KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മഹാഭാരതം വൈരം വര്‍ധിക്കുന്നു
വൈരം വര്‍ധിക്കുന്നുmahabaharathm_titleതിരക്കെല്ലാം ഒഴിഞ്ഞു. മയാസുരനാല്‍ നിര്‍മിതവും ദിവ്യശോഭപൂണ്ടതുമായ പാണ്ഡവ സഭ മുഴുവന്‍ നടന്നു കാണുവാന്‍ ദുര്യോധനന്‍ ഒരു നാള്‍ പുറപ്പെട്ടു. അത്ഭുതകരമായ പൊന്നിന്‍ കൊത്തുപണികള്‍ നിറഞ്ഞ വന്‍സ്തംഭങ്ങളും സ്ഫടികത്തറകളും സ്വര്‍ണത്താല്‍ പണിതു രത്നം പതിച്ച സിംഹാസനങ്ങളും നാനാലങ്കാരങ്ങളും കണ്ടുകണ്ടു മനംനൊന്തു നടക്കവേ ദുര്യോധനനു ചില അബദ്ധങ്ങള്‍ പറ്റി. സ്ഫടികം കൊണ്ടുള്ള വാതില്‍ വാതിലെന്നറിയാതെ നേരേ നടന്നുചെന്ന് മുഖമിടിച്ചു തരിച്ചു നിന്നുപോയി. മറ്റൊരിടത്ത് സ്ഫടികവാതിലെന്നു കരുതി വാതിലില്ലാത്തിടത്ത് ആഞ്ഞു തള്ളിയപ്പോള്‍ മൂക്കുകുത്തി വീണുപോയി! ഇതിലൊക്കെയും കഷ്ടമായത് മറ്റൊരനുഭവമാണ്. പച്ചരത്നക്കല്ലു പതിച്ച വെണ്ണക്കല്‍ത്തളം കണ്ട് ഓളംതല്ലുന്ന ജലമാണെന്ന് ധരിച്ച് ഉടുത്ത പട്ടാട ചെരിച്ചുകയറ്റി പതുക്കെപ്പതുക്കെ നീന്താനെന്നോണം കൈനീട്ടി നീങ്ങിയപ്പോള്‍ കണ്ടു നിന്നവരെല്ലാം ചിരിച്ചുപോയി. ഭീമസേനന്റെ പൊട്ടിച്ചിരി കൂട്ടത്തില്‍ മുഴങ്ങിക്കേട്ടു. കഴിഞ്ഞില്ല. മറ്റൊരു സ്ഫടികതലവും പച്ചക്കല്ലു പടുത്ത യഥാര്‍ഥ പൊയ്കയും കണ്ട് അത് മനസ്സിലാക്കാതെ ദുര്യോധനന്‍ ആദ്യം കണ്ടതു പോലുള്ളിടമാണെന്ന് കരുതി വേഗത്തില്‍ നേരേ നടന്നു ചെന്ന് ജലം നിറഞ്ഞ കുളത്തില്‍ മറിഞ്ഞു വീണുപോയി! ആകെ മുങ്ങി നീന്തിക്കയറി നനഞ്ഞു കുതിര്‍ന്നു നിന്നപ്പോള്‍, ആ കാഴ്ച കണ്ട ഭീമനും കൃഷ്ണാര്‍ജുനന്മാരും പൊട്ടിച്ചിരിച്ചു. അരികില്‍ നിന്ന പാഞ്ചാലിയാകട്ടെ പട്ടാടത്തുമ്പിനാല്‍ മുഖം മറച്ചു കിലുങ്ങിച്ചിരിച്ചു. വിഷണ്ണനായി നില്‍ക്കുന്ന ദുര്യോധനനെക്കണ്ട് “ആരവിടെ! ഉടന്‍ പട്ടു വസ്ത്രങ്ങള്‍ കൊണ്ടുവരൂ” എന്ന് യുധിഷ്ഠിരന്‍ കല്പിച്ചു. അഭിമാനിയായ ദുര്യോധനന്റെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്തീ ആ ചിരി. പുതിയ വസ്ത്രങ്ങള്‍ ധരിച്ച് മുന്നോട്ട് നടന്നപ്പോഴും പറ്റീ ഒരബദ്ധം. സ്ഫടിക വാതില്‍പ്പടിമേല്‍ നെറുക മുട്ടി അവിടെ ചാഞ്ഞുവീഴാന്‍ തുടങ്ങിയ ദുര്യോധനനെ നകുല സഹദേവന്മാര്‍ ഓടിവന്നു താങ്ങി. “ജ്യേഷ്ഠാ, ഇതാണ് വഴി” എന്നവര്‍ കാട്ടിക്കൊടുത്തു. “ഹേ ധാര്‍ത്തരാഷ്ട്രാ, ഇതാ വാതില്‍” എന്ന് ഭീമന്‍ ആര്‍ത്തുചിരിച്ചുകൊണ്ടു പറഞ്ഞു. ഇതെല്ലാം കേട്ടും പരിഹാസമേറ്റും പാണ്ഡവസഭയുടെ അക്ഷയമായ ഐശ്വര്യം കണ്ടും മനം കലങ്ങിമറിഞ്ഞ ദുര്യോധനന്‍ സ്വന്തം മന്ദിരത്തിലേക്കു പോയി. നെടുവീര്‍പ്പിട്ടും ചിന്താകുലനായുമിരിക്കുന്ന അനന്തിരവനെക്കണ്ട് “എന്താണ് ഉണ്ണീ, നിനക്ക് വിഷാദം?” എന്ന് അമ്മാവനായ ശകുനി ആരാഞ്ഞു.mahaba1
ദുര്യോധനന്‍ ദുഃഖത്തോടെ പറഞ്ഞു തുടങ്ങി: “അമ്മാവാ, പാര്‍ഥന്റെ പ്രതാപം നിമിത്തം ഈ ഭൂമി മുഴുവന്‍ ധര്‍മപുത്രരുടെ കീഴിലായിരിക്കുന്നു. ദേവന്മാരുടെ നടുവിലിരുന്ന് സ്വര്‍ഗരാജാവായ ദേവേന്ദ്രന്‍ യാഗം കഴിക്കുന്നതുപോലെ എനിക്ക് തോന്നീ ഈ യജ്ഞം കണ്ടപ്പോള്‍. വലിയ വലിയ രാജ്യങ്ങളുടെ അധിപന്മാരായ രാജാക്കന്മാര്‍ ഭൃത്യരെപ്പോലെ വണങ്ങി നില്‍ക്കുന്നത് അമ്മാവന്‍ കണ്ടില്ലേ? ജ്യേഷ്ഠനായതിനാല്‍ എന്നെയാണല്ലോ ധര്‍മപുത്രന്‍ സമ്മാനമായി വരുന്ന രത്ന ജാലങ്ങള്‍ ഏറ്റുവാങ്ങാന്‍ നിര്‍ത്തിയത്. അവ വാങ്ങി വാങ്ങി എന്റെ കൈകള്‍ കുഴഞ്ഞുപോയി. ഞാന്‍ ക്ഷീണിച്ചു നില്‍ക്കുന്നതുകണ്ട് രത്ന സമ്മാനങ്ങളുമായി വന്ന രാജാക്കന്മാരും പ്രഭുക്കളും കാത്തുനില്‍ക്കേണ്ടി വന്നു. അമ്മാവാ, ഇന്നുണ്ടായതു കേള്‍ക്കൂ. സഭ നടന്നു കാണാന്‍ പോയ ഞാന്‍ മയ ശില്പിയുടെ മായപ്പണികള്‍ കണ്ടു ഭ്രമിച്ചുപോയി. സ്ഫടികത്തളംകണ്ട് വെള്ളമെന്നു ധരിച്ച ഞാന്‍ വെള്ളമില്ലാത്തിടത്തു മുണ്ടും ചെരിച്ചു കയറ്റി കാല്‍കൊണ്ടു തപ്പി നടന്നപ്പോള്‍ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് ആ ഭീമന്‍ എന്നെ പരിഹസിച്ചു. അവനെ അപ്പോള്‍ തന്നെ ഞാന്‍ കൊന്നേനെ. പക്ഷേ ശിശുപാലന്റെ ഗതിയോര്‍ത്ത് ഞാന്‍ അടങ്ങി. പിന്നെയും പറ്റി അമളികള്‍. അടിയില്‍ പച്ചക്കല്ലു പതിച്ച സ്ഫടിക നിര്‍മിതമായ പൊയ്ക കണ്ട് അത് കല്‍ത്തളമാണെന്നു കരുതി നേരേ ചെന്നിറങ്ങിയ ഞാന്‍ വെള്ളത്തില്‍ വീണു മുങ്ങിപ്പോയി. ഒരു വിധം കരയ്ക്കു കയറി നനഞ്ഞൊലിച്ചു നിന്ന എന്നെ നോക്കി ആ ഭീമന്‍ മാത്രമല്ല കൃഷ്ണനും അര്‍ജുനനും പൊട്ടിച്ചിരിച്ചു. അമ്മാവാ, എനിക്ക് സഹിക്കാനാവുന്നില്ലാ അവരുടെ അരികില്‍ നിന്ന ആ ദ്രൌപദി ഒരു ചിരി ചിരിച്ചത്! ഇതില്‍ ഭേദം ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ഇതു കണ്ട് ആ മൂത്തയാളായ ധര്‍മാത്മാവുണ്ടല്ലോ, ദയവോടെ എനിക്ക് പുതിയ വസ്ത്രങ്ങള്‍ ഉടന്‍ തന്നെ കൊടുത്തയച്ചു. ഇതിലും മാനക്കേടുണ്ടാവാനുണ്ടോ? പിന്നെയും പലതും പറ്റീ എനിക്ക്. അമ്മാവാ നമുക്ക് മടങ്ങിപ്പോകാം”
അങ്ങനെ അടുത്തനാള്‍ തന്നെ മടങ്ങിപ്പോകാന്‍ നിശ്ചയിച്ച ദുര്യോധനനെ ധര്‍മപുത്രര്‍ ഒട്ടേറെ സമ്മാനങ്ങള്‍ നല്‍കി ശകുനിയോടൊപ്പം മഹാരഥത്തില്‍ കയറ്റി യാത്രയാക്കി. ഹസ്തിനപുരിയിലെത്തിയ ദുര്യോധനന്‍ അസൂയയും ദുഃഖവും പൊറുക്കാതെ ആഹാരം കഴിക്കാതെയും ഉറക്കം ശരിയാകാതെയും അസ്വസ്ഥനായിക്കഴിയുന്നതറിഞ്ഞ അച്ഛന്‍ ധൃതരാഷ്ട്രര്‍ മകനെ വിളിച്ച് കാരണമാരാഞ്ഞു. ദുര്യോധനന്‍ ദുഃഖത്തോടെ പറഞ്ഞു. “മഹാരാജാവേ, എന്റെ അച്ഛാ, ഞാന്‍ മരിക്കാന്‍ ആലോചിക്കുകയാണ്. പാണ്ഡവരുടെ പ്രതാപൈശ്വര്യങ്ങള്‍ കണ്ട് എന്റെ മനസ്സിടിഞ്ഞിരിക്കുന്നു. അച്ഛാ, അവിടെ രാജസൂയത്തിന് ആയിരക്കണക്കിന് രാജാക്കന്മാരും പ്രഭുക്കന്മാരും വന്നു ചേര്‍ന്നു. നൂറായിരക്കണക്കിന് ബ്രാഹ്മണരും പൌരജനങ്ങളും വന്നു തിരക്കി. നൂറുനൂറു ശാലകളും ഉപശാലകളും മന്ദിരങ്ങളും പുതുതായി നിര്‍മിതമായ കനകരാജസഭയും വര്‍ണിക്കാന്‍ എനിക്കാവുന്നില്ല. ധനം വന്നു കുന്നുപോലെ കുമിയുന്നതുകാണായി. രത്നകാണിക്കകള്‍ ഏറ്റുവാങ്ങിയേറ്റുവാങ്ങി ബലിഷ്ഠമായ എന്റെ കൈകള്‍ രണ്ടും കുഴഞ്ഞു പോയി. പട്ടുവസ്ത്രങ്ങളും കമ്പിളിയാടകളും വിവിധ ജീവികളുടെ രോമങ്ങള്‍കൊണ്ട് നിര്‍മിച്ച നനുത്ത വസ്ത്രങ്ങളും ആഭരണങ്ങളുംപൊന്‍പാത്രങ്ങളും ആയിരക്കണക്കിന് പൊന്നണിഞ്ഞ വിശിഷ്ട ഗജങ്ങളും ആയിരമായിരം പടക്കുതിരകളും ആഭരണ വിഭൂഷിതകളായ അനേകായിരം ദാസിമാരും യുധിഷ്ഠിരജ്യേഷ്ഠന് കാഴ്ചയായി ലഭിച്ചു. പശുക്കളും ഒട്ടകങ്ങളും കോവര്‍കഴുതകളും പൊന്നും തേനും കംബളങ്ങളുമായി നാനാദേശക്കാര്‍ വന്നുകൊണ്ടിരുന്നു. അനേകവിധം ആയുധങ്ങളും ദന്തപ്പിടിയുള്ള വാളുകളും താമരപ്പൂവിതളുകള്‍പോലെ മടക്കിവെച്ച നേര്‍ത്ത പരുത്തിപ്പട്ടുകളും കനത്ത പുതപ്പുകളും സുഗന്ധദ്രവ്യങ്ങളും പട്ടുമെത്തകളും പടച്ചട്ടകളും വിചിത്രാസനങ്ങളും കട്ടിലുകളും ആലവട്ടങ്ങളും ചാമരങ്ങളും എല്ലാമെല്ലാം വന്നു നിറയുന്നത് ഞാന്‍ കണ്ടു. ധാന്യങ്ങള്‍ മലപോലെ കുമിഞ്ഞു. അതുപോലെ പച്ചക്കറികളും പഴങ്ങളും പുഷ്പങ്ങളും കുന്നുകള്‍പോലെ കൂട്ടിയിട്ടു. തങ്കപ്പൊടിയും ഹിമാലയത്തിലെ തേനും വെളുത്ത രത്നങ്ങളുമായി അവിടെ വസിക്കുന്നവര്‍ വന്നെത്തി. ഉത്തര കുരുരാജ്യത്തു നിന്ന് വാടാത്ത പൂക്കള്‍ വന്നെത്തി. ഹിമാലയത്തില്‍ നിന്ന് തോലുടുത്ത കിരാതന്മാരും മറ്റ് വനവാസികളും അകിലും ചന്ദനവും തോലുകളും സുഗന്ധദ്രവ്യങ്ങളും മലകളിലെ പൊന്നും പഴങ്ങളുമായി വന്നു വണങ്ങി. ഗോപുരങ്ങളിലെങ്ങും തിക്കിത്തിരക്കി കാത്തുനില്‍ക്കുന്ന രാജപ്രഭു വൃന്ദങ്ങളെക്കണ്ട് എന്റെ മനസ്സ് നീറിപ്പോയി. മഹാരാജാവേ, പൊന്നണിഞ്ഞ കൊമ്പനാനകളെ കപ്പം നല്‍കുവാന്‍ രാജാക്കന്മാര്‍ സമയംകാത്ത് നില്‍ക്കുന്നത് ആലോചിച്ചു നോക്കൂ. മാന്തളിരിന്റെ നിറമുള്ള, പൊന്മാലയണിഞ്ഞ നാനൂറു കുതിരകളെയാണ് ഗന്ധര്‍വരാജാവായ ചിത്രരഥന്‍ സമ്മാനമായി നല്‍കിയത്. പാഞ്ചാലിയുടെ പിതാവായ ദ്രുപദ രാജാവ് സമ്മാനിച്ചത് പൊന്നണിഞ്ഞ രണ്ടായിരം കുതിരകളെയും പതിനാലായിരം ദാസികളെയും പതിനായിരം ദാസന്മാരെയും വിലമതിക്കാനാവാത്ത ധനങ്ങളെയുമാണ്. ചോള പാണ്ഡ്യന്മാര്‍ പൊന്നിന്‍കുടങ്ങളില്‍ ചന്ദനച്ചാറും സമുദ്രത്തില്‍ നിന്ന് കിട്ടുന്ന വെണ്‍മുത്തുകളും പട്ടുകളുമായി വന്നു വഴികിട്ടാതെ കാത്തുനിന്നു. ഇതൊക്കെക്കണ്ട ഞാന്‍ മരിക്കാതിരിക്കുന്നതെങ്ങനെയാണ് രാജാവേ?... ഒരിടത്ത് ആയിരമായിരം ബ്രാഹ്മണരുടെ സദ്യമേളം. മറ്റൊരിടത്ത് ആനക്കൂട്ടങ്ങള്‍ക്കും കുതിരകള്‍ക്കും തീറ്റി നല്‍കല്‍, ലക്ഷക്കണക്കിന് കാലാള്‍പ്പടകളുടെ ഭക്ഷണഘോഷം. പതിനായിരം ഋഷികള്‍ പൊന്നിന്‍ കിണ്ണത്തില്‍ ധര്‍മപുത്രരുടെ കൊട്ടാരത്തിലിരുന്ന് വിശിഷ്ട ഭോജ്യങ്ങള്‍ ഭക്ഷിക്കുന്നു. രാജാക്കന്മാര്‍ നിന്ന് സല്ക്കരിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഈ ജനലക്ഷങ്ങളുടെയെല്ലാം ഭോജനം കഴിഞ്ഞൂ എന്ന ശംഖനാദം മുഴങ്ങുമ്പോള്‍ മാത്രമേ ദ്രൌപദി ആഹാരം കഴിക്കുകയുള്ളൂ. യജ്ഞത്തിനുവേണ്ടതെല്ലാം ഒരുക്കിയത് മിത്രരാജാക്കന്മാരാണ്. ബാല്‍ഹീകന്‍ പൊന്നിന്‍ തേരു നല്‍കി. സുദക്ഷിണന്‍ അതില്‍ പൂട്ടാന്‍ കാംബോജത്തിലെ കുതിരകളെ നല്‍കി.  ചേദിരാജാവ് കൊടിമരം കൊണ്ടുവന്ന് ഉയര്‍ത്തി. യജ്ഞത്തിനണിയാനുള്ള വിശിഷ്ട വസ്ത്രങ്ങളും ആഭരണങ്ങളും തലപ്പാവുകളും ചെരിപ്പുകളും വരെ മിത്രങ്ങള്‍ സമ്മാനിക്കുന്നത് ഞാന്‍ കണ്ടു. വേദവ്യാസനെ മുന്‍നിര്‍ത്തി നൂറുകണക്കിന് മഹര്‍ഷിമാര്‍ അനുഗ്രഹിച്ച് യജ്ഞം നടത്തുകയായി. സാത്യകി സിംഹാസനസ്ഥനായ ധര്‍മപുത്രര്‍ക്ക് മുകളില്‍ വെണ്‍കൊറ്റക്കുടയുയര്‍ത്തി. അര്‍ജുനനും ഭീമനും ആലവട്ടം പിടിച്ചു. നകുല സഹദേവന്മാര്‍ വെണ്‍ചാമരങ്ങള്‍ വീശി. വരുണദേവന്‍ നല്‍കിയ പൊന്നുകെട്ടിയ മഹാശംഖില്‍ തീര്‍ഥം നിറച്ച് സാക്ഷാല്‍ ഗോവിന്ദന്‍ യുധിഷ്ഠിരന് അഭിഷേകകര്‍മം
നടത്തി. ആ ശംഖം ഊതിയപ്പോളുണ്ടായ ഇടിനാദംപോലെയുള്ള മുഴക്കം കേട്ട് ഞാനും മറ്റ് പല രാജാക്കന്മാരും മയങ്ങി വീണുപോയി. ധൃഷ്ടദ്യുമ്നനും പാണ്ഡവരും കൂട്ടരും അതുകണ്ട് എന്നെ നോക്കി കളിയാക്കി ചിരിച്ചു. അഭിഷേകം കഴിഞ്ഞ് വര്‍ധിത ശോഭയോടെ എഴുന്നേറ്റ ധര്‍മപുത്രര്‍ വിപ്രര്‍ക്കു നല്‍കിയ പൊന്നണിഞ്ഞ കാളകളും മഹാദ്രവ്യങ്ങളും പട്ടുവസ്ത്രങ്ങളും കണ്ട് എനിക്ക് കണ്ണഞ്ചിപ്പോയി. ഹരിശ്ചന്ദ്ര ചക്രവര്‍ത്തിയെപ്പോലെ ധര്‍മപുത്രര്‍  പരമമായ ശ്രീ നേടിക്കഴിഞ്ഞിരിക്കുന്നു. പാണ്ഡവന്മാര്‍ ഏറ്റവും ഉയര്‍ന്നു കഴിഞ്ഞു. നമ്മളോ താഴ്ന്നു കൊണ്ടിരിക്കുന്നു. പിതാവേ, എനിക്കീ ജീവിതം വേണ്ട.”
ധൃതരാഷ്ട്രര്‍ ദുര്യോധനനെ ആശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. “മകനേ, നീയിങ്ങനെ മാഴ്കരുത്. യുധിഷ്ഠിരന്‍ നിന്റെ ജ്യേഷ്ഠനാണ്. പാണ്ഡവര്‍ നിന്റെ സഹോദരന്മാരും. ധര്‍മാത്മാവും ദ്വേഷഹീനനും ചതിയറിയാത്തവനും സര്‍വഥായോഗ്യനുമായ യുധിഷ്ഠിരനോട് നിനക്ക് വിദ്വേഷമരുത്. നീയും കുലവും ധനവും തികഞ്ഞവനാണ്. ഭ്രാതാവിന്റെ ധനസമ്പത്തുകളെ മോഹിക്കുന്നത് തെറ്റാണ്. നീയും ഒരു മഹായജ്ഞം നടത്തുക. അപ്പോള്‍ വിശിഷ്ട  വസ്തുക്കളും ധനവും നിനക്കും സമ്മാനിതമാകും. പരദ്രവ്യത്തെ കാംക്ഷിക്കാതെ പാണ്ഡവന്മാര്‍ നിന്റെ കുലത്തിന്റെ കൈകള്‍ തന്നെയാണെന്നു മനസ്സിലാക്കി നീ സുഖമായി വസിക്കുക. ബന്ധുവിദ്വേഷം ഒന്നിനും പരിഹാരമല്ല.”
ദുര്യോധനന്‍ ക്രുദ്ധനായി. “മഹാരാജാവേ, ഞാന്‍ ക്ഷത്രിയനാണ്. വിജയമാണ് എന്റെ ലക്ഷ്യം. ആരു സന്താപം നല്‍കുന്നുവോ അവന്‍ ശത്രുവാണ്. ശത്രുവിന്റെ സമ്പത്തു കണ്ട് മനം കലങ്ങി അവന് കീഴടങ്ങി ജീവിക്കുവാന്‍ ഞാന്‍ ഒരുക്കമല്ല. ശത്രുപക്ഷം തഴച്ചുവളരുന്നത് കണ്ടു മിണ്ടാതിരിക്കുന്നവന്‍ രോഗം വര്‍ധിച്ചmahaba2വനെപ്പോലെ നശിച്ചുപോകും. അതിന് ഞാന്‍ ഒരുക്കമല്ല. മൃത്യുവാണ് അതിലും ഭേദം.”
എന്തു ചെയ്യേണ്ടൂ എന്ന് വിഷണ്ണനായി ഉഴലുന്ന രാജാവിനെക്കണ്ട് ദുഷ്ടബുദ്ധിയായ ശകുനി ഇങ്ങനെ പറഞ്ഞു. “മകനേ, ദുര്യോധനാ, നീ ഏതു സമ്പത്തു കണ്ട് വിഷാദിക്കുന്നുവോ അത് മുഴുവന്‍ ഞാന്‍ നേടിത്തരാം നിനക്ക്. ആ കുന്തീപുത്രനെ വിളിക്കൂ ചൂതു കളിക്കുവാന്‍. ആപത്തു നിറഞ്ഞ യുദ്ധം വേണ്ട, ദ്യൂത യുദ്ധത്തില്‍ ഞാന്‍ പാണ്ഡവശ്രീയെല്ലാം പിടിച്ചെടുത്തു നിനക്ക് നല്‍കുന്നതാണ്.”
“അച്ഛാ, ഞാന്‍ ജീവിച്ചിരിക്കണമെന്നുണ്ടെങ്കില്‍ ഇതിന് അനുവാദം തരണം” എന്നു മകന്‍ അപേക്ഷിച്ചപ്പോള്‍ മനം കലങ്ങി ധൃതരാഷ്ട്രര്‍ “വിദുരരോട് ആലോചിക്കട്ടെ” എന്ന് മറുപടി നല്‍കി. വിദുരര്‍ പാണ്ഡവ പക്ഷപാതിയാണെന്നും ചൂതുകളി അനുവദിക്കില്ലെന്നും അതിനാല്‍ ഉടന്‍തന്നെ പാണ്ഡവരെ ക്ഷണിച്ചുവരുത്തി ദ്യൂതമത്സരം നടത്താന്‍ അനുവദിക്കേണ്ടതാണെന്നും ദുര്യോധനനും ശകുനിയും വാദിച്ചു. ഇത് യുദ്ധത്തിലേക്കു നയിക്കുമോ എന്ന് ശങ്കിച്ചും ചൂത് അധര്‍മമാണെന്ന് ഭയന്നും പുത്രന്റെ നിര്‍ബന്ധത്തിന് വഴങ്ങി ധൃതരാഷ്ട്ര രാജാവ് “നിന്റെയിഷ്ടം പോലെ ചെയ്തുകൊള്ളുക” എന്ന് സമ്മതം നല്‍കി.
ദ്യൂതസഭ തയ്യാറാക്കുവാന്‍ ദുര്യോധനന്‍ ആജ്ഞ നല്‍കുന്നതും സഭാനിര്‍മാണം തിരക്കിട്ട് നടക്കുന്നതും കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മഹാമന്ത്രിയും സഹോദരനുമായ വിദുരര്‍ ധൃതരാഷ്ട്ര സവിധത്തിലെത്തി ഇത് അധര്‍മമാണെന്ന് അഭിപ്രായപ്പെട്ടു. “മഹാരാജാവേ, ഇത് കുലനാശത്തിന് കാരണമായിത്തീരും. പുത്രന്മാര്‍ ഇതോടെ ശത്രുക്കളായിത്തീരും. അരുത്” എന്നാല്‍ ഒരു കുഴപ്പവുമുണ്ടാവില്ലെന്നും എല്ലാം ദൈവഹിതംപോലെ വരുമെന്നും ദ്യൂതം നടക്കുകതന്നെ ചെയ്യണമെന്നും ധൃതരാഷ്ട്രര്‍ പറഞ്ഞു. ധര്‍മപുത്രരെയും സഹോദരന്മാരെയും ദ്യൂതകേളിക്കു ക്ഷണിക്കുവാന്‍ വിദുരരെത്തന്നെ നിയോഗിക്കുകയും ചെയ്തു.
ഇന്ദ്രസഭാ തുല്യമായ രാജസഭയില്‍ യുധിഷ്ഠിരന്‍ ഇരുന്നരുളവേ വിദുരര്‍ വന്നെത്തിയ വാര്‍ത്തകേട്ട് എഴുന്നേറ്റു ചെന്ന് ആദരിച്ച് സല്‍ക്കരിച്ചു. അതിനുശേഷം വിശ്രമിക്കുന്ന വിദുരരെ നോക്കി യുധിഷ്ഠിരന്‍ ചോദിച്ചു. “പിതൃവ്യനായ വിദുരരേ, അങ്ങയുടെ മുഖം മ്ളാനമായിരിക്കുന്നതെന്ത്? ഹസ്തിനപുരിയില്‍ എല്ലാവര്‍ക്കും ക്ഷേമമല്ലേ? പിതാവിന് പ്രത്യേകിച്ചും?” വിദുരര്‍ പറഞ്ഞു. “യുധിഷ്ഠിര, അവിടെ എല്ലാവര്‍ക്കും ക്ഷേമമത്രേ. പുതുതായി നിര്‍മിച്ച ദ്യൂതസഭയില്‍വെച്ച് ഒരു ദ്യൂതകേളി നടത്തുവാന്‍ മഹാരാജാവ് നിശ്ചയിച്ചിരിക്കുന്നു. അവിടെ വന്നു ചൂതു കളിക്കുവാന്‍ നിങ്ങളെയെല്ലാം ക്ഷണിക്കുവാന്‍ ഞാന്‍ ആജ്ഞപ്തനായിരിക്കുന്നു.” “ചൂത് അപകടകാരിയാണ്, കലഹം ഉണ്ടാക്കുന്നതാണ്. എന്താണ് ചെയ്യേണ്ട”തെന്നായി യുധിഷ്ഠിരന്‍. ശങ്ക ശരിയാണെന്നും എങ്കിലും മഹാരാജാവിന്റെ കല്പന അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വിദുരര്‍ പറഞ്ഞപ്പോള്‍ ധൃതരാഷ്ട്ര പുത്രന്മാരോടൊപ്പം താന്‍ കളിക്കാനൊരുക്കമാണെന്നും മറ്റാരുമായും കളിക്കുകയില്ലെന്നും യുധിഷ്ഠിരന്‍ പറഞ്ഞു. “പക്ഷേ ആരെങ്കിലും എന്നെ വെല്ലുവിളിച്ചാല്‍ എനിക്കത് സ്വീകരിക്കേണ്ടിവരും. എനിക്ക് യാതൊരു താല്പര്യവും ഇക്കാര്യത്തിലില്ലെങ്കിലും മഹാരാജാവായ വലിയച്ഛന്റെ ആജ്ഞ ഞാന്‍ സ്വീകരിക്കുന്നു.”
കയറാല്‍ കെട്ടിവലിക്കുംപോലെ വിധി വലിക്കുമ്പോള്‍ പോകാതിരിക്കാനാവില്ലല്ലോ. പാണ്ഡവന്മാര്‍ പാഞ്ചാലിയും വിദുരരുമൊത്ത് കൌരവ രാജധാനിയിലേക്ക് സാഘോഷം യാത്രതിരിച്ചു.

സുഗതകുമാരി

വര: ജയേന്ദ്രന്‍