KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഫ്രാന്റ്സ് ഫാനന്‍


shaheedഭൂമിയിലെ നിന്ദിതര്‍ക്കായി ഒരു മനശ്ശാസ്ത്രജ്ഞന്‍

ഈ പരമ്പരയിലെ മറ്റു ജീവിത ചരിത്രക്കുറിപ്പുകളിലെ മഹാന്മാരെപ്പോലെ തന്റെ ആശയങ്ങള്‍ക്കായി കൊല്ലപ്പെട്ട ഒരാളല്ല ഫ്രാന്റസ് ഫാനന്‍. പക്ഷേ, ഭൂമിയിലെ നിന്ദിതര്‍ക്കായി സ്വന്തം ജീവന്‍ അവഗണിച്ച്, രക്താര്‍ ബുദം ബാധിച്ചു എന്നത് പരിഗണിക്കാതെ അദ്ദേഹം നടത്തിയ പോരാട്ടം ഒരു രക്തസാക്ഷിയുടെ ജീവിതം തന്നെ ആയിരുന്നു.fanon
മധ്യ അമേരിക്കയിലെ കരീബിയന്‍ ദ്വീപുകളിലൊന്നായ മാര്‍ട്ടിനികില്‍ ജനിച്ച കറുത്ത വംശജനാണ് ഫ്രാന്റ്സ് ഫാനന്‍. 1925 ജൂലൈ 20ന് മാര്‍ട്ടിനിക് ഒരു ഫ്രഞ്ച് കോളണി ആയിരുന്നു. ഇന്നും അതൊരു ഫ്രഞ്ച് പ്രവിശ്യ ആണ്. ലോക പ്രസിദ്ധ കവി ആയിരുന്ന അയ്മെ സെസയറിന്റെ വിദ്യാര്‍ത്ഥിയായിരുന്നു ഫാനന്‍. കറുത്ത വംശജരുടെ സംസ്കാരത്തെക്കുറിച്ച് നെഗ്രിറ്റ്യൂഡ് (കറുപ്പിന്റെ സൌന്ദര്യശാസ്ത്രം) എന്ന ആശയം അവതരിപ്പിച്ച സെസയര്‍ ഒരു കമ്മ്യൂണിസ്റുകാരനായിരുന്നു. ഫ്രഞ്ച് കമ്മ്യൂണിസ്റ് പാര്‍ടി അംഗമായിരുന്ന അദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ളിയില്‍ മാര്‍ട്ടിനികിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ആയിരുന്നു. മാര്‍ട്ടിനിക്കിന്റെ തലസ്ഥാനമായ പോര്‍ട്ട് ഡെ ഫ്രാന്‍ഡിന്റെ മേയറും.
അയ്മെ സെസയറുടെ ശിഷ്യനായിരുന്നെങ്കിലും ഫാനന്‍ നിയതാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റായിരുന്നില്ല. പില്ക്കാലത്ത് പാരീസില്‍ പഠിച്ച അദ്ദേഹത്തില്‍ അന്ന ത്തെ ഫ്രഞ്ച് ചിന്തകനായ ജീന്‍ പോള്‍ സാര്‍ത്രും മറ്റും വലിയ സ്വാധീനം ചെലുത്തി.
പാരീസില്‍ വച്ച് സാഹിത്യം പഠിച്ചശേഷം മനശ്ശാസ്ത്ര രംഗത്തേക്ക് മാറിയ അദ്ദേഹം ഒരു ഭിഷഗ്വരനാവുകയും ജോലിക്കായി അള്‍ജീരിയയിലേക്ക് പോവുകയും ചെയ്തു. അതിനുമുമ്പ് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനിക്കെതിരായ ഫ്രഞ്ച് സേനയില്‍ അംഗമായി അദ്ദേഹം കുറച്ചു നാള്‍ അള്‍ജീരിയയില്‍ ഉണ്ടായിരുന്നു.
അള്‍ജീരിയന്‍ സംസ്കാരവുമായുള്ള അടുത്തിടപഴകലും ആഫ്രിക്കന്‍ ജീവിതത്തെക്കുറിച്ചുള്ള പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് അദ്ദേഹത്തിന്റെ കൃതികളുടെയെല്ലാം അടിത്തറ.
അള്‍ജീരിയന്‍ സ്വാതന്ത്യ്ര സമരപ്പോരാളികളോടൊപ്പം ആയുധമെടുത്തു പോരാടിയ അദ്ദേഹത്തെ അള്‍ജീരിയ പുറത്താക്കി. പിന്നീട് അള്‍ജീരിയ ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്രമായ ശേഷം അദ്ദേഹത്തെ ഘാനയിലെ അംബാസഡറാക്കി.
എന്തൊരു വിപുല ജീവിതം! മധ്യ അമേരിക്കയിലെ കരീബിയന്‍ ദ്വീപുകളിലൊന്നായ മാര്‍ട്ടിനിക്കില്‍ ജനിച്ചു. അയ്മെ സെസയറുടെ വിദ്യാര്‍ത്ഥി. യൂറോപ്പിലേക്കു പോയി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വിദ്യാഭ്യാസം. ജീന്‍പോള്‍ സാര്‍ത്രും മറ്റുമായി കൂട്ടുകെട്ട്. പിന്നീട് ആഫ്രിക്കയിലേക്ക് പോയി അള്‍ജീരിയന്‍ സ്വാതന്ത്യ്രസമരത്തിന് ചിന്ത പകരുന്നു!
ഘാനയില്‍ അംബാസിഡറായിരുന്ന ശേഷം ടുണിസിലേക്ക് പോയി. അവിടെവച്ചാണ് തനിക്ക് രക്താര്‍ബുദമാണെ ന്നും ഇനി ജീവിതം അധിക നാളില്ല എന്നും ഫാനന്‍ മനസ്സിലാക്കുന്നതും. ചികിത്സയ്ക്കായി സോവിയറ്റ് യൂണിയനില്‍ പോയി മടങ്ങി അള്‍ജീരിയയില്‍ വന്നപ്പോഴാണ് ഫാന ന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകം, The Wretched of the Earth- ഭൂമിയിലെ നിന്ദിതര്‍, കേട്ടെഴുതിച്ചത്. 1961 ഡിസംബര്‍ 6 ന് അമേരിക്കയിലെ മേരിലാന്‍ഡില്‍ വച്ച് മരിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ പുസ്തകം പുറത്തുവന്നത്. ഫ്രാന്‍സ് ഈ പുസ്തകം നിരോധിച്ചു. പുസ്തകത്തിന് അവതാരിക എഴുതിയ ജീന്‍ പോള്‍ സാര്‍ത്ര് എഴുതി, “ഈ പുസ്തകം വായിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവണം. ഒന്നാമതായി, അത് നിങ്ങളില്‍ നാണമുണ്ടാക്കും.”
ഫാനന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണിത്. അദ്ദേഹം മുമ്പെഴുതിയ പുസ്തകങ്ങളിലെയെല്ലാം ആശയങ്ങളെ ഇവിടെ സിദ്ധാന്തങ്ങളാക്കുന്നു. വര്‍ണ-വംശ വ്യത്യാസങ്ങളുടെ അടിത്തറയെക്കുറിച്ച്, കറുത്തവനും വെള്ളക്കാരനും എന്ന വ്യത്യാസത്തെക്കുറിച്ച്, കൊളോണിയലിസം എന്ന പ്രതിഭാസത്തെക്കുറിച്ച് ഒക്കെ ലോകത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട തത്ത്വചിന്താപരമായ കൃതിയാണ് The Wretched of the Earth. ഫാനന്റെ മറ്റു പുസ്തകങ്ങള്‍ Black Skin White Masks, Toward an African Revolution എന്നിവയാണ്.

റൂബിന്‍ ഡിക്രൂസ്