KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ദ്യൂതക്രീഡ

mahabaharathm_title
ഹസ്തിനപുരത്തെത്തിയ പാണ്ഡവന്മാരെയും കൃഷ്ണയെയും സഹോദരഭാവേന കൌരവന്മാര്‍ സ്വീകരിച്ചു സല്‍ക്കരിച്ചു. അവര്‍ ആദ്യം ചെന്നു തൊഴുതത് പതിവ്രതാരത്നമായ ഗാന്ധാരീദേവിയെയായിരുന്നു. അതിനുശേഷം അന്ധ പിതാവായ മഹാരാജാവ് ധൃതരാഷ്ട്രരെയും മറ്റു ഗുരുജനങ്ങളെയും നമസ്ക്കരിച്ച് അവര്‍ക്കുവേണ്ടിയൊരുക്കിയിരിക്കുന്ന മന്ദിരങ്ങളില്‍ പോയി വിശ്രമിച്ചു.
പുലരിയില്‍ വന്ദികളുടെ സ്തുതിഗീതങ്ങള്‍ കേട്ടുകൊണ്ട് ഉണര്‍ന്നെഴുന്നേറ്റ് കുളിച്ച് തയ്യാറായി പൂജയും പ്രാതലും കഴിച്ച് യുധിഷ്ഠിരനും ഭ്രാതാക്കന്മാരും സഭയിലേക്കു ചെന്നു. അവിടെ പ്രായത്തിനനുസരിച്ച് ഒരുക്കിയിട്ടുള്ള ആസനങ്ങളില്‍ അവരെല്ലാവരും ഇരുന്നുകഴിഞ്ഞപ്പോള്‍ ശകുനി പുഞ്ചിരിയോടെ യുധിഷ്ഠിരനെ ചൂതുകളിക്കു ക്ഷണിച്ചു. യുധിഷ്ഠിരന്‍ പറഞ്ഞു. “ദ്യൂതം ക്ഷത്രിയരുടെ കളിയാണ്. ഇതില്‍ ചതിയും കാപട്യവും പാടില്ല. ചൂതാട്ടത്തിന്റെ ജയം മാനമുള്ളതല്ല. ശകുനേ, ചതിപ്പണികളില്ലാതെ കളിച്ചാലും.” ശകുനി മറുപടി പറഞ്ഞു. “ബുദ്ധിയുള്ളവന്‍ കളിയില്‍ ജയിക്കും. ദ്യൂതത്തില്‍ പ്രാവീണ്യമുള്ളവനെ ചതിയനെന്നു വിളിക്കുന്നത് ശരിയല്ല. വിദ്വാന്‍ വിദ്യയില്ലാത്തവനെയും ബലവാന്‍ ദുര്‍ബലനെയും അസ്ത്രജ്ഞന്‍ അനസ്ത്രജ്ഞനെയും തോല്‍പ്പിച്ചാല്‍ അത് അസത്യമെന്നു പറയാന്‍ പാടില്ല. രാജാവേ, പേടിയുണ്ടെങ്കില്‍ പിന്‍മാറിക്കൊള്ളുക.”
“വെല്ലുവിളിച്ചാല്‍ പേടിച്ചു പിന്‍മാറുന്നവനല്ല ഞാന്‍” എന്നു പറഞ്ഞ് യുധിഷ്ഠിരന്‍ ദ്യൂതത്തിനൊരുങ്ങിയപ്പോള്‍ ദുര്യോധനന്‍ പറഞ്ഞു. “എനിക്കുവേണ്ടി എന്റെ മാതുലന്‍ ശകുനി കളിക്കുന്നതാണ്. പണയത്തിനുവേണ്ട രത്നധനങ്ങള്‍ ഞാന്‍ കൊടുക്കും.”
“അത് ശരിയല്ല” എന്നു വാദിച്ചെങ്കിലും യുധിഷ്ഠിരന്‍ ചൂതിനൊരുങ്ങി. അപ്പോഴേക്ക് ധൃതരാഷ്ട്രരും ഭീഷ്മദ്രോണകൃപാചാര്യന്മാരും വിദുരരും മറ്റു ബന്ധുമിത്രാദികളുമെല്ലാം വന്നെത്തി സുഹൃദ്യൂതം കാണാന്‍ ഇരുന്നു കഴിഞ്ഞു.
ചൂത് ആരംഭിച്ചു. അക്ഷം കയ്യിലിട്ടു കറക്കിക്കൊണ്ട് ശകുനി പുഞ്ചിരിയോടെ ചോദിച്ചു. “മഹാരാജാവേ, കളി തുടങ്ങുന്നു. എന്താണ് അങ്ങയുടെ പണയം?”
യുധിഷ്ഠിരന്‍: “ഇതാ കടല്‍ച്ചുഴിയിലുണ്ടായ വിലയേറിയ മുത്തുകള്‍ കോര്‍ത്ത സുവര്‍ണഹാരം ഞാന്‍ പണയം വയ്ക്കുന്നു. എന്താണ് അങ്ങയുടെ പണയം?”
ദുര്യോധനന്‍ പറഞ്ഞു, “എനിക്കുമുണ്ട് മണികളും ധനവും - ഇതാ അവ. കളി തുടങ്ങുക.”
കളിച്ചു. ആദ്യത്തെ കളിയില്‍ത്തന്നെ ശകുനി ജയിച്ചു. യുധിഷ്ഠിരന്‍ ശുണ്ഠിയെടുത്തു പറഞ്ഞു. “ശകുനേ, അങ്ങു കള്ളക്കളി കളിക്കുകയാണെന്ന് ഞാനറിയുന്നു. എങ്കിലും ഇതാ ആയിരം സ്വര്‍ണനാണയങ്ങള്‍ വീതം നിറച്ച പെട്ടികള്‍ പണയം വയ്ക്കുന്നു.” അക്ഷങ്ങള്‍
ഉരുണ്ടു.4Thaliru
“ജയിച്ചു!” ശകുനി പറഞ്ഞു. കളി തുടര്‍ന്നു. വാശിയേറി വരികയാണ്.
യുധിഷ്ഠിരന്‍ “ഇതാ പൊന്നും വെള്ളിയും നിറഞ്ഞ ഭണ്ഡാരങ്ങള്‍.”
“ഞങ്ങള്‍ ജയിച്ചു!” ശകുനി പറഞ്ഞു.
“ഇതാ ഞങ്ങള്‍ വന്ന, കിങ്ങിണികള്‍ കിലുങ്ങുന്നതും പുലിത്തോലുറയിട്ടതും കുരരിപ്പക്ഷികളുടെ നിറമുള്ള എട്ട് വിശിഷ്ടാശ്വങ്ങളെ പൂട്ടിയതും കടല്‍പോലെ ഇരമ്പുന്നതുമായ രാജരഥം ഞാന്‍ പണയം വയ്ക്കുന്നു.” കളി തുടര്‍ന്നു. “അതും ജയിച്ചു!” എന്നായി ശകുനി.
“ഇതാ പൊന്നണിഞ്ഞു ചമഞ്ഞവരും പട്ടുടുത്തു ചന്ദനം തൊട്ടവരും നൃത്തഗീത കുശലകളുമായ ആയിരം ദാസിമാരെ ഞാന്‍ പണയം വയ്ക്കുന്നു.”
“ഹാ! അതും ജയിച്ചു!” എന്നായി ശകുനി.
ഈ വിധത്തില്‍ കള്ളക്കളി വിദഗ്ധമായി തുടര്‍ന്നു. രാജസഭയിലുള്ളവരെല്ലാം ഉല്‍ക്കണ്ഠയോടെ നോക്കിയിരുന്നു.
“പട്ടുടുത്തവരും കുണ്ഡലമണിഞ്ഞവരും സമര്‍ഥരും യുവാക്കളുമായ ആയിരം ദാസന്മാരെ ഞാനിതാ പണയം വയ്ക്കുന്നു.”
അതും തോറ്റപ്പോള്‍ പാണ്ഡവന്മാര്‍ പരസ്പരം നോക്കി. യുധിഷ്ഠിരന് വാശിയേറുകയാണ്.
“മഴമേഘങ്ങള്‍ പോലെ കറുത്തവയും പൊന്‍ ചങ്ങലക്കോപ്പുകളിട്ടവയും യുദ്ധത്തിന് പരിശീലിക്കപ്പെട്ടവയുമായ ആയിരം കൊമ്പനാനകളെ പിടികളോടൊപ്പം ഇതാ പണയം വയ്ക്കുന്നു.”അക്ഷങ്ങള്‍ ഉരുണ്ടു. “നോക്കൂ, ജയിച്ചു!” എന്ന് ചിരിച്ചുകൊണ്ട് ശകുനി വിളിച്ചറിയിച്ചു.
“പൊന്നിന്‍ കൊടിമരങ്ങളും ഇണങ്ങിയ കുതിരകളും യുദ്ധ കുശലരായ തേരാളികളുമൊത്തുള്ള ആയിരം തേരുകള്‍ ഇതാ എന്റെ പണയം.”
“ജയിച്ചൂ” ശകുനി പൊട്ടിച്ചിരിക്കുകയാണ്. സഭാതലം ചൂടു പിടിച്ചു കഴിഞ്ഞു.
“തിത്തിരിപ്പക്ഷികളുടെ നിറമുള്ളവയും പൊന്നണിഞ്ഞവയുമായ ഗന്ധര്‍വാശ്വങ്ങള്‍, ഇവയെ പോരില്‍ അടങ്ങിയ ചിത്രരഥന്‍ പാര്‍ഥന് സമ്മാനിച്ചവയാണ്. അവയാണ് എന്റെ പണയം!”
വീണ്ടും കള്ളക്കളി കളിച്ചു.  ശകുനി ചിരിച്ചുകൊണ്ട് “അതും ജയിച്ചൂ” എന്ന് പ്രഖ്യാപിച്ചു.
കളി തുടരുകയാണ്. യുധിഷ്ഠിരന്‍ പണയം വെച്ചു വെച്ചു തോറ്റു കൊണ്ടേയിരിക്കുന്നു.
“ഇതാ പതിനായിരം തേരുകളും വണ്ടികളും!” അവയും നഷ്ടപ്പെട്ടു.
“ഇതാ അറുപതിനായിരം മാര്‍വിരിഞ്ഞ പോരാളികള്‍.” അവരും കൈവിട്ടു പോയി.
“ഇതാ നാനൂറ് ചെമ്പുകുട്ടകങ്ങളില്‍ അമൂല്യ നിധികള്‍, സുവര്‍ണ ഭാരങ്ങള്‍”
അവയും ശകുനി ജയിച്ചെടുത്തു. ഘോരമായ ചൂതുകളി ഈ വിധം നടക്കവേ സഭാവാസികള്‍ അസ്വസ്ഥരായിത്തീരവേ, വിദുരര്‍ ആശങ്കയോടെ ധൃതരാഷ്ട്രരോടു മന്ത്രിച്ചു. “മഹാരാജാവേ, ഇത് ആപത്തിനാണ്. ഈ ദുര്യോധനന്‍ ജനിച്ചനാള്‍ തന്നെ കുറുക്കനെപ്പോലെ ഓരിയിട്ടതും ഇവന്‍ കുലനാശകനെന്ന് ജ്യോതിഷികള്‍ വിധിച്ചതും അങ്ങ് മറന്നു പോയോ? ഈ ദ്യൂതം നിര്‍ത്തുക. പാണ്ഡവന്മാരെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ദേവന്മാര്‍ക്കുപോലുമാവുകയില്ലെന്നോര്‍ക്കുക. കുലം മുടിയാന്‍ അനുവദിക്കരുത്. മക്കളും മന്ത്രിമാരും ബന്ധുക്കളുമൊത്ത് ചാവാന്‍ വഴിയൊരുക്കരുത്. ദ്യൂതത്തിന്റെ ഫലം ഭീകരമായ കലഹമാണ്. മദം കൊണ്ട് ദുര്യോധനന്‍ ശകുനിയിലൂടെ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു. അയാളെ തിരിച്ചു വിളിക്കൂ. സ്വന്തം നാട്ടിലേക്ക് പോകാന്‍ പറയുക ആ അധര്‍മിഷ്ഠനെ. പാണ്ഡവരുടെ ധനം നമുക്ക് വേണ്ട മഹാരാജാവേ, അവരാണ് നമ്മുടെ ധനം. അവര്‍ അങ്ങയുടെയും പുത്രന്മാരാണ്. അവരെ ചതിച്ചാല്‍ ക്രോധമൂര്‍ത്തികളായി ഭീമാര്‍ജുനന്മാര്‍ നമ്മുടെ നേര്‍ക്കു തിരിയുമെന്നറിയുക. മതി മഹാരാജാവേ, മകന്റെ ദുഷ്ട വാക്കുകള്‍ കേള്‍ക്കരുത്. നാശമാണത്. ഈ ദ്യൂതം നിര്‍ത്തിച്ചാലും.”
വിദുരരുടെ വാക്കുകള്‍ കേട്ട് ദുര്യോധനന്‍ ക്രോധത്തോടെ അദ്ദേഹത്തെ നിന്ദിച്ചു. “അന്യനെ വാഴ്ത്തിക്കൊണ്ട്  ഞങ്ങള്‍ക്കൊപ്പം വസിക്കുന്ന നീ പാമ്പിനെപ്പോലെയത്രേ! വളര്‍ത്തുന്നവനെ കൊല്ലാന്‍ ശ്രമിക്കുന്നവന്‍. പാണ്ഡവരുടെ പക്കല്‍നിന്ന് ഏറെ ധനം വാങ്ങിയിട്ടോ ഞങ്ങളെയീവിധം നിന്ദിക്കുന്നത്? ഹേ വിദുരാ, നിങ്ങളോട് ഞാന്‍ അഭിപ്രായമൊന്നും ചോദിച്ചില്ലല്ലോ. മിണ്ടാതിരുന്നു കൊള്ളുക. അല്ലെങ്കില്‍ ഇഷ്ടമുള്ളിടത്തു പൊയ്ക്കൊള്ളുക. ശത്രുപക്ഷക്കാരനെ, അഹിതം പറയുന്നവനെ ഇവിടെ പാര്‍ക്കാന്‍ അനുവദിക്കുന്നതല്ല.”
വിദുരര്‍ പറഞ്ഞു. “ദുര്യോധനാ, സേവ പറയുവാന്‍ എന്നെ കിട്ടില്ല. രാജാവിന് ഹിതമായ കാര്യമാണ് മന്ത്രി പറഞ്ഞുകൊടുക്കേണ്ടത്. പ്രിയം മാത്രമല്ല. ധര്‍മനിഷ്ഠനായ രാജാവിനെ അധര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവനല്ല യഥാര്‍ഥ മന്ത്രി. കടുത്ത വിഷം പാനം ചെയ്യാന്‍ തന്നെ നിങ്ങള്‍ മുതിര്‍ന്നിരിക്കയാണ്. ഇനി എനിക്കൊന്നും പറയാനില്ല. വരുന്നതുവരട്ടെ. ഈശ്വരനിശ്ചയം നടക്കട്ടെ. കുരുകുലത്തിന് യശസ്സു മാത്രമേ എന്നും ഞാന്‍ കാംക്ഷിച്ചിട്ടുള്ളൂ.”
ഇത്രയും പറഞ്ഞ് ദുഃഖിതനായ വിദുരര്‍ മൌനമവലംബിച്ചു. കളി തുടരുകയാണ്. ജയിച്ചുകൊണ്ടേയിരിക്കുന്ന ശകുനി നിന്ദാഭാവത്തില്‍ ചോദിച്ചു. “യുധിഷ്ഠിരാ,mahabharatham2 ഏറെ ദ്രവ്യം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയെന്തെങ്കിലുമുണ്ടോ പണയം വയ്ക്കാന്‍?”
യുധിഷ്ഠിരന്‍ ചൊടിച്ചു. “ശകുനേ, കോടിക്കണക്കിന് ദ്രവ്യമുണ്ടെനിക്ക്. അതുമുഴുവന്‍ ഞാനിതാ പണയം തരുന്നു.” ഭയങ്കരമായ കളി അങ്ങനെ തുടര്‍ന്നു. യുധിഷ്ഠിരന്‍ ബുദ്ധികെട്ടവനെപ്പോലെ എല്ലാം വാരിയെറിഞ്ഞുകൊണ്ടേയിരുന്നു.  “ഇതാ എന്റെ പശു വൃന്ദങ്ങള്‍, കാളകള്‍, കുതിരകള്‍! എല്ലാം പണയം!”
“ഇതാ എന്റെ പക്കലുള്ള ഭൂമി ഞാന്‍ പണയം വയ്ക്കുന്നു!”
സഭയില്‍ ‘ഹാ’ എന്ന ആശങ്ക നിറഞ്ഞ ശബ്ദം മുഴങ്ങി. ദുര്യോധനനും സഹോദരന്മാരും ആഹ്ളാദം കൊണ്ട് ആര്‍ത്തുവിളിച്ചു കൈയടിക്കവേ “ഇതാ ജയിച്ചൂ!” എന്ന് ശകുനി പ്രഖ്യാപിച്ചു.
“ഇനിയെന്തുണ്ട് ധര്‍മപുത്രാ? എല്ലാം തീര്‍ന്നില്ലേ?”
അക്ഷമനായ ധര്‍മപുത്രര്‍ പറഞ്ഞു. “തീര്‍ന്നില്ല! ഇതാ ഞങ്ങള്‍ അണിഞ്ഞിരിക്കുന്ന സുവര്‍ണ രത്നാഭരണങ്ങള്‍ മുഴുവനും!”
അതിലും തോറ്റു. പാണ്ഡവന്മാര്‍ തങ്ങളുടെ ആഭരണങ്ങളെല്ലാം അഴിച്ചുവെച്ചപ്പോള്‍ സഭ നിശ്ചലമായി. “ഒക്കെ കഴിഞ്ഞോ? ആരുമില്ലേ നിനക്കിനി?” എന്ന ശകുനിയുടെ പരിഹാസ നിര്‍ഭരമായ ചോദ്യംകേട്ട് വിധിനിഹതനായ യുധിഷ്ഠിരന്‍ തൊണ്ടയിടറിക്കൊണ്ട് ഇങ്ങനെ
പറഞ്ഞു.
“ഇതാ എന്റെ അനുജന്‍. ശ്യാമനും രക്താക്ഷനും സിംഹസ്ക്കന്ധനുമായ നകുലനെ ഞാന്‍ പണയം വയ്ക്കുന്നു!” ചൂതുകള്‍ ഉരുണ്ടു. “ഹാഹാ! നകുലന്‍ ഞങ്ങള്‍ക്ക് അടിമയായി. ഇനിയാരുണ്ട്?” ശകുനി പൊട്ടിച്ചിരിച്ചു. ദുര്യോധനനും കര്‍ണനും ദുശ്ശാസനാദികളും ഹസ്തതാഡനം മുഴക്കി രസിക്കുകയാണ്.
യുധിഷ്ഠിരന്‍ അനുജന്മാരുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു. “ഇതാ പണ്ഡിതനും വീരനും പരമയോഗ്യനുമായ എന്റെ ഏറെ പ്രിയപ്പെട്ട അനുജന്‍ സഹദേവന്‍!”
കള്ളച്ചൂതുകള്‍ തുടരെ ഉരുണ്ടു. “ജയിച്ചൂ! സഹദേവനും ഞങ്ങളുടേതായി. ഭീമാര്‍ജുനന്മാരെ പണയം വയ്ക്കുന്നില്ലേ? അതോ അവര്‍ നിനക്ക് മാദ്രിയുടെ മക്കളെക്കാള്‍ പ്രിയപ്പെട്ടവരാണോ!” എന്ന ശകുനിയുടെ ചോദ്യത്തിന് മറുപടിയായി യുധിഷ്ഠിരന്‍ ചൊടിച്ചുകൊണ്ടു പറഞ്ഞു.
“ശകുനേ, ഞങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുവാനോ നിങ്ങള്‍ ശ്രമിക്കുന്നത്? ഞാനിതാ കളിക്കുന്നു. എന്റെ അര്‍ജുനന്‍, ശത്രുഞ്ജയനും മഹാവീരനും യശസ്വിയുമായ എന്റെയീ പ്രിയപ്പെട്ട അനുജനെ ഞാന്‍ പണയം വയ്ക്കുന്നു.”
“അര്‍ജുനനെയും ഞങ്ങള്‍ അടിമയാക്കീ!” എന്ന് ശകുനി ഉല്‍ഘോഷിച്ചു. സദസ്സ് സ്തംഭിച്ചപോലെ നോക്കിയിരിക്കവേ, ദുര്യോധനാദികള്‍ ആഹ്ളാദംകൊണ്ട് മതിമറക്കവേ ശകുനി ചോദിച്ചു. “കഴിഞ്ഞോ രാജാവേ, ഭീമനെന്ന മഹാവിക്രമിയുണ്ടല്ലോ ഇനി! സിംഹസ്ക്കന്ധനും കോപിഷ്ഠനും ഗദായുദ്ധ വിദഗ്ധനും നിനക്ക് പ്രിയപ്പെട്ടവനുമായ ഭീമനോ?”
“അപ്രകാരമാവട്ടെ” എന്നായി യുധിഷ്ഠിരന്‍.
കളി തുടര്‍ന്നു. ശകുനി വിജയാഹ്ളാദത്തോടെ “ഭീമന്‍ നമുക്ക് അടിമ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ദുര്യോധനാദികള്‍ ആഹ്ളാദാട്ടഹാസം മുഴക്കി. “ഇനിയാരുമില്ലേ യുധിഷ്ഠിര! താന്‍ തോറ്റോ? ആരുമില്ലേയിനി?”
“ഞാന്‍ മൂത്തവന്‍. എന്റെ ഭ്രാതാക്കള്‍ക്കു പ്രിയപ്പെട്ടവന്‍, അവരെ കൂടാതെ ഞാനെന്തിനിനി? ഈ ഞാനാകട്ടെ ഇനി പണയം”
‘ഹാ ഹാ’ എന്ന ആരവങ്ങള്‍ക്കിടയില്‍ വീണ്ടും അക്ഷങ്ങള്‍ ഇരമ്പിയുരുണ്ടു. ശകുനി ജയിച്ചു! യുധിഷ്ഠിരന്‍ തന്റെ രാജകിരീടം ഊരി വേദിയില്‍ വെച്ചു. തമ്മില്‍ നോക്കിയും കണ്‍കള്‍ ചുവന്നും ക്രോധത്താല്‍ ജ്വലിച്ചും നില്‍ക്കുന്ന പാണ്ഡവന്മാരെ നോക്കി കുടിലനായ ശകുനി പറഞ്ഞു. “യുധിഷ്ഠിര,  ഈ ചെയ്തതു ശരിയായില്ല, തന്നത്താന്‍ പണയമാക്കുന്നതിനുമുമ്പ് തനിക്കുള്ള മറ്റൊരു വിശിഷ്ട ധനം മറച്ചുവെച്ചിട്ട് സ്വയം പരാജയം സമ്മതിക്കുന്നത് ശരിയല്ല. രാജപത്നിയായ പാഞ്ചാലിയില്ലേ ധനമായി?”
വിധിക്കു കീഴടങ്ങിയ യുധിഷ്ഠിരന്‍ ഇങ്ങനെ പതുക്കപ്പറഞ്ഞു. “അനുകൂലയും പ്രിയംവദയും താമരയിതള്‍പോലെ കണ്ണുകളുള്ളവളും താമരപ്പൂമണം പൊഴിയുന്നവളുമായ,  ലക്ഷ്മീദേവിക്കു തുല്യയായ ദ്രൌപദിയെന്ന ധര്‍മപത്നിയെ ഞാനിതാ പണയം വയ്ക്കുന്നു.”
ഒടുവിലത്തെ അക്ഷവും ഉരുണ്ടു. “ജയിച്ചിരിക്കുന്നു!” ശകുനി അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. സഭ ആകെ ഇളകി. ‘ലജ്ജാവഹം’ എന്ന് വൃദ്ധ ജനങ്ങള്‍ ആക്രോശിച്ചു. ഭീഷ്മ ദ്രോണാദികള്‍ വിയര്‍ത്തു തളര്‍ന്നിരുന്നു. വിദുരര്‍ ശവംപോലെയായി. അവരേവരും നെടുവീര്‍പ്പിട്ടും ക്ഷോഭിച്ചും ദുഃഖിച്ചും വിവശരാകവേ സന്തുഷ്ടനായ ധൃതരാഷ്ട്രര്‍ ആഹ്ളാദത്തോടെ ചോദിച്ചു. “ആരാണ് അന്തിമ വിജയി?” “ദുര്യോധനന്‍” എന്ന മറുപടി കേട്ട് അന്ധരാജാവ് മറയില്ലാതെതന്നെ ആഹ്ളാദിച്ചു. ദുര്യോധന കര്‍ണ ദുശ്ശാസനാദികള്‍ ആഹ്ളാദമത്തരായി ‘ഹ ഹ ഹാ’ എന്ന് കൈയടിച്ചു പൊട്ടിച്ചിരിക്കുകയാണ്. ശകുനി മദത്തോടെ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അക്ഷങ്ങളെ കൈയിലിട്ടു കശക്കിക്കൊണ്ടിരിപ്പായി. മറ്റുള്ള സഭാവാസികളില്‍ പലര്‍ക്കും കണ്ണുനീരൊഴുകി.
ഭീമാര്‍ജുനന്മാര്‍ ദുഃഖത്താലും ക്രോധത്താലും അന്ധരായും നിയമങ്ങളാല്‍ അടക്കപ്പെട്ടും ശിലാസ്തംഭങ്ങള്‍ പോലെ നിലകൊണ്ടു. ഇതിനിടയില്‍ ദുര്യോധനന്‍ ആഹ്ളാദവും അഹങ്കാരവും നിറഞ്ഞ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു. “ആരവിടെ! പിടിച്ചുകൊണ്ടുവാ ആ പാഞ്ചാലിയെ! ഇവരുടെ ഇഷ്ടഭാര്യ ഇനി നമ്മുടെ ദാസി. അവളീ സഭാതലം അടിച്ചുവാരട്ടെ.”

സുഗതകുമാരി
വര : ജയേന്ദ്രന്‍