KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ വിശിഷ്ടമായ ഒരു സമ്മാനം
വിശിഷ്ടമായ ഒരു സമ്മാനം



thamasa

ഒരിക്കല്‍ കൃഷ്ണദേവരായര്‍ രാജസദസ്സില്‍ റാണിയോടൊപ്പം ഒരു നൃത്തം കാണുകയായിരുന്നു. “കൊട്ടാരത്തിലേക്ക് ആരേയും കടത്തി വിടരുത്. ഞാനൊന്നു സ്വസ്ഥമായിരിക്കട്ടെ.” രാജാവ് ഭൃത്യന്മാരോട് ആജ്ഞാപിച്ചു. ഇതിനായി പ്രധാന കവാടത്തിലും കൊട്ടാര വാതില്‍ക്കലും രണ്ട് ഭൃത്യന്മാരെ പ്രത്യേകം നിയോഗിക്കുകയും ചെയ്തു. നൃത്തം തുടങ്ങി. കൊട്ടാരത്തിനുള്ളില്‍ രാജാവും രാജ്ഞിയും സദസ്യരും നൃത്തത്തില്‍ ലയിച്ചിരുന്നു. പുറത്ത്, ഇതേസമയം തെന്നാലി രാമന്‍ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിലെത്തി.
““നില്‍ക്കൂ. നിങ്ങള്‍ക്ക് അകത്തു കടക്കാനാവില്ല.”thamasa2
“എന്തുകൊണ്ട്?”
“ആരേയും അകത്തേക്കു കയറ്റി വിടരുതെന്നാണ് രാജകല്പന” അയാള്‍ രാമനെ തള്ളി മാറ്റി. രാമന്‍ വീണുപോയേനെ. അയാള്‍ എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു: “ഔ, നിങ്ങള്‍ വളരെ ശക്തനാണ്. നിങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കിയേ തീരൂ.”
“എനിക്കോ? ആരും എന്നെ ശ്രദ്ധിക്കാറുപോലുമില്ല. എപ്പോഴും സമ്മാനങ്ങളും ബഹുമതികളും കിട്ടുന്നത് താങ്കള്‍ക്കല്ലേ?”
“എന്നെ അകത്തേക്കു കടത്തി വിടൂ. എനിക്കു കിട്ടുന്ന സമ്മാനത്തില്‍ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാം.”
അത്യാഗ്രഹിയായ ഭൃത്യന്‍ തെന്നാലിരാമന് അകത്തു കയറാന്‍ അനുവാദം നല്‍കി.thamasa1
കൊട്ടാരവാതില്‍ക്കല്‍ മറ്റൊരു ഭൃത്യന്‍ തെന്നാലി രാമനെ തടഞ്ഞു. രാമന്‍ അയാള്‍ക്കും പകുതി സമ്മാനം വാഗ്ദാനം ചെയ്തു. അയാളും രാമന് കടന്നുപോകാന്‍ അനുമതി നല്‍കി.
രാമന്‍ കൊട്ടാരത്തിനുള്ളിലേക്കു പ്രവേശിച്ചു. എല്ലാവരും നൃത്തത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. അയാള്‍ നേരെ നൃത്തവേദിയിലേക്കു നടന്നു കയറി. നര്‍ത്തകര്‍ രോഷാകുലരായി നൃത്തം അവസാനിപ്പിച്ചു.
കൃഷ്ണദേവരായര്‍ കോപത്താല്‍ ജ്വലിച്ചു. “രാമനെ ഇപ്പോള്‍ തന്നെ കൊണ്ടു പോകൂ.” തെന്നാലി രാമന്‍ രാജപാദങ്ങളില്‍ കുമ്പിട്ട് ഇങ്ങനെ ഉണര്‍ത്തിച്ചു: “പ്രിയപ്പെട്ട രാജാവേ, താങ്കള്‍ നര്‍ത്തകര്‍ക്കെന്നപോലെ എനിക്കും ഉപഹാരങ്ങള്‍ നല്‍കും, ഇല്ലേ?””
“തീര്‍ച്ചയായും! ഇയാളെ ചാട്ടവാര്‍ കൊണ്ട് നൂറു തവണ പ്രഹരിക്കട്ടെ.”
രാജഭൃത്യന്‍ ചാട്ടവാറോങ്ങിയതും തെന്നാലി രാമന്‍ അപേക്ഷിച്ചു: “പ്രിയപ്പെട്ട രാജാവേ, ഇതുകൂടി കേട്ടാലും. ഈ സമ്മാനം എന്റെ സ്നേഹിതന്മാരുമായി, കൊട്ടാര വാതില്‍ക്കലെ ഭൃത്യന്മാരുമായി എനിക്ക് പങ്കിടണം. ഞാനവര്‍ക്കു വാക്കു കൊടുത്തിട്ടുണ്ട്. വാഗ്ദാനം പാലിക്കാന്‍ അനുവദിച്ചാലും.” കൃഷ്ണദേവരായര്‍ കുഴങ്ങി. താന്‍ എങ്ങനെയാണ് കൊട്ടാരത്തിനകത്തു കടന്നതെന്ന് രാമന്‍ രാജാവിനോട് വിശദീകരിച്ചു. രണ്ട് ഭൃത്യന്മാര്‍ക്കും രാജാവ് ഉദാരമായി സമ്മാനങ്ങള്‍ നല്‍കി,
ചാട്ടവാറുകൊണ്ടാണെന്നു മാത്രം. തെന്നാലി രാമന് എന്തുകിട്ടി എന്നൂഹിക്കാമോ?

പുനരാഖ്യാനം, വര: ഇന്ദു ഹരികുമാര്‍