KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഭീമ-ജരാസന്ധ യുദ്ധം


mahabaharathm_titleഅങ്ങനെ ഏറെ ദൂരം പിന്നിട്ട് അവര്‍ മൂവരും മഗധപുരിയുടെ അടുത്തെത്തി. ശ്രീകൃഷ്ണന്‍ പറഞ്ഞു: “നോക്കൂ പാര്‍ഥ, ധാരാളം പശുക്കളും ജലവുമുള്ളയിടം, കെട്ടിടങ്ങള്‍ ഉറപ്പുള്ളവ. അരയാലുകള്‍ നിരന്ന പാതകള്‍ക്കപ്പുറം അതാ ചൈത്യകപര്‍വതത്തിന്റെ കൊടുമുടിക്കപ്പുറം രാജഗൃഹം. കാളയുടെ രൂപത്തില്‍ വന്നെത്തിയ ഭീകരനായ അസുരനെ കൊന്ന് അതിന്റെ തോലു പൊതിഞ്ഞ മൂന്നു കൂറ്റന്‍ പെരുമ്പറകള്‍ അതാ ഗോപുരദ്വാരത്തില്‍ വെച്ചിരിക്കുന്നു. നമുക്ക് ഉള്ളിലേക്കു കടക്കാം.”maha2
ആ മൂന്ന് കൂറ്റന്‍ പെരുമ്പറകള്‍ ഇടിച്ചു തകര്‍ക്കുകയാണ് ആദ്യമായി അവര്‍ ചെയ്തത്. പെരുമ്പറകള്‍ തകര്‍ന്ന ഇടിനാദംപോലുള്ള ശബ്ദം കേട്ട് പൌരജനങ്ങള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവന്നു നോക്കിനിന്നു. ചൈത്യക ശിഖരം ഇടിച്ചുടച്ച് മൂവരും ഗോപുരത്തിനുള്ളില്‍ പ്രവേശിച്ചു. അവിടെ വിസ്താരമേറിയ രാജവീഥികളും കമ്പോളങ്ങളും കാണായി. പൂക്കള്‍ വില്‍ക്കുന്നവരില്‍ നിന്ന് പൂമാലകള്‍ തട്ടിപ്പറിച്ച് അവര്‍ കണ്ഠത്തിലണിഞ്ഞു. അകില്‍-ചന്ദനങ്ങള്‍ മെയ്യിലെങ്ങും വാരിപ്പൂശി. ജനങ്ങള്‍ നിറഞ്ഞ മൂന്ന് കാവല്‍പ്പടികളും കൂസലെന്യേ കടന്ന് ജരാസന്ധന്‍ ഇരിക്കുന്നിടത്തേക്ക് അഹങ്കാരത്തോടെ നടന്നുചെല്ലുന്ന ആ മൂവരുടെയും സിംഹനടയും വിരിഞ്ഞുറച്ച മാറിടവും പൊന്‍പനകള്‍പോലുള്ള മഹാഭുജങ്ങളും നോക്കി പുരവാസികള്‍ അമ്പരന്നു നില്‍ക്കവേ അവര്‍ രാജസന്നിധിയിലെത്തി നിലകൊണ്ടു. ബ്രാഹ്മണവേഷധാരികളായ ആ തേജസ്വികളെ ജരാസന്ധന്‍ ആദരിച്ചു സല്‍ക്കരിക്കാനൊരുങ്ങി. അതിഥികളെ ഇരുത്തിയതിനുശേഷം അവരെ ആകെയൊന്നു നോക്കിക്കണ്ട രാജാവ് ഇപ്രകാരം ചോദ്യമായി. “വിപ്രവേഷം ധരിച്ച നിങ്ങള്‍ ആ വേഷത്തിനനുസരിച്ചല്ലല്ലോ ഒരുങ്ങിയിരിക്കുന്നത്: കൈയില്‍ ആയുധങ്ങള്‍, കഴുത്തില്‍ പുഷ്പഹാരങ്ങള്‍, മെയ്യില്‍ ചന്ദനം പൂശിയിരിക്കുന്നു. നിങ്ങള്‍ എന്റെ പൂജ കൈക്കൊള്ളുന്നതുമില്ല. പറയൂ. നിങ്ങളാരാണ്? എന്തു കാരണത്താലാണ് നിങ്ങള്‍ ചൈത്യകശൃംഗം തകര്‍ത്തത്? ദുര്‍ഗദ്വാരത്തിലെ എന്റെ പെരുമ്പറകള്‍ അടിച്ചു പൊട്ടിച്ചത്? നിങ്ങളാരെന്നു സത്യം പറയുവിന്‍.”
“സ്നാതക ബ്രാഹ്മണ വേഷത്തില്‍ ശത്രുഗൃഹത്തിലെത്തിയവരാണ് ഞങ്ങള്‍,” എന്ന കൃഷ്ണന്റെ മറുപടി കേട്ട് രാജാവ് വീണ്ടും ചോദിച്ചു. “നിങ്ങളെ ഞാന്‍ അറിയുന്നില്ല. നിങ്ങളോടു തെറ്റു ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നുമില്ല. ക്ഷത്രിയധര്‍മം പാലിക്കുന്ന എന്നോട് നിങ്ങള്‍ക്ക് ശത്രുതയ്ക്കു കാരണമെന്തെന്നു പറയുവിന്‍.”
ശ്രീകൃഷ്ണന്‍ പറഞ്ഞു: “രാജാവേ, നാടു വാഴുന്ന ഒരാളുടെ വാക്കനുസരിച്ചാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. താങ്കള്‍ കുലധര്‍മം ലംഘിച്ചിരിക്കുന്നു. അധര്‍മം ചെയ്തുകൊണ്ടിരിക്കുന്നു. നിരപരാധികളായ ആയിരം അയല്‍രാജാക്കന്മാരെ രുദ്രപ്രീതിക്കായി ബലിമൃഗങ്ങളാക്കി അടച്ചു പൂട്ടിയിട്ടിരിക്കുന്നു. നരബലി വിധിപ്രോക്തമല്ല - രാജാവായ താങ്കള്‍ മറ്റ് സഹോദരനൃപന്മാരെ ബലിക്ക് അറുക്കുകയെന്നത് ചെയ്യാനൊരുങ്ങുകയാല്‍ ഞങ്ങള്‍ ധര്‍മരക്ഷാര്‍ഥം അത് തടയുന്നു. ഇനി ഞങ്ങളാരെന്നു വെളിപ്പെടുത്തുന്നു. ഞാന്‍ ദ്വാരകാധിപതി വാസുദേവ കൃഷ്ണന്‍. ഇവര്‍ പാണ്ഡവരായ ഭീമാര്‍ജുനന്മാര്‍. ഞങ്ങള്‍ ഇതാ നിന്നെ പോരിന് വിളിക്കുന്നു, ഒന്നുകില്‍ ആ തടവുകാരെ മോചിപ്പിക്കുക, അല്ലാത്തപക്ഷം പോരിനൊരുങ്ങുക!” ഇതുകേട്ട് ക്രുദ്ധനായ ജരാസന്ധന്‍ പോരിനൊരുങ്ങി. “എങ്ങനെ വേണം യുദ്ധം? പട കൂട്ടീട്ടോ? മൂവരെയും ഒരുമിച്ചോ! അതോ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ദ്വന്ദ്വയുദ്ധമോ?”maha1
ശ്രീകൃഷ്ണന്‍ ചോദിച്ചു. “ഞങ്ങള്‍ മൂന്നു പേരില്‍ ആരോട് ദ്വന്ദ്വയുദ്ധം ചെയ്യാനാണ് താങ്കള്‍ക്ക് താല്‍പ്പര്യം!” ജരാസന്ധന്‍ മൂവരെയും നോക്കിക്കണ്ടിട്ട് ഭീമസേനനെ വരിച്ചു. ദ്വന്ദ്വയുദ്ധവാര്‍ത്തയറിഞ്ഞ് രാജപുരോഹിതന്‍ മംഗളാര്‍ച്ചന ചെയ്ത് രാജാവിനെ ആശീര്‍വദിച്ചു. പരിവാരങ്ങളും ജനങ്ങളും കൂട്ടം കൂട്ടമായി വന്നു വേദിക്കു ചുറ്റും തിരക്കി നിന്നു. കിരീടം ഊരിമാറ്റി തലമുടി മുറുക്കിക്കെട്ടി കടല്‍ത്തിരപോലെ ജരാസന്ധന്‍ ആര്‍ത്തെഴുന്നേറ്റു വന്നു. ശ്രീകൃഷ്ണന്റെ സ്വസ്തിവാക്യം കേട്ട് അനുഗൃഹീതനായി ഭീമസേനനും വേദിയിലിറങ്ങി. ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു കൈപിടിച്ചു കുലുക്കിയിട്ട് മല്‍പ്പിടിത്തം ആരംഭിച്ചു. മദയാനകള്‍ തമ്മില്‍ പൊരുതുംപോലെ തമ്മില്‍ പിണഞ്ഞും ഉഗ്രതാഡനങ്ങള്‍ കൊണ്ട് വേദി കുലുക്കിയും തമ്മില്‍ കെട്ടിപ്പിടിച്ച് ഞെരിച്ചും എടുത്തെറിഞ്ഞും കാലുകൊണ്ട് ചവിട്ടി മറിച്ചും തെരുതെരെ വരുന്ന പ്രഹരങ്ങള്‍ ഏറ്റും കൊടുത്തും അലറിക്കൊണ്ടുമുള്ള ആ പോരാട്ടം നാഴികകള്‍, അല്ല ദിവസങ്ങള്‍ നീണ്ടു നിന്നു. ഇരുമ്പുലക്കകള്‍പോലുള്ള മഹാഭുജങ്ങളാല്‍ അടിച്ചു തള്ളിയിട്ടു വലിച്ചിഴച്ചും ശ്വാസം ഞെരുക്കിപ്പിടിച്ച് നെഞ്ചു കൊണ്ട് ഇടിച്ചും ഉറക്കെ ഭര്‍ത്സിച്ചും അട്ടഹസിച്ചും ഭൂമി കുലുക്കുമാറ്, കണ്ടുനിന്നവര്‍ പേടിച്ചരണ്ടുപോകുമാറ് അവര്‍ രാപ്പകലുകളില്ലാതെ പതിന്നാല് ദിവസം പോരാടി. പതിന്നാലാം നാള്‍ മഗധരാജാവ് തളര്‍ന്നു തുടങ്ങിയെന്നു കണ്ട ഭീമസേനന്‍ കൃഷ്ണന്‍ നല്‍കിയ സൂചനയനുസരിച്ച് അവനെ അടിച്ചു വീഴ്ത്തി രണ്ട് കാലുകളിലും പിടിച്ച് നെടുകെ പിളര്‍ന്നു കൊന്നെറിഞ്ഞു! അജയ്യനെന്ന് പേരുകേട്ട ജരാസന്ധന്റെ മരണസമയത്തുള്ള ഘോരമായ അലര്‍ച്ചയും ഭീമന്റെ അട്ടഹാസവും കേട്ട് മഗധവാസികള്‍ കിടുകിടെ വിറച്ചു. പലരും ബോധംകെട്ടു വീണു. ഗര്‍ജനം മുഴക്കി നില്‍ക്കുന്ന ഭീമനെ അര്‍ജുനന്‍ ആലിംഗനം ചെയ്തു. ശ്രീകൃഷ്ണന്‍ ആശീര്‍വദിച്ച് അഭിനന്ദിച്ചു.
വിജയികളായ ആ മൂവരും ജരാസന്ധന്റെ പൊന്‍തേരിലേറി കൊടിപറപ്പിച്ചുകൊണ്ട് നീങ്ങിയപ്പോള്‍ അതാ ആകാശദേശത്തൂടെ ഗരുഡന്‍ പറന്നിറങ്ങിവന്ന് തേരിന്റെ കൊടിമരത്തില്‍ ചിറകു വിടര്‍ത്തി ഇരിപ്പായി. മണികള്‍ കിലുക്കിക്കൊണ്ട് മദിച്ച കുതിരകള്‍ വലിക്കുന്ന ആ തേര് രഥചക്രഘോഷത്തോടെ ജരാസന്ധന്റെ ഭയങ്കരമായ ഗിരിദുര്‍ഗത്തിലെ തടവറകള്‍ക്കു മുന്നിലെത്തി നിന്നു. കവാടങ്ങള്‍ തുറക്കപ്പെട്ടു. ആശയറ്റ് മരണം കാത്തുകിടക്കുന്ന ആയിരം രാജാക്കന്മാരും ഓടിയിറങ്ങി വന്ന് കൃഷ്ണാര്‍ജുനഭീമന്മാരെ നമസ്കരിച്ച് കണ്ണീരൊഴുക്കിക്കൊണ്ടു നന്ദി പറഞ്ഞു. അവരെ ആശ്വസിപ്പിച്ചിട്ട് വാസുദേവന്‍  ഇങ്ങനെ പറഞ്ഞു. “നൃപന്മാരേ, നിങ്ങള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയി സുഖമായി വാഴുവിന്‍. ധര്‍മിഷ്ഠനായ യുധിഷ്ഠിരനൃപന്‍ രാജസൂയ യജ്ഞം ചെയ്യാനൊരുങ്ങുകയാണ്. നിങ്ങള്‍ അവിടെ എത്തിച്ചേരുവിന്‍.” അപ്പോള്‍ ജരാസന്ധപുത്രനായ സഹദേവന്‍ ഭീതനായി മുന്നിലെത്തി കാഴ്ചകള്‍വെച്ചു വന്ദിച്ചപ്പോള്‍ അവനെ ആശ്വസിപ്പിച്ച് മഗധരാജ്യത്തിന്റെ രാജാവായി അഭിഷേകം ചെയ്തു. പിന്നീട് രാജാക്കന്മാരാല്‍ പിന്തുടരപ്പെട്ട വാസുദേവനും ഭീമാര്‍ജുനന്മാരും മഹാരഥത്തില്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു പുറപ്പെട്ടു. ജയക്കൊടി പാറിച്ചും വാദ്യഘോഷം മുഴക്കിയും നഗരത്തിലെത്തിച്ചേര്‍ന്ന അവരെ യുധിഷ്ഠിരന്‍ ആനന്ദത്തോടെ സ്വീകരിച്ച് maha3ആശ്ളേഷിച്ചു. യുദ്ധവാര്‍ത്തകളെല്ലാം പറഞ്ഞ് സന്തോഷത്തോടെ ചില ദിവസം വസിച്ചശേഷം ഭഗവാന്‍ ദ്വാരകയിലേക്കു മടങ്ങാനൊരുങ്ങി. പാണ്ഡവന്മാര്‍ വലംവച്ചു വണങ്ങവേ ദ്രൌപദിയും സുഭദ്രയും കണ്ണീരോടെ നോക്കിനില്‍ക്കവേ ധ്വജാഗ്രത്തില്‍ ഗരുഡന്‍ ചിറകടിക്കുന്ന മഹാ
രഥമേറി ശ്രീവാസുദേവന്‍ ദ്വാരകയിലേക്ക് മടങ്ങിയെഴുന്നള്ളി.
പിന്നീട് രാജസൂയത്തിന് മുന്നില്‍ വേണ്ട ദിഗ്വിജയത്തിനായി പാണ്ഡവന്മാര്‍ ഒരുങ്ങി. നാലു മഹാസൈന്യങ്ങള്‍ സജ്ജമാക്കപ്പെട്ടു. ഭീമന്‍ കിഴക്കേ ദിക്കിലേക്കും അര്‍ജുനന്‍ വടക്കേ ദിക്കിലേക്കും സേനാ സഹിതരായി പുറപ്പെട്ടു. നകുലന്‍ പടിഞ്ഞാറേ ദേശങ്ങളിലേക്കും സഹദേവന്‍ തെക്കേ ദിക്കിലേക്കും യുദ്ധസന്നദ്ധരായി പോയി. ഓരോ രാജ്യങ്ങളിലും കടന്നുചെന്ന് അവിടെയുള്ള രാജാക്കന്മാരെ ബലത്താലും പലരെയും നയത്താലും സൌഹൃദത്താലും വശത്താക്കി, കപ്പം വാങ്ങി, നാലു സഹോദരന്മാരും മടങ്ങിയെത്തിയപ്പോഴേക്ക് മാസങ്ങള്‍ പിന്നിട്ടിരുന്നു. അവര്‍ കൊണ്ടുവന്ന സ്വര്‍ണ-രത്ന-മഹാധനങ്ങള്‍ കണ്ട് യുധിഷ്ഠിരനും പുരവാസികളും സംപ്രീതരായി.

സുഗതകുമാരി
വര: ജയേന്ദ്രന്‍