KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ യക്ഷികളും പ്രേതങ്ങളും എവിടെയാണ് താമസിക്കുന്നത് ?
യക്ഷികളും പ്രേതങ്ങളും എവിടെയാണ് താമസിക്കുന്നത് ?

feature

ജനിക്കുന്നതിനു മുമ്പ് നാം എന്തായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ ആരും അന്വേഷിക്കാറില്ല. എന്നാല്‍ മരണശേഷം നമുക്ക് എന്തായിരിക്കും സംഭവിക്കുക എന്നത് എല്ലാവരുടെയും ഉത്കണ്ഠയാണ്. രസകരമായ ഒരുപാട് കഥകള്‍ തങ്ങളുടെ ഭാവനയ്ക്കൊത്തവിധം പലരും സൃഷ്ടിച്ചിട്ടുണ്ട്. വാമൊഴിയായും വരമൊഴിയായും അത്തരം കഥകള്‍ ലോകമെങ്ങും പ്രചരിച്ചിട്ടുമുണ്ട്. മരിച്ചു കഴിഞ്ഞാല്‍ ആളുകള്‍ ഒന്നുകില്‍ സ്വര്‍ഗത്തിലെത്തുന്നു, അല്ലെങ്കില്‍ നരകത്തിലെത്തുന്നു എന്നതാണ് ഏറെ പ്രചാരമുള്ള ഒരു കഥ. ഇക്കാര്യത്തില്‍ അന്തിമമായ വിധി പറയുന്നത് യമധര്‍മന്‍ എന്ന ആളാണെന്നും മറ്റും ഭാരതീയര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഭൂമിയില്‍ നാം ചെയ്യുന്ന സത്കര്‍മങ്ങളുടെയും ദുഷ്കര്‍മങ്ങളുടെയും കണക്കുകള്‍ ചിത്രഗുപ്തന്‍ എന്നൊരു അക്കൌണ്ടന്റ് എഴുതിവെച്ചിട്ടുണ്ടെന്നും ചിത്രഗുപ്തന്റെ കണക്കുപുസ്തകം നോക്കിയാണ് യമധര്‍മന്‍ വിധിതീര്‍പ്പ്  കല്പിക്കുന്നത് എന്നുമെല്ലാം ഇന്ത്യന്‍ ഭാവന മുന്നോട്ടു പോയിട്ടുണ്ട്. സ്വര്‍ഗ പ്രവേശനത്തിന് യോഗ്യത നേടിയിട്ടില്ലാത്തവരെ നല്ലനടപ്പിന് വീണ്ടും ഭൂമിയില്‍ അയക്കുമെന്നും കഥയുണ്ട്.ghost1
ആത്മാവ് ശരീരം ഉപേക്ഷിക്കുന്ന വളരെ ലളിതമായ പ്രക്രിയയാണ് മരണം എന്നതാണ് ഭാരതീയരുടെ മറ്റൊരു ഭാവന. അഴിച്ചുവെച്ച ഉടുപ്പിനു പകരം മറ്റൊരുടുപ്പ് ധരിക്കുന്നതുപോലെ ആത്മാവ് ചിലപ്പോള്‍ മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കാം. ഇതാണ് പുനര്‍ജന്മം. മഹാകവി പൂന്താനത്തിന്റെ ഭാവനയില്‍ ‘ഈച്ച പൂച്ചയായും നരി നാരിയായുമെല്ലാം പുനര്‍ജനിക്കു
മത്രേ.‘കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപന്റെ’ പുനര്‍ജന്മം കൃമിയായിട്ടായിരിക്കുമെന്നും കവി താക്കീത് നല്കുന്നുണ്ട്.
സ്വര്‍ഗപ്രാപ്തിക്ക് സര്‍വഥാ യോഗ്യനായ ഒരാള്‍ മരിച്ചു എന്നതുകൊണ്ടുമാത്രം സ്വര്‍ഗത്തിലെത്തുകയില്ലത്രേ. അവിടെയാണ് മരണാനന്തരകര്‍മങ്ങളുടെ പ്രാധാന്യം. മരിച്ച ആളിന്റെ ശരീരം അടുത്ത ബന്ധുക്കള്‍ ആചാരവിധി പ്രകാരം സംസ്കരിച്ച് കര്‍മങ്ങളെല്ലാം യഥാവിധി ചെയ്താലേ ആത്മാവ് സ്വര്‍ഗത്തിലെത്തുകയുള്ളൂ. ഇതിന് ഭാഗ്യമില്ലാതെ പോകുന്ന ആത്മാക്കള്‍ക്ക് മരിച്ചാലും വിശ്രമം കിട്ടുകയില്ലത്രേ. അത്തരം ആത്മാക്കള്‍ക്കാണ് പ്രേതാത്മാക്കളായി ഭൂമിയില്‍ അലഞ്ഞു തിരിയേണ്ടി വരുന്നത് എന്നാണ് മറ്റൊരു കഥ. ഈ പ്രേതാത്മാക്കള്‍ക്ക് അവരുടെ പ്രവൃത്തിയുടെ സ്വഭാവം അനുസരിച്ച് പേന, പിശാച്, യക്ഷി, രക്ഷസ്സ്, കൂളിമാടന്‍, മറുത, ഗുളികന്‍, കുട്ടിച്ചാത്തന്‍, വീരന്‍, ഭൂതം എന്നിങ്ങനെയുള്ള പല പേരുകള്‍ പല നാടുകളിലായുണ്ട്.  ഗതി കിട്ടാത്ത ആത്മാക്കളുടെ കേരളീയ രൂപങ്ങളാണിവ എന്നാണ് വിശ്വാസം. പ്രേതങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രശസ്തനായ സായിപ്പ് ഡ്രാക്കുളയാണ്. ശരീരമില്ലാത്ത ഈ ആത്മാക്കള്‍ എന്തിനുവേണ്ടിയാണാവോ ചോര കുടിക്കുന്നത്!
ലോകത്തിലെ എല്ലാ മനുഷ്യസമൂഹങ്ങളും പ്രേതകഥാസാഹിത്യത്തിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ ഉദാരമായി നല്കിയിട്ടുണ്ട്. എത്രയോ തലമുറകളായി മനുഷ്യവംശത്തെ ഭ്രമിപ്പിക്കുകയും കിടിലം കൊള്ളിക്കുകയും ചെയ്തു വരുന്നവയാണ് പല കഥകളും. നാളിതുവരെ ലോകത്തൊരു മനുഷ്യനും കണ്ടിട്ടില്ലാത്ത പ്രേതങ്ങളെപ്പറ്റിയും യക്ഷികളെപ്പറ്റിയുമുള്ള സചിത്ര വര്‍ണനകളും ദൃക്സാക്ഷി വിവരണങ്ങളും ആരെയും അമ്പരപ്പിക്കാന്‍ പോരുന്നതാണ്. ghost2ആരെങ്കിലും തലകറങ്ങി വീണത് കണ്ടാല്‍ അത് പ്രേതത്തിന്റെ അടിയേറ്റിട്ടാണെന്ന് വ്യാഖ്യാനമുണ്ടാകുന്നു. കൊലപാതകങ്ങള്‍ പോലും യക്ഷിയുടേയും പ്രേതത്തിന്റേയും കണക്കില്‍ എഴുതിത്തള്ളുന്നു. മനോരോഗങ്ങള്‍ക്കെല്ലാം പ്രേതബാധയെന്ന വിശദീകരണമുണ്ടാകുന്നു. ഇങ്ങനെ ഭൂതം, പ്രേതം, യക്ഷി എന്നീ ഭാവനാസൃഷ്ടികള്‍ക്കെല്ലാം യാഥാര്‍ഥ്യത്തിന്റെ പരിവേഷം സിദ്ധിക്കുന്നു. ബോധതലത്തില്‍ ഇവയെല്ലാം കെട്ടുകഥകളാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നവരുടെപോലും അബോധ മനസ്സില്‍ ഇത്തരം വിശ്വാസങ്ങള്‍ ശക്തമായി തുടരുന്നുവെന്നതാണ് തമാശ.
മലയാളികളായ പ്രേതങ്ങള്‍ക്ക് പ്രിയപ്പെട്ട ദിവസങ്ങള്‍ ഇംഗ്ളീഷ് കലണ്ടറിലെ ചൊവ്വയും വെള്ളിയുമാണ്. ഇംഗ്ളീഷുകാരായ പ്രേതങ്ങള്‍ക്ക് അങ്ങനെ ഏതെങ്കിലും ദിവസത്തോട് പ്രതിപത്തിയുള്ളതായി രേഖകളില്ല. നിലാവുള്ള രാത്രി, ആളൊഴിഞ്ഞ വഴി, ദൂരെ കുറുക്കന്‍ ഓരിയിടുന്ന ശബ്ദം, വവ്വാലിന്റെ ചിറകടി... പ്രേതത്തെപ്പറ്റിയുള്ള ഓര്‍മയുണരാന്‍ ഇതെല്ലാം ധാരാളം. അത്ര സമര്‍ഥമായാണ് പല കഥകളും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്.
യക്ഷിമാരെക്കുറിച്ചുള്ള കഥകളാണ് ഇക്കൂട്ടത്തില്‍ ഏറെ രസകരം. ലോകസുന്ദരിമാരൊക്കെ തോറ്റു പോകുന്ന സൌന്ദര്യമാണത്രേ യക്ഷിമാര്‍ക്ക്. യക്ഷിമാരുടെ തലമുടി നിലത്തു മുട്ടും. അവര്‍ മുടിയൊട്ട് കെട്ടിവെക്കുകയുമില്ല. നടക്കുമ്പോള്‍ യക്ഷിമാരുടെ കാല്‍ നിലത്ത് തൊടില്ല. പിന്നെ വെളുത്ത സാരിയും ബ്ളൌസുമാണ് യക്ഷിമാരുടെ യൂണിഫോം! ഏത് തയ്യല്‍ക്കടയില്‍ നിന്നാവോ ഈ ബ്ളൌസൊക്കെ തയ്പിക്കുന്നത്? പന, പാല തുടങ്ങിയ വൃക്ഷങ്ങളിലാണ് ഇവരുടെ താമസം. വെളുത്തവാവ് ദിവസം ഇവര്‍ക്ക് ഒട്ടും അടങ്ങിയിരിക്കാനാവില്ല. വെറ്റില മുറുക്കുന്നതില്‍ കമ്പമുള്ളവരാണ് യക്ഷിമാര്‍. ‘ചുണ്ണാമ്പുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടാണ് പണ്ടു കാലത്ത് യക്ഷിമാര്‍ ചെറുവാല്യക്കാരെയൊക്കെ സമീപിച്ചിരുന്നത്. ഇങ്ങനെയൊക്കെയാണ് യക്ഷിമാരെപ്പറ്റിയുള്ള ഭാവനകള്‍.
പ്രേതാത്മാക്കളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവര്‍ ഓടിപ്പോകുന്നതിന്റെ വെളിച്ചം കണ്ടതായി സാക്ഷിമൊഴികളുണ്ട്. പ്രേതച്ചൂട്ട് എന്നൊക്കെയാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചുപോന്നിട്ടുള്ളത്. പ്രേതസഞ്ചാരമുള്ള പറമ്പിലൂടെ രാത്രികാലത്ത് നടന്നുപോകവേ നടന്നിട്ടും നടന്നിട്ടും ലക്ഷ്യസ്ഥാനത്തെത്താനാകാതെ വിഷമിച്ചുപോയതിന്റെ അനുഭവ വിവരണങ്ങള്‍ ഉണ്ടാവുന്നതും സ്വാഭാവികം ghost4മാത്രം.
പ്രേതാത്മാക്കളുടെ പല വിധത്തിലുള്ള ഉപദ്രവങ്ങളില്‍ നിന്ന് ലോകത്തെ ഒരു പരിധിയോളം രക്ഷിച്ചുപോന്നത് മന്ത്രവാദികളും സിദ്ധന്മാരുമാണെന്നതും പ്രബലമായ ഒരു വിശ്വാസമാണ്. ചുട്ട കോഴിയെപ്പോലും പറപ്പിക്കാന്‍ കഴിവുള്ളവരെന്നാണ് ചില മന്ത്രവാദികള്‍ക്കുള്ള കീര്‍ത്തി. ജപിച്ചൂതല്‍, മന്ത്രിച്ച വെള്ളം കുടിപ്പിക്കല്‍, മന്ത്രം അടക്കം ചെയ്ത ചരട്, ഏലസ്സ്, രുദ്രാക്ഷം എന്നിവ അണിയല്‍, ബാധ ഒഴിപ്പിക്കല്‍, ആവാഹിച്ച് നാടുകടത്തല്‍, ആണിയടിച്ച് ഉറപ്പിക്കല്‍, പൂജ, ഹോമം, ബലി എന്നിങ്ങനെ പ്രേതശല്യത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ മന്ത്രവാദികള്‍ ചെയ്യാറുള്ള ക്രിയകള്‍ നിരവധിയാണ്. ബാധയുടെ ശക്തിക്കും ആളുടെ സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചായിരിക്കും ക്രിയകള്‍ ഏതൊക്കെ വേണ്ടിവരുമെന്ന് തീരുമാനിക്കുക.
യക്ഷികള്‍ക്കും പ്രേതങ്ങള്‍ക്കുമൊക്കെ ഇരുമ്പിനെ ഭയമാണെന്നും മറ്റുമുള്ള ഉപകഥകളും പില്ക്കാലത്ത് പ്രചരിക്കപ്പെട്ടിട്ടുണ്ട്. വിദേശീയരായ പ്രേതങ്ങള്‍ക്ക് കുരിശിനോടാണ് ഭയം. തദ്ദേശീയരായ പ്രേതങ്ങളെ ഓടിക്കാനും കുരിശ് മതിയാകുമെന്ന് കടമറ്റത്ത് കത്തനാരച്ചന്‍ തെളിയിച്ച കഥകളും പ്രശസ്തമാണ്.
യക്ഷിമാരുടേയും പ്രേതത്തിന്റേയും കഥകളെ കണ്ണുമടച്ച് വിശ്വസിച്ചവരുടെ കാലം അത്രയൊന്നും വിദൂരമല്ല. ഇന്നത്തെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട മിക്ക ആളുകളും അവരുടെ കുട്ടിക്കാലത്ത് ഇത്തരം കഥകള്‍ അന്ധമായി വിശ്വസിച്ചവരാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘യക്ഷി’ പോലുള്ള നോവലുകള്‍ രചിക്കപ്പെടുന്നത് ഈ ഒരു പശ്ചാത്തലത്തിലാണ്. പ്രേതവും യക്ഷിയുമൊന്നും ഇല്ലെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും അത് ghost5സംബന്ധിച്ച ഭയപ്പാടുകള്‍ സൂക്ഷിക്കുന്നവരാണ് ഈ തലമുറയില്‍പ്പെട്ടവരെല്ലാം. ആളൊഴിഞ്ഞ വീടിന്റെ ഫോട്ടോ എടുത്തപ്പോള്‍ ജനവാതില്ക്കല്‍ വന്നു നിന്ന യക്ഷിയും ഫോട്ടോയില്‍പെട്ടു എന്നും മറ്റുമുള്ള കഥകള്‍ ഇന്നും ആളുകള്‍ വിശ്വസിച്ചു പോകുന്നുണ്ട്. ഇങ്ങനെയുള്ള അവകാശവാദവുമായി ആരെങ്കിലും ഒരു ഫോട്ടോയോ മറ്റോ കാണിക്കുമ്പോള്‍ ഫോട്ടോയില്‍ കൃത്രിമത്വം കാണിച്ചതാവാം എന്നതിനെക്കാള്‍ യക്ഷി ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല എന്ന സമീപനമാണ് പലരും കൈക്കൊള്ളുന്നത്.
യക്ഷിയും പ്രേതവും ജീവിക്കുന്നത് കാട്ടിലോ മരത്തിലോ ഒന്നുമല്ല; നമ്മുടെയെല്ലാം മനസ്സുകളിലാണ്. മനുഷ്യന്‍ സൃഷ്ടിച്ച കഥകള്‍ അവനെത്തന്നെ ഭയപ്പെടുത്തുകയും അവന്റെ സ്വതന്ത്ര ചിന്തയേയും അന്വേഷണബുദ്ധിയേയും തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇല്ലാത്ത ഭൂത-പ്രേതങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന മന്ത്രങ്ങളും തന്ത്രങ്ങളുമെല്ലാം തീര്‍ത്തും അസംബന്ധമാണെന്ന കാര്യത്തില്‍ മന്ത്രവാദികള്‍പോലും തര്‍ക്കിക്കുകയില്ല. ആരൊക്കെയോ എന്തൊക്കെയോ വിശ്വസിക്കുന്നു എന്നതുകൊണ്ട് അവരും എന്തൊക്കെയോ ചെയ്യുന്നു എന്നേയുള്ളൂ.
ghost7ചോദ്യം ചെയ്തും കാരണങ്ങളന്വേഷിച്ചുമാണ് മനുഷ്യ സമൂഹം വളര്‍ന്നത്. ഈ അന്വേഷണമാണ് പലതരം അറിവുകളും സ്വായത്തമാക്കാന്‍ അവരെ സഹായിച്ചത്. അത്തരം അറിവുകള്‍ മനുഷ്യ ജീവിതത്തെ വലിയ തോതില്‍ മാറ്റിത്തീര്‍ക്കുകയും ചെയ്തു. ആധുനിക വിജ്ഞാനത്തിന്റെ നിരവധിയായ ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോഴും സമൂഹത്തില്‍ വലിയൊരു വിഭാഗമാളുകള്‍ പല തരത്തിലുള്ള മൂഢവിശ്വാസങ്ങള്‍ ഇപ്പോഴും മുറുകെ പിടിക്കുന്നുണ്ട്. ഇത്തരം കഥകളെല്ലാം ആധുനികമായ അറിവിന്റെയും മൂല്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രക്രിയ പല തലങ്ങളിലായി നടത്തേണ്ടതുണ്ട്.
മരണാനന്തരജീവിതത്തെയും അതുമായി ബന്ധപ്പെട്ട നിരവധി കെട്ടുകഥകളുടെയും പൊള്ളത്തരം കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകും. മുതിര്‍ന്ന തലമുറ പൂര്‍ണമായും തള്ളിക്കളയാത്ത പല വിശ്വാസങ്ങളും നമ്മെ ബഹുദൂരം പിന്നോട്ട് കൊണ്ടുപോകുന്നവയാണ്. വിചിത്ര ഭാവനകള്‍ നമ്മുടെ യുക്തിചിന്തയേയും ബുദ്ധിയേയും മലിനമാക്കുന്ന സാഹചര്യം ഒഴിവാക്കുക തന്നെ വേണം. സ്വതന്ത്ര ചിന്തയ്ക്ക് ghost8വിലങ്ങുതടിയാകുന്ന അന്ധവിശ്വാസങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാന്‍ കൂട്ടുകാരുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാവണം.
രാമായണത്തില്‍ പൊന്മാനായി വരുന്ന മാരീചന്റെ കഥ കുട്ടികള്‍ക്കെല്ലാം പരിചിതമാണ്. ഒടിയന്‍വിദ്യ പ്രയോഗിച്ച് ചിലര്‍ പൂച്ചയായും എലിയായും വവ്വാലായും മാറി വീടുകളില്‍ മോഷണം നടത്തുന്നു എന്ന വിശ്വാസത്തിന്റെ അടിവേര് ഇത്തരം കഥകളിലാണ്. ഒടിയന്മാരെന്ന് ആരോപിച്ചുകൊണ്ട് ചില സമുദായത്തില്‍പ്പെട്ടവരെ ശിക്ഷിക്കുകയും പല തരത്തില്‍ ദ്രോഹിക്കുകയും ചെയ്ത അനുഭവങ്ങള്‍ അടുത്ത കാലംവരെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. പുരാണ
കഥകളില്‍ വിവരിക്കപ്പെടുന്ന ആഗ്നേയാസ്ത്രം, ബ്രഹ്മാസ്ത്രം, പുഷ്പകവിമാനം തുടങ്ങിയ കല്പനകളിലെ ഭാവനാ വൈചിത്യ്രത്തെ ആദരിക്കുമ്പോള്‍ തന്നെ അവ യാഥാര്‍ത്ഥ്യമല്ലെന്നും ചരിത്രമല്ലെന്നും ബോധ്യപ്പെടുത്താന്‍ ശ്രമമുണ്ടാവണം.
മരണാനന്തരം എന്തു സംഭവിക്കുന്നു എന്നത് മനുഷ്യന്റെ വലിയൊരു ഉത്കണ്ഠയാണ്. മരിക്കുക എന്നതിന് പകരമായുള്ള ഒരു പ്രയോഗം ‘ഇഹലോകവാസം വെടിഞ്ഞു’ എന്നതാണ്. മനുഷ്യന്റെ ഒരു ആഗ്രഹമാണ് ഈ പ്രയോഗത്തില്‍ പ്രതിഫലിക്കുന്നത്. മരിച്ചു കഴിഞ്ഞാല്‍ മറ്റൊരു ലോകത്തെങ്കിലും ജീവിതം തുടരാനാകണം എന്ന മോഹം. ഇങ്ങനെ മരണാനന്തരം ആളുകള്‍ ചെല്ലുന്ന ഒരു ലോകമുള്ളതായോ ഒരു ജീവിതം കഴിഞ്ഞാല്‍ മറ്റൊരു ജന്മം കൈവരുന്നതായോ ഉള്ള യാതൊരനുഭവവും ലോകത്ത് ഇന്നുവരെ ആര്‍ക്കും ഉണ്ടായിട്ടിghost9ല്ല. മനുഷ്യഭാവനയ്ക്ക് ചെന്നു പറ്റാനായ മികച്ച സങ്കല്പങ്ങളിലൊന്നാണ്  സ്വര്‍ഗ- നരക സങ്കല്പം.
ന്ത്രശക്തിയുടെയും വരസിദ്ധിയുടെയും കഥകള്‍ക്ക്  ലോകഭാഷകളില്‍ പഞ്ഞമേതുമില്ല. മന്ത്രംകൊണ്ട് ഗുഹാകവാടം തുറക്കുന്ന ആലിബാബയും വിളക്കുകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന അലാവുദ്ദീനുമെല്ലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരിചിതരാണ്. ആ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഹാരിപോട്ടര്‍. ഹാരിപോട്ടറെ വെല്ലുന്ന അത്ഭുതവിക്രമങ്ങളുമായി പുതിയ കഥാപാത്രങ്ങള്‍ ഇനിയും ഉണ്ടാവുക തന്നെ ചെയ്യും. ആളുകളില്‍ നടുക്കമുണ്ടാക്കാനും വിസ്മയം ജനിപ്പിക്കാനുമെല്ലാം ഭാഷ ഏതുതരത്തില്‍ ഉപയോഗിക്കാമെന്നതിന്റെ മികവുറ്റ മാതൃകകളാണ് നമ്മുടെ പല അത്ഭുതകഥ
കളും. താത്കാലികമായി ഭ്രമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഭാവനാവിലാസങ്ങള്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും പൊറുതികേടുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും വഴിയൊരുക്കുന്നതിന്റെ എത്രയോ അനുഭവങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഭാവനയേത്, യാഥാര്‍ത്ഥ്യമേത് എന്നു വേര്‍തിരിച്ചറിഞ്ഞുകൊണ്ടുളള പക്വമായ ഒരു വായനയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ടത്.

 

വി ചന്ദ്രബാബു
വര: സചീന്ദ്രന്‍ കാറഡ്ക്ക