KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആഘോഷിക്കാം, നമുക്ക് ലോക രസതന്ത്രോത്സവം
ആഘോഷിക്കാം, നമുക്ക് ലോക രസതന്ത്രോത്സവം

 


feature
നമുക്ക് ഒരുത്സവം ആഘോഷിക്കാം. ഒറ്റ ദിവസം മാത്രമുള്ള ഉത്സവമല്ല. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഒരു ഉത്സവം! രസതന്ത്ര ഉത്സവം.
അയ്യോ രസതന്ത്ര ഉത്സവമോ! ഈ രസതന്ത്രം ക്ളാസില്‍ പഠിക്കാന്‍ ഉള്ള ഒരു വിഷയം മാത്രമല്ലേ? പഠിച്ചാല്‍ പിടികിട്ടാത്ത വിഷയം. പഠിച്ചാലും പഠിച്ചാലും മറന്നുപോകുന്ന വിഷയം. ഞങ്ങള്‍ കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമി ല്ലാത്ത ഈ വിഷയത്തില്‍ ഉത്സവമോ! അങ്ങനെയൊക്കെ ചില കൂട്ടുകാര്‍ ചിന്തിച്ചേക്കാം.chem1
മാമന് അതില്‍ സങ്കടമില്ല. അങ്ങനെ രസതന്ത്രത്തെ വെറുക്കുന്ന, തെറ്റിദ്ധരിക്കുന്ന മുതിര്‍ന്നവരുമുണ്ട്. രസതന്ത്ര ത്തിന്റെ മഹത്തായ സംഭാവനകള്‍ മനസ്സിലാക്കാത്തവര്‍. രസതന്ത്രമെന്നാല്‍ കുറെ പൊട്ടിത്തെറിക്കുന്നതും വിഷം പരത്തുന്നതുമായ കെമിക്കലുകളുടെ ശാസ്ത്രമാണ് എന്ന് കരുതുന്നവര്‍. പ്രകൃതിയെ മലിനമാക്കുന്ന ശാസ്ത്രമാണ് രസതന്ത്രം. പ്ളാസ്റിക്, രസതന്ത്രമുണ്ടാക്കിയതല്ലേ? എന്‍ഡോസള്‍ഫാനെപ്പോലുള്ള വില്ലന്മാരെ സൃഷ്ടിച്ച ശാസ്ത്രമല്ലേ? ഇങ്ങനെയൊക്കെ ചിന്തിക്കു ന്നവരും കുറവല്ല.

രസതന്ത്രം മഹത്തായ ശാസ്ത്രം
എന്നാല്‍ സത്യം എന്താണെന്നോ? മനു ഷ്യന്റെ വളര്‍ച്ചക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വലിയ ഒരു ശാസ്ത്ര ശാഖയാണ് രസതന്ത്രം. ഐറ്റി ഉള്‍പ്പെടെ യുള്ള ശാസ്ത്ര ശാഖകള്‍ വളരാന്‍ നിരവധി സംഭാവനകള്‍ നല്‍കിയ ശാസ്ത്രമാണ് രസതന്ത്രം. ലക്ഷക്കണക്കിന് രോഗികളെ രക്ഷിച്ച പെനിസിലിന്‍ രസതന്ത്രത്തിന്റെ സംഭാവനയല്ലേ? വീടും ആശുപത്രിയും പണിയാന്‍ വേണ്ട സ്റീലും സിമന്റും പെയിന്റും ഒക്കെ രസതന്ത്രത്തിന്റെ സംഭാവനയല്ലേ?

ഗ്രീന്‍ കെമിസ്ട്രി
കെമിസ്ട്രി പരിസ്ഥിതിയെപ്പറ്റി പണ്ട് ചിന്തിച്ചിരുന്നില്ല. എങ്ങനെയും രാസപ്രവര്‍ത്തനം നടത്തി ഉത്പന്നങ്ങള്‍ ഉണ്ടാക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം.  ലാഭം മാത്രമായിരുന്നു ലക്ഷ്യം.  എന്നാല്‍ പരിസ്ഥിതിശാസ്ത്രം വളര്‍ന്നതോടെ, പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാക്കണം എന്ന് രസതന്ത്രജ്ഞര്‍ക്കും ബോധ്യപ്പെട്ടു.  അങ്ങനെയാണ് പരിസ്ഥിതിസൌഹൃദ രസതന്ത്രമായ ഗ്രീന്‍ കെമിസ്ട്രി ഉടലെടുക്കുന്നത്.  സുസ്ഥിര വികസനമുറപ്പാക്കുന്നതാണ് ഗ്രീന്‍കെമിസ്ട്രിയിലെ പ്രോസസുകള്‍.  അതായത് അത്തരം പ്രവര്‍ത്തനങ്ങള്‍ വഴി പരിസ്ഥിതി മലിനീകരണമുണ്ടാകരുത്;  ഉത്പന്നങ്ങള്‍ പരിസ്ഥിതിസൌഹൃദപരമാകണം.  പുറന്തള്ളുന്ന മാലിന്യങ്ങളും മലിനീകരണമുണ്ടാക്കുന്നവയാകരുത്.  ഊര്‍ജം ദുരുപയോഗം ചെയ്യാത്തതാകണം പ്രക്രിയ.
വേസ്റുകള്‍ പുറന്തള്ളിയിട്ട് പിന്നെ അവയെ ഇല്ലാതാക്കി പരിസരം ശുചിയാക്കുന്നതല്ല നല്ല രീതി.  കഴിയുന്നത്ര വേസ്റ് ഉത്പാദിപ്പിക്കാത്ത രാസപ്രക്രിയകള്‍ ഉപയോഗിക്കുകയാണ് ഉചിതം.  വേസ്റ് പുറന്തള്ളിയാല്‍ തന്നെ അത് സ്വാഭാവികമായ വിഘടനം വഴി പ്രകൃതിയിലേക്കു ചേരണം.  ചവര്‍ അഴുകി മണ്ണിനു വളമാകും പോലെ.  അല്ലാതെ പ്രകൃതിയില്‍ കിടന്ന് അതിനു പരുക്കേല്പിക്കരുത്.
ഗ്രീന്‍കെമിസ്ട്രി മഹത്തായ ഒരു തത്ത്വശാസ്ത്രം കൂടിയാണ്.  ഒരു വിവേകപൂര്‍ണമായ സമീപനം.  ആ മനോഭാവം വ്യവസായികളും ഭരണാധികാരികളും ശാസ്ത്രജ്ഞരും സ്വീകരിക്കണം.
ഇന്ന് നിലവിലുള്ള രാസവ്യവസായശാലകളെല്ലാം അവരുടെ പ്രോസസുകളെ ഒരു പാരിസ്ഥിക ഓഡിറ്റിങ്ങിന് (environmental auditing)ന് വിധേയമാക്കി, കഴിയുന്നത്ര പ്രകൃതിസൌഹൃദ മാറ്റങ്ങള്‍ നടപ്പാക്കണം.
മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും നിലനില്പും ഉറപ്പാക്കുന്നതാകണം രാസപ്രക്രിയകള്‍.  അപ്പോള്‍ മാത്രമേ അത് പൂര്‍ണമായും പരിസ്ഥിതിസൌഹൃദപരമാകൂ.  അപകടങ്ങള്‍ക്കു സാധ്യതയുള്ള പ്രക്രിയകള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം.  സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കണം.  ഭോപ്പാല്‍ ദുരന്തം പോലുള്ളവ ഇനി ഒരിക്കലും ഒരിടത്തും ഉണ്ടാകരുത്.  കാസര്‍ഗോഡിലുണ്ടായിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്.  അതിന് ഗ്രീന്‍കെമിസ്ട്രിയുടെ സമീപനം സഹായിക്കും.
ഇന്ന് ലോകം നേരിടുന്ന ആഗോളതാപനം, ഓസോണ്‍പാളി ശോഷണം, കാലാവസ്ഥാവ്യതിയാനം, വനനശീകരണം, മണ്ണൊലിപ്പ്, വായു - ജല - ഭൂമലിനീകരണം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഗ്രീന്‍കെമിസ്ട്രി സഹായിക്കും.  കൃഷിയും പരിസ്ഥിതിസൌഹൃദപരമാകണം.അപ്പോള്‍ മലിനീകരണമുണ്ടാക്കുന്ന കീടനാശിനികളും കളനാശിനികളും മറ്റും മാറ്റി, സുരക്ഷിതമായവ കണ്ടെത്തി ഉപയോഗിക്കാനാകണം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് സൌരോര്‍ജം പോലുള്ളവ കൂടുതല്‍ പ്രയോജനപ്പെടുത്താനും ഗ്രീന്‍കെമിസ്ട്രി സഹായിക്കും.

രസതന്ത്രമില്ലെങ്കില്‍ മനുഷ്യനില്ല!
രസതന്ത്രമെന്നാല്‍ രാസസംയുക്തങ്ങളുടെ ശാസ്ത്രമാണ്. ആ കെമിക്കലുകള്‍ എല്ലാം ആറ്റങ്ങള്‍ കൊണ്ടുണ്ടാക്കിയിരിക്കുന്ന പദാര്‍ത്ഥങ്ങളാണ്. എല്ലാ കൂട്ടുകാരും ഒരു കാര്യം ചെയ്യൂ. കണ്ണാടിയില്‍ സ്വന്തം സൌന്ദര്യം കാണൂ. നല്ല മിനുമിനുത്ത കവിളല്ലേ കൂട്ടു കാരുടേത്? അത് രസതന്ത്രത്തിന്റെ സംഭാവ നയാണ്. തൊലിയെന്ന ത്വക്ക് ഒരു മാംസ്യമാണ്. പ്രോട്ടീന്‍. കവിളിനു ആകൃതി നല്‍കിയിരി ക്കുന്നതോ ഉള്ളിലെ ദശയാണ് മാംസം. അത് മാംസ്യം അഥവാ പ്രോട്ടീനാണ്. രസതന്ത്ര സംഭാവന തന്നെ. ഇങ്ങനെ ഏത് ശരീരഭാഗത്തെ പരിഗണിച്ചാലും അതിലെല്ലാമുള്ളത് സംയുക്തങ്ങളാണ് എന്ന് കാണാം. രാസസംയു ക്തങ്ങള്‍. തന്മാത്രകള്‍. ആറ്റം കൂട്ടങ്ങള്‍. അതെ, നിങ്ങള്‍ കെമിക്കലുകളുടെ ഒരു കൂട്ടമാണ്. കോളണിയാണ്. ഒരു രാസശാലയാണ്. നിങ്ങളുടെ ശരീരം ഒരു കെമിക്കല്‍ ഫാക്ട റിയാണ്. നിങ്ങള്‍ ചിരിക്കുന്നതും ചിന്തിക്കു ന്നതുമൊക്കെ രസതന്ത്ര സംയുക്തങ്ങളുടെ ജാലവിദ്യകള്‍ കൊണ്ടാണ്. രസതന്ത്ര സംയു ക്തങ്ങളില്ലെങ്കില്‍ ചിരിയില്ല, ചിന്തയില്ല, സ്വപ്ന മില്ല, ജീവിതമില്ല, ജീവനുമില്ല.chem4
ഭൂമിയില്‍ മൂലകങ്ങളുണ്ടായി, ആറ്റങ്ങള്‍ യോജിച്ച് തന്മാത്രകളുണ്ടായി, അജൈവ സംയുക്തങ്ങളില്‍ നിന്ന് ജൈവ സംയുക്തങ്ങളുണ്ടായി, അവസാനം ഏകകോശ ജീവികളുണ്ടായി, പിന്നെ ബഹുകോശ ജീവികളുണ്ടായി, അവസാനം മനുഷ്യനുമുണ്ടായ നീണ്ട നീണ്ട കഥയില്‍ എക്കാലവും ഏതു നിമിഷവും നടന്ന നാടകങ്ങളിലെല്ലാം ആറ്റങ്ങള്‍ നടന്മാരായിരുന്നു, കെമിക്കലുകള്‍ നായികാനായകന്മാരായിരുന്നു, രസതന്ത്രം പിന്നണി ഗായികയുമായിരുന്നു. രസതന്ത്രത്തിന് സ്തുതി പറയാതെ ജീവിക്കുന്നവര്‍ വിഡ്ഢികള്‍ മാത്രം!

IYC 2011
രസതന്ത്രത്തെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന, വിലമതിക്കുന്ന ഒരു തലമുറ ഉണ്ടാകേണ്ടത് അത്യാവശ്യമല്ലേ? എങ്കില്‍ മാത്രമേ മനുഷ്യന് ഭാവിയുള്ളൂ. ഭാവി വാഗ്ദാനങ്ങളായ ബയോടെക്നോളജി പോലുള്ള വിഷയങ്ങള്‍ അപ്പോള്‍ മാത്രമേ വളരൂ. രസതന്ത്രം രസമുള്ള ഒരു ശാസ്ത്രമാണ് എന്ന് മനസ്സിലാക്കി അത് പഠിക്കാന്‍ തയ്യാറാകുന്ന കുട്ടികള്‍ ലോകത്തുണ്ടാകണം. രസതന്ത്രമാണ് പരിസ്ഥിതിയെ രക്ഷിക്കാന്‍ കെല്പുള്ള ശാസ്ത്രമെന്ന് തിരിച്ചറിയുന്ന ഒരു മുതിര്‍ന്ന തലമുറയും ലോകത്തുണ്ടാകണം. കുട്ടികളുടെയും മുതിര്‍ ന്നവരുടെയും രസതന്ത്രബോധം വളര്‍ത്തണം. അതിന് ഒരു പരിപാടി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ളൈഡ് കെമിസ്ട്രി (International Union of Pure and Applied Chemistry) രൂപപ്പെടുത്തി. അവരുടെ നിര്‍ദേശങ്ങള്‍ യുനെസ്കോ അംഗീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി പാസാക്കി. അങ്ങനെയാണ് സാര്‍വദേശീയ രസതന്ത്ര വര്‍ഷം 2011 (International Year of Chemistry 2011) എന്ന പരിപാടി രൂപപ്പെട്ടത്.

രസതന്ത്രം - നമ്മുടെ ജീവിതം, നമ്മുടെ ഭാവി (Chemistry - our life, our future)
രസതന്ത്രം - നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നതാണ് രസതന്ത്രോത്സവത്തിന്റെ പ്രമേയം.
എല്ലാ ദ്രവ്യവും രാസസംയുക്തങ്ങളാല്‍ നിര്‍മിതമാണല്ലോ. വാതകമായാലും ദ്രാവകമായാലും ഖരമായാലും. അപ്പോള്‍ ലോകത്തെ സമസ്ത ദ്രവ്യങ്ങളെപ്പറ്റിയുമുള്ള നമ്മുടെ അറിവ് രസതന്ത്രത്തിലടിസ്ഥാനമാക്കിയുള്ളതാണ്. ഏതു ജീവിയുടെയും വളര്‍ച്ചയേയും നിലനില്പിനേയും ഉറപ്പാക്കുന്ന ജൈവ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനവും രാസപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ജൈവ അജൈവ പ്രക്രിയകള്‍ എല്ലാം രസതന്ത്രത്തില്‍ അധിഷ്ഠിതമാണ്. ഈ പശ്ചാത്തലത്തില്‍ ആണ് ഇങ്ങനെ ഒരു ഉത്സവത്തിലൂടെ ലോകജനതയുടെ രസതന്ത്രബോധം വളര്‍ത്താനുള്ള വലിയ ഒരു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നമ്മുടെ ജീവിതത്തേയും ഭാവിയേയും ശോഭനമാക്കാനാണ് ഈ മഹത്തായ ഉത്സവം.chem2

IYC 2011 - ലക്ഷ്യങ്ങള്‍ ചുരുക്കത്തില്‍
ഈ ഉത്സവത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍ പറയാം.
(1)    രസതന്ത്രത്തെക്കുറിച്ച് ലോകജനതയ്ക്കുള്ള അറിവ് വളര്‍ത്തി ഈ ശാസ്ത്ര ശാഖയെക്കുറിച്ച് മതിപ്പുണ്ടാക്കുക.
(2)    കുട്ടികളിലും യുവജനങ്ങളിലും രസതന്ത്ര താത്പര്യം വര്‍ദ്ധിപ്പിക്കുക.
(3)    രസതന്ത്രത്തിന്റെ ക്രിയേറ്റീവ് ആയിട്ടുള്ള ഭാവിയെപ്പറ്റി ജനങ്ങളില്‍ ആവേശമുണ്ടാക്കുക.
രസതന്ത്രം ഒരു സര്‍ഗാത്മക (ക്രിയേറ്റീവ്) ശാസ്ത്രശാഖയാണ്. ലോകത്തിന്റെ ശോഭനമായ ഒരു ഭാവിക്ക് ആവശ്യമായ തരത്തില്‍ അതിനെ പ്രയോജനപ്പെടുത്താനാകും. സുസ്ഥിര വികസനമാണ് നമ്മുടെ ലക്ഷ്യം. പരിസര മലിനീകരണം ഒഴിവാക്കുന്ന തരത്തിലുള്ള രാസവ്യവസായങ്ങള്‍ വികസിപ്പിക്കാന്‍ നമുക്ക് കഴിയും. ഊര്‍ജം ഏറ്റവും കുറച്ച്, പരിസരത്തിന് പരുക്കേല്ക്കാതെ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയാണ് ഹരിത രസതന്ത്രത്തിന്റെ ലക്ഷ്യം. പരിസ്ഥിതിസൌഹൃദ രസതന്ത്രമാണത്. രസതന്ത്രോത്സവം ഹരിത രസതന്ത്രത്തിനെയും ബഹുജനങ്ങളിലെത്തിക്കും.

എന്തുകൊണ്ട് 2011?

2011 തന്നെ ഈ വലിയ ആഘോഷത്തിന് തെരഞ്ഞെടുത്തതിന് പിന്നില്‍ രണ്ട് രഹസ്യങ്ങളുമുണ്ട്. എല്ലാ കുട്ടികളും അറിയേണ്ട രഹസ്യങ്ങള്‍.
ഒന്ന്: മേരിക്യൂറി (മാഡം ക്യൂറി)യുടെ രസതന്ത്ര നോബല്‍ സമ്മാന ലബ്ധിയുടെ നൂറാം വാര്‍ഷികമാണ് 2011 ല്‍ വരുന്നത്. അത്യാവേശകരമാണ് മാഡംക്യൂറിയുടെ കഥ. ആ കഥ വീണ്ടും ഓര്‍ക്കാനും ആ മഹതിയുടെ chem3ജീവിതകഥയില്‍ നിന്ന് ആവേശം കൊള്ളാനും നമുക്ക് കഴിയണം. ഈ ഉത്സവത്തിന്റെ ഒരു ലക്ഷ്യവും അതാണ്.
രണ്ട്:രസതന്ത്രത്തിന്റെ ലോക സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (International Assosiation of Chemical Societies) രൂപീകരിച്ചതിന്റെയും നൂറാം വാര്‍ഷികമാണ് 2011. ആ ലോക രസതന്ത്ര സംഘടനയാണ് 1919 ല്‍ ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ളൈഡ് കെമിസ്ട്രി (International Union of Pure and Applied Chemistry,IUPAC) ആയത്.

നിങ്ങള്‍ക്കും പങ്കുചേരാം
ഈ വലിയ ലോക ഉത്സവത്തില്‍ നിങ്ങള്‍ക്കും പങ്കു ചേരാം. ഏതു പ്രായക്കാര്‍ക്കും സ്വാഗതം. നിങ്ങള്‍ ഇതെപ്പറ്റി ചിന്തിക്കുക. ചര്‍ച്ച ചെയ്യുക. നിങ്ങളുടേതായ ആഘോഷം പ്ളാന്‍ ചെയ്യുക. നടപ്പാക്കുക. വിവരം ഇന്റര്‍നെറ്റ് വഴിയും മറ്റും ലോകമെങ്ങും അറിയിക്കുക. നിങ്ങളുടെ മാതൃക മറ്റുള്ളവര്‍ക്കും ആവേശം പകരും. അവര്‍ക്കും അത് ആശയങ്ങള്‍ നല്‍കും.
പ്രാദേശിക സംഘങ്ങള്‍ രൂപപ്പെടുത്തുന്ന പരിപാടി IYchem5C  ആഘോഷകമ്മറ്റിയെ അറിയിക്കാം. അവര്‍ അംഗീകരിക്കുന്ന പരിപാടി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. അത്തരം പരിപാടികള്‍ക്ക് IYC ലോഗോ ഉപയോഗിക്കാന്‍ അനുവാദവും ലഭിക്കും.

ഇത് ഒരു സുവര്‍ണാവസരം
കൂട്ടുകാരേ, നിങ്ങള്‍ ഇതുവരെ ഒരു ലോകവിജ്ഞാനോത്സവത്തില്‍ പങ്കാളി യായിട്ടില്ലല്ലോ. ഇതാ അതിനുള്ള ഒരു സുവര്‍ണാവസരം. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നു കേട്ടിട്ടില്ലേ? നിങ്ങള്‍ക്ക് എത്ര ചെറിയ തോതിലായാല്‍പ്പോലും ഈ ഉത്സവത്തില്‍ പങ്കാളിയാകാം. അങ്ങനെ നിങ്ങളുടെ ശാസ്ത്രകൌതുകം വളര്‍ത്താം. രസതന്ത്രവിജ്ഞാനം പരിപോഷിപ്പിക്കാം. ആരറിഞ്ഞില്ല; നിങ്ങളില്‍ ഒരു മാഡം ക്യൂറിയോ നോബലോ ഉറങ്ങുന്നുണ്ടാകാം. രസതന്ത്രോത്സവത്തിലൂടെ നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ശാസ്ത്രകൌതുകം ഉണര്‍ന്നാല്‍ നിങ്ങളാകാം ഭാവിയിലൊരു വലിയ ഗ്രീന്‍കെമിസ്റായി ഗ്രീന്‍ഹൌസ് ഇഫക്ടിന് പരിഹാരം കണ്ടെത്താന്‍ പോകുന്നത്! ശില്പശാസ്ത്രം പഠിച്ചിരുന്ന കെക്കുളേയാണ് ഒറ്റ രസതന്ത്ര പ്രഭാഷണം കേട്ട് രസതന്ത്ര പ്രേമിയായി ഒരു മഹാശാസ്ത്രജ്ഞ നായത്. നാളെ നിങ്ങള്‍ ഒരു ജീനിയസാകാനുള്ള തുടക്കമായേക്കാം ഈ ലോകരസതന്ത്രോത്സവം. പങ്കെടുക്കൂ. ആനന്ദിക്കൂ. വളരൂ.

എസ് ശിവദാസ്
വര: സചീന്ദ്രന്‍ കാറഡ്ക്ക
അരുണ ആലഞ്ചേരി