KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അഴകി


katha

ഒന്നിനു പിറകെ ഒന്നായി കാറുകള്‍ ഗേറ്റു കടന്ന് പുറത്തേക്കൊഴുകുന്നത് അഴകി കണ്ണിമയ്ക്കാതെ നോക്കി നിന്നു. പല നിറത്തിലും വലിപ്പത്തിലുമുള്ള കാറുകള്‍... അവസാന കാറില്‍ സാറും ചേച്ചിയും കുട്ടുവും... പുറത്തേക്കുള്ള വാതില്‍ അടച്ചു പൂട്ടിയിരുന്നു. വാതിലിനോട് ചേര്‍ന്നുള്ള മൂന്നു കള്ളി ജനാലയുടെ ഒരു പാളി മാത്രം തുറന്നിട്ടുണ്ട്. തന്നെ തനിച്ചാക്കി പുറത്തേക്കു പോകുമ്പോള്‍ അത് പതിവാണ്... പുറപ്പെടാന്‍ നേരത്ത് ആരോ പറയുന്നത് അവള്‍ കേട്ടിരുന്നു... ആ തമിഴത്തിപ്പെണ്ണിനെക്കൂടി കൂട്ടാത്തതെന്താ... ഇക്കാലത്ത് ഒരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വീട്ടിലാക്കി പോകുന്നത്...
ചേച്ചിയാണതിന് മറുപടി പറഞ്ഞത്... “അവള്‍ക്കീ ഇംഗ്ളീഷ് സിനിമയൊന്നും തീരെ ഇഷ്ടമല്ല... തമിഴ്... അതും രജനീകാന്തിന്റെ സിനിമയെങ്കില്‍ പറയാതെ തന്നെ ചാടി പുറപ്പെട്ടേനെ...”azhaki
ഇപ്പോള്‍ വീടും പറമ്പും ആളൊഴിഞ്ഞ ഉത്സവപ്പറമ്പ്... അല്പം മുമ്പുവരെ എന്തായിരുന്നു ബഹളം!
ഇന്നലെ രാത്രി തന്നെ ചേച്ചി പറഞ്ഞിരുന്നു. “നാളെ ഒത്തിരി ജോലിയുണ്ടാവും നിനക്ക്... എന്റെയും ചേട്ടന്റെയും ഓഫീസിലെ എല്ലാവരേയും വിളിച്ചിട്ടുണ്ട്. ചേട്ടന്റെ അമ്മ മരിച്ചത് കാരണം ഒന്നാം പിറന്നാള്‍ ആഘോഷിച്ചില്ലല്ലോ... അതുകൊണ്ടാ എല്ലാവരേയും വിളിച്ചത്... മിക്കവാറും എല്ലാവരും വരുമായിരിക്കും... ഭക്ഷണമൊക്കെ പുറത്ത് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്... എന്നാലും പണി കാണും...” “അതിനെന്താ ചേച്ചീ ഞാന്‍ റെഡി...” അതും പറഞ്ഞാണുറങ്ങാന്‍
പോയത്.
നേരം വെളുത്തു. പത്തു മണിവരേയും എല്ലാം പതിവുപോലെ. പിന്നെയാണ് ഓരോരോ കാറുകളിലായി ഒറ്റയ്ക്കും കുടുംബമായും ആളുകള്‍ വന്നു തുടങ്ങിയത്. അപ്പോഴേക്ക് കുളിച്ച്, കുട്ടുവിനെ കുളിപ്പിച്ച്, പുത്തനുടുപ്പുകളിടുവിച്ച് ഒരുങ്ങിക്കഴിഞ്ഞിരുന്നു...
വന്നവര്‍ വന്നവര്‍ അവന്റെ കുഞ്ഞിക്കൈകളില്‍ കൊള്ളാത്ത വലിയ പൊതികള്‍
സമ്മാനിച്ചു. അവന്റെ പൂ പോലുള്ള കവിളുകളില്‍ തലോടി. ഉമ്മ വെച്ചു. എടുക്കാനായി കൈ നീട്ടി... അവനാകട്ടെ മുഖം തിരിച്ച് തന്നോട് കൂടുതല്‍ കൂടുതല്‍ ഒട്ടിച്ചേര്‍ന്നു...
അതോടെ പിന്‍വാങ്ങുന്നവര്‍ പിന്നെ സാറിനോടും ചേച്ചിയോടുമാകുന്നു സംസാരം. മലയാളവും ഇംഗ്ളീഷും കൂടിക്കലര്‍ന്ന ഭാഷ... താന്‍ പോലും എത്ര വേഗമാണ് മലയാളം പഠിച്ചത്... പക്ഷേ ഇവിടെത്തന്നെ ജനിച്ചവരെന്താ ഇങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നതിനിടയിലും ആരോ ചേച്ചിയോട് അവളുടെ പേര് ചോദിച്ചതും പിന്നെ അഭിനന്ദനം പോലെ ‘സ്മാര്‍ട് ഗേള്‍...’ എന്നു പറഞ്ഞതും അവളില്‍ സന്തോഷം നിറച്ചു. ഏഴാം ക്ളാസ് വരെ പഠിച്ചിരുന്നതിനാല്‍ അവള്‍ക്കത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമായി.
ആദ്യ പരിപാടി കേക്ക് മുറിക്കലായിരുന്നു. വലിയ മേശയ്ക്കു ചുറ്റും എല്ലാവരും വട്ടമിട്ടു നിന്നു... കൈ കൊട്ടിക്കൊണ്ട് ‘ഹാപ്പിബര്‍ത് ഡേ... പാടിക്കൊണ്ടിരിക്കെ കേക്കിന് മുകളില്‍ കത്തിച്ചുവെച്ചിരുന്ന രണ്ടു മെഴുകുതിരികളും കുട്ടു ഊതിക്കെടുത്തി. ചേച്ചി അവന്റെ കൈയില്‍ പിച്ചാത്തി പിടിപ്പിച്ച് കേക്ക് മുറിച്ചു. ആദ്യ കഷണം കുട്ടുവിന്റെ വായിലേക്ക്... പിന്നെ ചേച്ചി തന്നെ മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു.
അവസാനം ബാക്കിയായ കേക്കിന്റെ വലിയ കഷണം തട്ടോടെ അവള്‍ക്ക് നല്‍കി ചേച്ചി പറഞ്ഞു... “ഇത് നിനക്കാ...”azhaki3
“ഞാന്‍ പിന്നെ കഴിച്ചോളാം ചേച്ചീ...” അവളത് അടുക്കളച്ചുമരിലെ അലമാരയില്‍ വെച്ചു പൂട്ടി... തിരിച്ചു വീണ്ടും അടുത്തെത്തിയപ്പോള്‍ ചേച്ചി നല്‍കിയ ചിരിയിലും അഭിനന്ദനം ഒളിഞ്ഞിരിക്കുന്നത് അവള്‍ കണ്ടു. ഏതോ ഹോട്ടലില്‍ നിന്നും കൊണ്ടു വന്ന ഭക്ഷണം മത്സരിച്ച് കഴിക്കുന്ന അതിഥികള്‍ അവളില്‍ ചിരി വിടര്‍ത്തി... എത്ര ഉയര്‍ന്നവരാണെന്ന് പറഞ്ഞിട്ടെന്താ... എന്തൊരാര്‍ത്തി...
പിന്നെയാണ് സാറില്‍ നിന്നും ആ പ്രഖ്യാപനമുണ്ടായത്... “സീ മൈ ഫ്രണ്ട്സ്... നൂറ് ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്. നമ്മളുടന്‍ തീയറ്ററിലേക്കു പോകുന്നു...” ഇംഗ്ളീഷ് സിനിമ... നാക്കിന് വഴങ്ങാത്ത പേര്... കൂടെ ഒരു വിശദീകരണവും... “ഇന്നത്തെക്കാലത്ത് തീയറ്ററില്‍പോയി സിനിമ കാണുന്നത് അറു ബോറന്‍ പരിപാടിയാണ്... പക്ഷേ നമ്മളിത്രയും പേരുള്ളതിനാല്‍ എന്‍ജോയ് ചെയ്യാന്‍ പറ്റും... എന്നാലും നാല്‍പ്പതോളം ടിക്കറ്റ് വേസ്റാകുന്നതിന്റെ വിഷമവുമുണ്ട്...” ഏതോ സുഹൃത്ത് ആശ്വസിപ്പിച്ചു... ‘സാരമില്ലെടോ... കൌണ്ടറില്‍ കൊടുത്താല്‍ അവര്‍ വിറ്റുതരും...’
അങ്ങനെ ആഘോഷത്തിന്റെ അവസാന വിഭവത്തിനായി വീട്ടുകാരും വിരുന്നുകാരും പോയിരിക്കുന്നു. ഇനിയാണ് തന്റെ ജോലി. അഴകി സ്വീകരണ മുറിയില്‍ നിന്നും ശുചീകരണം ആരംഭിച്ചു... തൂത്ത് തുടങ്ങിയപ്പോള്‍ ചേച്ചി പറഞ്ഞതിന്റെ അര്‍ഥം അവള്‍ക്ക് മനസ്സിലായിത്തുടങ്ങി.
വരുന്നവരെല്ലാം സുഹൃത്തുക്കളാണെന്നത് ശരി തന്നെ... പക്ഷേ ഒരു ജാതി സാധനങ്ങളാ... വീടു മുഴുവനും വൃത്തികേടാക്കും... വലിച്ചു കീറിയിട്ട കടലാസുകള്‍... ഷൂസിന്റെ ചെളിപ്പാട്... കടിച്ചീമ്പിയിട്ട എല്ലിന്‍ കഷണങ്ങള്‍... മറിഞ്ഞ് വീണു കിടക്കുന്ന വെള്ള ഗ്ളാസ്...
തൂത്ത് വാരി ഡെറ്റോള്‍ കലക്കിയ വെള്ളം കൊണ്ട് തുടച്ചു നിവര്‍ന്നു നിന്നപ്പോള്‍ മണി മൂന്ന്. നല്ല വിശപ്പുണ്ടായിരുന്നു, ജോലി തുടങ്ങും മുമ്പ്... ഇപ്പോള്‍ വിശപ്പ് കെട്ടിരിക്കുന്നു... ബിരിയാണിച്ചോറിന്റേയും ഇറച്ചിയുടേയും മണം, തിന്നാതെ തന്നെ ഉള്ളില്‍ നിന്നും തികട്ടി വരുന്നു. അവള്‍ മടുപ്പോടെ തന്റെ മുറിയില്‍ കയറി കട്ടിലിലിരുന്നു... കിടന്നു.
കിടന്ന കിടപ്പില്‍ മനസ്സുകൊണ്ട് അവള്‍ സ്വന്തം നാട്ടിലേക്കു പോയി.കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മുനിയപ്പ ഗൌണ്ടറുടെ പച്ചക്കറിത്തോട്ടം... തോട്ടത്തില്‍ പണിയെടുക്കുന്ന അപ്പാവും അമ്മാവും...
എന്ത് സന്തോഷമായിരുന്നു... ‘അഴകീ... ഏന്‍ കണ്ണേ...’ എന്നേ അമ്മ വിളിക്കുമായിരുന്നുള്ളൂ...
അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോഴായിരുന്നു... തോട്ടത്തില്‍വെച്ച് അമ്മയെ പാമ്പു കടിച്ചത്... ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു...ഓര്‍ത്തപ്പോഴേക്കും അവളുടെ കണ്ണു നനഞ്ഞു...
അമ്മ തന്റെ പിറന്നാളും നിറഞ്ഞ സന്തോഷത്തോടെ ആഘോഷിക്കുമായിരുന്നു... ഏതെങ്കിലും വിഭവം വേണ്ടെന്നെങ്ങാനും അപ്പ പറഞ്ഞാല്‍ അമ്മ സമ്മതിക്കില്ല. ‘ഒരേ കുളന്തയല്ലവാ... മന്നിച്ചിട്...’ അപ്പ അതോടെ മിണ്ടാതാവും...
ആരൊക്കെയോ നിര്‍ബന്ധിച്ചാവണം അപ്പ വീണ്ടും കല്യാണം കഴിച്ചത്... ചിന്നമ്മയ്ക്ക് ആദ്യമേ തന്നോട് അനിഷ്ടമായിരുന്നു... ഒരാണ്‍കുട്ടി ജനിച്ചതോടെ അനിഷ്ടം കടുത്ത വെറുപ്പായി... വേണ്ടാത്ത വാക്കുകളായി മനസ്സിലും കഠിന ശിക്ഷയുടെ അടയാളമായി ദേഹത്തും പതിഞ്ഞു തുടങ്ങി...
സഹിക്കവയ്യാതെ അപ്പയോട് പരാതി പറഞ്ഞു... “നാന്‍ എന്ത തപ്പും സെയ്യലേ... ഏതുക്ക് എന്നെ ഇപ്പടി അടിക്കറത്...?”
അപ്പ ഒന്നും മിണ്ടാതെ കണ്ണു തുടച്ചു... “മന്നിച്ചിട് കണ്ണേ... അപ്പ തപ്പ് സെഞ്ചിട്ടേ...”azhaki1
മന്നിച്ച് മന്നിച്ച് മതിയായത് ഏഴാം ക്ളാസ് പാസ്സായ വിവരം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയിലാണ്...
“പഠിക്കണമപ്പാ... പഠിച്ച് ഗവണ്‍മെന്റ് വേലയ്ക്ക് പോകണ
മപ്പാ...”
“എന്ത വേല? കളക്ടറുദ്യോഗമാ...?” ചിന്നമ്മയുടെ പരിഹാസം കേട്ടതും വായടച്ചു.അങ്ങനെയിരിക്കെയാണ്...
ചിന്നമ്മ വീട്ടിലില്ലാത്ത നേരത്താണ്...
അപ്പ അടുത്തു വിളിച്ച് തലയില്‍ തലോടിക്കൊണ്ട് പറഞ്ഞത്... “അഴകീ... ഏന്‍ കണ്ണേ... അപ്പാ പേച്ച് കേക്കുമാ...”“ഏതുക്ക് സന്ദേഹം... ശൊല്ലുങ്കപ്പാ...”
“കേരളാവിലെ ഒരു ചിന്നക്കുളന്തയെ പാക്കറുതുക്ക് ഉന്നെ വിടട്ടുമാ...?”
അധികമാലോചിച്ചില്ല. പറഞ്ഞു... “സരീങ്കപ്പാ... ആനാ ഒണ്ണ്... അവര്‍ എന്നെ പഠിക്കവിടുമാ...?”
“തെരിയാത്... അതുക്ക് പഠിപ്പ്...? ഉഴൈപ്പ് താന്‍ മുഖ്യം... പാത്തതുതാനേ... ഉഴൈപ്പാളി... മുത്തു...രണ്ടു പടത്തിലും നമ്മ സൂപ്പര്‍ സ്റാര്‍ നിജമാ യജമാനന്‍ താന്‍... ആനാ പൊഴയ്ക്കരുത് വേലക്കാരനായിത്താനേ... ഉഴൈച്ച് ശാപ്പിട്ടാ അമൃത്... ഇരുന്ത് ശാപ്പിട്ടാ വെഷം.” പിന്നെ ഒന്നും പറഞ്ഞില്ല. ഏല്‍പ്പിച്ച ആളിനൊപ്പം വന്നു. എത്തിച്ചേര്‍ന്ന വീട്ടിലും രണ്ടുപേരും ജോലിക്കാര്‍... കുഞ്ഞിന് മൂന്ന് മാസം പ്രായം...
എത്ര വേഗമായിരുന്നു ആ വീടും കുഞ്ഞുമെല്ലാം തന്റെ സ്വന്തമായത്... മോണ കാട്ടിയുള്ള ചിരി... തുടുത്ത കവിള്‍... കുളിപ്പിക്കുമ്പോഴും കളിപ്പിക്കുമ്പോഴും... പാലു കൊടുക്കുമ്പോഴും ഉറക്കുമ്പോഴും... കുസൃതികളുടെ കൂമ്പാരം... എത്ര വേഗമാണ് രണ്ടു വര്‍ഷം കഴിഞ്ഞുപോയത്! എപ്പോഴോ തോന്നിത്തുടങ്ങി... ഈ സാറെന്താ ഇങ്ങനെ? അതുവരെയില്ലാതിരുന്ന നോട്ടങ്ങള്‍... തൊട്ടും തലോടിയുമുള്ള സംസാരം... ഇടയ്ക്കിടെ ‘നല്ല കുട്ടി’ എന്ന അഭിനന്ദനം... പുത്തനുടുപ്പുകള്‍... ഉറങ്ങാതെ കിടക്കുമ്പോള്‍ കേട്ടു... സാറും ചേച്ചിയും അടച്ചിട്ട മുറിയില്‍ വഴക്കിടുന്നു. തന്റെ പേര് പറയുന്നു...
കൂട്ടുകാരനായ ഇവിടുത്തെ സാറ് വന്നപ്പോള്‍ പറഞ്ഞു: ‘തന്റെ കുട്ടിക്ക് രണ്ടര വയസ്സായില്ലേ ചങ്ങാതീ... ഇനി ക്രഷില്‍ വിടാം... ഇപ്പെണ്ണിനെ എനിക്ക് തന്നേക്ക്... അവള്‍ ലീവെടുത്ത് കുട്ടിയേയും നോക്കിയിരുന്നാല്‍ എല്ലാ കണക്കുazhaki4കളും തെറ്റിപ്പോകും...’
ചേച്ചി ഉടന്‍ സമ്മതിച്ചു... ‘കൊണ്ടു പോയ്ക്കോളൂ... ഇന്നലെ കൂടി ക്രഷിന്റെ കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തതേയുള്ളൂ... നാളെത്തന്നെ ചേര്‍ക്കാം...’ അങ്ങനെയാണ് കുട്ടുവിനു കൂട്ടായി ഇവിടെയെത്തിയത്. അവനും രണ്ട് വയസ്സായിരിക്കുന്നു. ഇവിടത്തെ സാറ് എന്നെങ്കിലും തന്നെ അങ്ങനെ നോക്കുമോ... ഇതുവരെയില്ല... ഉണ്ടാവില്ല... എന്തോ അങ്ങനെയൊരു തോന്നല്‍...
അന്നേരം അവളുടെ അടഞ്ഞ കണ്ണുകളില്‍ അമ്മയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു.
‘അഴകീ... ഏന്‍ കണ്ണേ... ഇന്നേക്ക് താനെ ഉന്നോടെ പിറന്ത നാള്‍... ചുമ്മാ തൂങ്കാതെ... എഴുന്തിര്...’ അവള്‍ ചാടിയെണീറ്റു.
അടുക്കളയില്‍ ചെന്ന് അലമാര തുറന്ന് കേക്ക് പുറത്തെടുത്തു. കുട്ടു ഊതിക്കെടുത്തിയ മെഴുകുതിരിയുടെ തുണ്ട് വേസ്റ് ബാസ്ക്കറ്റില്‍ നിന്നും തപ്പിയെടുത്ത് കേക്കിനു മുകളില്‍ കത്തിച്ചുവെച്ച് കണ്ണടച്ച് ഊതിക്കെടുത്തി. പിച്ചാത്തിയാല്‍ ചെറുകഷണങ്ങളായി മുറിച്ച് ഒരു കഷണം കൈയ്യിലെടുത്ത് കണ്ണടച്ചപ്പോള്‍ കണ്‍മുന്നില്‍ അപ്പ... മുഖം നിറയെ സന്തോഷത്തോടെ അപ്പ പറയുന്നു... ‘പിറന്ത നാള്‍ വാഴ്ത്തുക്കള്‍ കണ്ണേ...’
മറ്റൊരു കഷണമെടുത്ത് കണ്ണടച്ചപ്പോള്‍ കണ്‍മുന്നില്‍ വീണ്ടും അമ്മ...
അമ്മ അവളുടെ മൂര്‍ദ്ധാവിലുമ്മവെച്ച് ചുണ്ടുകള്‍ കാതോടടുപ്പിച്ച് സ്വകാര്യം പറഞ്ഞു... ‘പെരിയ പൊണ്ണായിരിക്കേ... റൊമ്പ അഴകായിരുക്കേ... അമ്മാവുക്ക് എവ്വളവ് സന്തോഷം ന്ന് ശൊല്ല മുടിയാത്ടാ... എന്നേക്കും ഏന്‍ കണ്ണ് ഇപ്പടി അഴകാ... സന്തോഷമാ വാഴവേണ്ടും...’
മറ്റൊരു കഷണമെടുത്ത് സ്വന്തം വായിലേക്കിട്ട് മധുരം നുണയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞതേയില്ല. ചുണ്ടുകളില്‍ അപ്പോള്‍ വിരിഞ്ഞ ചെണ്ടുമല്ലി പോലെ ഒരു പുഞ്ചിരി തത്തിക്കളിക്കുകയും...!കുളന്തൈ - കുട്ടി
മന്നിച്ചിട്-ക്ഷമിക്ക്
തപ്പ്-തെറ്റ്
പേച്ച്-സംസാരം
ഉഴൈപ്പ്-അധ്വാനം
തൂങ്കാതെ-ഉറങ്ങാതെ
പെരിയ-വലിയ
വാഴുക-ജീവിക്കുക

 


ശ്രീധരന്‍ എന്‍ ബല്ല
വര: ആശ ആര്‍