്നാലും മതി.  അന്നൊക്കെ കൊച്ചുമോന്‍ (നേരെ മൂത്ത ജ്യേഷ്ഠന്‍) ഞങ്ങളെ എപ്പോഴും ഇടിക്കും.  അതുകൊണ്ട് അവനും കൂട്ടുകാരും അടുത്തുകൂടെ പോകുമ്പോള്‍ ഞങ്ങള്‍ ചില കരാട്ടെ പോസൊക്കെ കാണിക്കും.  അന്ന് കുഞ്ഞുമോളിത്ത (സഹോദരി) നമുക്ക് ഹിന്ദി ട്യൂഷനെടുക്കും. rasool3 ഞാനും ബൈജുവും ചേര്‍ന്ന് കോമണ്‍ പഠിത്തമാ.  അടുക്കളേവച്ചാ പഠിത്തം.  അവിടെയൊരു സ്ളാബുണ്ട്.  അതിനകത്തു കയറിയിരുന്നു ബൈജു കരാട്ടെ പഠിപ്പിക്കും.  ആരെങ്കിലും വന്നുനോക്കുകയാന്നേല്‍ അപ്പോഴത്തെ ആക്ഷന്റെ അതേ പോസിലങ്ങിരുന്നു പുസ്തകം മറിച്ചു
നോക്കും.
കണ്ണുങ്കണ്ണും പാടിക്കഴിഞ്ഞതോടെ ഞാന്‍ കലാകാരനായി. അതിനു ശേഷം ഞാന്‍ സ്ഥിരമായി പാട്ടുപാടും.  അതോടെയാണ് ഒരു സെല്‍ഫൊക്കെ ഉണ്ടാവുന്നത്.


ഹേയ് മി പൂക്കുട്ടി

പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ അപേക്ഷിക്കുമ്പോള്‍ സര്‍നെയിം എന്നൊരു കോളം പൂരിപ്പിക്കണം.  സര്‍നെയിം എന്തുവാന്ന് ഡിക്ഷ്ണറി എടുത്തുനോക്കുമ്പം പറഞ്ഞിരിക്കുന്നു, രണ്ടാമത്തെ പേര്.  നമ്മക്കതില്ലല്ലോ? അപ്പോ കണ്ടു, ശ രമി യല വേല ലുഃമിശീിെ ീള വേല ശിശശേമഹ.  നമ്മളെന്തു ചെയ്തു? പൂക്കുട്ടി എന്നെഴുതിവച്ചു.
ഇന്‍സ്റിറ്റ്യൂട്ടില്‍ എത്തിയപ്പോള്‍ അവരെന്നെ വിളിക്കുന്നത് ആര്‍.പൂക്കുട്ടി, മിസ്റര്‍ പൂക്കുട്ടി എന്നൊക്കെയാണ്.  നമ്മളനങ്ങുന്നില്ല.  നമ്മുടെ പേരല്ലല്ലോ അത്.  ബാപ്പാടെ പേരാണ്.  നമ്മളെ ഇതുവരെ ഒറ്റൊരുത്തനും പൂക്കുട്ടി എന്ന് വിളിച്ചിട്ടില്ല.  അതിനേക്കാളുപരി നമ്മുടെ പ്രശ്നം, നമ്മള് ബാപ്പാടെ മുമ്പില്‍ ഇരിക്കാറില്ല.  ബാപ്പാടെ മുണ്ട് ഉടുക്കാറില്ല.  സ്നേഹവും ബഹുമാനവും ഒക്കെക്കലര്‍ന്ന ഒരിദാണ് നമ്മക്ക് ബാപ്പയോടു
ള്ളത്.  അന്നേരാണ് ബാപ്പാടെ പേരു വിളിക്കുന്നത്.  മിസ്റര്‍ പൂക്കുട്ടി പ്ളീസ് കം ഹിയര്‍! നമുക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റാത്ത സംഭവമാണത്.
അപ്പോ ഇവര് ‘ഹേ പൂക്കുട്ടീ’ എന്നു വിളിക്കുമ്പം നമ്മക്ക് ഇമോഷണല്‍ പ്രശ്നമാണ്.  സര്‍നെയിം വിളിക്കുന്നതാണ് അവരുടെ മര്യാദ.  എനിക്കിതു കേള്‍ക്കുമ്പം ഭയങ്കര വെഷമം.  ചിരീം വരുന്നുണ്ട്.


  അന്ന് ഹിന്ദിയൊന്നും അറിയില്ല.  ഹിന്ദി നമ്മള്‍        മലയാളത്തിലാണ് പഠിക്കുന്നത്.  ലാംഗ്വേജിന്റെ പഠിപ്പീര് എന്നു പറഞ്ഞാല്‍ ക്ളാസില്‍ വായിപ്പീരാണ്.  ചൂരലു ചൂണ്ടിപ്പറയും വായിക്കാന്‍.  നമ്മളങ്ങു വായിക്കും.  ഹിന്ദി വായിക്കാന്‍ പറയുമ്പം ഇതു പ്രശ്നമാണ്.  അപ്പോള്‍ ഹിന്ദി അറിയാവുന്ന ആരെയെങ്കിലും പിടിച്ചിട്ട് ഇത് മലയാളത്തില്‍ എഴുതിയുണ്ടാക്കും.  എന്നിട്ടത് കാലിനു താഴെ ഇടും.  ടീച്ചറ് വായിക്കാന്‍ പറയുമ്പോള്‍ പുസ്തകമിങ്ങനെ തുറന്നുപിടിക്കും.  താഴെയുള്ള മലയാളം നോക്കിയിട്ടാണ് വായന.rasoll6
വിദ്യാഭ്യാസത്തിനു മതിലുകള്‍ ഇല്ലാത്ത കാലമാണന്ന്.  പിള്ളേര്‍ അങ്ങോട്ടും ഇങ്ങോട്ടും പുറംതിരിഞ്ഞിരുന്നാണ് ക്ളാസ്സുകള്‍ ഉണ്ടാക്കുന്നത്.  എനിക്ക് കൊച്ചുമോന്റെ ക്ളാസ്സു കാണാം.
ഛോട്ടേ മോട്ടേ, അഞ്ചറ് പഞ്ചറ്, ചൌഢീ സീറ്റ് ലഗായി - ഈ പദ്യമിങ്ങനെ കൊച്ചുമോന്‍ വായിക്കുന്നത് എനിക്കോര്‍മയുണ്ട്.  പുസ്തകം തുറന്നുപിടിച്ച് താഴെനോക്കി ഇവനീ ഛോട്ടേ മോട്ടേന്നു പറയുമ്പം ടീച്ചര്‍ക്കു സംശയം തോന്നി.  അവരു വന്നുനോക്കുമ്പം സംഗതി താഴെ മലയാളത്തില്‍ എഴുതിയിട്ടിരിക്കുകയാണ്.  അടി, ഊക്കനടി.
ജീവിതത്തില്‍ നമ്മള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് മൂന്നു സാധനങ്ങളില്‍ നിന്നാണ്.  ഒന്ന് ജ്യോഗ്രഫി, പിന്നെ കണക്കും ഹിന്ദിയും. ഇതീന്നു മൂന്നീന്നും താല്ക്കാലികമായി രക്ഷപ്പെട്ടെങ്കിലും മൂന്നും നമ്മുടെ പിന്നാലെ കറങ്ങിത്തിരിഞ്ഞു
വന്നു.
***
1995ല്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് സൌണ്ട് റെക്കോഡിങ്ങ് ആന്റ് സൌണ്ട് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തശേഷം സിങ്ക്സൌണ്ട് റെക്കോഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

എന്നെക്കണക്ക് ഒരാള്

ഞാന്‍ പാത്തുമ്മായുടെ ആട് വായിച്ചത് ഒറ്റയിരുപ്പിനാണ്.  ഹൊ! ഇദ്ദേഹവും ഞാനുമായിട്ട് ഭയങ്കര കണക്ഷനുണ്ടല്ലോ എന്ന് ബഷീറിനെപ്പറ്റി എനിക്കു തോന്നി.  ആടിന്റെ ബിഹേവിയര്‍ ഇത്രയും കൃത്യമായി പിടിച്ചെടുത്ത ഒരാളില്ല.  ഞാന്‍ കരുതിയത് എന്നെക്കണക്ക് ഒരാള്.  ആടിന്റെ കൂടെ വളര്‍ന്നൊരാള്.  ആടിനെ അറിയുന്ന ഒരാള്.  പലപ്പോഴും ഞാന്‍ ബഷീറിനെപ്പറ്റി ചിന്തിച്ചിട്ടുണ്ട്.  അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണ് എന്ന്.  ഒരുപാട് പ്രേമങ്ങള്‍ ഉണ്ടായിട്ടുള്ള വ്യക്തിയാണ് ബഷീര്‍.  ഒരുപാട് യാത്രചെയ്തിട്ടുള്ള വ്യക്തിയാണ്.  പിന്നെ സ്ത്രീകളെ ഒരുപാട് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ്.  എന്റെ കണക്കുകൂട്ടലില്‍ ഇദ്ദേഹം സ്ത്രീകളെ മൊത്തത്തില്‍ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ്.  അല്ലെങ്കില്‍ അദ്ദേഹം ഹുന്ത്രാപ്പി ബുസ്സാട്ടോ എന്ന കഥയെഴുതത്തില്ല.  നമ്മക്കു പിടിയില്ലാത്ത പല സംഭവങ്ങളും കൂടിച്ചേര്‍ന്ന ഒരു ഹുന്ത്രാപ്പി ബുസ്സാട്ടോ ആണ് സ്ത്രീ! എനിക്കും ഷാദിയ (ഭാര്യ) യെപ്പറ്റി പല സമയത്തും തോന്നുന്ന സംഭവമാണിത്.
rasul_award_photoസ്ളം ഡോഗ്  മില്ലെനിയര്‍, ഗജിനി, സാവരിയ, ഗാന്ധി മൈ ഫാദര്‍, സിന്ദ, ബ്ളാക്ക്, അമു, മാതൃഭൂമി: എ നേഷന്‍ വിത്തൌട്ട് വിമന്‍, സ്നിപ്പ്, ബൂം തുടങ്ങിയ ഫീച്ചര്‍ ഫിലിമുകള്‍ ചെയ്തു.  കൂടാതെ റെക്റ്റാങ്ഗുലര്‍ ലൌ സ്റോറി, മോക് ടെയ്ല്‍സ്, പപ്പു കാണ്‍ട് ഡാന്‍സ് സാലാ, രാത് ഗയി ബാത് ഗയി, ഐ ആം 24, വുഡ്സ്റോക് വില്ല, ദസ് കഹാനിയേം, മിഥ്യ, മിക്സഡ് ഡബ്ള്‍സ്, രഘു റോമിയോ, എവ്രിബഡി സേയ്സ് ഐ അം ഫൈന്‍, സ്പ്ളിറ്റ് വൈഡ് ഓപ്പണ്‍, പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്നീ ഫിലിമുകളുടെ സൌണ്ട് ഡിസൈന്‍ ചെയ്തു.

സ്ളംഡോഗ് മില്ലെനിയര്‍ ശബ്ദമിശ്രണത്തിന് ഓസ്കാര്‍ അവാര്‍ഡും ബാഫ്റ്റ, കാസ് അവാര്‍ഡുകളും നേടി.  ഗജിനി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി (കകഎഅ) അവാര്‍ഡിനര്‍ഹമായി.
ഫീച്ചര്‍ ഫിലിമുകള്‍ക്കു പുറമെ ബി.ബി.സി, ചാനല്‍-4, ചാനല്‍-5, നോര്‍വീജിയന്‍ ടെലിവിഷന്‍, ഡച്ച് ടെലിവിഷന്‍ തുടങ്ങിയവയില്‍ നിരവധി ഡോക്യുമെന്ററികള്‍ക്ക് സൌണ്ട് റെക്കോര്‍ഡിങ്ങ് നടത്തിയിട്ടുണ്ട്.  ഫിലിം സൌണ്ടിലും സൌണ്ട് ഡിസൈനിങ്ങിലുമുള്ള തന്റെ പരിചയം മുന്‍നിര്‍ത്തി മുബൈയില്‍  കാനറീസ് പോസ്റ് സൌണ്ട്’ എന്ന സൌണ്ട് സ്റുഡിയോ നടത്തുന്നു.

സോ, ദ ഓസ്കാര്‍ ഗോസ് റ്റു...

“സോ, ദ ഓസ്കാര്‍ ഗോസ് റ്റു...”എന്റെ മനസ്സപ്പോള്‍ സ്ളം ഡോഗ് മില്യണയര്‍, സ്ളം ഡോഗ് മില്യണയര്‍, സ്ളം ഡോഗ്... എന്നിങ്ങനെ പറഞ്ഞോണ്ടിരിക്കുകയാണ്.  ഗോസ് റ്റു സ്ളം ഡോഗ് മില്യണയര്‍!”
മരിച്ചിട്ടു തിരിച്ചുവരുന്നതുപോലെ ഞാനൊരു നിമിഷം സ്തംഭിച്ചു.  പിന്നെ ഉച്ചത്തിലൊരു കൂക്കിവിളി.  ഓസ്കാര്‍ കയ്യില്‍ മേടിക്കുന്നതു മാത്രമേ എനിക്കു പിന്നെ ഓര്‍മ്മയുള്ളൂ.  സ്റേജിലെത്തിയതൊന്നും പിന്നീട് വീഡിയോയില്‍ നോക്കിയിട്ടുപോലും ഓര്‍മ്മവരുന്നില്ല.  പ്രസംഗം എഴുതിയ പേപ്പര്‍ തപ്പിയെടുക്കാനാവുന്നില്ല.  ഞാന്‍ ക്രൌഡിനെ നോക്കി.  രണ്ടു വശത്തുമായി ഇയാന്‍ തേപ്പും റിച്ചേഡ് പ്രൈക്കും നില്‍ക്കുന്നത് ഒരു മായപോലെ ഞാന്‍ കണ്ടു.  കൌണ്ട്ഡൌണ്‍ കുറേ നീങ്ങിയിരിക്കുന്നു.  എന്തെങ്കിലും പറഞ്ഞേ പറ്റൂ.  സെക്കന്റുകളേയുള്ളൂ ഇനി പറഞ്ഞുതീര്‍ക്കാന്‍.  പതുങ്ങി പരിഭ്രമിച്ച് വരണ്ട തൊണ്ടയില്‍ നിന്ന് എന്റെ വാക്കുകള്‍ പുറത്തുവന്നു:
ഇത് അവിശ്വസനീയമാണ്.  ഞങ്ങള്‍ക്കിത് വിശ്വസിക്കാനാവുന്നില്ല.  ലേഡീസ് ആന്റ് ജെന്റില്‍മെന്‍.. ക്ഷമിക്കണം.. ബോംബെയുടെ വെറും സാധാരണമായ ശബ്ദങ്ങളില്‍ നിന്ന്, ബോംബെയുടെ ഒച്ചപ്പാടുകളില്‍നിന്ന് ആത്മാവിനെ മഥിക്കുന്ന, സ്ളം ഡോഗ് മില്യണയര്‍ എന്ന കലാപരമായ പ്രതിധ്വനി സൃഷ്ടിച്ച രണ്ടു മാന്ത്രികരുമായി ഞാനീ സ്റേജ് പങ്കിടുകയാണ്. സാര്‍വലൌകികമായ ഒരു വാക്ക് തന്ന ഒരു സംസ്കാരത്തില്‍ നിന്നും ഒരു രാജ്യത്തില്‍നിന്നുമാണ് ഞാന്‍ വരുന്നത്.  നിശ്ശബ്ദതയ്ക്കു ശേഷം വരുന്ന ആ വാക്കിനുശേഷം കൂടുതല്‍ നിശ്ശബ്ദത വരും.  ആ വാക്ക് “ഓം” ആകുന്നു.  ഞാനതിനാല്‍ ഈ അവാര്‍ഡ് എന്റെ രാജ്യത്തിനായി സമര്‍പ്പിക്കുന്നു.  താങ്ക് യൂ അക്കാഡമി, ഇത് കേവലം സൌണ്ടിനുള്ള ഒരവാര്‍ഡല്ല, ഇത് ചരിത്രം എനിക്ക് കൈമാറിയിരിക്കുകയാണ്.  എന്റെ അദ്ധ്യാപകര്‍ക്ക്, ഡാനി ബോയലിന്, ക്രിസ്റിന്‍ കോള്‍സന്, പോള്‍ റിച്ചിക്ക്, പ്രവേഷിന് അതോടൊപ്പം ഈ സിനിമയ്ക്കുവേണ്ടി സ്വന്തം സംഭാവനകള്‍ നല്കിയ എല്ലാവര്‍ക്കും ഗ്ളെന്‍ ഫ്രീമാന്റലിനും എല്ലാ സൌണ്ട് മിക്സേഴ്സിനും എന്റെ ആത്മാര്‍ത്ഥവും അഗാധവുമായ നന്ദി.  സുഹൃത്തുക്കളെ, ഞാനിതു നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.  താങ്ക് യു അക്കാഡമി, താങ്ക് യൂ വെരിമച്ച്.’

 റസൂല്‍ പൂക്കുട്ടി 

ബൈജു നടരാജന്‍

വര: അരുണ ആലഞ്ചേരി