KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ പൂക്കാത്ത വള്ളി
പൂക്കാത്ത വള്ളി


kathaആ പഴയ കാലിത്തൊഴുത്തിനു മുകളില്‍ പൂക്കാത്ത ആ വള്ളി പടര്‍ന്നു കയറി തഴച്ചു നില്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇന്നോളം അത് പൂത്തിട്ടില്ല. കായ്ച്ചിട്ടില്ല. വെറുതെയങ്ങനെ പടര്‍ന്നു കിടക്കുകയാണ്.
കുറച്ചപ്പുറത്ത് മുന്തിരി വള്ളിയുണ്ട്. വേലിയില്‍ റോസാച്ചെടിപ്പടര്‍പ്പുണ്ട്. അവയൊക്കെ കാലം തെറ്റാValli_1തെ കായ്ക്കുന്നു. പൂക്കുന്നു. പൂക്കാത്ത വള്ളിക്ക് എപ്പോഴും വ്യസനമാണ്. ചുറ്റിലും നോക്കുമ്പോള്‍ അവള്‍ക്ക് തോന്നും, ഞാന്‍ മാത്രമെന്തിങ്ങനെ?
അന്നു രാവിലെ ഒരു സംഭവമുണ്ടായി. വല്ലാത്ത തണുപ്പുണ്ട്. മഞ്ഞു കാലമല്ലേ? കെട്ടിടം ഉടമയായ യജമാനന്‍ കമ്പിളികൊണ്ടു പുതച്ചു മൂടി കന്നുകാലികളെ നോക്കാന്‍ വന്നു. പണിക്കാരും കൂടെയുണ്ട്. അന്നെന്തോ ആകെ തിരക്കുള്ളൊരു ദിവസം. വഴിയിലൂടെ കൂട്ടം കൂട്ടമായി ആളുകള്‍ പോകുന്നു. ചിലര്‍ വണ്ടികളിലാണ്. ചിലര്‍ കുതിരപ്പുറത്തും കഴുതപ്പുറത്തും. ഒരുപാടുപേര്‍ കാല്‍നടയായി കെട്ടും ഭാണ്ഡങ്ങളുമൊക്കെയെടുത്തു നീങ്ങുന്നു. ഇവരൊക്കെ എവിടെപ്പോകുന്നു? പൂക്കാത്ത വള്ളി ആലോചിച്ചു. എന്തൊരു തിരക്കും പൊടിയുമാണ്! കടുത്ത മഞ്ഞുകാല തണുപ്പിലും എന്തൊരു ബഹളം!
വീട്ടുടമ ആകെയൊന്നു നോക്കി. മുന്തിരിയെയും റോസാച്ചെടിയെയുമൊക്കെ ഒന്നു തൊട്ടു തലോടി. എന്നിട്ട് പൂക്കാത്ത വള്ളിയെ നോക്കി ഇങ്ങനെ പറഞ്ഞു: “ഒരു ഫലവുമില്ലിതിനെക്കൊണ്ട്. കായില്ലെങ്കിലും ഒന്നു പൂക്കുകപോലുമില്ല. ചുമ്മാതങ്ങനെ തഴച്ച് പടര്‍ന്നു കിടക്കുന്നു! നാളെ വെട്ടിക്കളയണമിതിനെ.”
പൂക്കാത്ത വള്ളി കിടുകിടെ വിറച്ചു. നാളെ തന്നെ കൊല്ലും! തീര്‍ച്ചയാണ്. പൂക്കാത്തത് തന്റെ കുറ്റമാണോ! എന്തു ചെയ്യേണ്ടൂ? അവള്‍ കണ്ണീരൊഴുക്കി അനങ്ങാതെ നിന്നു. അവളുടെ പേടിയും സങ്കടവും കണ്ട് റോസാച്ചെടിപ്പടര്‍പ്പ് valli_2കനിവോടെ ആശ്വസിപ്പിച്ചു. “ചേച്ചീ, ദൈവം നിശ്ചയിച്ചതുപോലെ വരും. സമാധാനമായിരിക്കൂ. നാമെല്ലാം ഇന്നല്ലെങ്കില്‍ നാളെ വെട്ടി വീഴ്ത്തപ്പെടുന്നവരല്ലേ! സങ്കടപ്പെട്ടിട്ടു കാര്യമില്ല.”
മദാലസയായ മുന്തിരിവള്ളി പുച്ഛ ഭാവത്തില്‍ പൂക്കാത്ത വള്ളിയെ നോക്കി ഇങ്ങനെ വാക്കുകളുടെ കല്ലെറിഞ്ഞു. “ആര്‍ക്കും ഗുണമില്ലാത്തവര്‍ ജീവിക്കുന്നതുകൊണ്ടെന്തു ഫലം? പൂവും കായുമില്ലാതെ എന്തിനിങ്ങനെ? എന്നെ നോക്കൂ. മനുഷ്യര്‍ എന്നെ ആരാധിക്കുന്നു.”
പൂക്കാത്ത വള്ളി ഒന്നും മിണ്ടിയില്ല. ഇലകളനങ്ങാതെ മണിക്കൂറുകള്‍ എണ്ണി വ്യസനത്തോടെ കാത്തുനിന്നു.
തെരുവിലും കെട്ടിട മുറ്റത്തും ആള്‍ത്തിരക്കാണ്. ആരൊക്കെയോ മുറി തേടി കെട്ടിടമുടമയെ സമീപിക്കുന്നുണ്ട്. എല്ലാ മുറിയും നിറഞ്ഞു കഴിഞ്ഞു. “ഒഴിവില്ല ഒഴിവില്ല” എന്ന് അയാളുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാം. പൂക്കാത്ത വള്ളി എല്ലാം നോക്കി നില്‍ക്കുകയാണ്. അപ്പോള്‍ ഒരു കഴുതപ്പുറത്ത് വിവശയും ഗര്‍ഭിണിയുമായ ഒരു സ്ത്രീയെ ഇരുത്തിക്കൊണ്ട് ദീര്‍ഘകായനായ ഒരു മനുഷ്യന്‍ കിടക്കാന്‍ കുറച്ച് സ്ഥലത്തിനുവേണ്ടി പരിഭ്രമത്തോടെ വീണ്ടും വീണ്ടും യാചിക്കുന്നതു കാണായി. “അവള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. വേദന തുടങ്ങിയെന്നു തോന്നുന്നു. എവിടെങ്കിലും ഇത്തിരി സ്ഥലം...” കെട്ടിടമുടമയുടെ കണ്ണുകള്‍ ആ അവശയായ സ്ത്രീയില്‍ പതിഞ്ഞു. അയാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കായി. “മുറിയൊന്നുമില്ല. ഈ കാലിത്തൊഴുത്തില്‍ ഒരറ്റത്ത് വേണമെങ്കില്‍ കിടന്നോളൂ.” നന്ദിയോടെ ആ മനുഷ്യന്‍ തല കുനിക്കുന്നതും ഗര്‍ഭിണിയെ താങ്ങിയിറക്കി തൊഴുത്തിലേക്ക് ആനയിക്കുന്നതും കണ്ടു. പൂക്കാത്ത വള്ളി കുനിഞ്ഞു നോക്കി. കുറെ വയ്ക്കോല്‍ വിരിച്ച് ആ സ്ത്രീയെ കിടത്തുന്നു. ആകെ വിളര്‍ത്ത് വിയര്‍ത്ത് തളര്‍ന്ന ഗര്‍ഭിണി ആശ്വാസത്തോടെ വയ്ക്കോല്‍ വിരിയില്‍ കിടന്നു കണ്ണടയ്ക്കുന്നു.
“നന്നായി” പൂക്കാത്ത വള്ളി വിചാരിച്ചു. “അല്ലെങ്കില്‍ ആ പാവം ഈ തണുപ്പത്ത് എന്തു ചെയ്തേനെ!”
അര്‍ദ്ധ രാത്രിയായി. മഴപോലെ വെളുത്ത മഞ്ഞ് പൊഴിയുന്നു. പൂക്കാത്ത വള്ളിക്ക് പേടികൊണ്ട് ഉറക്കം വരുന്നില്ല. എന്തൊക്കെയോ തോന്നുന്നു. ഇന്നോളം കേള്‍ക്കാത്ത ശബ്ദങ്ങള്‍... അവള്‍ ചുറ്റും നോക്കി. അതാ തിളങ്ങുന്ന ഒരു വലിയ നക്ഷത്രം കാലിത്തൊഴുത്തിന് തൊട്ടു മുകളില്‍ ഉദിച്ചു വിളങ്ങുന്നു. അത്ഭുതത്തോടെ അവള്‍ നോക്കി നിന്നു. ഇതേതു നക്ഷത്രം! ഇന്നോളം കണ്ടിട്ടില്ലല്ലോ.
പെട്ടെന്ന് മധുരമധുരമായ സംഗീത നാദത്താല്‍ അന്തരീക്ഷം മുഖരിതമായി. ഇരുട്ടത്ത് വെളുത്ത വലിയ ചിറകുകള്‍ തിളങ്ങി മറയുന്നത് കാണായി. ഏതു ചെടിയാണ് പൂക്കാത്തത്! എന്തൊരു സുഗന്ധമാണ് കാറ്റില്‍ നിറയുന്നത്? നിശ്ശബ്ദമായ രാത്രി. മുകളില്‍ ജ്വലിക്കുന്ന നക്ഷത്രവും ചുറ്റുപാടും ചില ചിറകിളക്കങ്ങളുടെ ഒളിയും അലൌകികമായ സംഗീത പ്രവാഹവും നിറഞ്ഞ സുഗന്ധവും!... പൂക്കാത്ത വള്ളി വിസ്മയത്തോടെ അതെല്ലാം കണ്ടും കേട്ടും മരണഭയം മറന്ന് ശാന്തമായ മനസ്സോടെ ഉറങ്ങിപ്പോയി.valli_3
നേരം വെളുക്കാറായപ്പോള്‍ അവള്‍ ഉണര്‍ന്ന് കണ്‍മിഴിച്ച് കുനിഞ്ഞ് തൊഴുത്തിനുള്ളിലേക്കു നോക്കി. ഹാ! അപ്പോള്‍ രാത്രിയില്‍ ഇവിടെയൊരു കുഞ്ഞു പിറന്നിരിക്കുന്നു! വിളര്‍ത്ത മുഖത്ത് ഒരു ദിവ്യ മന്ദഹാസവുമായി അമ്മ കുഞ്ഞിനെ മടിയില്‍വെച്ചു പാലൂട്ടുകയാണ്. കാലിത്തൊഴുത്തിനു മുറ്റത്ത് ആരൊക്കെയോ തൊഴുകൈയുമായി നില്‍ക്കുന്നു. പൂക്കാത്ത വള്ളി അമ്പരപ്പോടെ നോക്കി. തിളങ്ങുന്ന പട്ടു വസ്ത്രങ്ങള്‍ ധരിച്ച ചിലര്‍. പിന്നെ താന്‍ എന്നും കാണുന്ന കുറെ ആട്ടിടയന്മാര്‍. പാവപ്പെട്ട കുറച്ച് പെണ്ണുങ്ങള്‍. എല്ലാവരും എന്തൊക്കെയോ സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അപ്പോള്‍ ആരാണാ അമ്മയും കുഞ്ഞും? പൂക്കാത്ത വള്ളി വീണ്ടും ഉള്ളിലേക്കു നോക്കിയപ്പോള്‍ പാലൂട്ടല്‍ കഴിഞ്ഞ് അമ്മ കുഞ്ഞിനെ മടിയിലിരുത്തി പതുക്കെയൊരു മൂളിപ്പാട്ടു പാടിക്കൊണ്ടിരിക്കുന്നു. ആട്ടിടയന്മാര്‍ ഓരോരുത്തരായി നിശ്ശബ്ദം ഉള്ളില്‍ കടന്ന് അവരുടെ മുന്നില്‍ മുട്ടുകുത്തുന്നു. കൊണ്ടുവന്ന എളിയ ഉപഹാരങ്ങള്‍ അവരുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. കമ്പിളി, പഴങ്ങള്‍, ചെറു മണ്‍പാത്രങ്ങള്‍, അപ്പോള്‍ കറന്ന പാല്‍, പഴങ്ങള്‍, വിശിഷ്ട വസ്ത്രങ്ങള്‍ ധരിച്ചു കാണപ്പെട്ട ആ വലിയവര്‍ കൊണ്ടുവന്ന പൊന്നും സുഗന്ധ വസ്തുക്കളും വെള്ളിഭാജനങ്ങളില്‍ അമ്മയുടെയും കുഞ്ഞിന്റെയും കാല്‍ക്കല്‍ തിളങ്ങിക്കാണാം. പാവപ്പെട്ട കുഞ്ഞുങ്ങള്‍ കൈകൊണ്ടു തുന്നിയ കുഞ്ഞു കമ്പിളികള്‍ അര്‍പ്പിക്കുന്നു, വന്ദിക്കുന്നു, കണ്ണീരോടെ മുട്ടുകുത്തുന്നു. അന്തരീക്ഷത്തില്‍ അപ്പോഴും സുഗന്ധം നിറഞ്ഞിരിക്കുന്നു. അവ്യക്ത മധുരമായി ഏതോ തന്ത്രികളില്‍ നിന്ന് ലോല സംഗീതനാദമുയരുന്നു.
പൂക്കാത്ത വള്ളി ആ കുഞ്ഞിനെ നോക്കി നോക്കി അമ്പരന്നു നിന്നു. നിലാവുപോലൊരു വെളിച്ചം ആ ശിശുവിന്റെ ചുഴലവും കാണാം. ഇത്തിരി നേരം മുമ്പു പിറന്നേയുള്ളൂ. എങ്കിലും എന്തു മധുരമായി അവന്‍ മന്ദഹാസം തൂകുന്നു! ആ കുഞ്ഞിക്കണ്ണുകvalli_4ള്‍ വിടര്‍ത്തി എല്ലാവരെയും പണ്ടേ പരിചയമുള്ള ഭാവത്തില്‍ നോക്കുന്നു! ആ കുഞ്ഞു മുഖത്തിന്റെ ദിവ്യ സൌന്ദര്യം! മുകളില്‍ തെളിഞ്ഞ നക്ഷത്രം പോലൊരു ശിശു. കത്തുന്ന മെഴുകുതിരി പോലെയുള്ള അമ്മ. സമ്മാനങ്ങളുമായി വരുന്ന പാവപ്പെട്ടവരുടെ നിര വീണ്ടും നീളുകയാണ്. എല്ലാവരെയും കാരുണ്യത്തോടെ കടാക്ഷിക്കുകയാണ് ആ ദിവ്യശിശു. പൂക്കാത്ത വള്ളിക്ക് കഠിന ദുഃഖം തോന്നി. ഒന്നുമില്ലല്ലോ തനിക്ക് ആ പിഞ്ചു പാദങ്ങളില്‍ സമര്‍പ്പിക്കുവാന്‍! ഒന്നുമൊന്നും ഇല്ലല്ലോ! കഷ്ടം!
പെട്ടെന്ന് തനിക്ക് എന്തോ സംഭവിക്കുന്നു എന്നവള്‍ക്കു തോന്നി. ദേഹമാകെ കോരിത്തരിക്കുന്നു. മണം പരക്കുന്നു. അമ്പരപ്പോടെ നോക്കിയപ്പോള്‍ ഹാഹാ! വെളിയില്‍ പൊഴിയുന്ന മഞ്ഞിന്‍ തരികള്‍ പോലെ വെളുവെളുത്ത, പൂക്കളാല്‍ തന്റെ ചില്ലകളാകെ മൂടപ്പെട്ടിരിക്കുന്നു! പൂക്കള്‍! പൂക്കള്‍! വെളുവെളുത്ത, നനുനനുത്ത നൂറായിരം കൊച്ചു കൊച്ചു പൂക്കള്‍! പൂക്കാത്ത വള്ളി കണ്ണീരോടെ കണ്ണടച്ചു ധ്യാനലീനയെന്നോണം തെല്ലിട നിന്നു. എന്നിട്ട് കുനിഞ്ഞ് ജാലകപ്പഴുതിലൂടെ തന്റെ ചില്ലക്കൈ നീട്ടി വെളുവെളുത്ത, തണുത്ത, മണത്ത, ഒരു കുല പൂക്കള്‍ ആ കുഞ്ഞിക്കാലടികളില്‍ വെച്ചു കൊടുത്തു. വയ്ക്കോല്‍ വിരിയില്‍, കീറത്തുണികളാല്‍ പൊതിയപ്പെട്ട് അമ്മയുടെ മടിയില്‍ ചാഞ്ഞിരിക്കുന്ന ആ ശിശുവിന്റെ ഇളം ചുണ്ടുകള്‍ തന്നെ നോക്കി ഒന്നു മന്ദഹസിച്ചുവോ!
പൂവള്ളി സുഗന്ധത്തില്‍ മുഴുകി കണ്ണുകള്‍ കൂമ്പി നില്പാണ്. നേരം പുലര്‍ന്നപ്പോള്‍ വീട്ടുടമസ്ഥന്‍ വന്ന് ആ കാഴ്ച കണ്ട് ആഹ്ളാദത്തോടെ പറഞ്ഞു. “ഹാ! എത്ര മനോഹരമായ പൂക്കള്‍! വെട്ടണ്ട, ഈ വള്ളി ഇവിടെത്തന്നെ നിന്നോട്ടെ.” പൂവള്ളി അതു കേട്ടുവോ! അവള്‍ എല്ലാം മറന്ന് കൈകൂപ്പി നില്ക്കുകയായിരുന്നല്ലോ.
(വെളുത്ത പൂക്കള്‍ നിറഞ്ഞു തൂങ്ങുന്ന ത ങമ ആഹീീാ എന്ന വള്ളിച്ചെടി കേരളത്തില്‍ അപൂര്‍വം ചിലയിടങ്ങളില്‍ കാണാറുണ്ട്. വിദേശിയാണ് ഈ പൂവള്ളി. ഡിസംബര്‍ മാസത്തില്‍ മാത്രം പൂക്കള്‍ നിറയുന്ന മനോഹരമായ ഈ വള്ളി കിട്ടിയാല്‍ നിങ്ങള്‍ വാങ്ങി വളര്‍ത്തി നോക്കൂ.)


പുനരാഖ്യാനം: സുഗതകുമാരി
വര: ചാരുത രഘുനാഥ്