KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഇന്ദ്രപ്രസ്ഥം

mahabaharathm_title

വര്‍ഷങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. യുധിഷ്ഠിരന്‍ സഹോദരസമേതം തനിക്ക് ലഭിച്ച അര്‍ഥരാജ്യം പ്രജാഹിതമനുസരിച്ച് ഭരിച്ചുപോന്നു. മഹാനായ രാജാവിനെ നേടിയ പ്രജകള്‍ ആനന്ദത്തോടെ സ്വൈരജീവിതം നയിച്ചു.
അക്കാലത്ത് സുഭദ്ര അത്ഭുതതേജസ്വിയായ ഒരു പുത്രനെ പ്രസവിച്ചു. ബാലസൂര്യനെപ്പോലെ വിളങ്ങുന്ന ആ ശിശുവിന് ജാതകര്‍മം നടത്തുവാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെ
വന്നെത്തി. ഇന്ദ്രഗൃഹത്തില്‍ ജയന്തനെപ്പോലെ ആ അതിസുന്ദരനായ കുമാരന്‍ കളിച്ചു വളരുകയായി. ശ്രീകൃഷ്ണന് തുല്യനായ അവനെക്കണ്ട് എല്ലാവരുടെയും കണ്ണുകള്‍ ആനന്ദംകൊണ്ട് നിറഞ്ഞു.
പിന്നീട് പഞ്ചപാണ്ഡവരില്‍ നിന്ന് പാഞ്ചാലിക്ക് അഞ്ച് മക്കളുണ്ടായി. യുധിഷ്ഠിരപുത്രന് പ്രതിവിന്ധ്യനെന്നും ഭീമസേനപുത്രന് സുതസോമനെന്നും അര്‍ജുനപുത്രന് ശ്രുതകര്‍മാവെന്നും നകുല പുത്രന് ശതാനീകനെന്നും സഹദേവപുത്രന് ശ്രുതസേനനെന്നും പേര് വിളിച്ചു. സര്‍വലക്ഷണങ്ങളും തികഞ്ഞ ആ ആറ് ബാലന്മാരും സിംഹക്കുട്ടികളെപ്പോലെ തിമര്‍ത്തുmahabharatham1
വളര്‍ന്നു തുടങ്ങി.
ആയിടയ്ക്ക് ഒരു വിചിത്രസംഭവമുണ്ടായി. അഗ്നിദേവന്‍ ബ്രാഹ്മണരൂപം പൂണ്ട് കൃഷ്ണാര്‍ജുനന്മാരുടെയരികില്‍ വന്ന് വിശപ്പിന് അന്നം തരേണമെന്ന് അഭ്യര്‍ഥിച്ചു. അന്നം നല്‍കാനൊരുങ്ങിയ അവരോട് താന്‍ അഗ്നിയാണെന്നും ഖാണ്ഡവം എന്ന വനമാണ് തനിക്ക് ഭക്ഷണമായി വേണ്ടതെന്നും അഗ്നി അറിയിച്ചു. കൃഷ്ണാര്‍ജുനന്മാരുടെ സഹായത്തോടെ അഗ്നി ഖാണ്ഡവവനം ദഹിപ്പിച്ചു വിശപ്പാറ്റി. എന്നാല്‍ അതിനിടയില്‍ തീയില്‍പെട്ടുപോയ മയാസുരന്റെ നിലവിളി കേട്ട് അര്‍ജുനന്‍ അയാളെ രക്ഷിച്ചു. പ്രാണരക്ഷചെയ്ത പാര്‍ഥന്റെ മുന്നില്‍വന്ന് കൈകൂപ്പി നിന്ന് അസുരശില്പിയായ മയന്‍ പറഞ്ഞു. “പ്രഭോ, പ്രത്യുപകാരമായി ഞാന്‍ അവിടേക്ക് എന്താണ് ചെയ്യേണ്ടത്!” ഒന്നും വേണ്ടെന്നായി അര്‍ജുനന്‍. എന്നാല്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു നിന്ന മയനോട് ശ്രീകൃഷ്ണന്‍ നിര്‍ദേശിച്ചു. “എങ്കില്‍ നീ പാണ്ഡവര്‍ക്ക് വിശിഷ്ടമായ ഒരു രാജസഭ തീര്‍ത്തുകൊടുക്കുക.” ശില്പി ആദരവോടെ ആ ആജ്ഞ കൈക്കൊണ്ടു.  ദിവ്യവസ്തുക്കള്‍ ശേഖരിച്ചു
കൊണ്ടുവന്ന് മയാസുരന്‍ സഭാനിര്‍മാണം ആരംഭിച്ചു. ഭീമസേനന് അതുല്യമായ ഒരു ഗദയും അര്‍ജുനന് വിശിഷ്ടമായ ഒരു ശംഖും മയന്‍ ഹിമാലയത്തില്‍നിന്നു കൊണ്ടുവന്നു നല്‍കി.
പതിന്നാലുമാസം കൊണ്ട് അത്ഭുതകരമായ ഒരു മഹാസഭ നിര്‍മിക്കപ്പെട്ടു. പൊന്മതിലുകള്‍ ചൂഴ്ന്നും രത്നങ്ങള്‍ പതിച്ച പൊന്‍തൂണുകളും പൊന്‍മകുടവുമാര്‍ന്നും വിശിഷ്ടസിംഹാസനങ്ങളും ഇരിപ്പിടങ്ങളും നിരന്നും ശോഭിച്ച ആ വിശാലസഭയില്‍ ഇന്ദ്രനീലക്കല്ലുപതിച്ച തളങ്ങളും കുളങ്ങളും അഴകോടെ വിളങ്ങി. നീല
രത്നങ്ങള്‍ പടുത്ത പൊയ്കകളിലെ സ്വര്‍ണനിറമാര്‍ന്ന താമരപ്പൂക്കളും വെളുത്ത ഹംസങ്ങളും പൊന്‍മീനുകളും ചുറ്റും പൂത്തുനിറഞ്ഞ, മണവും തണലും വീശിനില്‍ക്കുന്ന പൂമരങ്ങളും കിളിക്കൂട്ടങ്ങളും പൊയ്കകളുടെ സ്ഫടിക കല്പടവുകളും പൂമണംപൂശി കളിച്ചു വീശുന്ന കുളിര്‍കാറ്റും എല്ലാം കണ്ണുകള്‍ക്കും മനസ്സിനും ആഹ്ളാദമിയറ്റി. അത്യാഘോഷത്തോടെ ആ സഭയുടെ ഗൃഹപ്രവേശനകര്‍മം നടത്തപ്പെട്ടു.
ഇന്ദ്രസഭയ്ക്കു തുല്യമായ ഇന്ദ്രപ്രസ്ഥത്തിലെ സുവര്‍ണസഭാവേദിയില്‍ മഹര്‍ഷിമാരുമായിരുന്ന് രാജധര്‍മങ്ങളെപ്പറ്റിയുള്ള ഉപദേശങ്ങള്‍ വിനയാദരങ്ങളോടെ സ്വീകരിക്കുന്ന യുധിഷ്ഠിരനോട് ഒരു നാള്‍ നാരദമഹര്‍ഷി ഇങ്ങനെ പറഞ്ഞു. “ധര്‍മാത്മാവായ യുധിഷ്ഠിര, നീ രാജസൂയമെന്ന മഹായജ്ഞം നടത്തുക. നിന്റെ പിതാവായ പാണ്ഡുമഹാരാജാവും അതാഗ്രഹിക്കുന്നു. നിന്റെ കീര്‍ത്തി മൂന്ന് ലോകത്തും സ്ഥാപിക്കുവാന്‍ വേണ്ടി അത്യുത്തമമായ ഈ യജ്ഞം വൈകാതെ നടത്തേണ്ടതാണ്.” ഇതുകേട്ട് ചിന്തയിലാണ്ട യുധിഷ്ഠിരന്‍ ദ്വാരകയിലേക്ക് ആളയച്ച് ഭ്രാതാവും ഗുരുവുമായ ശ്രീകൃഷ്ണനെ വരുത്തി. യുധിഷ്ഠിരന്റെ സ്നേഹാശ്ളേഷവും ഭീമന്റെ സല്‍ക്കാരവും പാര്‍ഥന്റെയും അനുജന്മാരുടെയും പാദപൂജയും ഏറ്റ് സന്തോഷത്തോടെ വിശ്രമിക്കുന്ന ഭഗവാനോട് ധര്‍മപുത്രര്‍ ആദരപൂര്‍വം ഇങ്ങനെ അഭ്യര്‍ഥിച്ചു:
“വാസുദേവ, പറഞ്ഞുതന്നാലും. രാജസൂയയജ്ഞം നടത്തണമെന്ന് മഹര്‍ഷിമാരും സുഹൃത്തുക്കളും എന്നെ നിര്‍ബന്ധിക്കുന്നു. ആ മഹായജ്ഞം നടത്തുവാന്‍ ഞാന്‍ അര്‍ഹനാണോ? അതിന്റെ ഗുണദോഷങ്ങളും വൈഷമ്യങ്ങളുമെന്തെല്ലാമാണ്? എന്താണു വേണ്ടതെന്ന് പറഞ്ഞുതരിക. കൃഷ്ണ, പ്രായത്തില്‍ ഇളയവനെങ്കിലും നീയെനിക്കു ഗുരുതുല്യനാണ്.”
ശ്രീകൃഷ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു: “മഹാരാജാവേ, രാജസൂയം നടത്തുവാന്‍ തീര്‍ച്ചയായും അങ്ങ് യോഗ്യനത്രേ. അതിനുവേണ്ടി എല്ലാ രാജാക്കന്മാരെയും അങ്ങ് കീഴടക്കുകയോ മിത്രങ്ങളാക്കുകയോ വേണ്ടതാണ്. എല്ലാവരും അങ്ങേക്കു വഴങ്ങും. എന്നാല്‍ ജരാസന്ധചക്രവര്‍ത്തിയെ കീഴടക്കാനോ തോഴനാക്കാനോ എളുപ്പമല്ല. എനിക്ക് ശത്രുവാണവന്‍. ഞാനോ നിങ്ങള്‍ക്ക് മിത്രവും. അതിനാല്‍ത്തന്നെ അവന്‍ നിങ്ങള്‍ക്കും ശത്രുവായിക്കഴിഞ്ഞിരിക്കുന്നു. മഹാശക്തനായ ജരാസന്ധന്‍ ആയിരം രാജാക്കന്മാരെ പോരില്‍ തോല്‍പ്പിച്ചു ബന്ധനസ്ഥരാക്കിയിരിക്കുന്നു. അവരെല്ലാം ആ ദുഷ്ടന്റെ കല്ലറകളില്‍ കിടന്നു തപിക്കുകയാണ്. എന്നോടുതന്നെ അയാള്‍ പതിനെട്ടു വട്ടം പോര്‍ ചെയ്തുകഴിഞ്ഞിരിക്കുന്നു. അയാള്‍ക്ക് സഹായികളാണ് ചേദിപനും എന്റെ ബന്ധുവായ ശിശുപാലനും പടിഞ്ഞാറന്‍ ദിക്കിന്റെ രാജാവായ ഭഗദത്തനും. അതുപോലെ എന്റെ ചിഹ്നങ്ങള്‍ ധരിച്ച് എന്നെപ്പോലെ വേഷം ധരിച്ചു നടക്കുന്ന ദുരാത്മാവായ പൌണ്ഡ്രകവാസുദേവനുണ്ട്, ജരാസന്ധന്റെ സുഹൃത്തായി. ഇയാളുടെ ആക്രമണങ്ങള്‍ ഏറ്റേറ്റു മടുത്താണ് ഞങ്ങള്‍ മധുരയില്‍ നിന്ന് ദ്വാരകയിലേക്കു വാസം മാറ്റിയത്. വന്‍ കിടങ്ങുകളാലും കോട്ടകൊത്തളങ്ങളാലും സുഭദ്രമായ ദ്വാരകാപുരി ജരാസന്ധന്റെ ആക്രമണം ചെറുക്കാന്‍ ശക്തമാണ്. പോരെങ്കില്‍ ഞങ്ങളുടെ സ്ത്രീകളും പോരാളികളാണ്. പുരുഷന്മാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഈ മഹാശക്തന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇക്കാര്യം നടക്കുകയില്ല. ജരാസന്ധനെ വധിച്ചാല്‍ മാത്രമേ, അവന്‍ ബന്ധിച്ചിരിക്കുന്ന രാജാക്കന്മാരെയെല്ലാം മോചിപ്പിച്ചാല്‍ മാത്രമേ, ജ്യേഷ്ഠ, അങ്ങേക്ക് മഹത്തായ രാജസൂയയാഗം നടത്തുവാന്‍ സാധ്യമാവുക
യുള്ളൂ.”mahabharatham2
യുധിഷ്ഠിരന്‍ ചിന്താകുലനായി. “ജനാര്‍ദനാ, ഇതു സാഹസികമായ ഒരു യത്നമാണ്. ദുര്‍ധര്‍ഷനായ നീയും മാറ്റി നിര്‍ത്തിയിരിക്കുന്നവനാണല്ലോ മഹാശക്തനായ ജരാസന്ധന്‍. ഞാന്‍ എന്നാലും ആലോചിക്കുകയാണ്. രാമകൃഷ്ണന്മാരും ഭീമാര്‍ജുനന്മാരും ഒത്തുചേര്‍ന്നാലും ആ രാജാവിനെ വധിക്കുവാന്‍ സാധ്യമാവില്ലേ?”
ഇതുകേട്ടു ചൊടിച്ച ഭീമസേനന്‍ പറഞ്ഞു: “ഉത്സാഹംകെട്ട രാജാവ് ക്ഷയിച്ചുപോകും. എത്ര ശക്തനായ വൈരിയെയും നമുക്ക് വെല്ലാന്‍ സാധിക്കും. കണ്ണന്റെ ബുദ്ധി, എന്റെ ശക്തി, പാര്‍ഥന്റെ ജയശീലം ഇവ മൂന്നുമൊത്താല്‍ ആരെയാണ് അടക്കാനാവാത്തത്?”
ശ്രീകൃഷ്ണന്‍ പറഞ്ഞു: “രാജാവേ, അധര്‍മിയായ ജരാസന്ധന് അവസാനം അടുത്തിരിക്കുന്നു. അയാള്‍ ബലികൊടുക്കാന്‍ വേണ്ടിയാണ് ആ രാജാക്കന്മാരെ ബന്ധനസ്ഥരാക്കിയിരിക്കുന്നത്. അവരെ മോചിപ്പിക്കുക നമ്മുടെ ധര്‍മമത്രേ. തീര്‍ച്ചയായും ജരാസന്ധനെ വെന്ന് അങ്ങ് ചക്രവര്‍ത്തിപദം നേടുകതന്നെ ചെയ്യും.” ഭീമനെപ്പോലെ പാര്‍ഥനും ജരാസന്ധനോട് യുദ്ധത്തിന് ഉത്സാഹിക്കവേ യുധിഷ്ഠിരന്‍ വീണ്ടും ശങ്ക പൂണ്ടു. “വാസുദേവാ, നിന്നോട് ഏറ്റുമുട്ടിയിട്ടും തീയില്‍ പാറ്റപോലെ ദഹിക്കാത്തവനാണ് അയാള്‍. അയാളുടെ മഹാസൈന്യത്തെ യോര്‍ക്കുമ്പോള്‍ എനിക്ക് ശങ്ക വര്‍ധിക്കുന്നു. കൃഷ്ണ, ആരാണീ ജരാസന്ധന്‍? ഏതു
വിധത്തിലാണ് അയാളിങ്ങനെ അജയ്യനായിത്തീര്‍ന്നത്.?”
കൃഷ്ണന്‍ ജരാസന്ധന്റെ കഥ പറഞ്ഞു. “മഗധ രാജാവായ ബൃഹദ്രഥന്‍ കംസന്റെ ഇരട്ട സഹോദരിമാരെ വിവാഹം ചെയ്തു. ഏറെക്കാലം കഴിഞ്ഞിട്ടും മക്കളില്ലാഞ്ഞ് ദുഃഖിതനായ രാജാവ് ഉഗ്രതപസ്വിയായ ചണ്ഡകൌശികനെ ശരണം പ്രാപിച്ചു. മുനി മന്ത്രംജപിച്ച് ഒരു മാമ്പഴം അവര്‍ക്ക് നല്‍കി. ബൃഹദ്രഥന്റെ രണ്ട് റാണിമാരും ആ മാമ്പഴം നെടുകെ രണ്ടായി മുറിച്ച് ഭക്ഷിച്ചു. വൈകാതെ ഇരുവരും ഗര്‍ഭിണികളായി. ബൃഹദ്രഥന്‍ ആനന്ദത്തോടെ മക്കളുടെ വരവ് കാത്തിരുന്നു. എന്നാല്‍ മാസം തികഞ്ഞു രണ്ടു പേരും ഒരേ സമയത്തു പ്രസവിച്ചപ്പോള്‍ ഓരോ ശിശുവും ഓരോ പകുതി ശരീരം മാത്രമായാണ് പിറന്നത്. ഒരു കണ്ണും ഒറ്റച്ചെവിയും പകുതി മൂക്കും പകുതി വായും ഓരോ കൈകാലുകളുമുള്ള ആ രണ്ട് കുഞ്ഞുങ്ങളെയും കണ്ട് പേടിച്ചരണ്ട റാണിമാര്‍ കരഞ്ഞുകൊണ്ട് അവയെ ദൂരെക്കൊണ്ടുകളയാന്‍ ദാസിമാരോട് ആജ്ഞാപിച്ചു. ദാസിമാര്‍ അപ്രകാരം ചെയ്തു. ദൂരെക്കൊണ്ടെറിയപ്പെട്ട ആ ശരീരക്കഷണങ്ങളെ അതിലേ പോയ ജരയെന്ന രാക്ഷസി കണ്ട് mahabharathamഅത്ഭുതപ്പെട്ടു. നേര്‍പകുതിവെച്ചു വേര്‍പെട്ട ആ ശരീരങ്ങളെ രാക്ഷസി ഒന്നു ചേര്‍ത്തുവെച്ചു നോക്കി. ഉടനെ, അത്ഭുതം! അവ രണ്ടും ഒത്തുചേര്‍ന്ന് ഒരു പൂര്‍ണ ശിശുവായി. തടിച്ചുരുണ്ട ആ കരുത്തനായ കുഞ്ഞ് കൈചുരുട്ടി വായിലിട്ട് ഉച്ചത്തില്‍ അലറിക്കരഞ്ഞു തുടങ്ങി. അതുകേട്ട് ഓടിയെത്തിയ നാട്ടുകാരും കൊട്ടാരവാസികളും രാജാവിനോട് വിവരമുണര്‍ത്തിച്ചു. വാര്‍ത്ത കേട്ട റാണിമാര്‍ പാഞ്ഞെത്തി ശിശുവിനെ വാരിയെടുത്തു മാറോടണച്ചു മുലപ്പാലൂട്ടിത്തുടങ്ങി. വിവരങ്ങളെല്ലാമറിഞ്ഞ ബൃഹദ്രഥന്‍ സന്തുഷ്ടനായി ജരയെ വണങ്ങി. “ഇവന്‍ ഞാന്‍ ചേര്‍ത്തുവെച്ചു ജീവിപ്പിച്ച പുത്രന്‍. നിനക്ക് ദൈവാനുഗ്രഹം കൊണ്ട് വീണ്ടുമിവനെ ലഭിച്ചിരിക്കുന്നു” എന്ന് കുട്ടിയെ അനുഗ്രഹിച്ചിട്ട് രാക്ഷസി അന്തര്‍ധാനം ചെയ്തു. ജരാസന്ധന്‍ മഹാശക്തനായി വളര്‍ന്നു വന്നു. കംസനെ വധിച്ചതോടെ കൃഷ്ണന്റെ ശത്രുവായിത്തീര്‍ന്ന ജരാസന്ധന്‍ അന്നുമുതല്‍ ഘോരകര്‍മങ്ങള്‍ ചെയ്തും വീണ്ടും വീണ്ടും വൃഷ്ണികളോട് പടവെട്ടിയും അയല്‍രാജാക്കന്മാരെയെല്ലാം തോല്‍പ്പിച്ച് ആട്ടിത്തെളിച്ചുകൊണ്ടു വന്ന് തടവിലിട്ടും വിജയിയായി അഹങ്കാരത്തോടെ കഴിയുന്നു.”
ഇക്കഥ പറഞ്ഞതിനു ശേഷം ശ്രീകൃഷ്ണന്‍ തുടര്‍ന്നു. “യുധിഷ്ഠിര ജ്യേഷ്ഠ, എന്നെ വിശ്വാസമെങ്കില്‍ ഭീമനെയും അര്‍ജുനനെയും എന്നെ ഏല്‍പ്പിച്ചയയ്ക്കുക”.  “അച്യുതാ, നീയല്ലാതെ ആരാണ് ഞങ്ങള്‍ക്ക് എന്നും ആശ്രയം? ഇതാ ഇവരെ കൊണ്ടുപൊയ്ക്കൊള്‍ക,” എന്നായി യുധിഷ്ഠിരന്‍. ജ്യേഷ്ഠനെ വണങ്ങി, രാജവേഷങ്ങള്‍ മാറ്റി ബ്രാഹ്മണവേഷം ധരിച്ച് മൂവരും വര്‍ധിതവീര്യന്മാരായി യാത്ര തുടങ്ങി.
(തുടരും)

സുഗതകുമാരി
വര : ജയേന്ദ്രന്‍