KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എന്തിന്?

kavitha


അവിടെച്ചെന്നിട്ടെന്തോ പറഞ്ഞു പതിവു പോല്‍enthinu
മുന്നിലെ കണ്ണും കാതും നോക്കിയും നോക്കാതെയും
പത്രവായന വേണം, മറ്റു വായനകളും
കൃത്യത വേണം, നിഷ്ഠ നിര്‍ബന്ധമായും വേണം.
തോല്‍വികള്‍ വിജയത്തിന്റെ കല്‍പ്പടവാണെന്നോര്‍ത്ത്
ശക്തമായ് മുന്നേറണം ലക്ഷ്യത്തിലെത്തും വരെ,
പാടില്ല അലസത, ഉണര്‍ന്നേയിരിക്കണം....
അങ്ങനെ പലവക പറഞ്ഞു മുന്നേറുമ്പോള്‍

‘എന്തിന്?’ എന്നങ്ങനെ പിന്നിലെ ബെഞ്ചില്‍ നിന്നും
മെല്ലിച്ചു കറുത്തൊരു സംശയം പതുങ്ങുന്നു.
കൂടെയുണ്ടടക്കിയ ചിരികള്‍, കുശുപ്പുകള്‍
കേട്ടില്ലയെന്നേ നിന്നു പിന്നേയും ഗീര്‍വാണിച്ചു.

എങ്കിലുമിടയ്ക്കിടെ പൊന്തുന്നുണ്ടുള്ളില്‍ നിന്നും
‘എന്തിന്’ എന്നുള്ളൊരു മുള്ളിന്റെ പൊള്ളും മുന.
ചോദ്യമല്ലത്, വ്യാക്ഷേപകമല്ലാശ്ചര്യമ-
ല്ലെന്തിന് വെറുമൊരു പൂര്‍ണവാക്യവുമല്ല.

എന്നിട്ടുമോരോ ദിനം തീരുമ്പോള്‍; ഉറങ്ങും മുന്‍-
പായിട്ട്, ഉണരുമ്പോള്‍, വെറുതെ നടക്കുമ്പോള്‍
ഓരോരോ കണക്കുകള്‍ കൂട്ടുമ്പോള്‍, പടവുകള്‍
ഒന്നൊന്നായ് കയറുമ്പോള്‍, ഇടറിയിറങ്ങുമ്പോള്‍
ഉള്ളിലെ പിന്‍ബെഞ്ചില്‍ നിന്നെഴുന്നേല്‍ക്കുന്നുണ്ടത്
മെല്ലിച്ചു വളഞ്ഞേറെക്കറുത്ത്, കൂര്‍മുള്ളുപോല്‍.

റഫീക്ക് അഹമ്മദ്
വര: ഗോപു പട്ടിത്തറ