KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ തൈമുണ്‍മാസ് എന്ന പൊന്നോമന (ഇന്തോനേഷ്യ)
തൈമുണ്‍മാസ് എന്ന പൊന്നോമന (ഇന്തോനേഷ്യ)

thai“ഓമനക്കുഞ്ഞേ, നോക്കൂ! നിന്നെ പിടിച്ചു കൊണ്ടു പോകാനായി  ഒരു ഭീകര രാക്ഷസന്‍ പുറത്തു കാത്തു നില്‍പ്പാണ്.  എത്രയും പെട്ടെന്ന്, അടുക്കളവാതിലില്‍ക്കൂടി നീ പുറത്തേക്ക് ഓടി രക്ഷപ്പെട്ടോളൂ! ദാ, ഈ സഞ്ചിയും തോളില്‍ ഇട്ടോളൂ! രാക്ഷസന്‍ തൊട്ടു പിന്നിലെത്തുമ്പോള്‍ ഇതിനുള്ളില്‍ നിന്നും ഓരോരോ വസ്തുക്കളായി, പിന്നിലേക്കു വാരി എറിഞ്ഞുകൊള്ളണം.  അതേയുള്ളൂ ഏക രക്ഷാമാര്‍ഗം.  ഒരു നിമിഷം പോലും പാഴാക്കാനില്ല.  പൊന്നുണ്ണീ, നീ  അകലേക്കകലേക്ക് ഓടിപ്പോവൂ!” ഒറ്റ ശ്വാസത്തിലാണ് അച്ഛന്‍ അത്രയും പറഞ്ഞത്.thai7
പാവം തൈമുണ്‍മാസ്! അവള്‍ ഇതു കേട്ടു വല്ലാതെ പേടിച്ചുപോയി.  തന്നെപ്പിടിച്ചു കൊണ്ടുപോകാന്‍ ഒരു രാക്ഷസന്‍ വരികയോ? അച്ഛന്‍ എന്താണീപ്പറയുന്നത്? അപ്പോഴേക്കും അമ്മ പലതരം ചെറുപൊതികള്‍ നിറച്ച ഒരു സഞ്ചി അവളുടെ തോളില്‍ ഞാത്തിയിട്ടു.  എന്നിട്ട് അച്ഛനും അമ്മയും കൂടി ഒരേ പോലെ തിടുക്കം കൂട്ടി.  “കുഞ്ഞേ, എത്രയും വേഗം ഓടി രക്ഷപ്പെട്ടോളൂ!” തന്റെ കാലുകള്‍ക്ക് ആവുന്നത്ര വേഗത്തില്‍ അവള്‍ ഓടാന്‍ തുടങ്ങി.
മദ്ധ്യജാവയിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു കര്‍ഷകനും ഭാര്യയും പാര്‍ത്തിരുന്നു.  കാടിനടുത്തായിരുന്നു അവരുടെ വീട്.  വയലില്‍ കൃഷിചെയ്തും മടിയില്ലാതെ പണിയെടുത്തും സമാധാനത്തോടെയായിരുന്നു അവര്‍ ജീവിച്ചത്.
പക്ഷേ അവര്‍ക്കു കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.  ഇക്കാര്യം അവരെ സങ്കടപ്പെടുത്തി. താലോലിക്കാന്‍ ഒരു കുട്ടിയുണ്ടായിരുന്നെങ്കില്‍ എന്നവര്‍ മോഹിച്ചു.  തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരണേ എന്നവര്‍ ദിവസവും ഈശ്വരനോടു യാചിച്ചു.
ആ വഴി കടന്നുപോയ ഒരു രാക്ഷസന്‍ കര്‍ഷകദമ്പതികളുടെ ഈ പ്രാര്‍ത്ഥന കേള്‍ക്കാനിടയായി.  അയാള്‍ അവര്‍ക്ക് ഒരു വെള്ളരി വിത്തു കൊടുത്തു.
“നിങ്ങള്‍ ഈ വിത്ത് മണ്ണില്‍ കുഴിച്ചിടുക.  താമസിയാതെ ഒരു മകളെ നിങ്ങള്‍ക്കു കിട്ടും!” പക്ഷേ ഒരു നിബന്ധന; അവര്‍ക്കു പതിനേഴു വയസ്സു തികയുന്ന നാള്‍, ഞാനിവിടെയെത്തും.  അന്നു പെണ്‍കുട്ടിയെ എനിക്കു തരണം.” ഒരു കുഞ്ഞിനുവേണ്ടി വര്‍ഷങ്ങളോളം കാത്തിരുന്നു നിരാശരായ അവര്‍ അധികമൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ആ നിബന്ധനയ്ക്ക് സമ്മതം മൂളി.
ഇരുവരും ചേthai1ര്‍ന്ന് വെള്ളരി വിത്തു മണ്ണില്‍ പാകി.  അതില്‍ നിന്നും പുതുനാമ്പു പൊട്ടുന്നതും തളിരിലകള്‍ വിരിയുന്നതും അവര്‍ ആകാംക്ഷയോടെ കണ്ടു.  മാസങ്ങള്‍ കടന്നു പോയി.  വെള്ളരി പൂത്തു, കായ്ച്ചു. കായ് മെല്ലെ വളര്‍ന്നു തുടങ്ങി.  സ്വര്‍ണ നിറമായിരുന്നു അതിന്.  
ഒരു നാള്‍ അതു വിളഞ്ഞു പാകമായി.  അവര്‍ അതീവശ്രദ്ധയോടെ അതു പറിച്ചെടുത്ത് രണ്ടായി പിളര്‍ന്നു... ഹാ, അതിനുള്ളില്‍ നിന്നും പുറത്തു വരുന്നു സുന്ദരിയായ ഒരു കൊച്ചു പെണ്‍കിടാവ്! കര്‍ഷകനും ഭാര്യയും തങ്ങള്‍ കാണുന്നതു സത്യം തന്നെയാണോ എന്നു തിരിച്ചറിയാന്‍ കുറേ സമയമെടുത്തു!
ഒടുവില്‍ ഈശ്വരന്‍ തങ്ങളുടെ അപേക്ഷ കേട്ടുവല്ലോ! അവരുടെ ഹൃദയം ആഹ്ളാദം കൊണ്ടു നിറഞ്ഞു.  അവര്‍ ആ കുഞ്ഞിനെ കോരിയെടുത്ത് ഓമനിച്ചു.  ‘സ്വര്‍ണവെള്ളരി’ എന്നര്‍ത്ഥം വരുന്ന തൈമുണ്‍മാസ് എന്നാണ് ആ പൈതലിനവര്‍ പേരിട്ടത്.
കാലം കടന്നു പോയി.  അച്ഛനമ്മമാരുടെയും ആ ദേശത്തുള്ളവരുടെയും സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി തൈമുണ്‍ വളര്‍ന്നു.  അവള്‍ക്കു പതിനേഴു വയസ്സു തികയുന്ന നാളെത്തി.  ഏവരും ഭീതിയോടെ കാത്തിരുന്ന ദിവസം..........!
അന്നു പുലര്‍ച്ചെ തന്നെ, കൃത്യമായി രാക്ഷസന്‍ അവരുടെ വീട്ടുവാതില്‍ക്കലെത്തി.  ഏവരുടെയും കണ്ണിലുണ്ണിയായിരുന്നു തൈമുണ്‍.  അവളെ വിട്ടുകൊടുക്കാന്‍ അച്ഛനമ്മമാര്‍ക്ക് അശേഷം മനസ്സുണ്ടായിരുന്നില്ല. രാക്ഷസന്‍ തങ്ങളുടെ അരുമക്കുഞ്ഞിനെ പിടിച്ചു കൊണ്ടു പോകുന്നതോര്‍ത്ത് അവരുടെ ഹൃദയം തകര്‍ന്നു.
നിസ്സഹായരായ ആ കര്‍ഷകനും ഭാര്യയ്ക്കും മുമ്പില്‍ മറ്റൊരു വഴിയുമില്ലായിരുന്നു.  അങ്ങനെ യാണവര്‍ തൈമുണിനോട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടത്.
മകള്‍ ഓടിയോടി, കണ്ണില്‍ നിന്നും മറഞ്ഞപ്പോഴാണ്, അവര്‍ക്കു തെല്ലെങ്കിലും സമാധാനമായത്.  തൈമുണ്‍ ഉറക്കമുണര്‍ന്നില്ലെന്നും കുറച്ചു കഴിഞ്ഞ് അവള്‍ എഴുന്നേറ്റു തയ്യാറായി കൂടെ ചെല്ലുമെന്നുമായിരുന്നു അവര്‍ രാക്ഷസനോടു പറഞ്ഞത്.thai2
രാക്ഷസന്‍ കാത്തിരുന്ന് അക്ഷമനായി.  ഇത്തിരി നേരം കൂടി നോക്കി നിന്നിട്ടും പെണ്‍കുട്ടി ഇറങ്ങി വരുന്നില്ല.  അവള്‍ രക്ഷപ്പെട്ടു കഴിഞ്ഞെന്ന് അയാള്‍ മനസ്സിലാക്കി.   കോപാക്രാന്തനായിത്തീര്‍ന്ന രാക്ഷസന്‍ ഒറ്റച്ചവിട്ടിന് അവരുടെ കൊച്ചു വീടു തകര്‍ത്ത് തവിടുപൊടിയാക്കി.  
എന്നിട്ട് ഭീകരമായി അലറിക്കൊണ്ടയാള്‍ പിന്നില്‍ക്കണ്ട വഴിയിലൂടെ അവളെത്തിരഞ്ഞ് ഓടി. ഓടി ഓടി അയാള്‍ അവളുടെ അടുത്തെത്താറായി.  പിന്നില്‍ രാക്ഷസന്റെ ഭാരിച്ച കാലൊച്ച കേട്ടതും തൈമുണ്‍ തിരിഞ്ഞു പോലും നോക്കാതെ, അച്ഛന്‍ പറഞ്ഞതനുസരിച്ച് സഞ്ചിയില്‍ നിന്നും ആദ്യത്തെ പൊതി എടുത്തു പിന്നാക്കം എറിഞ്ഞു.  അതു നിറയെ ഉപ്പുപൊടിയായിരുന്നു.
ഉപ്പു ചെന്നു വീണിടത്ത്, ഒരു വലിയ കടല്‍ രൂപപ്പെട്ടു.  ഓളങ്ങള്‍ ഉയര്‍ന്നു താഴുന്ന ഒരു വന്‍ സമുദ്രം.  രാക്ഷസന്‍ ഏറെ പാടുപെട്ടാണ്, ആ ആഴക്കടല്‍ താണ്ടിക്കടന്നത്.
തൈമുണ്‍ കുറേ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.  തിരിഞ്ഞു നോക്കിയപ്പോള്‍ രാക്ഷസന്‍ അലറിക്കുതിച്ചു വീണ്ടും തൊട്ടു പിന്നാലെ വരുന്നതാണു കണ്ടത്! അവള്‍ സഞ്ചിക്കുള്ളില്‍ നിന്നും അടുത്ത പൊതി എറിഞ്ഞു.  അതില്‍ കുറേ പച്ചമുളകായിരുന്നു.
അത്ഭുതം! മുളകുകള്‍ നിലത്തു വീണ പാടേ, അവിടം നിറയെ മരങ്ങള്‍ ആര്‍ത്തു വളര്‍ന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന ആ മരക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി, പുറത്തു കടക്കാന്‍ രാക്ഷസന് ഏറെ പണിപ്പെടേണ്ടി വന്നു.  എന്നിട്ടും തന്റെ നീണ്ട കാലടികള്‍ വലിച്ചു വെച്ച് അയാള്‍ വളരെ വേഗം അവളുടെ ഒപ്പമെത്തി.
തൊട്ടുതൊട്ടില്ല എന്ന മട്ടിലായി.  വേഗം തന്നെ അവള്‍ മൂന്നാമത്തെ പൊതിയുമെടുത്ത് പിന്നാക്കം എറിഞ്ഞു.  അതില്‍ നിറയെ വെള്ളരി വിത്തുകളായിരുന്നു. മണ്ണില്‍ ചെന്നു പതിച്ച ഉടന്‍ അവ പൊട്ടിക്കിളിര്‍ത്ത്, തഴച്ചു പടര്‍ന്നു.  ആ പ്രദേശം മുഴുവന്‍ വെള്ളരിവള്ളികള്‍ കൊണ്ടു നിറഞ്ഞു.
ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ആ പടര്‍പ്പു പിന്നിടുക മഹാബുദ്ധിമുട്ടായിരുന്നു.  ഓരോ കാല്‍വെയ്പിലും കനത്ത വള്ളികള്‍ക്കിടയില്‍ അയാളുടെ കാലുകള്‍ കുരുങ്ങി.  ഓട്ടം തുടങ്ങിയിട്ടു കുറേ നേരമായതിനാല്‍ രാക്ഷസനു വല്ലാത്ത ക്ഷീണവുമുണ്ടായിരുന്നു.
അതിനു പുറമേ, നല്ല വിശപ്പും! അയാള്‍ അവിടെക്കണ്ട വെള്ളരിക്കായ്കളത്രയും പറിച്ചെടുത്തു ശാപ്പിട്ടു.  എത്രയെണ്ണം അകത്താക്കിയെന്ന് അയാള്‍ക്കു പോലും ഓര്‍മയില്ല.  തിന്നു നിന്ന് വയറു വീര്‍ത്തു പൊട്ടാറായി.  അതിനു പുറമേ തളര്‍ച്ചയും ക്ഷീണവും കൂടിയായപ്പോള്‍ ഒരടി പോലും മുന്നോട്ടു നീങ്ങാനാവാത്ത അവസ്ഥ.
ആള്‍ അവിടെത്തന്നെ വീണു കിടന്ന് ഉറക്കമായി.  ആ ഗാഢനിദ്ര ഏറെ നേരം തുടര്‍ന്നു.  ഉറക്കമുണര്‍ന്നപ്പോള്‍ അയാളുടെ ക്ഷീണമത്രയും പമ്പ കടന്നു.  നല്ല ഉത്സാഹം! രാക്ഷസന്‍ വര്‍ദ്ധിച്ച ആവേശത്തോടെ വീണ്ടും ഓട്ടം തുടങ്ങി.
തൈമുണ്‍ ഇതിനകം ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.  ആ ഭീകരന്റെ കൈയില്‍നിന്നും രക്ഷപ്പെട്ടു എന്ന ആശ്വാസത്തിലായിരുന്നു അവള്‍.  പെട്ടെന്ന താ പുറകില്‍വീണ്ടും പെരുമ്പറ ശബ്ദം പോലെ മുഴങ്ങുന്ന കാലടിയൊച്ച...
അവള്‍ വല്ലാതെ പരിഭ്രമിച്ചു.  സഞ്ചിയില്‍ ഇനി അവശേഷിച്ചിരിക്കുന്നത്  ഒരേ ഒരു പൊതിയാണ്.  അതു കൊണ്ടും രക്ഷ യില്ലെങ്കില്‍ താനെന്തു ചെയ്യും? ഇയാള്‍ അടുത്ത തടസ്സവും മറികടന്നാല്‍ തന്നെ പിടികൂടിയതു തന്നെ.  അതോടെ തന്റെ കഥ കഴിയും! ഈശ്വരാ, ഓര്‍ക്കാന്‍ കൂടി വയ്യ.
ഓടി ഓടി, കാലുകള്‍ കുഴയുന്നു.  തല ചുറ്റുന്നു.  രണ്ടും കല്‍പ്പിച്ച് അവസാനത്തെ പൊതിയും അവള്‍ പിന്നിലേക്ക് ആഞ്ഞെറിഞ്ഞു.  അതിനുള്ളിthai5ല്‍ ചെമ്മീന്‍ കുഴമ്പായിരുന്നു.
വീണ്ടും അത്ഭുതം സംഭവിക്കുന്നു! നിലത്തു വീണ പാടേ, കുഴമ്പു ചുറ്റിനും പടര്‍ന്നു പടര്‍ന്ന് അതൊരു വലിയ തടാകമായി മാറി.  ആഴമുള്ള ഒരു വിസ്തൃത ജലാശയം.
രാക്ഷസന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു.  അയാള്‍ ആ വെള്ളത്തിലേക്ക് എടുത്തു ചാടി.  കുഴമ്പുപോലെ വഴുവഴുക്കുന്ന ആ വെള്ളക്കെട്ടിലൂടെ മുന്നോട്ടു നീങ്ങുക വളരെ ബുദ്ധിമുട്ടായിരുന്നു.
എന്നിട്ടും, ഒരു വിധത്തില്‍ തുഴഞ്ഞും നീന്തിയും അയാള്‍ മറുകര എത്താറായി.  തന്റെ നീണ്ട കൈകള്‍ തൈമൂണിനെ തൂക്കിയെടുക്കാനായി അയാള്‍ നീട്ടിപ്പിടിച്ചു.  എല്ലാം അവസാനിച്ചു എന്നോര്‍ത്തു പേടിച്ചു വിറച്ച് അവള്‍ കണ്ണുകള്‍ രണ്ടും മുറുകെ പൂട്ടി.
വലിയൊരു ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍  ഹാ, എന്തൊരാശ്വാസം! രാക്ഷസന്‍ തടാകത്തിന്റെ അടിത്തട്ടിലേക്കു താഴ്ന്നുപോകുന്ന കാഴ്ചയാണു കണ്ടത്!  രക്ഷപ്പെടാനായി അയാള്‍ വല്ലാത്ത പരാക്രമങ്ങളൊക്കെ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.  ആള്‍ താണുതാണ് അഗാധതയിലേക്കു മറഞ്ഞുപോയി.  മുകള്‍പ്പരപ്പില്‍ വലിയ കുറേ കുമിളകള്‍ മാത്രം അവശേഷിച്ചു.
തൈമുണ്‍ വീട്ടിലേക്കു മടങ്ങി.  മകളെ തിരിച്ചു കിട്ടിയപ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടായ
ആശ്വാസം പറഞ്ഞറിയിക്കാന്‍ വയ്യ.  ആനന്ദക്കണ്ണീര്‍ പൊഴിച്ചു കൊണ്ട്, അവര്‍ ഈശ്വരനു നന്ദി പറഞ്ഞു.  വനത്തിനരികെയുള്ള ആ ചെറിയ വീട്ടില്‍ അവര്‍ സന്തോഷത്തോടെ ഏറെക്കാലം വസിച്ചു.

പുന: റോസ്മേരി
വര: അരുണ ആലഞ്ചേരി