KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ പുതുവര്‍ഷപ്പുലരിയുടെ എഴുന്നള്ളത്ത്
പുതുവര്‍ഷപ്പുലരിയുടെ എഴുന്നള്ളത്ത്featureകുടില്‍ തൊട്ട് കൊട്ടാരം വരെ ആനന്ദം ഇരമ്പി മറിയുന്ന ഒരു സുദിനമാണല്ലോ ജനുവരി ഒന്ന്! ലോകത്തിന്റെ ഓരോ കോണിലും നവവത്സര ദിനത്തെ എതിരേല്‍ക്കുന്നത് ഓരോ വിധത്തിലാണ്.  
പുതുവര്‍ഷപ്പുലരിയില്‍ ഒരു കറുത്ത മനുഷ്യന്‍ കൈയില്‍ അപ്പവും കുറെ കല്‍ക്കരിക്കഷണവുമായി ഒരു വീട്ടില്‍ കയറി വന്നാല്‍ അക്കൊല്ലം മുഴുവന്‍ അവിടെ സൌഭാഗ്യം കളിയാടുമെന്നാണ് ബ്രിട്ടനിലെ ജനങ്ങള്‍
വിശ്വnew3സിച്ചുപോരുന്നത്.  new1
ഡിസംബര്‍ 31ന് അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ സ്കോട്ട്ലന്‍ഡിലെ ജനങ്ങളെല്ലാം ഉണര്‍ന്നിരിക്കും.  എന്തിനെനെന്നോ?  ആദ്യം വരുന്ന ആളെ സ്വീകരിക്കാന്‍! കറുത്ത മുടിയുള്ള ഒരാളാണ് വരുന്നതെങ്കില്‍ അത് ഭാഗ്യസൂചകമാണെന്ന് അവര്‍ കരുതുന്നു.  പക്ഷേ കയറി വരുന്നവന്‍ ആണായിരിക്കണം. കറുത്ത മുടിയുള്ള പെണ്‍കുട്ടിയാണ് വരുന്നതെങ്കില്‍ അത് നിര്‍ഭാഗ്യം വിളിച്ചു വരുത്തുമത്രേ!
ചൈനയിലെ പുതുവത്സരഘോഷയാത്രയില്‍ ഒരു വേതാളത്തിനാണ് മുഖ്യ സ്ഥാനം.  വായ് തുറന്ന്, ചുവന്ന നാക്കും നീട്ടി നില്‍ക്കുന്ന വേതാളത്തിന് വെള്ളിക്കൊമ്പുകളും പച്ചത്താടിയുമുണ്ട്.  സ്വര്‍ണക്കണ്ണുകളില്‍ നീല കൃഷ്ണമണികളുള്ള ഭീമാകാരനായ വേതാളം ഘോഷയാത്രയുടെ മുന്നില്‍ തന്നെയുണ്ടാകും.
കരകൌശലവിദഗ്ദ്ധന്‍മാര്‍ വളരെ ദിവസങ്ങള്‍ പരിശ്രമിച്ച് മെനഞ്ഞുണ്ടാക്കുന്ന ഈ വലിയ വേതാളത്തിന്റെ വയറ്റില്‍ കുട്ടികളും മുതിര്‍ന്നവരും കയറിയിരിക്കാറുണ്ട്.  വേതാളത്തോടൊപ്പം ആടിയും പാടിയും നൃത്തംവച്ചും ഘോഷയാത്ര മുന്നോട്ടു നീങ്ങും.
ഡിസംബര്‍ 31 ന് രാത്രി ക്ളോക്കില്‍ പന്ത്രണ്ട് മണി അടിക്കുമ്പോള്‍ സ്പെയിന്‍കാര്‍ പന്ത്രണ്ട് മുന്തിരിപ്പഴങ്ങള്‍ തിന്നാന്‍ തുടങ്ങും.  ഓരോ മണി അടിക്കുമ്പോഴും ഓരോ പഴം വീതമാണ് തിന്നുക.  അങ്ങനെ തിന്നാന്‍ കഴിഞ്ഞാല്‍ ആ വര്‍ഷം മുഴുവന്‍ അയാളെ ഐശ്വര്യം കൈവിടില്ലെന്നാണ് അന്നാട്ടുകാരുടെ വിശ്വാസം.
സ്വീഡന്‍കാരുടെ ആചാരം ഇതിനേക്കാള്‍ കൌതുകകരമാണ്.  പുതുവര്‍ഷപ്പിറവിയുടെ സമയത്ത് അവര്‍ ഉരുക്കിയ കാരീയം വെള്ളത്തിലേക്ക് ഒഴിക്കും.  ഒഴിക്കുന്ന ഈയത്തുള്ളികള്‍ വെള്ളത്തില്‍ വീണ് ഏതാകൃതിയിലാകുന്നുവോ അതനുസരിച്ചാണ് അവര്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കുന്നത്.  
ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ ‘മമ്മേഴ്സ് പരേഡ്’ എന്നൊരു ചടങ്ങിനാണ് നവവത്സര പരിപാടികളില്‍ പ്രധാന പങ്ക്.  വിചിത്രമായ വേഷങ്ങളും മുഖംമൂടിയുമണിഞ്ഞ് ‘മമ്മര്‍’ ആയി വേഷം  കെട്ടാന്‍ അവിടത്തെ ആളുകള്‍ക്ക് വലിയ ഹരമാണ്. 
അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പല മട്ടിലാണ് നവവത്സരമാഘോഷിക്കുന്നത്.  പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച വാഹനങ്ങളില്‍ ഒരുക്കുന്ന നിശ്ചലദൃശ്യങ്ങള്‍ അവിടത്തെ ആഘോഷങ്ങളിലെ ഒരു പ്രധാന ഇനമാണ്.
പുതുവര്‍ഷം തുടങ്ങുന്ന ദിവസം യൂറോപ്പിലെ വീട്ടുകാര്‍ക്ക് ഉപ്പു തൊടാന്‍ പേടിയാണ്.  എന്താണെന്നോ കാരണം? ഏതെങ്കിലും തരത്തില്‍ ഉപ്പ് തറയില്‍ വീണു പോയാല്‍ ആ വര്‍ഷം മുഴുവന്‍ നിര്‍ഭാഗ്യം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.  അതുപോലെ പുതുവര്‍ഷത്തിന്‍ നാള്‍ വീട് തൂത്ത് വാരുകയില്ല.  തൂത്തുവാരിക്കളയുന്ന പൊടിയോടൊപ്പം വീട്ടിലെ ഐശ്വര്യവുംnew2 പുറത്തേക്കു പോകുമെന്ന പേടിയാണ് ഇതിനു പിന്നില്‍! സോക്സ് തുന്നുന്നവര്‍ തലേ ദിവnew3സം രാത്രി തന്നെ അതു തുന്നിത്തീര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.  അങ്ങനെ തുന്നിത്തീര്‍ക്കാതിരുന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പല അപകടങ്ങളും വരാനിടയുണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍!
ജപ്പാന്‍കാര്‍ പുതുവര്‍ഷപ്പിറവിക്കു മാറ്റുകൂട്ടാന്‍ ചില പ്രത്യേക തരം പലഹാരങ്ങള്‍ ഉണ്ടാക്കും.  ഇളം ചുവപ്പുനിറത്തിലുള്ള ഒരു മത്സ്യം കൊണ്ടുണ്ടാക്കുന്ന വിഭവമാണ് അക്കൂട്ടത്തില്‍ ഏവര്‍ക്കും പ്രിയങ്കരമായിട്ടുള്ളത്.  ഇളം ചുവപ്പ് ഭാഗ്യ ലക്ഷണമായിട്ടാണ് അവര്‍ കരുതുന്നത്.  അരികൊണ്ടുള്ള ചെറുപലഹാരങ്ങളുണ്ടാക്കി അന്നേ ദിവസം അവര്‍ വീടുകള്‍ അലങ്കരിക്കുകയും ചെയ്യും.  
ഗ്രീസില്‍ ‘പീറ്റ്’ എന്നൊരു തരം കേക്കാണ് നവവത്സരദിനത്തിലെ പ്രധാന വിഭവം.  ഈ കേക്കു നിര്‍മിക്കുമ്പോള്‍ അതിനകത്ത് ഒരു നാണയം ഒളിച്ചു വച്ചിട്ടുണ്ടാകും.  കേക്കു മുറിക്കുമ്പോള്‍ ഈ നാണയം കിട്ടുന്ന
ഭാഗ്യവാനെ എല്ലാവരും ചേര്‍ന്ന് ആദ
രിക്കും.
റഷ്യയില്‍ നവവത്സരദിനം ‘മഞ്ഞപ്പൂപ്പന്റെ’ ദിനം കൂടിയാണ്.  ക്രിസ്മസ് അപ്പൂപ്പന്റെ മാതൃകയില്‍ വേഷമണിഞ്ഞ മഞ്ഞപ്പൂപ്പന്‍ ഒരു മഞ്ഞു സുന്ദരിയോടൊപ്പം പുതുവര്‍ഷപ്പുലരിയില്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായി വീടുകള്‍ കയറിയിറങ്ങുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം.  അന്നേ ദിവസം മോസ്ക്കോയിലെ ‘ക്രെംലിന്‍’ കൊട്ടാരത്തിനു മുന്നില്‍ വര്‍ണവിളക്കുകള്‍ കൊണ്ടലങ്കരിച്ച ഒരു കൂറ്റന്‍ മരം ഉയര്‍ത്താറുണ്ട്.
പണ്ട് ഇംഗ്ളണ്ടില്‍ ജനുവരി ഒന്നിന് ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്ക് ‘പിന്‍ മണി’ നല്‍കുന്ന സമ്പ്രദായം ഉണ്ടായിരുന്നു.  ഒരു വര്‍ഷം മുഴുവന്‍ തന്റെ ഭാര്യയ്ക്ക് ‘സേഫ്ടി പിന്‍’ വാങ്ങാനുള്ള പണമാണത്രേ ഇത്!
മനുഷ്യന്‍ ഇങ്ങനെ നവവത്സരം കൊണ്ടാടാന്‍ തുടങ്ങിയിട്ട് അയ്യായിരം വര്‍ഷത്തോളമായിട്ടുണ്ട്.

സിപ്പി പള്ളിപ്പുറം
വര: അരുണ ആലഞ്ചേരി