KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികള്‍ക്ക് അഞ്ച് കവിതാ പുസ്തകങ്ങള്‍

bookreview

മലയാളത്തില്‍ ഏറ്റവുമധികം എഴുതപ്പെടുന്നതും എന്നാല്‍ ഏറ്റവും കുറച്ചു വായനക്കാരുള്ളതു
മായ സാഹിത്യശാഖ ഏതാണെന്നു ചോദിച്ചാല്‍
കവിതയാണെന്നു പറയേണ്ടിവരും; വിശേഷിച്ച് ബാലകവിതകള്‍. സാഹിത്യത്തിന്റെ അത്ഭുതലോകത്തേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ കഥയെപ്പോലെ കവിതയ്ക്കു കഴിയാറില്ല. കവിത ആസ്വദിക്കാന്‍ ചെറിയ തോതിലെങ്കിലും ഒരു‘ഭാഷാപരിചയം ആവശ്യമാണ്. അതുകൊണ്ട് കുട്ടികള്‍ക്കുവേണ്ടിയുള്ള കവിതാരചന അത്ര എളുപ്പമല്ല. പഴയ കാലത്ത് പണ്ഡിതസദസ്സുകള്‍ക്കുവേണ്ടി എഴുതിയ മഹാകവികള്‍തന്നെയാണ് കുട്ടികള്‍ക്കുവേണ്ടിയും എഴുതിയിരുന്നത്. ഇന്നും കുട്ടികള്‍ക്കുവേണ്ടി മാത്രം സാഹിത്യരചനയിലേര്‍പ്പെടുന്നവര്‍ കുറവാണ്. കവികള്‍ക്കിടയില്‍ പ്രത്യേകിച്ചും.
മുതിര്‍ന്ന കുട്ടികള്‍ക്കും കുട്ടിത്തം വിടാത്ത മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന വിചാരമധുരങ്ങളായ കുറുംകവിതകളാണ് റഫീക്ക് അഹമ്മദിന്റെ ‘അല്ലയോ മണ്ണിരേ’ എന്ന സമാഹാരത്തിലുള്ളത്. ഈണവും താളവുംകൊണ്ട് വികാരംകൊള്ളിക്കുന്നവയല്ല, മറിച്ച് അര്‍ത്ഥഭംഗി കൊണ്ട് വിചാരംകൊള്ളിക്കുന്നവയാണ് ഇതിലെ രചനകള്‍. മനുഷ്യനെ ചൂbook2ഴ്ന്നു നില്‍ക്കുന്ന  പ്രകൃതിയും പ്രകൃതിയെ ചൂഴ്ന്നെടുക്കുന്ന മനുഷ്യനും കവിയുടെ ഇഷ്ടപ്രമേയങ്ങളാണ്.  
മണ്ണ് ഇരയായിട്ടുള്ള ജീവിയായതിനാലാണ്
മണ്ണിര എന്നു പേരുവന്നത്. എന്നാല്‍ മണ്ണിനിരയാകുന്ന (മരിച്ചുപോകുന്ന) എല്ലാ ജീവികളും ഒരര്‍ത്ഥത്തില്‍ മണ്ണിരകള്‍തന്നെ. ‘അല്ലയോ
മണ്ണിരേ’ എന്ന കവിത, മനുഷ്യന്‍ മണ്ണിരയോടു പറയുന്ന ഒരാത്മഗതമാണ്. മണ്ണിരയുടെ വാഴ്വില്‍ അസൂയപ്പെടുകയാണ് കവി. അതു ഭാഗ്യവാനാണ്. മഴ വന്നു വാതില്‍ക്കല്‍ മുട്ടുന്നതും ഇടിവെട്ടുമ്പോള്‍  കൂണ്‍ ഉയിര്‍ക്കുന്നതും എല്ലാം ‘തിരിയുന്ന’ മണ്ണറിവറകളിലാണ് അതു പാര്‍ക്കുന്നത്. എന്നാല്‍ നിന്നെപ്പോലെ ‘മണ്ണിര’(മണ്ണിന് ഇര)കളായ ഞങ്ങളോ? മുട്ടിത്തുറക്കാന്‍ കഴിയാത്ത, കാറ്റും വെയിലും തൊടാത്ത, വേരു പായാന്‍ അനുവദിക്കാത്ത ഒരു വസ്തുവാല്‍ മൂടപ്പെട്ടാണ് ജീവിക്കുന്നത്. ഏതാണ് ആ വസ്തു? മണ്ണില്‍ അലിഞ്ഞുചേരാത്ത പ്ളാസ്ററിക്ക്! “നീയറിവീലല്ലോ പ്ളാസ്റിക്കു നേരുകള്‍ “ എന്നാണ് കവി അസൂയപ്പെടുന്നത്. ചെറിയൊരു കവിതയാണെങ്കിലും വലിയൊരു പാരിസ്ഥിതികപ്രശ്നം ഈ രചന ഉന്നയിക്കുന്നു.
കുസൃതിനിറഞ്ഞ കല്പനകളും ചടുലമായ താളഭംഗിയുംകൊണ്ട് കുട്ടികളുടെ മനംകവരുന്ന കവിതകളാണ് മോഹനകൃഷ്ണന്‍ കാലടിയുടെ ‘ആനമഴ’ എന്ന സമാഹാരത്തിലെ ഉള്ളടക്കം. ബാലകവിതകളുടെ പതിവുശീലുകളില്‍നിന്നു മാറിനടക്കുന്ന ഒരു കുട്ടിക്കുറുമ്പ് മോഹനകൃഷ്ണന്റെ സവിശേഷതയാണ്. പപ്പടമായാലും കംപ്യൂട്ടറായാലും അതിനെയൊരു കുട്ടിക്കണ്ണിലൂടെ തലതിരിച്ചുകാണാനാണ് കവിക്കു കൌതുകം. ‘മാഷേ മാഷേ...’ ‘എന്താ കുട്ട്യേ...’” എന്നിങ്ങനെ സംഭാഷണരൂപത്തിലുള്ള അതിലളിതമായ വരികളിലൂടെ പതുക്കെ വികസിക്കുന്ന നര്‍മമാണ് മിക്ക
കവിതകളിലുമുള്ളത്. ചെറിയ കുട്ടികള്‍ക്ക്BOOK1
സ്വയം ചൊല്ലി രസിക്കാനും മുതിര്‍ന്നവര്‍ക്ക് താളത്തില്‍ ചൊല്ലിക്കൊടുക്കാനും കഴിയുന്ന റൈമുകളുമാണ് ഇവ. 29 കവിതകളടങ്ങിയ ഈ പുസ്തകത്തിലെ ചിത്രീകരണവും നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
പി മധുസൂദനന്റെ ‘ഭൂമി പാടുന്ന ശീലുകള്‍’ എന്ന പുസ്തകത്തിലെ കവിതകളേറെയും
പ്രകൃതിഗീതങ്ങളാണ്. പരമ്പരാഗതമായ മലയാളത്തിന്റെ കുട്ടിക്കവിതകളുടെ ഘടനയില്‍ രചിക്കപ്പെട്ടവയാണ് ഇതിലെ കവിതകള്‍. പദവിന്യാസത്തിലെ താളവും ഈണവും വരികള്‍ ചുണ്ടില്‍ കൊണ്ടുനടക്കാന്‍ സഹായിക്കുന്നവയാണ്. കേവലമായ പ്രകൃതിവര്‍ണനയല്ല, മനുഷ്യന്‍
ഇടപെടുന്നതുവഴി പ്രകൃതിക്കേല്‍ക്കുന്ന മുറിവുകളുടെ വേദനയാണ് മധുസൂദനന്‍ ആവിഷ്കരിക്കുന്നത്. നഗരത്തിലെ തുമ്പച്ചെടിയെ തിരിഞ്ഞുനോക്കാന്‍ ആര്‍ക്കും നേരമില്ല. എല്ലാവരും
എന്തൊക്കെയോ ചെയ്തുകൂട്ടാന്‍ തിരക്കിട്ട് പോവുകയാണ്. എന്നാല്‍ തുമ്പയോ? “തന്റെ ധര്‍മ്മം നിറവേറ്റുന്നു നമ്മള്‍തന്‍ / തുമ്പയും മന്ദഹാസത്തിലൂടെ!” മണ്ണും മഴയും പൂക്കളും മാത്രമല്ല, ആകാശം കരളാന്‍ കൊതിച്ച എലിയും,‘ഭുജിക്കാനും ഭജിക്കാനും ഒന്നുമില്ലാത്ത ചീവീടും ഈ കവിതകളില്‍ കഥാപാത്രങ്ങളായി
വരുന്നു.
കീഴാളജീവിതത്തിലെ ചോപ്പും ചുണയുമുള്ള വീട്ടുമൊഴിയാണ് രാഘവന്‍ അത്തോളിയുടെ ഈരടികളുടെ സവിശേഷത. ബാലകവിതകളില്‍ പൊതുവേ കാണാത്ത വ്യത്യസ്ത രുചി നല്‍കുന്നവയാണ് അദ്ദേഹത്തിന്റെ ‘ചേപ്പറ’ എന്ന
സമാഹാരത്തിലെ കവിതകള്‍. അര്‍ത്ഥം പിടിക്കുന്നതിനേക്കാള്‍ വാക്കുകള്‍കൊണ്ട് താളം പിടിക്കാനാണ് ഈ കവി ഇഷ്ടപ്പെടുന്നത്. “തീറ്റയ്ക്കുറ്റതു നാറ്റക്കളിയില്‍ തോറ്റിയതെന്തിനു കാറ്റാടീ?” എന്നിങ്ങനെ ശബ്ദഭംഗിയിലാണ് ഊന്നല്‍. പൂച്ചയും മീനും തവളയുമെല്ലാം കീഴാളരുടെ പരാജയകഥ പാടുന്നു. ചതിക്കപ്പെട്ട സമൂഹത്തിന്റെ
പശ്ചാത്തലമായ പ്രകൃതിയും ഇവിടെ ചതിക്കപ്പെട്ടവരുടെ പ്രതിനിധിയാവുന്നു.
ശബ്ദഭംഗിയും അര്‍ത്ഥഭംഗിയും ഒത്തിണങ്ങിയ സുന്ദരശില്പങ്ങളാണ് ഇ ജിനന്റെ ‘പച്ചക്കുതിരയുടെ പാട്ട്’ എന്ന പുസ്തകത്തിലെ
കവിതകള്‍.
“ചരടുകൊണ്ടു വയറുചുറ്റി എറിയുമേറുപമ്പരം
തറയില്‍വീണു തലകറങ്ങി മറിയുമേറുപമ്പരം
പമ്പരം തിരിഞ്ഞുലഞ്ഞുവീണതെത്ര സുന്ദരം
ആരറിഞ്ഞിതെന്റെ നെഞ്ചിലേറ്റ കൊച്ചു                             നൊമ്പരം!”
മുതിര്‍ന്നവര്‍ അവര്‍ക്കു നഷ്ടപ്പെട്ട കുട്ടിക്കണ്ണിലൂടെ കാണുന്ന കാഴ്ചകളായാണ് മിക്ക കവിതകളും രചിച്ചിട്ടുള്ളത്. കാണാതെപോയതെന്തോ മുറ്റത്തു തിരയുന്ന മുത്തശ്ശി പറയുന്നതു നോക്കൂ:
“നിങ്ങള്‍ തിമര്‍ത്തു കളിക്കുമീ മുറ്റത്തു
കാണാതെപോയതെന്‍ ബാല്യമല്ലോ.
ഞാന്‍ തിരഞ്ഞീടുന്നതിന്നലെ പോയൊരെന്‍
കുട്ടിത്തമാണെന്റെ കുട്ടികളേ!”