KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ഫെബ്രുവരി 2011

kuttykathu

ഡിസംബര്‍ ലക്കത്തിലെ ഭാഗ്യമുണ്ടെങ്കില്‍ നേട്ടമുണ്ടാകുമോ? എന്ന ശിവദാസ് മാമന്റെ ലേഖനം നല്ലതായിരുന്നു. തളിര് ഓരോ മാസവും പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് പ്രയോജനകരമാണ്. പലപ്പോഴും പുതിയ പ്രസിദ്ധീകരണങ്ങളെക്കുറിച്ചറിയാതെ പോകാറുണ്ട് എന്നാല്‍ എന്റെ കൂട്ടുകാരി തളിരേ... നീ അതു മറക്കാറില്ല. ഇത് മറ്റ് മാസികകളില്‍ നിന്ന് തളിരിനെ വ്യത്യസ്തമാക്കുന്നു. പൂക്കാത്ത വള്ളിയും അഴകിയും സമ്മാനിച്ച ശ്രീമതി സുഗതകുമാരി ടീച്ചര്‍ക്കും ശ്രീധരന്‍ എന്‍ ബല്ലയ്ക്കും ഒരായിരം നന്ദി.


ജയലക്ഷ്മി ബി,
ക്ളാസ്: 9 ഡി, മൌണ്ട് കാര്‍മല്‍, കഞ്ഞിക്കുഴി, കോട്ടയം.


ഡിസംബര്‍ മാസത്തെ തളിര് കലക്കി കേട്ടോ. സത്യജിത്തും ലോത്തലിലെ രഹസ്യങ്ങളും എന്ന പ്രകാശ് മൂര്‍ത്തി സാറിന്റെ രചന ഗംഭീരമായിട്ടുണ്ട്. സ്വാര്‍ക്ക് എന്ന ഗെയിമിലേക്ക് കടന്നുചെന്ന സത്യജിത്ത് ഞങ്ങളില്‍ ആവേശമുണര്‍ത്തുന്നു. തളിരിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഗ്രൂപ്പ് ബാഴ്സലോണയുടെ ഹൃദയം നിറഞ്ഞ
നവവല്‍സരാശംസകള്‍!


ഗ്രൂപ്പ് ബാഴ്സലോണ,
ക്ളാസ് 8 സി,
സെന്റ് അലോഷ്യസ് ഹൈസ്കൂള്‍,
നോര്‍ത്ത് പറവൂര്‍,
എറണാകുളം - 683 513


ഞാന്‍ തളിരിന്റെ സ്വന്തം കൂട്ടുകാരിയാണ്. കഴിഞ്ഞ ലക്കത്തില്‍ ക്രിസ്മസ് ഫാദറിനെ നിര്‍മിക്കാന്‍ പഠിപ്പിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പക്ഷേ ഞാനുണ്ടാക്കി നോക്കിയപ്പോള്‍ ചീറ്റിപ്പോയി. തളിര് കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കുന്നത് ഫീച്ചറാണ്. പഠനത്തിന് അതേറെ സഹായകരമാണ്. തളിരിന് പുതുവത്സരാശംസകള്‍ നേരുന്നു.


ശ്രീലക്ഷ്മി ടി,
ക്ളാസ്: 7 ബി, മണ്ണൂര്‍ നോര്‍ത്ത് എ യു പി സ്കൂള്‍, മണ്ണൂര്‍,
കോഴിക്കോട്


കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ മുഖത്തെ ചൈതന്യം തുളുമ്പുന്ന തളിരിന്റെ ക്രിസ്മസ് പതിപ്പ് എനിക്ക് വളരെയേറെ ഇഷ്ടമായി. താന്‍ ജോലിക്ക് നില്ക്കുന്ന വീട്ടിലെ കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുമ്പോഴും തന്റെ പിറന്നാള്‍ മറന്നുപോയ അഴകിയും കെങ്കേമമായി കേട്ടോ.


അപര്‍ണ,
ക്ളാസ്: 7 എ, ഗവ ഹൈസ്കൂള്‍, കരിപ്പൂര്,
തിരുവനന്തപുരം


ഞങ്ങളുടെ സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദി കണ്‍വീനര്‍ സുനിത ടീച്ചറാണ് തളിരിനെ പരിചയപ്പെടുത്തിയത്. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഒരു ക്ളാസ്സില്‍ ഒരു തളിര്’ പരിപാടിയെക്കുറിച്ച് ടീച്ചര്‍ പറഞ്ഞു. പിന്നീട് ഓരോ കുട്ടിയും നിശ്ചിത സംഖ്യ സാഹിത്യവേദി കണ്‍വീനറെ ഏല്‍പ്പിച്ചു. കഴിഞ്ഞ മാസം ഞങ്ങള്‍ക്ക് ആദ്യത്തെ തളിര് ലഭിച്ചു. യേശുവിന്റെ കഥ, സ്കൂള്‍ഡേയ്സ്, മഹാഭാരതം, ആനക്കാര്യം, നാടോടിക്കഥ എന്നിവയ്ക്കു പുറമേ കവര്‍പേജും ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായി.

അനശ്വരകൃഷ്ണയും
കൂട്ടുകാരും,
ക്ളാസ്: 5 ബി,
വളയം യു പി സ്കൂള്‍,
നാദാപുരം,
കോഴിക്കോട് - 673 517


ഡിസംബര്‍ ലക്കത്തിലെ സത്യജിത്തും ലോത്തലിലെ രഹസ്യങ്ങളും എന്ന പ്രകാശ് മൂര്‍ത്തിയുടെ ചിത്രകഥ വായിച്ചപ്പോഴേക്കും ബാക്കി കൂടി അറിയാനുള്ള ആകാംക്ഷ ഉണ്ടാകുന്നു. എസ് സതീഷ് ചന്ദ്രന്റെ കേരളം: പുഴകളുടെ നാട് എന്ന ഫീച്ചറില്‍ നിന്നും കേരളത്തിലെ പുഴകളെപ്പറ്റി ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. അഴകി എന്ന കഥ വളരെ നന്നായിരുന്നു. തളിരിന്റെ ഏത് പേജ് നോക്കിയാലും വളരെ മനോഹരമായ ചിത്രങ്ങള്‍ കാണാന്‍
സാധിക്കും.

മാഹിന്‍ അബൂ
ബക്കര്‍ കെ എ,
ഹിദായത്തുല്‍ മുസ്ളിമിന്‍ യു പി സ്കൂള്‍, കുഞ്ഞുണ്ണിക്കര,
ഉളിയന്നൂര്‍ പി ഒ, ആലുവ - 683 108

ഡിസംബര്‍ ലക്കത്തിലെ തളിര് കിടിലനായിരുന്നു. സക്കറിയയുടെ യേശുവിന്റെ കഥ യേശുവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിച്ചു. സുഗതകുമാരിയുടെ പൂക്കാത്ത വള്ളിയും റോസ്മേരിയുടെ വട്ടയപ്പം കായ്ക്കുന്ന മരവുമാണ് ഈ ലക്കത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട കഥകള്‍. കേരളത്തിലെ പുഴകളെപ്പറ്റി ഏറെ അറിയാന്‍ സതീശ് ചന്ദ്രന്റെ കേരളം: പുഴകളുടെ നാട് എന്ന ഫീച്ചര്‍ ഉപകാരപ്പെട്ടു. പിന്നെ മാഗ്നറ്റിക് ടോര്‍ച്ച് കലക്കി. എന്നും ഞാന്‍ ആദ്യം നോക്കുന്നത് കരകൌശല വിദ്യകള്‍ പരിചയപ്പെടുത്തുന്ന പംക്തിയാണ്, ക്രിസ്മസ് ഫാദറെയും ഞാന്‍ പരീക്ഷിച്ചു.

ആതിര ഇ, ക്ളാസ്: 9 എ, സെന്റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,
ബര്‍ണ്ണശ്ശേരി, കണ്ണൂര്‍

ക്രിസ്മസ് രാവില്‍ ഞങ്ങള്‍ക്ക് അറിവു പകരാന്‍ വന്ന മാലാഖയെപ്പോലെയാണ് ഡിസംബര്‍ ലക്കത്തിലെ തളിര്. ക്രിസ്മസിന്റെ സന്ദേശം പകര്‍ന്ന സുഗതകുമാരി ടീച്ചറുടെ മുന്നുരയും യേശുവിനെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുന്ന യേശുവിന്റെ കഥയും പൂക്കാത്ത വള്ളിയും വളരെ ആകര്‍ഷകമായി ഞങ്ങള്‍ക്ക് തോന്നി. കൂടാതെ ഞങ്ങളെ പഠനത്തില്‍ സഹായിച്ച കേരളം പുഴകളുടെ നാട് എന്ന ഫീച്ചറും ഏറെ നന്നായിട്ടുണ്ട്.


അഭിരാമി ബി എസ്,
അനഘ എസ് നായര്‍,
ശ്രീകാവ്യ എസ് എസ്,
ക്ളാസ്: 6,
ജി ജി എച്ച് എസ് എസ്
മിതൃമ്മല, കല്ലറ.


2010 ഡിസംബര്‍ മാസത്തിലെ തളിര് എനിക്ക് കിട്ടി. ഗംഭീരമായിട്ടുണ്ട് കേട്ടോ!. പൂക്കാത്ത വള്ളി, അഴകി എന്ന കഥ എനിക്ക് വളരെ ഇഷ്ടമായി. പിന്നെ ശ്രീമതി ഇന്ദു ഹരികുമാറിന്റെ ക്രിസ്മസ് ഫാദര്‍ സൂപ്പര്‍ കേട്ടോ! സ്കൂള്‍ ഡേയ്സും ആനക്കാര്യവും അടിപൊളി ആണേ! തളിര് കൈയില്‍ കിട്ടുമ്പോള്‍ തന്നെ ഞാന്‍ നോക്കുന്നത് ആനക്കാര്യവും സ്കൂള്‍ ഡേയ്സും ആണ്.

മീനു എസ്,
ക്ളാസ്: 9 ബി, എല്‍ എം എസ് എച്ച് എസ് എസ്, വട്ടപ്പാറ, തിരുവനന്തപുരം