KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ കുരുവിയും കുറുക്കനും
കുരുവിയും കുറുക്കനുംnadodikathaഒരിടത്തൊരു കുരുവിയുണ്ടായിരുന്നു. അവിടെത്തന്നെ ഒരു പയ്യും ഉണ്ടായിരുന്നു.
കണ്ടത്തില്‍ പയ്യു മേഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുരുവി പയ്യിന്റെ പുറത്തു കയറിയിരിക്കും. കുരുവി പാട്ടു പാടുന്നത് പയ്യ് കേട്ടിരിക്കും.
അങ്ങനെയിരിക്കെ ഒരിക്കല്‍ കുരുവി പയ്യിന്റെ പിന്നിലങ്ങനെ നടക്കുകയായിരുന്നു. അപ്പഴാണ് പയ്യ് ചാണകമിട്ടത്. ചാണകക്കുന്തി വീണത് കുരുവിയുടെ പുറത്തും!
പയ്യ് പുല്ലു തിന്നു തിന്ന് മുന്നോട്ടു പോയി.
കുരുവി ചാണകക്കുന്തിയിലകപ്പെട്ട കാര്യം പയ്യ് അറിഞ്ഞതുമില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുറുക്കന്‍ അതുവഴി വന്നു. കുഞ്ഞുകൊക്കും നീട്ടിക്കരയുന്ന കുരുവിയെ കുറുക്കന്‍ തോണ്ടിത്തോണ്ടി പുറത്തെടുത്തു.
എന്തായാലും കണി കൊള്ളാം!
കുറുക്കന്‍ കുരുവിയെ തിന്നാനായി എടുത്തുയര്‍ത്തി. അപ്പോള്‍ കുരുവി ചോദിച്ചു:
“ചാണകത്തില്‍ വീണ കിളിയെ തിന്നണ കുറ്ക്കാ... കുറ്ക്കാ...”
സംഗതി ശരി തന്നെ.
കുറുക്കന്‍ കുരുവിയെയും എടുത്ത് തോട്ടിലേക്ക് ഓടി. അതിനെ നന്നായി കഴുകി.
ഒരു പാറപ്പുറത്തിരുന്ന് കുറുക്കന്‍ കുരുവിയെ തിന്നാനായി എടുത്തു പൊന്തിച്ചു. അപ്പോള്‍ കുരുവി ചോദിച്ചു:
“നനഞ്ഞ കിളീനെ തിന്നണ കുറ്ക്കാ... കുറ്ക്കാ...”
സംഗതി ശരി തന്നെ.
കുറുക്കന്‍ കുരുവിയെ തറയില്‍വെച്ചു. വെള്ളം വലിഞ്ഞിട്ടു തിന്നാമെന്നു കരുതി ഒരു തണലും ചാരി കുറുക്കനൊന്നു മയങ്ങി.
വെള്ളം വലിഞ്ഞിട്ടു തിന്നാന്‍ നോക്കുമ്പോള്‍ കുരുവിയെവിടെ?

പുനരാഖ്യാനം രാമകൃഷ്ണന്‍ കുമരനല്ലൂര്‍
വര: ഗോപുപട്ടിത്തറ