KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കൊയോട്ടിന്റെ കൌശലം

nadodikatha
വടക്കേ അമേരിക്കയിലെ ഒരു നാടോടിക്കഥയാണിത്. പണ്ടു പണ്ട് മനുഷ്യര്‍ തീയില്ലാതെയാണ് ജീവിച്ചിരുന്നത്. തീ എങ്ങനെ ഉണ്ടാക്കണമെന്നോ എവിടുന്നുകിട്ടുമെന്നോ അവര്‍ക്കറിയില്ലായിരുന്നു. വേനലിലും വസന്തത്തിലും ഇതവരെ അലട്ടിയിരുന്നില്ല. പക്ഷേ ശീതകാലം വരുന്നതോടെ അവര്‍ തണുപ്പിന്റെ ഭീകരതയറിയും; പ്രത്യേകിച്ചും കുടുംബത്തിലെ കുട്ടികളും പ്രായമായവരും. നിരവധി പേര്‍ മരണത്തിന് കീഴടങ്ങും. ഇത് അവരെ സങ്കടപ്പെടുത്തി. പക്ഷേ അവര്‍ നിസ്സഹായരായിരുന്നു.
അങ്ങനെ ഒരാണ്ട്, സൂര്യരശ്മികള്‍ കുറഞ്ഞ് ശൈത്യം വരവേ, അവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഒത്തുകൂടി. “നാം നമ്മുടെ മാതാപിതാക്കളെയും കുട്ടികളെയും ഇനിയും മരണത്തിന് വിട്ടുകൊടുക്കില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ.”
“തീസൂക്ഷിപ്പുകാരുടെ പക്കല്‍ നിന്നും തീ കൊണ്ടു വരൂ. അതവരുടെ തണുപ്പകറ്റും; ഉല്ലാസഭരിതരാക്കും.” അണ്ണാന്‍ നിര്‍ദേശിച്ചു.
“അതെങ്ങനെ കഴിയും?” തദ്ദേശീയനായ ചിപ്മങ്ക് (വടക്കേ അമേരിക്കയിലെ ഒരിനം അണ്ണാന്‍) ചോദിച്ചു. “തീ സൂക്ഷിപ്പുകാര്‍ അതാര്‍ക്കും പങ്കുവയ്ക്കില്ല.”
തീസൂക്ഷിപ്പുകാരുടെ പക്കല്‍ മാത്രമേ തീ ഉണ്ടായിരുന്നുള്ളൂ. അതവര്‍ അമൂല്യമായി കരുതി. അവര്‍ക്ക് അത് മറ്റാരുമായും പങ്കുവയ്ക്കേണ്ടതുണ്ടായിരുന്നില്ല.
തവളയ്ക്ക് ഒരാശയം തോന്നി. “നമുക്ക് കൊയോട്ടിന്റെ (വടക്കേ അമേരിക്കയിലെ ചെന്നായ) സഹായം തേടാം. എന്തു ചെയ്യണമെന്ന് അവനറിയാം. അവന്‍ അത്രയ്ക്കു സമര്‍ത്ഥനാണ്.”
അങ്ങനെ അവര്‍ കൊയോട്ടിനോട് സഹായം അഭ്യര്‍ത്ഥിച്ചു. അവര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് ഉടനെ തീ എത്തിച്ചിരിക്കും.”
കൊയോട്ട് തീസൂക്ഷിപ്പുകാര്‍ വസിക്കുന്ന കുന്നിന് മുകളിലെത്തി. ഉണങ്ങിയ കമ്പുകള്‍ കൂട്ടി എങ്ങനെയാണ് ഒരിക്കലും കെട്ടുപോകാതെ തീ സൂക്ഷിക്കുന്നതെന്ന് അവന്‍ നിരീക്ഷിച്ചു. കാറ്റിനെ ആട്ടിയകറ്റി, വയ്ക്കോല്‍ കഷണങ്ങളെ പഴി പറഞ്ഞ് തീ സൂക്ഷിക്കുമ്പോള്‍ അവരുടെ ചുവന്ന കണ്ണുകള്‍ ചുറ്റും പരതുന്നുണ്ടായിരുന്നു എന്നവന്‍ മനസ്സിലാക്കി. പക്ഷേ പുല്‍മേടുകളില്‍ അലഞ്ഞു തിരിയുന്ന കൊയോട്ടിനെ അവര്‍ സംശയിച്ചില്ല.
പ്രഭാതത്തിലെ നനുത്ത തണുപ്പ് തീസൂക്ഷിപ്പുകാരുടെ കണ്ണുകളെ നിദ്രയിലാഴ്ത്തുന്നത് അവന്‍ കണ്ടു. ‘ഇതാണ് പറ്റിയ സമയം’, കൊയോട്ട് കരുതി. അവന്‍ കുന്നിറങ്ങി കൂട്ടുകാരെ വിളിച്ചുകൂട്ടി.
കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന കൊയോട്ട് പെട്ടെന്ന് തീക്കരികിലേക്കു കുതിച്ചെത്തി. കത്തുന്ന ഒരു തീപ്പന്തവുമായി ഓടി മറഞ്ഞു. തീസൂക്ഷിപ്പുകാര്‍ കൊയോട്ടിനെപ്പോലെ വേഗതയുള്ളവരായിരുന്നു. ഒരുവന്റെ വിരലുകള്‍ കൊയോട്ടിന്റെ വാലില്‍ പതിഞ്ഞു. ഭീകരമായ ആ സ്പര്‍ശനത്തോടെ അവന്റെ വാലറ്റം വെളുത്തുപോയി. ഇപ്പോഴും അതങ്ങനെ തന്നെ.കൊയോട്ട് നിലവിളിച്ചുകൊണ്ട് തീ ദൂരേക്കെറിഞ്ഞു. അണ്ണാന്‍ അത് പിടിച്ചെടുത്ത്, മുതുകില്‍ വച്ച് പറപറന്നു. അതവന്റെ മുതുകു പൊള്ളിച്ചു. അതോടെ വാല്‍ വളഞ്ഞുയര്‍ന്നു. ഇന്നും അതങ്ങനെതന്നെയല്ലേ?
തീസൂക്ഷിപ്പുകാര്‍ അണ്ണാനു പിറകില്‍ തന്നെയുണ്ടായിരുന്നു. അവന്‍ അത് ചിപ്മങ്കിനെറിഞ്ഞുകൊടുത്തു. തീസൂക്ഷിപ്പുകാരിലൊരുവന്റെ നഖങ്ങള്‍ അണ്ണാന്റെ പുറത്ത് പതിച്ചു. അങ്ങനെയാണ് അവന്റെ പുറത്ത് മൂന്ന് വരകളുണ്ടായത്. ഇപ്പോഴും അണ്ണാന്റെ പുറത്ത് ആ വരകള്‍ കാണാം. ചിപ്മങ്ക് തീ തവളയ്ക്കെറിഞ്ഞു കൊടുത്തു. തീസൂക്ഷിപ്പുകാര്‍ അവന് പിറകേ പാഞ്ഞു. അവരിലൊരാള്‍ അവന്റെ വാലില്‍ പിടികൂടി. തവള മുന്നോട്ടു കുതിച്ചു. പക്ഷേ അവന് വാല് നഷ്ടമായി! വാലുള്ള തവളകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
തീസൂക്ഷിപ്പുകാര്‍ പിന്നെയും തന്നെ പിന്‍തുടരുന്നത് കണ്ടപ്പോള്‍ തവള തീ കുറ്റിക്കാട്ടിലേക്കെറിഞ്ഞു. കാട് അത് വിഴുങ്ങി. തീസൂക്ഷിപ്പുകാര്‍ കാടിനെ വളഞ്ഞ്, അപേക്ഷിച്ചു... സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു... ഒടുവില്‍ ഭീഷണിപ്പെടുത്തി. പക്ഷേ കാട് വഴങ്ങിയില്ല. തോറ്റ് തുന്നം പാടിയ തീസൂക്ഷിപ്പുകാര്‍ കുന്നിന്‍ മുകളിലേക്കു മടങ്ങി. കാട്ടില്‍ നിന്നും തീ വീണ്ടെടുക്കേണ്ടതെങ്ങനെയെന്ന് കൊയോട്ടിന് അറിയാമായിരുന്നു. അവന്‍ ഗ്രാമത്തിലെത്തി  ആ സൂത്രം കാട്ടിക്കൊടുത്തു. ഉണങ്ങിയ രണ്ട് കമ്പുകള്‍ ഉരസിയുരസി തീയുണ്ടാക്കുന്ന വിദ്യ!
അങ്ങനെയാണ് കൊയോട്ടിന്റെ വാലറ്റം വെളുത്തത്; അണ്ണാന്റെ വാല്‍ വളഞ്ഞ് പുറകിലേക്കു ചാഞ്ഞത്; ചിപ്മങ്കിന്റെ പുറത്ത് വെളുത്ത വരകളുണ്ടായത്; തവളയ്ക്ക് വാല്‍ നഷ്ടമായത്. എന്നാല്‍ ശൈത്യകാലത്ത് ഇപ്പോള്‍ എല്ലാവര്‍ക്കും സുഖമാണ്.

രചന, വര : ഇന്ദു ഹരികുമാര്‍