KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത പെണ്ണിനെ തരുമോ തോഴിമാരേ...
പെണ്ണിനെ തരുമോ തോഴിമാരേ...

ഈ കളി സാധാരണ പെണ്‍കുട്ടികളാണ് കളിക്കാറ്. കളിക്കാര്‍ രണ്ട് സംഘമായി തിരിയുന്നു. ഒരു സംഘത്തിന്റെ ഒപ്പം ഒരു പെണ്ണുണ്ട്. അവളെ മറ്റേ സംഘം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. പെണ്ണ് ചോദിക്കുന്നതും പിടിച്ചു കൊണ്ടു പോകുന്നതുമാണ് കളി. ചോദ്യോത്തര രീതിയിലാണ് കളി മുന്നേറുന്നത്. നടുക്ക് ഒരു വര വരച്ച് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് സംഘവും പരസ്പരം കൈകോര്‍ത്ത് നിലകൊള്ളുന്നു.
ഒന്നാം സംഘം കൈകോര്‍ത്തു പിടിച്ച് മുന്നോട്ടു വന്ന് രണ്ടാം സംഘത്തോട് പെണ്ണ് ചോദിക്കുന്നു. പെണ്ണിനെ തരില്ലെന്ന് രണ്ടാം സംഘം മറുപടി പറയുന്നു.


pattukali1

സംഘം 1    ഇഞ്ചിത്താരേ പെണ്ണുണ്ടോ?
ഇരുമ്പിച്ചിത്താരേ പെണ്ണുണ്ടോ?
സംഘം 2    ഇഞ്ചിത്താരേ പെണ്ണില്ല
ഇരുമ്പിച്ചിത്താരേ പെണ്ണില്ല.
സംഘം 1    മഞ്ചാടിഞ്ചിപെണ്ണുണ്ടോ?
മാതളപ്പൂവേ പെണ്ണുണ്ടോ?
സംഘം 2    മഞ്ചാടിഞ്ചി പെണ്ണില്ല
മാതളപ്പൂവേ പെണ്ണില്ല
സംഘം 1    അശകൊശലേ പെണ്ണുണ്ടോ
കൊശകൊശലേ പെണ്ണുണ്ടോ
സംഘം 2    അശകൊശലേ പെണ്ണില്ല
കൊശകൊശലേ പെണ്ണില്ല
സംഘം 1    ഒരാനയ്ക്കെടുപ്പതു പൊന്നു തരാം
പൊന്നിട്ട പെട്ടി പൂട്ടീംതരാം
പൂട്ടാത്താക്കോലൊളിച്ചുംതരാം
പെണ്ണിനെ തരുമോ തോഴിമാരേ
സംഘം 2    ഒരാനയ്ക്കെടുപ്പതു പൊന്നും വേണ്ട
പൊന്നിട്ട പെട്ടി പൂട്ടീം വേണ്ട
പൂട്ടാത്താക്കോലൊളിച്ചും വേണ്ട
പെണ്ണിനെ തരില്ല തോഴിമാരേ...
സംഘം 1    രണ്ടാനയ്ക്കെടുപ്പതു പൊന്നു തരാം
പൊന്നിട്ട പെട്ടി പൂട്ടീം തരാം
പൂട്ടാത്താക്കോലൊളിച്ചും തരാം
പെണ്ണിനെ തരുമോ തോഴിമാരേ...
സംഘം 2    രണ്ടാനയ്ക്കെടുപ്പതു പൊന്നും വേണ്ട
പൊന്നിട്ട പെട്ടി പൂട്ടീം വേണ്ട
പൂട്ടാത്താക്കോലൊളിച്ചും വേണ്ട
പെണ്ണിനെ തരില്ല തോഴിമാരേ...

pattukali2
ഇതിങ്ങനെ എത്ര വേണമെങ്കിലും മുന്നോട്ടു പോകാം. കളിയുടെ ഒരു ഘട്ടത്തില്‍ പെണ്ണിനെ ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നു. മറുസംഘം തടയുന്നു. പെണ്ണിനെ കൊണ്ടുപോകുന്ന സംഘം വിജയിക്കുന്നു.

സമ്പാദക: സുജ സൂസന്‍ ജോര്‍ജ്
വര ടി ആര്‍ രാജേഷ്