KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

രാജസൂയം

mahabhatathamധര്‍മശീലനായ ധര്‍മപുത്രരുടെ ഭരണത്തിന്‍ കീഴില്‍ നാട്ടിലെങ്ങും ഐശ്വര്യം വിളയാടി. ജനങ്ങള്‍ അവരവര്‍ക്കുള്ള തൊഴിലുകള്‍ സന്തോഷത്തോടെ ചെയ്കയാല്‍ കൃഷിയും ഗോരക്ഷയും വാണിജ്യവുമെല്ലാം അഭിവൃദ്ധി പ്രാപിച്ചു. കള്ളനും ചതിയനും വ്യാധിഭയവും ഇല്ലാതായി. മഴ യഥാകാലം പെയ്തു. രാജ്യത്തിന്റെ സമൃദ്ധിയും ധനവും ഈ വിധം വളര്‍ന്നു കണ്ട യുധിഷ്ഠിരന്‍ “കാലമായി.  ഇനി നമുക്ക് രാജസൂയത്തിനൊരുങ്ങാം” എന്ന് കല്പിച്ചു. വാസുദേവന്‍ ദ്വാരകയില്‍ നിന്ന് ബലഭദ്രരോടൊപ്പം പരിവാരസമേതനായി വന്നെത്തി. അവരുടെ വരവും അവര്‍ കൊണ്ടുവന്നു നല്‍കിയ ധനസഞ്ചയവും കണ്ട് എല്ലാം തികഞ്ഞു എന്ന് പാണ്ഡവന്മാര്‍ ആനന്ദിച്ചു.mahabharatham3
കൈലാസശിഖരംപോലെ ഉന്നതമായ യജ്ഞശാല തീര്‍ക്കപ്പെട്ടു. അതിഥികള്‍ക്കും രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കുമുള്ള മന്ദിരങ്ങളും ശാലകളും നിരന്നു കാണായി. സഹദേവനായിരുന്നു ക്ഷണിക്കുവാനുള്ള ചുമതല. മിത്രങ്ങളും ബന്ധുക്കളും സാമന്തരുമായ എല്ലാ രാജാക്കന്മാര്‍ക്കും ക്ഷണപത്രികകള്‍ പോയി. അതിഥികള്‍ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങി. യാജ്ഞവല്ക്ക്യ മഹര്‍ഷിയുടെ നേതൃത്വത്തില്‍ ഋഷിമാരും ഋത്വിക്കുകളുമെത്തി പൂജാദികള്‍ ആരംഭിച്ചു. യജ്ഞദീക്ഷ കൈക്കൊണ്ട യുധിഷ്ഠിരരാജാവ് യാഗശാലയില്‍ പ്രവേശിച്ചു. നകുലന്‍ നേരിട്ടുചെന്ന് വന്ദിച്ചു ക്ഷണിച്ചതനുസരിച്ച് ഭീഷ്മ-ദ്രോണ-കൃപാചാര്യന്മാരും കൌരവന്മാരുമെല്ലാം ഹസ്തിനപുരിയില്‍ നിന്ന് ആഘോഷപൂര്‍വം എത്തിച്ചേര്‍ന്നു. വന്നവരെയെല്ലാം യഥായോഗ്യം സല്‍ക്കരിച്ച് വെണ്ണക്കല്ലുപാകിയ മഹാമന്ദിരങ്ങളില്‍ പാര്‍പ്പിച്ചു. ശാലകളില്‍ ആയിരക്കണക്കിന് ബ്രാഹ്മണര്‍ സദ്യയുണ്ണുകയായി. മറ്റു ജാതിക്കാര്‍ക്കും വിവിധ ശാലകളിലായി ഭക്ഷ്യപേയങ്ങള്‍ വിളമ്പിത്തുടങ്ങി. സദ്യയുടെ ആര്‍പ്പുവിളികളും വാദ്യമേളങ്ങളും നൃത്തസംഗീതഘോഷങ്ങളും സേനാസമേതരായ രാജാക്കന്മാരുടെ വരവും കൊണ്ട് ഇന്ദ്രപ്രസ്ഥം സ്വര്‍ഗംപോലെ ഉത്സവ പൂര്‍ണമായി വിളങ്ങി. ഭീഷ്മരെയും ദ്രോണരെയും കൃപരെയും നമസ്കരിച്ച് അനുഗ്രഹവും അനുമതിയും വാങ്ങിയിട്ട് യുധിഷ്ഠിരന്‍ മറ്റുള്ള ബന്ധുക്കളെ ഓരോ ചുമതലകള്‍ക്കായി നിയോഗിച്ചു. വിപ്രന്മാരെ സ്വീകരിക്കുവാന്‍ അശ്വത്ഥാമാവ്, അതിഥികളുടെ ഭക്ഷണച്ചുമതലയ്ക്കു ദുശ്ശാസനന്‍, രാജാക്കന്മാരെ സല്‍ക്കരിക്കുവാന്‍ സഞ്ജയന്‍, ദക്ഷിണയ്ക്കു പൊന്നും രത്നങ്ങളുമൊരുക്കുവാന്‍ കൃപാചാര്യന്‍, ചിലവുകള്‍ നോക്കുന്നത് വിദുരര്‍, തിരുമുല്‍ക്കാഴ്ചകള്‍ ഏറ്റുവാങ്ങുന്നതെല്ലാം ദുര്യോധനന്‍, തെറ്റുകുറ്റങ്ങള്‍ നോക്കി വേണ്ടതു ചെയ്യിക്കുവാന്‍ ഭീഷ്മരും ദ്രോണാചാര്യരും - സാക്ഷാല്‍ ശ്രീകൃഷ്ണനാകട്ടെ ബ്രാഹ്മണരെ കാലു കഴുകിക്കുവാന്‍ നിന്നു.
യജ്ഞം ആരംഭിക്കുവാന്‍ മുഹൂര്‍ത്തമായി. എല്ലാവരും മഹായാഗശാലയിലെത്തി ആസനങ്ങളില്‍ ഇരിക്കവേ സാക്ഷാല്‍ ഇന്ദ്രസഭപോലെ വിളങ്ങുന്ന ആ രംഗത്തുവന്ന് മഹാരഥനായ ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു. “വത്സ, ആചാര്യന്‍, ഋത്വിക്ക് തുടങ്ങിയവരെ പൂജിച്ച് യജ്ഞം ആരംഭിക്കുക. അതിനുമുമ്പ് ഒന്നു ചെയ്യേണ്ടതുണ്ട്. ഇക്കാണായവരില്‍ ഏറ്റവും ഉത്തമനായ വ്യക്തിയെ അഗ്യ്രപൂജയ്ക്കായി നീ തിരഞ്ഞെടുക്കണം. അദ്ദേഹമായിരിക്കണം ആദ്യത്തെ പൂജയ്ക്ക് അര്‍ഹന്‍mahabharatham4. ആരെയാണു നീ അഗ്യ്രപൂജാര്‍ഹനായി കാണുന്നത്?”
യുധിഷ്ഠിരന്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു. “പിതാമഹ, അവിടുന്നുതന്നെ നിശ്ചയിച്ചാലും.” ഭീഷ്മര്‍ ആ രാജവൃന്ദത്തിനു നടുവില്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണചന്ദ്രനെപ്പോലെ വിളങ്ങുന്ന വാസുദേവനെ നോക്കി “യുധിഷ്ഠിര, ശ്രീകൃഷ്ണനെ അഗ്യ്രപൂജയ്ക്കായി വരിച്ചാലും” എന്നഭിപ്രായപ്പെട്ടു. അത്യാനന്ദത്തോടെ ആ വാക്കു സ്വീകരിച്ച യുധിഷ്ഠിരന്‍ ശ്രീവാസുദേവനെ വിളിച്ച് വേദിയില്‍ അഗ്യ്രപീഠത്തിലിരുത്തി സഹദേവനോടൊപ്പം ആദ്യ പൂജ നടത്തി വന്ദിക്കവേ, മന്ദഹാസത്തോടെ ഭഗവാന്‍ അതേറ്റുവാങ്ങവേ, പെട്ടെന്ന് സഭാമധ്യത്തില്‍നിന്ന് ഒരാക്രോശമുയര്‍ന്നു. ചേദി രാജാവായ ശിശുപാലന്‍ കോപംകൊണ്ടു കണ്‍ചുവന്ന് എഴുന്നേറ്റ് നിന്ന് ഇങ്ങനെ ഗര്‍ജിച്ചു. “ഹേ, യുധിഷ്ഠിര രാജാവേ, മഹാന്മാരായ ഒട്ടേറെ രാജാക്കന്മാരിരിക്കുന്ന ഈ സഭയില്‍വെച്ച് ഈ യാദവനെ, രാജാവല്ലാത്തവനെ അഗ്യ്രാസനത്തിലിരുത്തി പൂജ നല്‍കുവാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നി? ഇവന്‍ രാജാവല്ല.  ഭീഷ്മരേ, അങ്ങേക്ക് പ്രായാധിക്യത്താല്‍ ബുദ്ധി കെട്ടിരിക്കുന്നു! ഞങ്ങളെക്കാള്‍ മുതിര്‍ന്നവനെന്നു വിചാരിച്ചാണിവനെ വരിച്ചതെങ്കില്‍ മുതിര്‍ന്നവനായി വസുദേവരില്ലേ ഇവിടെ? ഇഷ്ടംനോക്കി നില്‍പ്പവനെന്നോര്‍ത്താണ് വരിച്ചതെങ്കില്‍ ദ്രുപദരാജാവില്ലേ ഇവിടെ? ഗുരുസ്ഥാനമാണു കൃഷ്ണനുള്ളതെങ്കില്‍ യുധിഷ്ഠിര, വ്യാസമഹര്‍ഷി ഇല്ലേ ഇവിടെ? രാജാവേ, സ്വഛന്ദ മൃത്യുവായ ഭീഷ്മരെ അങ്ങ് പൂജിക്കാത്തതെന്ത്? സര്‍വശാസ്ത്രങ്ങളും പഠിച്ച അശ്വത്ഥാമാവ് ഇവിടെയുള്ളപ്പോള്‍ എന്തുകൊണ്ടു പൂജിച്ചു ഈ കണ്ണനെ? പുരുഷശ്രേഷ്ഠനായ ഈ ദുര്യോധനന്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ടു പൂജിച്ചൂ ഈ കണ്ണനെ? പരശുരാമശിഷ്യനും മഹാവീരനുമായ കര്‍ണനെ ഇരുത്തിക്കൊണ്ട് എന്തുകൊണ്ടു പൂജിച്ചു ഈ കണ്ണനെ? ഇവന്‍ ആചാര്യനല്ല, ഋത്വിക്കല്ല, രാജാവല്ല, ലക്ഷണംകെട്ട ഇവനെ മാത്രമേ നിങ്ങള്‍ക്കു പൂജിക്കാന്‍ കണ്ടുള്ളോ? ഈ രാജാക്കന്മാരെയെല്ലാം, പാണ്ഡവരേ, നിങ്ങള്‍ വിളിച്ച് അപമാനിച്ചിരിക്കുന്നു. പാവങ്ങള്‍! ഈ പാണ്ഡവര്‍ നിന്നെ പൂജിക്കാന്‍ തിരഞ്ഞെടുത്തപ്പോള്‍, കൃഷ്ണ, നീ പറയാത്തതെന്ത് എനിക്കിതിന് അര്‍ഹതയില്ലെന്ന്! ഹവിര്‍ഭാഗം ശ്വാനന്‍കൊണ്ടു പോയതുപോലെയായി ഇത്! ഹാ! യുധിഷ്ഠിരനെ ഞാന്‍ മനസ്സിലാക്കി! ഭീഷ്മരെയും മനസ്സിലായി. ഈ കണ്ണനെയും മനസ്സിലായി. ഈ അപമാനം പൊറുക്കാന്‍ ഞാനില്ല.” കൂട്ടരുമൊത്ത് ചേദിപനായ ശിശുപാലന്‍ സഭ വിട്ടിറങ്ങിയപ്പോള്‍ യുധിഷ്ഠിരന്‍ പിന്നാലെ ചെന്നു തടഞ്ഞു നിര്‍ത്തി സൌമ്യഭാവത്തില്‍ ഇങ്ങനെ ഉപദേശിച്ചു. “അരുത്, യജ്ഞത്തിന് ഭംഗം ഉണ്ടാക്കരുത്. കൃഷ്ണനെ നല്ലവണ്ണം അറിഞ്ഞിട്ടുതന്നെയാണ് ഭീഷ്മ പിതാമഹന്‍ ആ പേര് നിര്‍ദേശിച്ചത്.” ഭീഷ്മരും അനുനയവാക്കുകള്‍ പറഞ്ഞു നോക്കി. “ഇക്കണ്ട ഏതു രാജാവിനെക്കാളും വലിയവനാണ് കൃഷ്ണന്‍. ശ്രീയുടെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും ബുദ്ധിയുടെയും മൂര്‍ത്തിമദ്ഭാവമായ കൃഷ്ണനെക്കാള്‍ ആരുണ്ട് പൂജ്യന്‍? ശിശുപാല, ഇക്കൂടിയ രാജാക്കന്മാരില്‍ ആരെങ്കിലും പറയട്ടെ കൃഷ്ണന്‍ പൂജാര്‍ഹനല്ലെന്ന്.” “എതിര്‍ക്കുന്നവന്‍ വധ്യനത്രേ” എന്നു ക്രുദ്ധനായ സഹദേവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. ശിശുപാലന്‍ വീണ്ടും ശകാരവര്‍ഷം തുടര്‍ന്നു. രാജാക്കന്മാര്‍ പലരും ശിശുപാല പക്ഷം ചേര്‍ന്നു തുടങ്ങി. സഭ അസ്വസ്ഥമാകുന്നതുകണ്ട യുധിഷ്ഠിരന്‍ പരിഭ്രാന്തനായി. ക്രോധം കൊണ്ട് മതിമറന്ന് കണ്‍ചുവന്ന് പുരികങ്ങള്‍ ചുളിച്ച് ചൊടിച്ചു മുന്നോട്ടാഞ്ഞ ഭീമസേനനെ ഭീഷ്മര്‍ പിടിച്ചു നിര്‍ത്തിത്തടഞ്ഞു. ശിശുപാലന്റെ ദുര്‍വാക്കുകള്‍ നിര്‍ത്താതെ പ്രവഹിക്കുന്നത് കേട്ട് എന്താണിങ്ങനെ എന്നാരാഞ്ഞ യുധിഷ്ഠിരനോടു ഭീഷ്മര്‍ ചേദിപന്റെ ഭൂതകാല കഥ പറഞ്ഞു. “ഇവന്‍ ചേദിവംശത്തില്‍ പിറന്ന ദിവസം കഴുതയെപ്പോലെ ആര്‍ത്തുകരഞ്ഞു. മൂന്നു കണ്ണുകളും നാലുകൈകളുമായി പിറന്ന ആ വിചിത്ര ശിശുവിനെക്കണ്ടു ഭയന്ന മാതാപിതാക്കള്‍ക്ക് ആരോ ഇങ്ങനെ പറയുന്നത് കേള്‍ക്കായി. “ഈ കുട്ടി ബലവാനായി വളര്‍ന്നു വരും. അവന്‍ ആരാലും വധ്യനല്mahabharatham2ല. ഒരാളാലൊഴികെ. ഈ ശിശുവിനെ ആരെങ്കിലുമൊരാള്‍ എടുത്തു മടിയില്‍ വെയ്ക്കുമ്പോള്‍ ഈ അധികമുള്ള കണ്ണും കാലുകളും മറഞ്ഞുപോകുമോ ആ ആളുടെ കൈയാല്‍ മാത്രമേ ഇവന്‍ കൊല്ലപ്പെടുകയുള്ളൂ.” കുറെനാള്‍ കഴിഞ്ഞ് ബന്ധുമുറയ്ക്ക് ശ്രീകൃഷ്ണ-ബലരാമന്മാര്‍ ചേദിരാജധാനിയിലെത്തിയപ്പോള്‍ ശിശുവിനെ അമ്മയെടുത്തു കൃഷ്ണന്റെ മടിയില്‍വെച്ചു. അത്ഭുതം! ആ മാത്രയില്‍ തന്നെ അവന്റെ നെറ്റിക്കണ്ണു മാഞ്ഞുപോയി. അധികമുള്ള കൈകള്‍ കൊഴിഞ്ഞു വീണുപോയി! ശിശുപാലന്റെ അമ്മ കണ്ണീരോടെ ശ്രീകൃഷ്ണനെ തൊഴുത് “എന്റെ മകനെ കൊല്ലരുതേ, കൃഷ്ണാ, അവന്‍ ചെയ്യുന്ന തെറ്റെന്തായാലും പൊറുക്കണേ” എന്നപേക്ഷിച്ചു. അച്ഛന്‍പെങ്ങളുടെ ദീനത കണ്ട് അകമലിഞ്ഞ വാസുദേവന്‍ ഇങ്ങനെ പറഞ്ഞു. “അമ്മേ, നിങ്ങളുടെ മകന്‍ ചെയ്യുന്ന നൂറ് തെറ്റുകള്‍ ഞാന്‍ പൊറുക്കും. അത്രമാത്രം.”
ഭീഷ്മര്‍ പറഞ്ഞു. “അതിനാലാണ് യുധിഷ്ഠിര, ശ്രീകൃഷ്ണനിങ്ങനെ അനങ്ങാതിരിക്കുന്നത്.” ഈ സമയത്തെല്ലാം  ശിശുപാലന്‍ കൃഷ്ണനും ഭീഷ്മര്‍ക്കുമെതിരായി പരിഹാസ ശകാരങ്ങള്‍ തുടരുകയായിരുന്നു. ഒടുവില്‍ മനംമടുത്ത് അയാള്‍ ശ്രീകൃഷ്ണനെ നേരിട്ട് വെല്ലുവിളിക്കുകയായി. “എടാ, ഭീരു, രാജാവല്ലാതെ രാജത്വം നടിക്കുന്ന ദാസ, നിന്നെ ഞാന്‍ പോരിന് വിളിക്കുന്നു. നിന്നെയും നിന്റെ പാണ്ഡവരെയും ഞാനിന്നു കൊന്നുമുടിക്കും. നിശ്ചയം!” ഈ വിധം പോര്‍വിളി മുഴക്കുന്ന ശിശുപാലനോട് വാസുദേവന്‍ മൃദുവായി ഇങ്ങനെ പറഞ്ഞു. “രാജാക്കന്മാരേ, നിങ്ങള്‍ ഇവന്റെ വാക്കുകള്‍ കേട്ടുവല്ലോ. ഇവന്‍ ഞങ്ങള്‍ക്ക് അഹിതമായി ഒട്ടനവധി അധര്‍മങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനി പോരല്ലാതെ നിവൃത്തിയില്ല. അച്ഛന്‍പെങ്ങള്‍ക്ക് കൊടുത്ത വാക്ക് ഞാന്‍ പാലിച്ചുകഴിഞ്ഞു. രുക്മിണിയെ ഞാന്‍ വേട്ടതോടെയത്രേ ഇവന്റെ വൈരാഗ്യം വര്‍ധിച്ചത്. ഇവനിതാ വധ്യനായിത്തീര്‍ന്നിരിക്കുന്നു.”
ഇതുകേട്ട ശിശുപാലന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. “ഹേ കൃഷ്ണാ, നിനക്കു നാണമില്ലല്ലോ രുക്മിണിയെപ്പറ്റി പറയുവാന്‍. അവള്‍ എന്റെ വകയായിരുന്നു. അതറിഞ്ഞുകൊണ്ടല്ലേ നീയവളെ വേട്ടത്. ഹേ കൃഷ്ണ, നീ കോപിച്ചാലുമില്ലെങ്കിലും എനിക്കെന്ത്!”
ഭഗവാന്റെ മുഖം ജ്വലിച്ചു. “ഹേ നൃപന്മാരെ, ഇവന്റെ അമ്മ യാചിച്ചതിനാല്‍ ഞാനിവന്റെ നൂറു കുറ്റം mahabharatham1പൊറുത്തു കഴിഞ്ഞു. ഇതാ നിങ്ങള്‍ കാണ്‍കെ ഞാനിവനെ വധിക്കുന്നു.”
അതാ തൃക്കൈയില്‍ വെളിച്ചം ചിതറുന്ന മഹാ ചക്രം വന്നു കറങ്ങുകയായി! ശ്രീകൃഷ്ണന്‍ ആഞ്ഞു വിട്ട ആ ചക്രം രശ്മികള്‍ പ്രസരിപ്പിച്ചുകൊണ്ട് ശിശുപാല സവിധത്തിലേക്കു മിന്നല്‍പോലെ നീങ്ങുന്നു.  ഉറക്കെ ശകാരിച്ചുകൊണ്ട് നില്‍ക്കുന്ന ശിശുപാലന്റെ ശിരസ്സ് അതാ കഴുത്തില്‍ നിന്നും വേര്‍പെട്ട് ചോരചിതറി തെറിച്ചു വീഴുന്നു. രാജസഭയില്‍ ‘ഹാ, ഹാ’ ശബ്ദം മുഴങ്ങി. എല്ലാ കോലാഹലവും അതോടെ അടങ്ങുകയായി.
ശിശുപാലശരീരം രാജയോഗ്യമായി സംസ്കരിക്കുകയും അയാളുടെ മകനെ രാജാവാക്കി വാഴിക്കുകയും ചെയ്തതിനുശേഷം യജ്ഞകര്‍മങ്ങള്‍ വീണ്ടും ആരംഭിച്ചു. വാദ്യഘോഷങ്ങള്‍ മുഴങ്ങവേ, മഹര്‍ഷീശ്വരന്മാര്‍ അനുഗ്രഹിക്കവേ, സാക്ഷാല്‍ വാസുദേവന്‍ ചക്രായുധപാണിയായി രക്ഷിച്ചു നില്‍ക്കവേ ആ അത്ഭുതകരമായ മഹായജ്ഞം മംഗളമായി സമാപിച്ചു. ധനധാന്യങ്ങളാല്‍ ഐശ്വര്യ സമ്പൂര്‍ണമായി, നിര്‍വിഘ്നമായി, ജനമംഗളകരമായി രാജസൂയം നടത്തിക്കഴിഞ്ഞ് പാണ്ഡവ പൂജിതനായ ശ്രീ വാസുദേവന്‍ ദ്വാരകയിലേക്കു മടങ്ങി. ദക്ഷിണയുടെ ആധിക്യം കൊണ്ട് സന്തുഷ്ടരായ ബ്രാഹ്മണരും സമ്മാനങ്ങള്‍ കൊണ്ടു ബഹുമാനിതരായ രാജാക്കന്മാരും മറ്റതിഥികളുമെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങി. ദുര്യോധനനും അമ്മാവനായ ശകുനിയും മാത്രം വീണ്ടും കുറച്ചുനാള്‍ അവിടെ വസിച്ചു. ആ വാസം ആപത്തു ക്ഷണിച്ചുവരുത്തുന്നതായിത്തീര്‍ന്നു!...(തുടരും)

സുഗതകുമാരി
വര : ജയേന്ദ്രന്‍