KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് ഭാഗ്യമുണ്ടെങ്കില്‍ നേട്ടമുണ്ടാകുമോ?
ഭാഗ്യമുണ്ടെങ്കില്‍ നേട്ടമുണ്ടാകുമോ?kathu"മാമാ, ഭാഗ്യമുണ്ടെങ്കിലേ നേട്ടമുണ്ടാകൂ എന്നാണ് ടീച്ചറായ എന്റെ അമ്മായി പറയുന്നത്. ചില ശാസ്ത്രജ്ഞന്മാര്‍ പോലും വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ളത് ഭാഗ്യം കൊണ്ടാണ്, യാദൃച്ഛികമായാണ് എന്ന് അമ്മായി പറയുന്നു. ശരിയാണോ മാമാ? എങ്കില്‍ പിന്നെ നമ്മള്‍ അധ്വാനിച്ചു പഠിച്ച് ജോലി ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നു വരില്ലേ?...”
ഒരു കാന്താരിക്കുട്ടിയുടെ സംശയമാണ്! അനേകം കൂട്ടുകാര്‍ ഇങ്ങനെ ഭാഗ്യത്തില്‍ വിശ്വസിക്കുന്നവരായുണ്ട് എന്ന് മാമനറിയാം. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ മറുപടി.
എല്ലാം ഭാഗ്യം കൊണ്ടാണ് കിട്ടുന്നത് എന്ന് വിശ്വസിക്കുന്നത് ഒരു നല്ല മനോഭാവമല്ല. മറിച്ച് നെഗറ്റീവായ ഒരു ചിന്തയാണ്. മനുഷ്യരെ അവരുടെ കര്‍മ്മ മണ്ഡലത്തില്‍ ഉറച്ചു നിന്നു വലിയ ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നതിന് പ്രേരണ നല്‍കുന്ന ഒരു ചിന്തയല്ല അത്. അതുകൊണ്ടുതന്നെ അത്തരം മനോഭാവം കുട്ടികള്‍ക്ക് ഒരിക്കലും ഉണ്ടാകരുത്.
ഭാഗ്യംകൊണ്ട്, വെറും ചാന്‍സ് കൊണ്ട് അപൂര്‍വം ചിലര്‍ക്ക് ചിലപ്പോള്‍ ചില നേട്ടങ്ങള്‍ ഉണ്ടായേക്കാം. പത്തുലക്ഷം ഭാഗ്യക്കുറിടിക്കറ്റുകള്‍ അച്ചടിച്ച് വില്ക്കുന്നു എന്നിരിക്കട്ടെ. പത്തുലക്ഷം പേര്‍ അതു വാങ്ങുന്നു എന്നും സത്യസന്ധമായി നറുക്കെടുക്കുന്നു എന്നും വിചാരിക്കുക. എന്നാല്‍ പോലും ഒരു ടിക്കറ്റ് എടുത്ത ഒരാള്‍ക്ക് ഒന്നാം സമ്മാനം കിട്ടാനുള്ള ചാന്‍സ് അഥവാ സാധ്യത പത്തുലക്ഷത്തില്‍ ഒന്ന് മാത്രമാണ്. പത്തുലക്ഷത്തിലൊന്ന് എന്നു പറയുന്നത് ഏകദേശം പൂജ്യം തന്നെയാണ്. അപ്പോള്‍ ഒരു ടിക്കറ്റുമെടുത്ത്, എനിക്ക്, ഒരാള്‍ക്ക് മാത്രം കിട്ടുന്ന ഒന്നാം സമ്മാനം , ഭാഗ്യമുണ്ടെങ്കില്‍ കിട്ടും എന്നു പറയുന്നത് തികഞ്ഞ വിഡ്ഢിത്തം തന്നെ. ഒന്നാം സമ്മാനം കിട്ടാനുള്ള സാധ്യത ഗണിതപരമായി ചിന്തിച്ചാല്‍ ഏകദേശം പൂജ്യം മാത്രമാണ്.
ഗണിതപരമായ സമീപനം അവിടെ നില്ക്കട്ടെ. ചരിത്രപരമായി ഈ അന്വേഷണം നടത്തിയാല്‍ എbhagyamന്താണ് കാണാന്‍ കഴിയുക? വെറും ഭാഗ്യം കൊണ്ട്, തികച്ചും യാദൃച്ഛികമായി, വലിയ കണ്ടെത്തലുകള്‍ നടത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു കഥ കേട്ടോളൂ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന ഒരു കഥയാണ്. 1886 ല്‍ അലുമിനിയം അനായാസം ചെലവു കുറച്ച് ഉണ്ടാക്കാന്‍ ഒരു വഴി അമേരിക്കയില്‍ ചെറുപ്പക്കാരനായ ചാള്‍സ് മാര്‍ട്ടിന്‍ ഹാള്‍ കണ്ടുപിടിച്ചു. അതേ വിദ്യ അതേ വര്‍ഷം ഫ്രാന്‍സില്‍ പോള്‍ എല്‍ ടി ഹെറോള്‍ട്ടും കണ്ടുപിടിച്ചു. അങ്ങനെ ഒരു കാലത്ത് സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്ന അലുമിനിയത്തിന്റെ വില വളരെ താഴ്ന്നു. അലുമിനിയം വേണ്ടത്ര കിട്ടാനും തുടങ്ങി. പക്ഷേ അതിനു വേണ്ടത്ര ബലമില്ല. ബലമുണ്ടായാലേ അതുപയോഗിച്ചു യന്ത്രഭാഗങ്ങളും വിമാനങ്ങളും ഉണ്ടാക്കാന്‍ പറ്റൂ. എന്താണിതിനു വഴി? അതില്‍ മറ്റ് ലോഹങ്ങളോ അലോഹങ്ങളോ ചേര്‍ത്ത് സങ്കരമാക്കിയാല്‍ ബലം കൂടിയേക്കും. ഇരുമ്പിന്റെ ബലം കൂട്ടിയത് കാര്‍ബണും മറ്റും ചേര്‍ത്ത് സ്റീലാക്കിയാണല്ലോ. അതുപോലെ.
ജര്‍മ്മനിയില്‍ ആല്‍ഫ്രഡ് വില്‍മ് (Alfred Wilm) അതിനുള്ള ശ്രമം തുടങ്ങി. അലുമിനിയത്തില്‍ അദ്ദേഹം അല്പം ചെമ്പും വളരെ കുറവ് മഗ്നീഷ്യവും മാന്‍ഗനീസും ചേര്‍ത്ത് ലോഹസങ്കരം ഉണ്ടാക്കി നോക്കി. ആ സങ്കരത്തിന് അലുമിനിയത്തിലും ബലമുണ്ട് എന്നു കണ്ടു. എന്നാല്‍ അദ്ദേഹത്തിന് തൃപ്തിയായില്ല. ഇനിയും ബലം കൂട്ടാനാകുമോ? അതിനായി അദ്ദേഹം തന്റെ ലോഹസങ്കര സാമ്പിളുകളെ നന്നായി ചൂടാക്കി. 6000ര വരെ ചൂടാക്കി പഴുപ്പിച്ച് പെട്ടെന്ന് തണുത്ത വെള്ളത്തില്‍ മുക്കി. അങ്ങനെ ചൂടാക്കിയിട്ടു പെട്ടെന്ന് തണുപ്പിക്കുന്നതിന് ക്വന്‍ഞ്ചിങ് Quenching) എന്നാണ് പറയുക. എന്നിട്ട് ബലം അളന്നു. പക്ഷേ കിട്ടിയ ഫലം ശരിയാണോ? പല സാമ്പിളുകള്‍ പല ബലം കാണിക്കുന്നു. ബലം അളന്നതിന്റെ തെറ്റാകാം. അത് അളക്കുന്ന ഉപകരണത്തിന്റെ കേടാകാം. അദ്ദേഹം ഉപകരണം നന്നാക്കാന്‍ തുടങ്ങി. നാലഞ്ചു ദിവസം അതിനു പോയി. അതു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു ആശയം തോന്നി. താന്‍ നേരത്തെ  ചൂടാക്കി തണുപ്പിച്ച്  സാമ്പിളുകളുടെ ബലം ഒന്നുകൂടി അളന്നാലോ? അളന്നു. അദ്ദേഹം അത്ഭുതപ്പെട്ടുപോയി. ബലം ഇരട്ടിയായിരിക്കുന്നു! തണുപ്പിച്ച് ഒരാഴ്ചയോളം വച്ചിരുന്നാല്‍ താനെ ബലം കൂടും എന്ന് അദ്ദേഹം അങ്ങനെ കണ്ടെത്തി. അങ്ങനെയാണ് ഡ്യൂറാലുമിന്‍ (Duralumin) എന്ന ലോഹസങ്കരം കണ്ടെത്തിയത്! ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍കാര്‍ക്ക് എയര്‍ഷിപ്പുകള്‍ ഉണ്ടാക്കാന്‍ പറ്റിയ ലോഹസങ്കരം ലഭിച്ചു.
ഇത് ഭാഗ്യം കൊണ്ടാണ്, യാദൃച്ഛികമായി കണ്ടെത്തിയതാണ്, എന്നു വേണമെങ്കില്‍ വാദിക്കാം. വാസ്തവം എന്താണ്? തണുപ്പിച്ച് ഏതാനും ദിവസങ്ങളായി ഇരിക്കുന്ന പഴയ സാമ്പിളുകളുടെയും ബലം പരിശോധിക്കാന്‍ അദ്ദേഹത്തിന് തോന്നിയത് ശാസ്ത്രബോധം കൊണ്ടാണ്. ബലം കൂടിയതു കണ്ടപ്പോള്‍ അത് പഴകുമ്പോള്‍ ലഭിക്കുന്നതാണ് എന്ന് ഊഹിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ നിഗമനപാടവം കൊണ്ടാണ്. വെറുതെ ഭാഗ്യം കൊണ്ടല്ല എന്നര്‍ത്ഥം. ഭാഗ്യവും ചാന്‍സുമൊക്കെ കടാക്ഷിക്കുന്നത് തപസ്സു ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനെയാണ്. ചിന്തിക്കുന്ന മനസ്സിനെയാണ്. എല്ലാ വശങ്ങളും പരിഗണിച്ചു ഗവേഷണം   ചെയ്യുന്ന ആളിനെയാണ്.  ഭാഗ്യമുണ്ടെങ്കില്‍, വിധിയുണ്ടെങ്കില്‍, എനിക്കു കണ്ടുപിടുത്തം നടത്താനാകും എന്നും പറഞ്ഞ് പഠിക്കാതെയും പരീക്ഷിക്കാതെയും മടിച്ചിരിക്കുന്നവനെയല്ല. Chance favours only the prepared mind എന്നു പറയുന്നത് അതുകൊണ്ടാണ്.
അതുകൊണ്ട് എന്റെ പ്രിയപ്പെട്ട കാന്താരികളെ! നിങ്ങള്‍ ഭാഗ്യത്തെ സ്വപ്നം കണ്ട് സമയം കളയാതെ സ്വന്തം കഴിവുകള്‍ വളര്‍ത്തുവിന്‍. വലിയ സ്വപ്നം കാണുവിന്‍. വലിയ ലക്ഷ്യം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുവിന്‍. മഹത്തായ നേട്ടങ്ങള്‍ക്ക് ഉടമയാകുവിന്‍. വളരുവിന്‍. മിടുമിടുക്കരാകുവിന്‍. മാമന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍!

എസ് ശിവദാസ്
വര: അനിഷ തമ്പി