KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പഴയ പരിചയം
ilam1പഴയൊരു പരിചയക്കാരനെ കണ്ടു. വെറും പരിചയമല്ല. സഹപാഠി... സഹയാത്രികന്‍... അങ്ങനെ... അങ്ങനെ... ആയിരം ജന്മങ്ങള്‍ക്കു പകരം വെയ്ക്കാന്‍ കഴിയാത്ത നല്ല ഓര്‍മകള്‍ തന്ന കൂട്ടുകാരന്‍. പക്ഷേ സൌഹൃദത്തിന്റെ ശുദ്ധിയും സ്നേഹവും ഒരു വിടപറച്ചിലിലൂടെ തീരുന്നുവോ? പിന്നെ സ്വപ്നങ്ങള്‍ക്കു പിന്നാലെ പോവുമ്പോള്‍ പഴയതൊക്കെ മറഞ്ഞു പോവുന്നുവോ? പുതിയ പത്രാസും പ്രൌഢിയും ചിലതൊക്കെ ഓര്‍ക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നുവോ? എന്നിരുന്നാലും... അവന്‍ വല്ലാതെ മാറിയിരിക്കുന്നു.
വലിയ ബംഗ്ളാവും കാറും പണവുമൊക്കെയുള്ള ഒരു ഡോക്ടര്‍ക്ക് വെറുമൊരു കൂലിപ്പണിക്കാരന്‍... ശ്ശെ! അതൊക്കെ കേള്‍ക്കുന്നതേ കാണുന്നതേ അറപ്പും വെറുപ്പുമാവും. പിന്നെയല്ലേ സൌഹൃദം പങ്കു വെയ്ക്കാന്‍ ചെന്നത്? ഇഷ്ടപ്പെട്ടു കാണില്ല. തീര്‍ച്ച... അതല്ലേ വാച്ച്മാനോട് പറഞ്ഞു തന്നെ പുറത്താക്കിയത്! ആട്ടിയിറക്കിയത്...
അവനാണ് ആ വലിയ വീട്ടില്‍ താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം കാറില്‍ കുടുംബവുമായി പുറത്തുപോയി വന്നപ്പോള്‍ കണ്ടതാണ്. ഒന്നു കാണാമെന്നു കരുതി... വേണ്ടിയിരുന്നില്ല. ഒന്നും വേണ്ടിയിരുന്നില്ല.
അന്ന് അത്തിമരത്തിന്റെ ചോട്ടില്‍ തന്റെ കൈ പിടിച്ചു നിന്ന വെറും രാമനല്ല അവനിന്ന്. ഡോക്ടര്‍ റാം. താനാണ് വെറും വിഢ്ഡി. ഒരു ഏഴാംകൂലിയുടെ വിവരം പോലുമില്ലാത്ത പമ്പര വിഡ്ഢി! അന്നത്തെ ക്ളാസ്സ്മുറിയുടെ ചുവരുകള്‍ സംസാരിച്ചിരുന്നു... ബഞ്ചും ഡസ്കും പിറുപിറുത്തിരുന്നു... പുസ്തകത്താളുകള്‍ പോലും മന്ത്രിച്ചിരുന്നു... ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്.
കൂട്ടുകാര്‍ക്കു മുന്നില്‍ ഇണപിരിയാത്ത കൂട്ടുകാര്‍. രണ്ട് ശരീരവും ഒരു മനസ്സുമായി നടന്ന ഇരട്ടകള്‍. അന്നത്തെ വൈകുന്നേരങ്ങള്‍ ഞങ്ങള്‍ക്ക് ഉല്ലാസമായിരുന്നു... മറക്കാതിരിക്കാന്‍ ഈ ഓര്‍മകള്‍ ധാരാളം...

ജിഷ എസ് നായര്‍, ക്ളാസ്: + 1,
ഗവ ബോയ്സ് എച്ച് എസ് എസ് കൊട്ടാരക്കര, കൊല്ലം