KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ വട്ടയപ്പം കായ്ക്കുന്ന മരം (കൊറിയ)
വട്ടയപ്പം കായ്ക്കുന്ന മരം (കൊറിയ)


tale
“തേന്‍ വേണോ തേന്‍? നല്ല ഒന്നാന്തരം മധുരത്തേന്‍ ന്യായവിലയ്ക്ക്.  കാട്ടു പൂക്കളില്‍ നിന്നു ശേഖരിച്ച നല്ല ശുദ്ധമായ ചെറുതേന്‍! തേന്‍ വേണോ തേന്‍?” പൊങ്കോരി ഉറക്കെ വിളിച്ചു.
രാവിലെ മുതല്‍ തേന്‍ഭരണിയുമായി വീടു വീടാന്തരം കയറിയിറങ്ങുകയാണ്.  ആദ്യമായാണ് അയാള്‍ പട്ടണത്തിലെ ആ പ്രത്യേക തെരുവില്‍ വില്‍പ്പനയ്ക്കെത്തുന്നത്.  ദൂരെ ഗ്രാമത്തിലുള്ള അയാളുടെ വീട്ടില്‍ നിന്നും വെളുപ്പിനു തന്നെ പുറപ്പെട്ടതാണ്.  വെയില്‍ കൊണ്ടും ഭാരം ചുമന്നും അയാള്‍ തളര്‍ന്നിരുന്നു.
നടന്നു നടന്ന് പൊങ്കോരി ആ പട്ടണത്തിലെ ഏറ്റവും വലിയ വീടിന്റെ മുന്നിലെത്തി.  അയാള്‍ ഊഹിച്ചതുപൊലെ വലിയ ഒരു ധനാഢ്യന്റെ വീടായിരുന്നു അത്.  വീട്ടുടമ പൂമുഖത്തു തന്നെ വിശ്രമിക്കുന്നുണ്ടായിരുന്നു.
പൊങ്കോരിയുടെ വിളികേട്ട് അയാള്‍ പറഞ്ഞു:  “കൊണ്ടു വരൂ, ഞാനതൊന്നു രുചിച്ചു നോ ക്കട്ടെ!” തേനിന്റെ സ്വാദ് അയാള്‍ക്ക് ഇഷ്ടമായി.  “കൊള്ളാം, നല്ല ഒന്നാന്തരം തേന്‍! പക്ഷേ വില കേള്‍ക്കട്ടെ!”
“പത്തു നാണയം,” പൊങ്കോരി പറഞ്ഞു.  “കടുപ്പം തന്നെ! എന്തൊരന്യായ വില! ഞാനിതെടുത്തിട്ട് അഞ്ചു നാണയം തരാം.  ഒരു ചില്ലിപ്പൈ പോലും കൂടുതല്‍ തരില്ല.”  ധനാഢ്യന്‍ കട്ടായം പറഞ്ഞു.
ആ വിലയ്ക്കു വിറ്റാല്‍ തനിക്ക് നഷ്ടമാണെന്നും എന്തെങ്കിലും കൂട്ടിത്തരണമെന്നും  പാവം കച്ചവടക്കാരന്‍ പറഞ്ഞു നോക്കി. പക്ഷേ വീട്ടുകാരന്‍ ഇതിനകം ഭരണിയിലുണ്ടായിരുന്ന തേനത്രയും ഊറ്റിയെടുത്തു കഴിഞ്ഞിരുന്നു.  നിരാശനായ പൊങ്കോരി കിട്ടിയതും വാങ്ങി സ്ഥലംവിട്ടു.caketree
ഏതാനും ദിവസം കഴിഞ്ഞ് കച്ചവടക്കാരന്‍ ധനാഢ്യന്റെ വീട്ടു വാതില്‍ക്കല്‍ എത്തി,
“യജമാനനേ, നാളെ എന്റെ വീട്ടില്‍ ഒരു വിശേഷമുണ്ട്. അങ്ങാണ് ഞങ്ങളുടെ പ്രധാന അതിഥി.  അങ്ങേക്കുവേണ്ടി ഒരു വിശേഷ വിരുന്ന് ഞങ്ങള്‍ തയ്യാറാക്കുന്നുണ്ട്.  അങ്ങുന്ന് ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളെ അനുഗ്രഹിക്കണം!”
ധനാഢ്യന്‍ മഹാ പൊങ്ങച്ചക്കാരനും ദുഷ്ടനും പാവങ്ങളെ യാതൊരു മനസ്സാക്ഷിയും കൂടാതെ ദ്രോഹിക്കുന്നവനുമാണെന്ന് പൊങ്കോരി ഇതിനകം കേട്ടറിഞ്ഞിരുന്നു.
പിറ്റേന്നു തന്നെ ആ കുബേരന്‍ പൊങ്കോരിയുടെ ഗ്രാമത്തിലെത്തി.  അയാളെ എതിരേല്‍ക്കുവാനായി കച്ചവടക്കാരന്‍ തന്റെ വീട്ടു വാതില്‍ക്കല്‍ തോരണങ്ങളും വര്‍ണക്കടലാസുകളും കൊണ്ട് അലങ്കാരപ്പണികള്‍ ചെയ്തിരുന്നു.
അതിനേക്കാളേറെ, നമ്മുടെ ധനാഢ്യനെ ആകര്‍ഷിച്ചത് പൊങ്കോരിയുടെ വീടിന്റെ പിന്നാമ്പുറത്തു കാണപ്പെട്ട ഒരു മരമാണ്.  അതിന്റെ ചില്ലകളില്‍ ചെറിയ ചെറിയ വട്ടയപ്പങ്ങള്‍ തൂങ്ങിക്കിടക്കുന്നു! എന്തൊരു അപൂര്‍വ വൃക്ഷം! ധനാഢ്യന്‍ അതു കണ്ട് അത്ഭുതപ്പെട്ടു.
കുബേരന്‍ തന്റെ കുതിരപ്പുറത്തേറി വരുന്നതു കണ്ട് പൊങ്കോരി ഭാര്യയെ വിളിച്ച് ഉറക്കെ പറഞ്ഞു: “എടീ ആ വരുന്നത് പട്ടണത്തിലെ ഏറ്റവും വലിയ പണക്കാരനാണ്.  നമുക്ക് അദ്ദേഹത്തെ ഉചിതമാംവിധം സത്കരിക്കണം!  വേഗം നമ്മുടെ വട്ടയപ്പമരത്തില്‍ നിന്നും നല്ലതു നോക്കി കുറേ അപ്പങ്ങള്‍ പറിച്ചു കൊണ്ടു വരൂ!”
പറയേണ്ട താമസം, അയാളുടെ ഭാര്യ മരത്തില്‍ നിന്നും അഞ്ചെട്ട് അപ്പങ്ങള്‍ ഇറുത്ത് ഒരു താലത്തിലാക്കി, അതിഥിയുടെ നേര്‍ക്കു നീട്ടി.  അരിമാവും തേങ്ങയും പഞ്ചസാരയുമൊക്കെ ചേര്‍ത്തുണ്ടാക്കിയ ആ അപ്പത്തിനു നല്ല സ്വാദുണ്ടായിരുന്നു.
“ഹാ, ഒന്നാന്തരമായിട്ടുണ്ട്, ഈ അപ്പം! പിന്നാമ്പുറത്തു തല ഉയര്‍ത്തി നില്‍ക്കുന്ന ആ മരത്തിലാണല്ലോ, ഇതു കായ്ച്ചു നില്‍ക്കുന്നത്! ആcaketree2 മരം എനിക്കു വേണം! നല്ല വില തരാം,” അതിഥി പറഞ്ഞു.
“ഇല്ല യജമാനനേ, ഞാനതു തരില്ല.  അങ്ങു ക്ഷമിക്കണം.  ഞങ്ങളുടെ വീടിന്റെ ഐശ്വര്യമായ ഈ മരത്തെ എന്തു തന്നെ കിട്ടിയാലും വില്‍ക്കുന്ന പ്രശ്നമേയില്ല.”  പൊങ്കോരി തറപ്പിച്ചു പറഞ്ഞു.
ആശിച്ചതെന്തും കൈവശപ്പെടുത്തുന്നതായിരുന്നു ധനാഢ്യന്റെ പതിവ്.
“ആട്ടെ, എത്ര പണം തന്നാല്‍ നീ ആ മരം എനിക്കു തരും? എന്തു വില തരാനും ഞാന്‍ തയ്യാര്‍!” അയാള്‍ ശഠിച്ചു.
കുറച്ചുനേരം ആലോചിച്ച ശേഷം പൊങ്കോരി പറഞ്ഞു: “ആയിരം നാണയം!”
അയാള്‍ മടിശ്ശീല തുറന്ന് പറഞ്ഞ തുക എണ്ണിക്കൊടുത്തു.  എന്നിട്ട് മരം പിഴുത് കുതിര വണ്ടിയിലേറ്റി തന്റെ വീട്ടിലേക്കു കൊണ്ടു പോയി.  
തോട്ടത്തിന്റെ ഒത്ത നടുക്കുതന്നെ അയാള്‍ അതിനെ നട്ടുവെച്ചു.  അതു ദിവസവും നനയ്ക്കാനും പരിപാലിക്കാനുമായി ഒരു ഭൃത്യനെയും നിയോഗിച്ചു.  നാളുകള്‍ കടന്നു പോയി.  കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്നിട്ടും ഒരു ചെറിയ കായ് പോലും ഉണ്ടാവുന്നില്ല.  നിരാശ കൂടിക്കൂടി ആധി പെരുത്ത് അയാള്‍ ദീനം പിടിച്ചു കിടക്കയിലായി.  തങ്ങളുടെ കൌശലം വിജയിച്ചതില്‍ പൊങ്കോരിയും ഭാര്യയും സന്തോഷിച്ചു.  ജീവിതകാലം മുഴുവന്‍ അവര്‍ക്കു കഴിഞ്ഞുകൂടാന്‍ ആ ആയിരം നാണയം ധാരാളമായിരുന്നു.

പുന: റോസ് മേരി
വര: സചീന്ദ്രന്‍ കാറട്ക്ക