KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

യേശുവിന്റെ കഥ

feature

വളരെ ലളിതമാണ് യേശുവിന്റെ കഥ.
യേശു യഹൂദ വംശക്കാരനാണ്. യേശുവിന്റെ അച്ഛന്‍ ജോസഫ് ഗലീലിയയിലെ നസ്രേത്തില്‍ ഒരു ആശാരിയായിരുന്നു. മദ്ധ്യപൂര്‍വ ദേശത്തെ പലസ്തീനിലാണ് ഗലീലിയ. പലസ്തീന്‍ അക്കാലത്ത് റോമാസാമ്രാജ്യത്തിന് കീഴിലായിരുന്നു.jesus1
അമ്മയുടെ പേര് മറിയം. അവളുടെ കടിഞ്ഞൂല്‍ പുത്രനായിരുന്നു യേശു.
പല ആരാധ്യപുരുഷന്മാരുടെയുമെന്നപോലെ യേശുവിന്റെ ജനനത്തിന്മേലും അത്ഭുതപരിവേഷങ്ങള്‍ വന്നുചേരുന്നുണ്ട്. ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് മറിയത്തോട് അവള്‍ ദൈവത്താല്‍ ഗര്‍ഭം ധരിച്ചിരിക്കുന്നുവെന്നു പറഞ്ഞു എന്ന് മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളില്‍ നമുക്കു വായിക്കാം. ഗര്‍ഭിണിയായ മറിയം ഗലീലിയയില്‍ നിന്ന് ജുദയയിലെ ബെത്ലഹേമിലേക്ക് പോകവേ പ്രസവസമയം വന്നെത്തുകയും സത്രത്തില്‍ ഇടം കിട്ടാത്തതിനാല്‍ ഒരു കാലിത്തൊഴുത്തില്‍ യേശുവിനെ പ്രസവിക്കുകയുമാണുണ്ടായത് എന്നു ലൂക്കാ എഴുതുന്നു.
ആടുമാടുകള്‍ക്കിടയില്‍ പുല്‍ത്തൊട്ടിയില്‍ ഒരു കൊച്ചുകുഞ്ഞ്!
യേശു ജനിച്ചപ്പോള്‍ ആകാശത്തില്‍ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടെന്നും അതു കണ്ട കിഴക്കുള്ളവരായ മൂന്നു ജ്ഞാനികള്‍ ശിശുവിനെ ദര്‍ശിക്കാന്‍ വന്നുവെന്നും മത്തായി എഴുതുന്നു. യേശു യഹൂദന്മാരുടെ രാജാവാകുമെന്ന് ജ്ഞാനികള്‍ക്ക് അറിയാമായിരുന്നത്രേ. ജുദയയിലെ യഹൂദ രാജാവ് ഹേറോദ് ഇതറിഞ്ഞു ഭയന്ന് തനിക്കൊരു ഭീഷണിയായേക്കാവുന്ന കുഞ്ഞിനെ വധിക്കാന്‍ തീരുമാനിച്ചു. കുഞ്ഞ് എവിടെയെന്നറിയാതെ വന്നപ്പോള്‍ ഹേറോദ് ബെത്ലഹേമിലും പരിസരത്തുമുള്ള രണ്ടു വയസ്സുവരെ പ്രായമായ എല്ലാ ആണ്‍ കുഞ്ഞുങ്ങളെയും വധിച്ചു എന്നും മത്തായി എഴുതുന്നു. ഒരു മാലാഖ മുന്നറിയിപ്പു നല്കിയതുകൊണ്ട് ജോസഫും മറിയവും യേശുവുമായി അയല്‍രാജ്യമായ ഈജിപ്തിലേക്ക് ഓടി രക്ഷപ്പെട്ടുവത്രേ.
സമാധാന ദൂതനായ യേശു വിന്റെ ശൈശവത്തോട് ചേര്‍ ന്നു നില്ക്കുന്ന ഈ രക്തചൊരിച്ചിലിന്റെ കഥ നമ്മെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. അത് ഒരു കഥ മാത്രമാണ് എന്ന് നാം ആശിച്ചുപോകും.
ഹേറോദിന്റെ മരണശേഷം ജോസഫും മറിയവും യേശു വും ഈജിപ്തില്‍നിന്ന് മടങ്ങി നസ്രേത്തില്‍ താമസമാക്കിയെന്നും മത്തായി എഴുതുന്നു.
യേശുവിന്റെ ബാല്യത്തിന്റെ ഒരു മുഹൂര്‍ത്തം മാത്രമേ സുവിശേഷങ്ങളില്‍ കാണാനുള്ളു. പന്ത്രണ്ടു വയസ്സുകാരനായ യേശുവുമായി ജോസഫും മറിയവും പെസഹ പെരുന്നാള്‍ ആഘോഷിക്കാന്‍ ജെറുസലേമിലെ ദേവാലയത്തില്‍പോയി എന്നു ലൂക്കാ എഴുതുന്നു. പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍, ഒരു ദിവസത്തെ വഴി നടന്നുകഴിഞ്ഞപ്പോഴാണത്രേ യേശു കൂടെയില്ല എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലായത്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും കൂട്ടത്തിലാണ് അവന്‍ എന്നാണ് അവര്‍ കരുതിയത്. അവര്‍ ഉടനെ യേശുവിനെ തേടി തിരിച്ചുപോയി. മൂന്നു ദിവസത്തെ അന്വേഷണത്തിനുശേഷം ജോസഫും മറിയവും അവനെ കണ്ടെത്തിയത് ജെറുസലേമിലെ ദേവാലയത്തിലായിരുന്നു. യേശു അവിടെ ഉണ്ടായിരുന്ന ഗുരുക്കന്മാരായ വ്യക്തികളോട് സംസാരിച്ചും ചോദ്യം ചോദിച്ചുമിരിക്കുന്നതാണ് അവര്‍ കണ്ടത്. ‘നീ എന്തുകൊണ്ട് ഞങ്ങളെ ഇങ്ങനെ വിഷമിപ്പിച്ചു’ എന്നവര്‍ ചോദിച്ചപ്പോള്‍ യേശു പറഞ്ഞുവത്രേ: ‘നിങ്ങള്‍ എന്തിന് എന്നെ തേടിവന്നു? ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തിലാണ്  എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ?’ പിന്നീട് യേശു അവരോടൊപ്പം നസ്രേത്തിലേക്ക് മടങ്ങി.
ഈ കഥ നമ്മോടു പറയുന്നത് ബാലനായിരുന്നപ്പോള്‍ തന്നെ യേശുവിന് ആദ്ധ്യാത്മിക താത്പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. പിന്നീട് ആദ്ധ്യാത്മിക ഗുരുവായിത്തീര്‍ന്നപ്പോള്‍ യേശു ദൈവ ത്തെ വിളിച്ചത് ‘സ്വര്‍ഗ്ഗസ്ഥനായ എന്റെ jesus2പിതാവേ,’ എന്നാണ്. അതിന്റെ പിന്നോട്ടുള്ള ഒരു മാറ്റൊലിയാണ് ഈ കഥയില്‍ നാം കേള്‍ക്കുന്നത്.
യേശുവിന്റെ ബാല്യത്തെ പ്പറ്റി മറ്റൊന്നും സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. അതു പലസ്തീനിലെ ഒരു സാധാരണ ബാല്യമായിരുന്നു എന്നു വേണം കരുതാന്‍. സഹോദരീ സഹോദരന്മാ രോടും കൂട്ടുകാരോടുമൊത്ത് ബാലനായ യേശു കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും വളര്‍ന്നു. അച്ഛനെ ആശാരിപ്പണിയിലും അമ്മയെ വീട്ടുജോലികളിലും സഹായിച്ചിട്ടുണ്ടാവണം- പ്രത്യേകിച്ച് അകലെയുള്ള പൊതുക്കിണറില്‍ നിന്ന് വെള്ളം ചുമന്നുകൊണ്ടുവരാന്‍. ഇളയ സഹോദരങ്ങളെ എടുത്തുകൊണ്ട് നടന്നിട്ടുണ്ടാവണം. അച്ഛനമ്മമാരോടൊപ്പം പറമ്പില്‍ കൃഷിപ്പണി ചെയ്തിട്ടുണ്ടാവണം. ആടുമാടുകളെ മേയ്ച്ചിട്ടുണ്ടാവണം. കോഴികളെ വൈകിട്ട് കൂട്ടില്‍ കയറ്റി അടച്ചിട്ടുണ്ടാവണം. നസ്രേത്തില്‍ പുഴയില്ലായിരുന്നു. യേശുവിന് ഒരു പുഴയില്‍ നീന്തിത്തുടിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ആശാരിയായിരുന്ന ജോസഫ് ഒരു സമ്പന്നനായിരുന്നിരിക്കാന്‍ വഴിയില്ല. ബാലനായ യേശു വിശപ്പും മറ്റു കഷ്ടപ്പാടുകളും പലപ്പോഴും അനുഭവിച്ചിരുന്നിരിക്കണം.
അക്കാലത്തെ മറ്റ് യഹൂദ ബാലന്മാരെപ്പോലെ യേശുവിനും സ്വന്തം വീട്ടിലും സിനഗോഗിലും (യഹൂദ ആരാധനാലയം) അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചു എന്നു കരുതണം. അന്ന് അത് പ്രധാനമായും മതപരമായിരുന്നു. ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത് യേശുവിന്  പലസ്തീനിലെ യഹൂദരുടെ നാട്ടുഭാഷയും ഹീബ്രുവിന്റെ ഒരു പിരിവുമായ അറമായികും, അവരുടെ ഗ്രന്ഥ ഭാഷയായ ഹീബ്രുവും കൂടാതെ പലസ്തീനില്‍ ധാരാളമായി സംസാരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തിരുന്ന ഗ്രീക്കു ഭാഷയും അറിയാമായിരുന്നു എന്നാണ്.
യേശുവിന്റെ ബാല്യത്തെ പ്പോലെതന്നെ യൌവ്വനത്തെക്കുറിച്ചും സുവിശേഷങ്ങള്‍ ഒന്നും  പറയുന്നില്ല. യുവാവായ യേശു എങ്ങനെ സമയം ചെലവഴിച്ചു എന്നോ, എന്തു പഠിച്ചു എന്നോ, എവിടെയെല്ലാം യാത്ര ചെയ്തുവെന്നോ, അവന്റെ കൂട്ടുകാര്‍ ആരായിരുന്നുവെന്നോ നമുക്കറിഞ്ഞുകൂടാ. ഈ കാലഘട്ടത്തെപ്പറ്റി ലൂക്കാ ഇത്രയും പറയുന്നുണ്ട്: ‘ആ ബാലന്‍ വളര്‍ന്നു ബലവാനായി; അവന്റെ ഉള്ളില്‍ ജ്ഞാനം നിറഞ്ഞു; ദൈവത്തിന്റെ കൃപ അവന്റെ മേലുണ്ടായിരുന്നു.’
ഈ കാലഘട്ടത്തില്‍ സ്നാപക യോഹന്നാന്‍ എന്ന പ്രവാചകന്‍ ജുദയയിലെ ജോര്‍ദാന്‍ നദീതടത്തില്‍ ഒരിടം കേന്ദ്രമാക്കി ജനങ്ങളെ തിന്മയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആഹ്വാനങ്ങള്‍ നടത്തിയിരുന്നു. തന്റെ ഉപദേശം ചെവിക്കൊണ്ടവരെ യോഹന്നാന്‍ ജോര്‍ദാന്‍ നദിയിലെ ജലത്തില്‍ സ്നാനം ചെയ്യിപ്പിച്ചാണ് പാപമില്ലാത്ത ഒരു പുതിയ ജീവിതത്തിലേക്ക് നയിച്ചത്. അങ്ങനെയാണ് അദ്ദേഹം സ്നാപക യോഹന്നാന്‍ എന്ന പേരാല്‍ വിളിക്കപ്പെട്ടത്. യേശുവും യോഹന്നാന്റെ പക്കല്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു എന്ന് നാjesus3ലു സുവിശേഷകാരന്മാരും രേഖപ്പെടുത്തുന്നു.
യേശുവിന്റെ വരാന്‍ പോകുന്ന ആദ്ധ്യാത്മിക മഹത്വം യോഹന്നാന്‍ തിരിച്ചറിഞ്ഞു എന്ന സൂചന സുവിശേഷകാരന്മാര്‍ നല്കുന്നുണ്ട്. യേശു ജ്ഞാനസ്നാനത്തിനായി വന്നപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രേ: “ഞാന്‍ നിന്നാലാണ് ജ്ഞാന സ്നാനം ചെയ്യപ്പെടേണ്ടത്. പിന്നെ നീ എന്തിനാണ് എന്റെ അടുത്ത് വന്നത്?”ആഴമുള്ള എളിമയാണ് യോഹന്നാന്‍ എന്ന ഗുരുവിന്റെ ഈ വാക്കുകളില്‍ നിറ ഞ്ഞു നില്ക്കുന്നത്.
അങ്ങനെ യേശുവിന്റെ പന്ത്രണ്ടാം വയസ്സില്‍ നിന്ന് സുവിശേഷകര്‍ നമ്മെ കൊ ണ്ടുപോകുന്നത് മുപ്പതിനും മുപ്പത്തിമൂന്നിനുമിടയിലുള്ള ഒരു പ്രായത്തിലേക്കാണ്. പതിനെട്ടോളം വര്‍ഷങ്ങള്‍ നീണ്ട തും മറഞ്ഞിരിക്കുന്നതുമായ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തില്‍ ഉരുത്തിരിഞ്ഞ ചിന്തകളും ആശയങ്ങളുമാണ് പിന്നീട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന യേശുവിന്റെ വിപ്ളവകരങ്ങളായ സന്ദേശങ്ങളും പ്രവൃത്തികളുമായി പരിണമിച്ചത് എന്നുവേണം വിശ്വസിക്കുവാന്‍.

സക്കറിയ
വര: അരുണ ആലഞ്ചേരി