KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ പാച്ചുവിന്റെ യാത്രകള്‍
പാച്ചുവിന്റെ യാത്രകള്‍kathaഒന്ന്
ടാറിട്ട വഴി നേരേ പോവുകയാണ്. ഞങ്ങള്‍ക്കിനി ഇടത്തേക്ക് തിരിഞ്ഞ് ചെമ്മണ്‍ വഴിയിലൂടെ വേണം പോകാന്‍. വഴിയിലെ മണ്ണാകെ ഇളകിയും കല്ലുകളൊക്കെ പൊങ്ങിയും കിടന്നിരുന്നു. ഞാന്‍ കാലുകള്‍ പൊക്കിപ്പൊക്കിവെച്ച് സൂക്ഷിച്ചാണ് നടക്കുന്നത്. ഇങ്ങനെ ഒരു അരമുക്കാ മണിക്കൂറെങ്കിലും നടക്കണം അട്ടച്ചിറയിലുള്ള അച്ചന്റെ വീട്ടിലെത്താന്‍. ഒന്നു രണ്ട് വളവുകൂടി കഴിഞ്ഞാല്‍ അച്ചന്റെ ഒരു കൂട്ടുകാരന്റെ വീടുണ്ട്. അട്ടച്ചിറയ്ക്ക് പോകുമ്പോള്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ അവിടെ കയറാറുണ്ട്. വഴിയില്‍ നിന്ന് താഴേക്ക് അല്‍പ്പമിറങ്ങി, ചെറിയൊരു തോട് കടന്ന്, പിന്നെയൊരു കുന്നു കയറി അതിന്റെ നെറുകയിലെത്തണം. അവിടെയാണ് അച്ചന്റെ കൂട്ടുകാരന്‍ താമസിക്കുന്നത്. തോട്ടില്‍ വെള്ളക്കുറവാണെങ്കില്‍ കാലുനനയാതെ പാറക്കല്ലുകളിലൂടെ ചാടിച്ചാടി വേണമെങ്കില്‍ അക്കര കടക്കാം. പക്ഷേ കാലു തെറ്റാതെ നോക്കണമെന്നുമാത്രം.
ഞങ്ങള്‍ നടന്നു നടന്ന് അച്ചന്റെ കൂട്ടുകാരന്റെ വീടിന്റെ താഴയെത്തി. അച്ചന്‍ കണ്ണിന് മീതെ കൈവെച്ച് കുന്നിന്‍ മുകളിലുള്ള വീട്ടിലേക്ക് സൂക്ഷിച്ചുനോക്കി. ആരെങ്കിലും മുറ്റത്ത് നില്‍പ്പുണ്ടോ എന്നു പരതുകയാണ് അച്ചന്‍. ആരെയും കാണാതെ വന്നപ്പോള്‍ അച്ചന്‍ കൈകള്‍ രണ്ടും വായുടെ ഇരുവശത്തും ചേര്‍ത്തുകൊണ്ട് ശബ്ദം ചിതറിപ്പോകാതെ കൂട്ടുകാരന്റെ വീടിനെ ലക്ഷ്യമാക്കി വിളിച്ചു.
“യ്യോവേ.... പൂയ്...”” വിളിയുടെ ആക്കത്തിനനുസരിച്ച് അച്ചന്‍ ചുണ്ടിനു ചുറ്റും കോട്ടിയിരുന്ന കൈവിരലുകള്‍ വിടര്‍ത്തിക്കൊടുത്തു. അച്ചന്റെ വിളി അലകളായ് കുന്നു കയറിപ്പോയി കൂട്ടുകാരന്റെ വീടിന്റെ കതകില്‍ മുട്ടി വിളിച്ചു. പിന്നെ പ്രതിധ്വനികളായ് പലയിടങ്ങളില്‍ ചെന്ന് അലയടിച്ചു കയറി. അവിടവിടെ തട്ടി അച്ചന്റെ ശബ്ദം മറ്റാരുടെയോ ശബ്ദമായി തിരിച്ചുവരുന്നതായി എനിക്കു തോന്നി.
“ജോണ്യേയ്... പൂയ്...” ഏതോ മരത്തിന്റെ മണ്ടയില്‍ നിന്ന് അച്ചന്റെ കൂട്ടുകാരന്റെ ശബ്ദം കാറ്റില്‍ പറന്നെത്തി. അച്ചന്റെ മുഖത്ത് ചിരി പടര്‍ന്നു.
“വാ നമുക്ക് യ്യോവിന്റെ വീട്ടിലൊന്ന് കയറീട്ട്, പോകാം.” അച്ചന്‍ എന്റെ കൈപിടിച്ചുകൊണ്ട് കല്ലില്‍ ചവിട്ടി കാലുനനയാതെ തോട് കുറുകെ കടക്കാന്‍ തുടങ്ങി. വീഴുമെന്ന ഭയത്താല്‍ ഞാന്‍ അച്ചന്റെ കൈ വിടുവിച്ചു. അച്ചന്‍ രണ്ടു ചാട്ടത്തിന് അക്കരെയെത്തി. ഞാന്‍ ഒരു കല്ലില്‍ നിന്ന് അടുത്തതിലേക്ക് ചാടി. അടുത്ത കല്ല് അല്‍പ്പം കൂടി ദൂരെയാണ്. ചാടിയാല്‍ പിഴയ്ക്കുമോ? എനിക്കു സംശയമായി; ഒപ്പം പേടിയും.
“നീയൊന്നു വരുന്pachu1നുണ്ടോ... ചെറുക്കാ.” അക്കര കടന്ന് നടന്നു തുടങ്ങിയ അച്ചന്‍ തിരിഞ്ഞു നിന്ന് ധൃതിവെച്ചു. ചാടിയാല്‍ പിഴച്ചതുതന്നെ. അത്രയും ദൂരത്തേക്ക് നിന്ന നില്‍പ്പില്‍ ചാടാനാവുകയില്ല എന്നെനിക്ക് മനസ്സിലായി. കാല് നനച്ച് തോടു കടക്കുകതന്നെ. കാല് നനയാതെ കല്ലിലൂടെ ചാടിപ്പോകുന്നതില്‍ എന്താ ഇത്ര പ്രത്യേകത എന്നായി എന്റെ ചിന്ത. ഞാന്‍ പതുക്കെ വെള്ളത്തിലേക്കിറങ്ങി നീന്തി. തോട്ടില്‍ മുട്ടിന് താഴെ വെള്ളമുണ്ടായിരുന്നു. നല്ല തണുപ്പുള്ള വെള്ളം. കല്ലുകളുടെ ചോട്ടില്‍ മൂക്കും ചുണ്ടും ഉരുമ്മുന്ന കുഞ്ഞുമീനുകളെയല്ലാതെ ഒരു മീനിനേയും വെള്ളത്തില്‍ കണ്ടില്ല. കല്ലിന്റെ പുറത്തിരുന്ന ഒരു മാക്രിക്കുഞ്ഞ് വെള്ളത്തിലേക്ക് ചാടി നീര്‍ക്കാംകുഴിയിട്ട് നീന്തി അടുത്ത കല്ലിന്റെ പുറത്ത് കയറിയിരുന്നു. ഇനിയും ചാടാനുള്ള ഒരു ഭാവം അതിനുണ്ട്. കരയിലേക്ക് അടുക്കുംതോറും തോടിന്റെ ആഴം കുറഞ്ഞുകുറഞ്ഞു വന്നു. കരയിലേക്ക് കയറുമ്പോള്‍ വെറുതെ രണ്ട് ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്തു. തിരിഞ്ഞുനിന്ന് തോട്ടിലെ വെള്ളത്തില്‍ മുതുക് ഉയര്‍ത്തി കിടക്കുന്ന ഒരു പാറയെ ഉന്നംവെച്ചെറിഞ്ഞു. കല്ല് ചെന്ന് വീണത് വെള്ളത്തില്‍. എന്നാല്‍ അടുത്തത് വെള്ളത്തിലേക്ക് എറിയാമെന്നു കരുതിയെറിഞ്ഞു. അപ്പോഴതാ അത് ചെന്ന് കല്ലില്‍ കൊള്ളുന്നു. ഭാഗ്യം, ഇതൊന്നും ആരും കാണാതിരുന്നത്! കണ്ടെങ്കില്‍ കുറച്ചിലായേനെ. ഞാന്‍ അച്ചന്റെ പുറകെ വെച്ചു പിടിച്ചു.
ഒരമ്മയും ചെറിയൊരു പെണ്‍കുട്ടിയും കുന്നിറങ്ങിവരുന്നുണ്ടായിരുന്നു. രണ്ടുപേരുടെയും കൈയില്‍ കുറെ തുണികള്‍ ഉണ്ടായിരുന്നു. തോട്ടില്‍ തുണിയലക്കാന്‍ പോവുകയാണ് അവര്‍. അമ്മയുടെ വാലുപോലെ നടന്നു പോകുന്നതിനിടയില്‍ പെണ്‍കുട്ടി തിരിഞ്ഞെന്നെയൊന്നു നോക്കി. ഞാന്‍ മെല്ലെ ചിരിച്ചു. അവള്‍ തോട്ടുവക്കില്‍നിന്നും ഒരു പരന്ന കല്ലെടുത്ത് വെള്ളത്തിലേക്ക് ചായ്ച്ചെറിഞ്ഞു. ഞാന്‍ അമ്പരന്നുപോയി. വെള്ളപ്പരപ്പില്‍ എണ്ണിക്കൊണ്ട് നാലുതവണ തൊട്ട് പാറകളിലൊന്നും മുട്ടാതെ കല്ല് അതാ തോടിന്റെ അക്കരെ ചെന്നു കിടക്കുന്നു. കൊള്ളാമല്ലോ, പെങ്കൊച്ച്! ഞാന്‍ തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുവെച്ച് സൂപ്പര്‍ എന്നൊരാംഗ്യം കാണിച്ചു. അവള്‍ക്കത് ഇഷ്ടമായീന്ന് തോന്നുന്നു. ദൂരെ നിന്ന് അവള്‍ കൈകള്‍ വീശിക്കാണിച്ചു. ഞാന്‍ അച്ചനു പുറകെ വേഗത്തില്‍ കുന്നു കയറാന്‍ തുടങ്ങി. കയറുന്നതിനിടയില്‍ തോട്ടുവക്കിലെ പാറയില്‍ തുണിയലക്കുന്നതിന്റെ ഒച്ച കാറ്റിന്റെ പടവുകള്‍ കയറി എത്തിക്കൊണ്ടിരുന്നു. വലിയ ഒച്ചകള്‍ക്കിടയില്‍ ഇടകലര്‍ന്നു ചെറിയ ഒച്ചകളും വന്നു തുടങ്ങി.   പെണ്‍കുട്ടിയും തുണിയലക്കാന്‍ തുടങ്ങിയിട്ടു
രണ്ട്
മുട്ടില്‍ കൈപിടിച്ചാണ് അച്ചന്‍ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള കുത്ത് കല്ല് കയറിയത്. ഇല്ലിക്കമ്പുകൊണ്ട് മുറ്റം വളച്ചു കെട്ടിയിരുന്നു. ഇല്ലികൊണ്ട് തന്നെ ഒരു കടമ്പയും കെട്ടിയിരുന്നു. അച്ചന്‍ മെല്ലെയത് തുറക്കാന്‍ തുടങ്ങിയതും കടമ്പ അലച്ചുകെട്ടി വീണു. ഞാന്‍ വാപൊത്തി ചിരിച്ചുപോയി. അച്ചനത് നിവര്‍ത്തി ചാരിവെക്കുന്നതിനിടയില്‍ കപ്പയുടെ ഇട കിളച്ചുകൊണ്ടിരുന്ന യോവപ്പാന്‍ തലേക്കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചു മുഖം തുടച്ചുകൊണ്ടു പറഞ്ഞു.
“അത് സാരോല്ല. ജോണിയേ... നീ വിട്ടേര്. ഞാന്‍ പിന്നെ ശരിയാക്കിക്കോളാം.” അതു കേട്ടപാടേ അച്ചന്‍ പിടിവിട്ടു. കടമ്പ പിന്നെയും താഴെ വീണു.
“പാച്ചൂ... എന്തൂണ്ടടാ വിശേഷം, നിന്റെ അമ്മേം, ചേച്ചീമൊക്കെ എന്നാടുക്കുന്നു?” മുറ്റത്ത് വീണു കിടക്കുന്ന മരത്തണലിലേക്ക് എന്നെ മാറ്റി നിര്‍ത്തിക്കൊണ്ട് യ്യോവപ്പാന്‍ ചോദിച്ചു.
“ഒന്നുവെടുക്കുന്നില്ല.” ഞാന്‍ പറഞ്ഞു.
“ഒന്നുവെടുക്കുന്നില്ലേ?” യ്യോവപ്പാന്‍ ചിരിച്ചു. പിന്നെ എന്റെ പുറത്ത് തലോടിക്കൊണ്ട് വീട്ടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“എടിയേലിയേ... ദേ ജോണീം കൊച്ചും വന്നേക്കുന്ന്. നീയിങ്ങോട്ടൊന്നെറങ്ങിക്കേ... അവനെന്തേടീ നിന്റെ എളേ സന്തതി?” അടുക്കളയില്‍ നിലത്തു കുനിഞ്ഞിരുന്ന് അടുപ്പൂതിക്കൊണ്ടിരുന്ന ഏലമ്മാമ്മ പിടഞ്ഞെണീറ്റ് പാറിപ്പറന്നു കിടന്നിരുന്ന മുടി ഒതുക്കിക്കൊണ്ട് തിണ്ണയിലേക്ക് വന്നു. പിന്നെ മൂലയില്‍ ചുരുട്ടിവെച്ചിരുന്ന പുല്‍പ്പാ നിവര്‍ത്തിക്കൊണ്ട് പറഞ്ഞു.
“വാ... വാ... കേറിയിരിക്ക് ജോണിച്ചായാ...” അച്ചന്‍ മുറ്റത്തേക്ക് കാലുകള്‍ തൂക്കിയിട്ട് തിണ്ണയിലിരുന്നു.
“ഇരിക്കെടാ... പാച്ചൂട്ടാ... നിനക്കെന്നതാ കുടിക്കാന്‍ വേണ്ടേ... തേങ്ങാവെള്ളം മതിയോ.” പറയുന്നതിനിടയില്‍ തന്നെ ഏലമ്മാമ്മ അടുക്കളയില്‍ നിന്നും രണ്ടു ഗ്ളാസ് തേങ്ങാ വെള്ളം കൊണ്ടുവന്നു തന്നു. അച്ഛന്‍ ഒറ്റവലിക്ക് തന്നെ ഗ്ളാസ് കാലിയാക്കി. ഞാനത് മെല്ലെ മൊത്തിക്കുടിച്ചുകൊണ്ടിരിക്കെ ഏലമ്മാമ്മ മുറ്റത്തേക്കിറങ്ങി. പിന്നെ തെക്കേപ്പുറത്തെ മരക്കൂട്ടങ്ങളുടെ ഇരുണ്ട പച്ചയിലേക്ക് നോക്കി ഒരു കൈ എളിക്കുകുത്തി നിന്നുകൊണ്ട് ഉറക്കെ വിളിച്ചു.
“എടാ... ജോബേ... ദേ പാച്ചുക്കുട്ടന്‍ വന്നടാ.. നീയിങ്ങോട്ടൊന്ന് വന്നേ....?”
“എന്നാ...” മരങ്ങള്‍ക്കിടയില്‍ നിന്ന് ജോബിന്റെ ഒച്ച കേട്ടുകൊണ്ട് ഞാന്‍ തെക്കേപ്പുറത്തേക്ക് ചെന്നു. അച്ചനും യ്യോവപ്പാനും തിണ്ണയിലിരുന്ന് എന്തോ പറഞ്ഞു തുടങ്ങി.
“എടാ... പാച്ചുക്കുട്ടന്‍ വന്നെന്ന്...” ഏലമ്മാമ്മ ജോബിന്റെ ഒച്ച കേട്ട ദിക്കിലേക്ക് നോക്കി ഒന്നുകൂടെ ഉറക്കെപ്പറഞ്ഞു.
“അവനോടിങ്ങോട്ട് വരാന്‍ പറയോ...” തെക്കോട്ടടിക്കുന്ന കാറ്റിന്റെ ഇടയിലൂടെ നൂഴ്ന്ന് കയറി ജോബിന്റെ ഒച്ച ഞങ്ങളുടെ അടുത്തെത്തി.
“നീ ദേ... യിതിലേ... അങ്ങോട്ട് ചെല്ല്. ആ കൊരങ്ങന്‍ ആ തോട്ടുവക്കത്തുള്ള മരത്തേലെങ്ങാനും കാണും.” ഏലമ്മാമ്മ എന്റെയൊപ്പം കുനിഞ്ഞ് ഇടപ്പൊക്കമെത്തിയ കപ്പച്ചെടികള്‍ക്കിടയിലുള്ള നടപ്പുവഴി ചൂണ്ടി പറഞ്ഞു. ഞാന്‍ പതുക്കെ അങ്ങോട്ടു നടക്കുമ്പോള്‍ അച്ചന്റെ ഓര്‍മപ്പെടുത്തല്‍ പുറകെ നീണ്ടുവന്നു.
“പാച്ചുവേ... വേഗം വന്നേക്കണം. നമ്മക്ക് താമസിയാതെ ഇറങ്ങാനുള്ളതാ...”
“ഇപ്പം വരാ” മെന്ന് പറഞ്ഞ് ഞാന്‍ തോട്ടു വക്കിലൂടെ വെള്ളമൊഴുകുന്ന ഒച്ച കേള്‍ക്കുന്നയിടത്തേക്ക് വേഗം നടന്നു. താമസിയാതെ അത് ചെറിയൊരു ഓട്ടമായി മാറി. ജോബിന്റെയൊക്കെ പറമ്പിന്റെ അതിരു വഴിയൊഴുകുന്ന തോടുതന്നെയാണ് കുറച്ചു മുമ്പ് ഞങ്ങള്‍ നീന്തിക്കടന്നതെന്ന് എനിക്കു മനസ്സിലായി. ഏതെങ്കിലുമൊരു മരം കുലുങ്ങുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. കുലുങ്ങുന്ന മരം കണ്ടുപിടിച്ചാല്‍ പിന്നെ എളുപ്പമായി. അതിലുണ്ടാവും ജോബ്. ഒടുക്കം ഞാന്‍ ജോബിനെ കണ്ടുപിടിച്ചു. മരക്കൊമ്പിലൊന്നുമായിരുന്നില്ല അവന്‍. ഒരു വള്ളിയില്‍ തൂങ്ങി തോടിന് അക്കരയിലേക്ക് ആടിപ്പോകുന്നു. അക്കരയെത്തുമ്പോള്‍ അവന്‍ വള്ളിയില്‍ നിന്നു കൈവിടും. അക്കരെ ആരോ വാരിക്കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനയില്‍ അവന്‍ പൊത്തോന്ന് വീഴും. അവന്‍ പിടിവിട്ട കാട്ടുവള്ളി പുറകോട്ടാടി തോടിന് നടുക്കായി നിശ്ചലമാകും. തോടിന് കുറുകെ വളര്‍ന്നു നില്ക്കുന്ന മരക്കൊമ്പില്‍ പടര്‍ന്ന് ഞാന്നു കിടക്കുന്ന ഈ വള്ളിയിലാടി അക്കരയ്ക്ക് പോകുന്ന ഇവനെ സമ്മതിക്കണം! വെറുതെയല്ല ഇവനെ ഏലമ്മാമ്മ കൊരങ്ങനെന്ന് വിളിച്ചത്.

മൂന്ന്
“ജോബേ...” സന്തോഷത്താല്‍ ഞാന്‍ ഉറക്കെ വിളിച്ചു.
“എടാ... പാച്ചു... നീയെപ്പം വന്നെടാ?” ജോബ് ചിരിച്ചുകൊണ്ട് വെള്ളത്തിലൂടെ ഓടി വരുന്നതിനിടയില്‍ ചോദിച്ചു.
“ഇച്ചിരി മുമ്പ് വന്നതേയുള്ളൂ.” ഞാന്‍ പറഞ്ഞു. തോടിന്റെ നടുക്ക് തൂങ്ങിക്കിടന്നിരുന്ന വള്ളിയുടെ തുമ്പും പിടിച്ചാണ് ജോബ് കയറിവന്നത്. എന്റെ അടുത്തെത്തി തോളില്‍ പിടിച്ചുകൊണ്ടവന്‍ പിന്നെയും ചോദിച്ചു.
“നിങ്ങള് അട്ടച്ചിറയ്ക്ക് പോകുന്ന വഴിയാ...?”
“അതെ” ഞാന്‍ പറഞ്ഞു.
“ഇന്നു തന്നെ തിരിച്ചുപോവ്വോ....?”
“അറിയില്ല; അച്ചനൊന്നും പറഞ്ഞുകേട്ടില്ല.”
“നിനക്കൊരു കൂട്ടം കാണണോ.” അവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. വേണം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
“ന്നാ കണ്ടോ,” എന്നു പറഞ്ഞ് ജോബ് കൈയിലിരുന്ന വള്ളിയുടെ കുറച്ചു മുകളിലേക്ക് കൈ കേറ്റിപ്പിടിച്ചു. പിന്നെ ഒന്നു പുറകോട്ട് ആഞ്ഞ് ഒരൊറ്റയാടല്‍. അതാ... തോട്ടിലെ വെള്ളത്തിനു മീതെ വായുവിലൂടെ ഊയലാടി ഒരു സെക്കന്റ് കൊണ്ട് അക്കരത്തെ മണല്‍പ്പുറത്ത് ചെന്നുവീഴുന്നു. അവന്‍ പിടിവിട്ട വള്ളി പിന്നെയും തോടിന്റെ നടുക്ക് തൂങ്ങിയാടുന്നു. അത് ചുറ്റി വരിഞ്ഞു കിടക്കുന്ന മരത്തിന്റെ കൊമ്പ് മേലോട്ടും കീഴോട്ടും ആടുന്നുണ്ട്. അതിന്റെ താളത്തില്‍ വള്ളിയുടെ തുമ്പ് വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നുണ്ട്. ജോബ് വീണ്ടും തോട്ടിലൂടെ നീന്തി pachu2വള്ളിയുടെ തുമ്പും പിടിച്ച് എന്റെയടുത്തേക്ക് വന്നു.
“നീയാടുന്നോ....” എന്ന് ചോദിച്ചു.
“യ്യോ...! ഇല്ലില്ല... ഞാന്‍ വീഴും” അവന്റെടുത്തൂന്നും അല്പം പുറകോട്ടു മാറിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“ഇല്ലെടാ... മുറുക്കെപ്പിടിച്ചാല്‍ മതി... പിന്നെ അക്കരയെത്തുമ്പം കൈയങ്ങ് വിട്ടേക്കണം... അത്രേയുള്ളൂ... സിമ്പിള്‍” അവന്‍ പറഞ്ഞു.
“നിനക്ക് സിമ്പിള്‍... എനിക്കു പറ്റുമെന്ന് തോന്നുന്നില്ല.” ഞാന്‍ മടിച്ചു.
“ഇല്ലെടാ... ഞാനില്ലേ ഒപ്പം.” അവനെന്നെ ധൈര്യപ്പെടുത്തി.
“വേണ്ടടാ... ജോബേ... കൈയെങ്ങാന്‍ വിട്ടാല്‍ വെള്ളത്തി വീഴും. ആകെ നനഞ്ഞ് കൊളമാകും. അച്ഛന്റെ കൈയീന്ന് അടീം കിട്ടും.” ഞാന്‍ പറഞ്ഞു.
“എന്നാല്‍ പോ... നിനക്ക് പഠിക്കണെ മതി. നല്ല രസാ... ഇങ്ങനെയാടിപ്പോകാന്‍” എന്നു പറഞ്ഞുകൊണ്ട് ജോബ് അക്കരയ്ക്ക് ഒറ്റ ആട്ടം വെച്ചു കൊടുത്തു. പോകുന്ന പോക്കില്‍ ഒരു കൈ വിട്ട് കാണിച്ച് അവനെന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ കൈകൊട്ടി ചിരിച്ചു. പക്ഷേ ഇടയ്ക്ക് എന്നെ ശ്രദ്ധിച്ചതുകൊണ്ടാവണം കൃത്യസമയത്ത് അവന് വള്ളിയിലെ പിടിവിടാന്‍ കഴിഞ്ഞില്ല. പിടിവിട്ടത് അല്പം താമസിച്ചുപോയി. മണലിന്റെ മീതെ വീഴാതെ തിട്ടയില്‍ വീണ അവന്‍ കാലുറയ്ക്കാതെ ഉരുണ്ട് പിടച്ചു വെള്ളത്തിലേക്ക് വീണു. ഞാന്‍ പൊട്ടിപ്പൊട്ടിചിരിച്ചുപോയി. വെള്ളത്തിക്കിടന്ന് കൈയും കാലുമിട്ടടിച്ച് അവനും ആര്‍ത്തു ചിരിച്ചു. “അങ്ങനെയാ... ഇടയ്ക്കൊക്കെ വീഴും... ഒരു കൊഴപ്പോമില്ല.” അവന്‍ പിന്നെയും വള്ളിയുടെ തുമ്പും പിടിച്ചുകൊണ്ട് എന്റെയരുകില്‍ വന്നു പറഞ്ഞു
“ടാ... നീയൊന്നു ശ്രമിച്ചുനോക്ക്” അവന്‍ വള്ളിയുടെ തുമ്പ് എന്റെ കൈയില്‍ തന്നു. ഞാനത് വെറുതെ പിടിച്ചുനോക്കി. എനിക്ക് അല്പം ധൈര്യം വന്നതുപോലെ തോന്നി. വീണാലും ഒന്നു നനയുമെന്നേയുള്ളൂ... ശ്രമിച്ചാലോ... ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
“വള്ളിയില്‍ മുറുക്കെപ്പിടിക്കണം, കൈയൂര്‍ന്ന് പോകരുത്, പിന്നെ ആടി അക്കരെയെത്തുമ്പോഴെ കൈയങ്ങ് വിടണം... നീയൊന്ന് നോക്ക്” ജോബ് എന്റെ കൈ വള്ളിയില്‍ മുറുക്കെപിടിപ്പിച്ചു.
“ആടിക്കോ...” അവന്‍ പറഞ്ഞു. ഞാന്‍ ധൈര്യം സംഭരിച്ചു. കാര്‍ന്നോന്മാരെയൊക്കെ മനസ്സില്‍ വിചാരിച്ചു. പുറകോട്ട് ആഞ്ഞ് ജോബ് കാണിക്കുന്നതുപോലെ കാല് നിലത്തൂന്നും പറിച്ച് മുമ്പോട്ട് കുതിച്ചു.
“മുറുക്കെപ്പിടിച്ചോണേ... പാച്ചൂ...” എന്നു ജോബ് പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. തോടിന്റെ നടുക്കെത്തിയതോടെ വള്ളിയിലുള്ള എന്റെ പിടുത്തം അയഞ്ഞു. താമസിയാതെ തന്നെ വള്ളിയില്‍ നിന്ന് പിടിവിട്ട ഞാന്‍ പളുക്കോന്ന് വെള്ളത്തിലേക്ക് വീണു. ഇതു കണ്ട ജോബ് തോട്ടിലേക്ക് ചാടിയിറങ്ങിവന്ന് എന്നെ പിടിച്ചുപൊക്കി.
“വല്ലോം പറ്റിയോടാ... പാച്ചൂ...” അവനെന്റെ ഉടുപ്പിലെ വെള്ളം തട്ടിക്കളഞ്ഞുകൊണ്ട്
ചോദിച്ചു.
“കണ്ടോ... അപ്പിടി നനഞ്ഞു. ഞാന്‍ പറഞ്ഞതല്ലേ വേണ്ടാന്ന്...” ഞാന്‍ ചെറുതായി
ചിണുങ്ങി.
“സാരമില്ലെടാ... എത്ര തവണ വീണിട്ടാണെന്നോ ഞാനിത് പഠിച്ചത്.”  അവനെന്നെ സമാധാനിപ്പിച്ചു.
“അതെയോ..?” ഞാന്‍ ചോദിച്ചു.
“പിന്നെയല്ലാതെ.... വീണ് വീണല്ലേ നമ്മളൊക്കെ നടക്കാന്‍ പഠിച്ചത്?”  ജോബ് വലിയ ഗമയില്‍ പറഞ്ഞു. ഞങ്ങള്‍ തോട്ടുവക്കിലേക്ക് നടന്നുകയറി.
“ഞാനൊന്നു കൂടി ആടിനോക്കട്ടെ.” ഞാന്‍ ജോബിനോട് ചോദിച്ചു.
“അതിനെന്താ നോക്ക്... നീ ആടിയക്കരെയെത്താന്‍ പഠിച്ചിട്ടിന്ന് പോയാ മതി.” അവനെന്നെ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു.
“അത്രേയുള്ളൂ.” ഞാനും ഒപ്പംകൂടി. കുറച്ചുകൂടെ ഗൌരവത്തില്‍ വള്ളിയില്‍ മുറുക്കെപ്പിടിച്ചു ഞാന്‍ കുതിച്ചാടി. ഇത്തവണ കൈയൂര്‍ന്നുപോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആട്ടം തോടിന്റെ നടുക്കെത്തി. എനിക്കു സന്തോഷമായി. ഇനി കൈവിട്ട് മണലിലേക്ക് വീണാല്‍ മതി. ഞാന്‍ കൈവിട്ടു. പക്ഷേ എന്റെ കണക്കുകൂട്ടല്‍ അല്പം പിഴച്ചുപോയി. മണലിലേക്കല്ല ഞാന്‍ വീണത്. തിട്ടയില്‍ തട്ടി നിലതെറ്റി കുറച്ചു മുമ്പ് ജോബ് വീണതുപോലെ ഞാന്‍ വെള്ളത്തിലേക്ക് വീണു. ഇത്തവണ ഞാന്‍ കുറച്ചധികം ഭയന്നുപോയി.
“കേറിപ്പോര്.... കേറിപ്പോര്... ദേഹമെങ്ങും മുട്ടിയില്ലല്ലോ...” ജോബ് കരയില്‍ നിന്നു വിളിച്ചു പറഞ്ഞു. അവനൊരു ചിരി അമര്‍ത്തുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ എണീറ്റു നടന്നു
“ആ വള്ളിയുംകൂടെ പിടിച്ചെടുത്തോ...” ജോബ് പറഞ്ഞു. ജോബ് പറഞ്ഞില്ലായിരുന്നെങ്കിലും ഞാനതു ചെയ്യുമായിരുന്നു. കഴിഞ്ഞ തവണ സംഭവിച്ച രണ്ടു പിഴവുകളും ഇനി വരുത്താതെ നോക്കണം. ഞാന്‍ മനസ്സില്‍ വിചാരിച്ചു. ആ ആലോചനയില്‍പ്പെട്ട് ഞാനല്പനേരം നിന്നുപോയി.
“ആടെടാ... പാച്ചൂ...” ഇത് കണ്ട് ജോബ് പറഞ്ഞു.

നാല്
ഞാന്‍ വള്ളിയില്‍ മുറുകെ പിടിച്ചു. കാലിന്റെ ബലം മണ്ണില്‍ നിന്നു കുറച്ചു. കൈ വള്ളിയില്‍ അല്പം കൂടി കേറ്റിപ്പിടിച്ചു. അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതൊക്കെ മനസ്സില്‍ ചെയ്തുനോക്കി. മുറുക്കെ വള്ളിയില്‍ പിടിക്കണം. ആട്ടം തിരിച്ചാവുന്നതിന് മുമ്പേ കൈവിടണം. വീഴാതെ അക്കരത്തെ മണ്‍കൂനയില്‍ ലാന്‍ഡ് ചെയ്യണം. ഇത്തവണ ഒരു കാരണവശാലും വീഴാന്‍ പാടില്ല. ഒന്നും തെറ്റാന്‍ പാടില്ല. ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറച്ചു. പിന്നെ ഒരൊറ്റയാട്ടം. എങ്ങും പിഴച്ചില്ല. വായുവിലൂടെ ഊയലാടി ഞാന്‍ അടുത്ത നിമിഷം തോടിനക്കരെ മണല്‍ക്കൂമ്പാരത്തില്‍ മുട്ടുകുത്തി വീണു.
“ഹേയ്... നീ തകര്‍ത്തെടാ പാച്ചൂ...” മറുകരയില്‍ നിന്നു ജോബ് ഉറക്കെ വിളിച്ചു പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും തോന്നി. ഞാന്‍ തിരിഞ്ഞ് കൈകള്‍ രണ്ടും ആകാശത്തിലേക്ക് ഉയര്‍ത്തി മണ്ണില്‍ മുട്ടുകുത്തി നിന്ന് ജോബിനെ നോക്കി ഉറക്കെച്ചിരിച്ചു. എന്റെ ചിരിയോടൊപ്പം അവനും കൂടി. സന്തോഷത്താല്‍ എന്റെ കണ്ണു നിറഞ്ഞുതുടങ്ങിയിരുന്നു.
ഞാന്‍ പിന്നെയും കുറെ തവണ കൂടി വള്ളിയിലാടി വെള്ളത്തില്‍ വീഴാതെ അക്കരയ്ക്ക് പോയി. ഇടയ്ക്ക് ജോബും ആടിക്കൊണ്ടിരുന്നു. മാറി മാറി ആടുന്നതിനിടയില്‍ ജോബ് പറഞ്ഞു.
“നമ്മുക്ക് ഒരുമിച്ചൊന്ന് ആടി നോക്കിയാലോ....”
“ഐഡിയാ... ശ്ശോ.... എനിക്കെന്താ അത് തോന്നാതിരുന്നത്” ഞാന്‍ ആവേശം കൊണ്ടു.
ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ വള്ളിയില്‍ മുറുകെ പിടിച്ചു. പിന്നെ പിന്നോട്ടാഞ്ഞ് അക്കരയ്ക്ക് തൂങ്ങിയാടി. തോടിന്റെ നടുക്ക് എത്തുന്നതിന് മുമ്പേ... ഒന്നിനു പുറകെ ഒന്നായി ഞങ്ങള്‍ രണ്ടും പിടിവിട്ടു വെള്ളത്തില്‍ വീണു. പരസ്പരം ഒന്നും പറയാതെ വീണയിടത്തൂന്നും പിടഞ്ഞെണീറ്റ് ഞങ്ങള്‍ വള്ളിയുമായി തിട്ടയിലേക്ക് ഓടിക്കയറി. പിന്നെ വള്ളിയില്‍ കൈകള്‍ ഇടകലര്‍ത്തി മുറുക്കെപ്പിടിച്ചു ആടുവാനായി തയ്യാറെടുത്തു.
“ഇത്തവണ പിടിവിട്ടു കളയpachu3രുത്. മുറുക്കെപ്പിടിച്ചോണം” ജോബ് ഓര്‍മപ്പെടുത്തി.
“ഞാന്‍ പിടിച്ചോളാം... നീയും മുറുക്കെപ്പിടിച്ചോളണം” ഞാന്‍ അവനോട് പറഞ്ഞു.
ഞങ്ങള്‍ അക്കരയ്ക്ക് തൂങ്ങിയാടി. പക്ഷേ ആട്ടത്തിന് ആക്കം കുറവായിരുന്നു. വള്ളി അക്കരയോളം എത്തിയില്ല. കാലുകള്‍ കൊണ്ട് തിട്ടയിലെത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ട് നടന്നതുമില്ല. ഇരുതിട്ടകളിലും മുട്ടാതെ ഞങ്ങള്‍ തോട്ടിനു കുറുകെ ഒന്നു രണ്ടു തവണയാടി. പിന്നീട് വള്ളിയും അതില്‍ തൂങ്ങിയ ഞങ്ങളും തോടിന്റെ ഒത്ത നടുക്ക് അനക്കമില്ലാതെ തൂങ്ങിക്കിടന്നു.
“ഇനിയെന്തു ചെയ്യും?” ഞാന്‍ ചോദിച്ചു.
“പിടിവിട്ടു വെള്ളത്തില്‍ വീഴാം. അല്ലാതെന്തു ചെയ്യാന്‍...” ജോബ് ഒരു കൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങള്‍ ഉറക്കെ ചിരിച്ചു. ഒരു കൈയാല്‍ ഞാന്‍ അവനേയും ഇറുക്കിപ്പിടിച്ചു. ഇതിനിടെ എന്തോ ഞെരിഞ്ഞു പൊട്ടുന്ന ശബ്ദം കേട്ട് ഞങ്ങള്‍ മുകളിലേക്ക് നോക്കി. മരത്തടിയില്‍  ഉരഞ്ഞുരഞ്ഞ് വള്ളി പൊട്ടിത്തുടങ്ങുകയാണ്.
“അത് കണ്ടോടാ... പാച്ചൂ” എന്നു ജോബ് പറഞ്ഞതേയുള്ളൂ. മരക്കൊമ്പില്‍ നിന്ന്, ഒരു ശബ്ദത്തോടെ വള്ളി പൊട്ടി ഞങ്ങള്‍ വെള്ളത്തിലേക്ക് പളുക്കോ... പളുക്കോ വീണു. വീഴുന്നതിനിടയിലും ഞങ്ങള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടേതിനേക്കാള്‍ ഉച്ചത്തില്‍ പിന്നെയും ചിരികള്‍ കേട്ടപ്പോഴാണ് ഞങ്ങള്‍ വെള്ളത്തീന്ന് ചാടിയെണീറ്റത്. കരയില്‍ നിന്ന് അച്ഛനും യോവപ്പാനും ഏലമ്മാമ്മയും ആര്‍ത്തുചിരിക്കുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ദേഹത്ത് അപ്പോഴും പൊട്ടിയ വള്ളിയുടെ കുറച്ചുഭാഗം ചുറ്റിപ്പടര്‍ന്നു കിടന്നിരുന്നു.

അഞ്ച്
നനഞ്ഞ് മണ്ണ് പുരണ്ട എന്റെ ഷര്‍ട്ടും കാച്ചട്ടയും ഏലമ്മാമ്മ തോട്ടിലെ വെള്ളത്തില്‍ അലക്കി പാറപ്പുറത്തെ വെയിലില്‍ വിരിച്ചു. എനിക്ക് ജോബിന്റെ കാക്കിനിറമുള്ള ഒരു വള്ളിക്കാച്ചട്ട ഏലമ്മാമ്മ ഇടാന്‍ തന്നു. വള്ളിക്കാച്ചട്ട ഞാനാദ്യമായിട്ടായിരുന്നു ഇടുന്നത്. അതിന്റെയൊരു അസ്വസ്ഥത എനിക്കുണ്ടായിരുന്നു. തിണ്ണയിലെ പുല്‍പ്പായയില്‍ ഇരുന്ന് ഞാനും ജോബും ചോറുണ്ടു. രുചി കുറവായിരുന്നെങ്കിലും വെളുത്ത ചോറ് എനിക്ക് പുതുമയുള്ളതായി തോന്നി. ‘ഇതാണ് ചാക്കരി’ എന്ന് ജോബ് പറഞ്ഞുതന്നു. ‘ഞങ്ങള് കുത്തരിയുടെ ചോറാണ് കഴിക്കാറ്’ എന്ന് ഞാനവനോടും അടക്കത്തില്‍ പറഞ്ഞു. ആഹാരം കഴിക്കുന്നതിനിടയിലുള്ള വര്‍ത്തമാനം അച്ചന്‍ വിലക്കിയിരുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ മിണ്ടിയത്. മീന്‍കറിയുടെയും നിത്യ
വഴുതന തോരന്‍ വെച്ചതിന്റെയും രുചികള്‍ എനിക്ക് ഏറെയിഷ്ടമായി. ഞാന്‍ വയറു നിറച്ചു ചോറുണ്ടു. മിണ്ടിയും പറഞ്ഞും ഒപ്പമിരുന്ന് ഒരാള്‍കൂടി ഉണ്ണുമ്പോള്‍ വയറിനൊപ്പം മനസ്സും നിറയുന്നതായി എനിക്കു തോന്നി.
“നമ്മക്ക് ഇറങ്ങിയാലോ പാച്ചൂ...“ ചെത്തുന്ന പനയുടെ ചോട്ടില്‍ നിന്ന് യ്യോവപ്പാനുമായി എന്തോ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയില്‍ അച്ചന്‍ ചോദിച്ചു. പോകാമെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. pachu4ജോബിന്റെ മുഖമപ്പോള്‍ ഇരുളുന്നതായി ഞാന്‍ കണ്ടു. ഉണ്ടിട്ട് ഈര്‍ക്കിലി കളിക്കാമെന്ന് ഞങ്ങള്‍ പ്ളാന്‍ ചെയ്തിരുന്നതാണ്. കളിക്കാനുള്ള ഈര്‍ക്കിലികള്‍ അവന്‍ ഒടിച്ചുവെച്ചതുമാണ്. പക്ഷേ അച്ചന്‍ ധൃതി വെച്ചാല്‍ എന്തു ചെയ്യും...
“ഇനി വരുമ്പോ കളിക്കാം.” ഞാന്‍ ജോബിനോട് ശബ്ദം താഴ്ത്തി പറഞ്ഞു. വിഷമമായെങ്കിലും അവന്‍ അതു സമ്മതിച്ചു. പിന്നെ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു നിന്നു.
“പാച്ചൂന്റെ തുണിയൊക്കെ ഉണങ്ങിയോ... ഏലീ...” ഇതിനിടെ യ്യോവപ്പാന്‍ വിളിച്ചു
ചോദിച്ചു.
“ങ്ഹാ... ഒരുമാതിരി വാടിക്കാണും. ഞാന്‍ പോയി എടുത്തോണ്ട് വരാം.”  ഏലമ്മാമ്മ പറഞ്ഞുകൊണ്ട് തോട്ടുവക്കിലേക്ക് ഓടിപ്പോയി. മിനുട്ട് വെച്ച് ഏലമ്മാമ്മ എന്റെ ഡ്രസ്സുമായി വന്നു.
“മുഴുവോംpachu6 ഉണങ്ങിയില്ല. എന്നാലുമിടാം.” ഏലമ്മാമ്മ എന്റെ നേരെ ഷര്‍ട്ടും കാച്ചട്ടയും നീട്ടി. ഏലമ്മാമ്മയുടെ കൈയീന്ന് ഞാനത് വാങ്ങിച്ച് ഇട്ടു. ജോബിന്റെ വള്ളിക്കാച്ചട്ട ഞാന്‍ അവന്റെ കൈയില്‍ തിരികെ കൊടുത്തു. അവനതിന്റെ പോക്കറ്റീന്നും കുറെ കുന്നിമണികള്‍ എടുത്ത് എന്റെ പോക്കറ്റില്‍ ഇട്ടുതന്നു. ഞങ്ങള്‍ കുറച്ചുമുമ്പ് മുറ്റത്തെ കുന്നിച്ചോട്ടീന്നും പെറുക്കി കൂട്ടിയവയായിരുന്നു അവ. ചുവപ്പില്‍ കറുത്ത പൊട്ടു തൊട്ട കുന്നിമണികളുടെ ചേല് ഒന്നു വേറെ തന്നെയാണ്. പ്രത്യേകിച്ചും അത് നമ്മക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ സമ്മാനിച്ചതാവുമ്പോള്‍. എനിക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. ജോബ് എന്റെ വീട്ടിലോ ഞാന്‍ ജോബിന്റെ വീട്ടിലോ ജനിച്ചാല്‍ മതിയായിരുന്നുവെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ യാത്ര പറഞ്ഞ് ഇറങ്ങുന്നത് കാണാനോ റ്റാറ്റാ പറയാനോ ജോബ് നിന്നില്ല. അവന്‍ അകത്തെ മുറിയിലെ ഇരുട്ടിലേക്ക് ഓടിക്കളഞ്ഞു. മുറിയുടെ മൂലയില്‍ മുഖം ഒളിപ്പിച്ച് അവനിപ്പോള്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങിയിട്ടുണ്ടാവാം. ഞങ്ങള്‍ കുന്ന് ഇറങ്ങിത്തുടങ്ങി. ഇങ്ങോട്ടു വന്നപ്പോള്‍ കടവിനടുത്തുവെച്ച് കണ്ട അമ്മയേയും ചെറിയ പെണ്‍കുട്ടിയേയും അവിടെങ്ങും കണ്ടില്ല. അവര്‍ അലക്കിയ തുണികള്‍ പാറപ്പുറത്തും പുല്ലിലുമായി ഉണങ്ങാന്‍ വിരിച്ചിരുന്നു. വന്നതുപോലെ തന്നെ പാറകളിലൂടെ ചാടിച്ചാടി കാലു നനയാതെ അച്ചന്‍ തോടു കടന്നു. അച്ചനെ പിന്തുടര്‍ന്ന് തോട് കടക്കാന്‍ എനിക്കു ഭയമൊന്നും തോന്നിയതേയില്ല. “നീ ചാടിക്കോടാ പാച്ചൂ... ഞാനില്ലേ...” എന്നെക്കടന്നുപോയ ഒരു കാറ്റ് ജോബിന്റെ സ്വരത്തില്‍ അങ്ങനെ പറയുന്നതായി എനിക്കു തോന്നി. ഞാന്‍ ഉടുപ്പിന്റെ പോക്കറ്റിനു മീതെ കൈകൊണ്ട് പരതി. നെഞ്ചോട് ചേര്‍ന്ന് അവിടെത്തന്നെയുണ്ട്. അവന്‍ സമ്മാനിച്ച കുന്നിമണികള്‍. കാലു നനയാതെ പാറകളിലൂടെ ചാടിച്ചാടി ഞാന്‍ അക്കര കടക്കുമ്പോള്‍ കുന്നിന്‍ മുകളില്‍ നിന്നും പിന്നെയും കാറ്റുകള്‍ എത്തിക്കൊണ്ടിരുന്നു

എം ആര്‍ രേണുകുമാര്‍
വര: അരുണ ആലഞ്ചേരി