KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര ഒരു വിദ്യാര്‍ത്ഥിയെപ്പറ്റി
ഒരു വിദ്യാര്‍ത്ഥിയെപ്പറ്റിmunnuraസുനാമിത്തിരകള്‍ ഇരമ്പിയടിച്ചു പിന്മാറിയ കാലം. എന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന അഭയ എന്ന സംഘടനയിലെ ചില അംഗങ്ങള്‍ മണ്ടയ്ക്കാട്ട് പ്രദേശത്ത് അപകടത്തില്‍പ്പെട്ടയിടങ്ങളില്‍ സഹായമെത്തിക്കുവാന്‍ പോവുകയുണ്ടായി. മടങ്ങിയെത്തിയ അവരില്‍ ഒരുവന്‍, എന്റെ അനുജത്തിയുടെ മകന്‍ സഞ്ജു കടല്‍പ്പുറത്തുനിന്നു കിട്ടിയ ഒരു നോട്ടുബുക്ക് ‘ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞ് ഏല്പിച്ചു. നനഞ്ഞു കുതിര്‍ന്ന് ഉണങ്ങിച്ചുളിഞ്ഞ നീല ബയന്റുള്ള ആ നോട്ടുബുക്കില്‍ G Manikandan, Electronics + Computer Communication  എന്നു കുറിച്ചിരുന്നു. ഇംഗ്ളീഷിലും അധികവും തമിഴിലുമുള്ള, നനഞ്ഞ് അവ്യക്തമായ നോട്ടെഴുത്തുകള്‍, കണക്കുകള്‍ - ഒടുക്കത്തെ താളില്‍ മീരാ ജാസ്മിന്‍ എന്ന പേര് ചിത്രം വരച്ചപോലെ അരുമയായി കുറിച്ചിരിക്കുന്നു. ആ നോട്ടുബുക്ക് എന്റെ ഉള്ളു നോവിച്ചു. അവന് എന്തു പറ്റി? ഒട്ടേറെ പേരെ തിരകള്‍ വിഴുങ്ങിയ ആ തീരപ്രദേശങ്ങളില്‍ എവിടെയാണ് മണി കണ്ഠന്‍? രക്ഷപ്പെട്ടുവോ? ഇല്ലയോ? ഏതെങ്കിലും ക്യാമ്പില്‍ അസ്വസ്ഥനായി അവന്‍ ഉഴലുകയാണെന്ന് സങ്കല്പിക്കുവാനായിരുന്നു എനിക്കിഷ്ടം. എങ്കിലും ഭയം തോന്നി.munnura2
ഞാന്‍ ഈ വിവരം മലയാള മനോരമയെ അറിയിച്ചു. മണികണ്ഠനെപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടുപിടിച്ചു തരാന്‍ അഭ്യര്‍ത്ഥിച്ചു. മനോരമ അവരുടെ ഒന്നാം പേജില്‍ തന്നെ ഒരു നീല നോട്ടുബുക്കിന്റെ പടവുമായി എന്റെ കത്ത് പ്രസിദ്ധീകരിച്ചു. അവന്റെ കണ്ണീര്‍ തുടയ്ക്കുവാന്‍, പഠനം മുഴുവന്‍ ഏറ്റെടുത്തു നടത്തുവാന്‍, അഭയ സ്നേഹത്തോടെ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന ആ അറിയിപ്പ് ഏതോ ദുരിതാശ്വാസ ക്യാമ്പിലും എത്തിച്ചേര്‍ന്നു. ഒരര്‍ദ്ധരാത്രിയില്‍ എനിക്ക് ഫോണ്‍ വന്നു. “മണികണ്ഠന്‍ ജീവിച്ചിരിപ്പുണ്ട്. തമിഴ്നാട്ടില്‍ ഒരു ക്യാമ്പിലുണ്ട്. അവനെ തിരുവന ന്തപുരത്ത് ഞങ്ങള്‍ കൊണ്ടുവരാം.”
അങ്ങനെ മണികണ്ഠന്‍ എന്റെയരികിലെത്തി. തിരകള്‍ അവന്റെ കൊച്ചു വീടു വിഴുങ്ങിയ കഥ പറഞ്ഞു. ആ സമയത്ത് അവന്‍ പുസ്തകമെടുക്കാന്‍ സൈക്കിളില്‍ ലൈബ്രറിയില്‍ പോയിരുന്നതാണ്. അവന്റെ അമ്മയും അനിയത്തിയും ആടിനെ തീറ്റാന്‍ കുറച്ചപ്പുറത്തുള്ള ഒരു മലയിലേക്കും പോയിരുന്നു. അവന്‍ മടങ്ങിവരുമ്പോള്‍ ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ടു. കാര്യമൊന്നും മനസ്സിലായില്ല. ഒടുവില്‍ ബഹളത്തിനിടയിലൂടെ, മറിഞ്ഞു കിടക്കുന്ന തെങ്ങുകളുടെയും നനഞ്ഞിടിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെയും ഒലിച്ചുപോയി മറിഞ്ഞു കിടക്കുന്ന വാഹനങ്ങളുടെയും ഇടയിലൂടെ പരിഭ്രാന്തനായി തന്റെ വീടുതേടി എത്തിയപ്പോള്‍ അവിടെ തിരകള്‍ തുപ്പി ക്കളഞ്ഞ കുറെ കല്ലും ഓടും മാത്രം... പക്ഷേ ആശ്വാസം! അവന്റെ അമ്മയും അനിയത്തിയും അവിടെയിരുന്ന് ആര്‍ത്തലച്ചു കരയുന്നുണ്ട്. മണികണ്ഠനെ കണ്ടപ്പോള്‍ അവരുടെ മുഖത്തും ആശ്വാസ മന്ദഹാസം. എല്ലാം പോയാലെന്ത്? കുട്ടികളെ കിട്ടിയല്ലോ. അങ്ങനെ മണികണ്ഠന്‍ അഭയയുടെ കുട്ടിയായി. പഠിച്ചു മിടുക്കനായി. എഞ്ചിനീയറിംഗും കമ്പ്യൂട്ടറില്‍ പ്രത്യേക വൈദഗ്ദ്ധ്യവും നേടി ഇപ്പോള്‍ ചെന്നൈ പട്ടണത്തില്‍ ഒരു നല്ല കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അവന്‍ ഇടയ്ക്കിടെ എന്നെ ഫോണില്‍ വിളിക്കാറുണ്ട്. “അമ്മാ, എല്ലാറ്റിനും ആ നീല നോട്ടുബുക്കു താന്‍ പ്രമാണം” - എന്നു പറയുന്ന ആ കുട്ടിയെ ഉള്ളാല്‍ തഴുകി ഞാന്‍ പറയും, ‘മണികണ്ഠാ, എല്ലാം കടവുളിന്‍ കരുണൈ  എന്ന് നാന്‍ നിനപ്പേന്‍.’
‘റിയാലിറ്റിഷോ’കളെന്ന അണ്‍റിയാലിറ്റി ഷോകളുടെ ഈ കാലത്ത് ഇത്തരം പല ‘റിയല്‍’ കഥകളും എനിക്ക് പറയാനുണ്ട് - നിങ്ങള്‍ അറിയേണ്ടവ.

സ്നേഹത്തോടെ,munnura1
സുഗതകുമാരി

വര: അരുണ ആലഞ്ചേരി