KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഇഠാണന്റെ കവിത


nadodikatha

കവിസദസ്സില്‍ രാജാവ് വിളംബരം ചെയ്തു: “ഇപ്രാവശ്യം ചെറിയ കവിതകളുടെ മത്സരമാണ് നടത്തുക. പതിവ് പോലെ ഏറ്റവും നല്ല കവിതയ്ക്ക് ഒരു സ്വര്‍ണ നാണയം സമ്മാനമുണ്ട്.”
ഇതുകേട്ട് എല്ലാവരും ഇഠാണനെ നോക്കി. ഇഠാവട്ടത്തില്‍ പരക്കുന്ന കവിതകള്‍ എഴുതുന്നതുകൊണ്ടാണ് ഇഠാണന്‍ എന്ന പേര് പതിഞ്ഞതു തന്നെ. ഇതുവരേയും ഇഠാണന് മാത്രം സമ്മാനമൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് ഇഠാണന് nadodiവേണ്ടിയല്ലേ രാജാവ് ഇതുപോലെയൊരു മത്സരം നടത്തുന്നത് എന്ന് മറ്റ് കവികള്‍ സംശയിച്ചു.
ഇഠാണനാകട്ടെ നെഞ്ചത്ത് കൈകള്‍കൊണ്ട് ഒരു ഗുണനചിഹ്നം ഇട്ടു. പിന്നെ മെല്ലെ കവിസദസ്സില്‍ നിന്ന് പുറത്ത് കടന്നു. ഇപ്രാവശ്യമെങ്കിലും തനിക്ക് സമ്മാനം നേടാന്‍ കഴിഞ്ഞെങ്കിലെന്ന് കലശലായി മോഹിച്ച് എങ്ങോട്ടോ നടക്കാന്‍ തുടങ്ങി. നടന്നു നടന്ന് ഇഠാണന്‍ നദിക്കരയിലെത്തി. അപ്പോഴുണ്ട് ഒരു കാക്ക ചുണ്ട് വെള്ളത്തില്‍ മുക്കുകയും കല്ലില്‍ ഉരച്ച് വൃത്തിയാക്കുകയും ചെയ്യുന്നു! വീണ്ടും വീണ്ടും കാക്ക ചുണ്ട് വെള്ളത്തില്‍ മുക്കി കല്ലില്‍ ഉരയ്ക്കുന്നതു കണ്ട് ഇഠാണന് കൌതുകം തോന്നി. ഇതെന്തൊരു കാക്ക! ഒരുപക്ഷേ മനുഷ്യനും ഇതുപോലെ അവന്റെ മനസ്സിലെ അഴുക്കുകള്‍ വൃത്തിയാക്കേണ്ടതുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാവും. ഇഠാണന്റെ ചുണ്ടില്‍ അന്നേരം ഒരു കവിത മിന്നി.
വെള്ളത്തില്‍ മുക്കുന്നു
വീണ്ടും വീണ്ടും മുക്കുന്നു
ഹേ! കറുപ്പാ! നിന്റെ
മനസ്സ് ഞാന്‍ വായിച്ചറിഞ്ഞു!
പിറ്റേന്ന് രാവിലെതന്നെ ഇഠാണന്‍ തന്റെ കവിത രാജസന്നിധിയില്‍ സമര്‍പ്nadodi1പിച്ചു. രാജാവ് ആ കവിത വായിച്ച്, ഛേ! ഇതെന്തൊരു പൊട്ടക്കവിത എന്ന് ചിരിച്ചു. എങ്കിലും രാജാവിന് ഇഠാണനോട് സഹതാപം തോന്നി. ആ കവിതയില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നറിയാന്‍ വീണ്ടും വീണ്ടും വായിച്ചു നോക്കി. ഒന്നും തോന്നാഞ്ഞ് ചുരുട്ടിക്കൂട്ടി വലിച്ചെറിയുകയും ചെയ്തു.
അപ്പോള്‍ ഒരു പരിചാരകന്‍ വന്ന് ക്ഷുരകന്‍ മുഖം കാണിക്കാന്‍ കാത്തു നില്‍ക്കുന്ന വിവരം രാജാവിനെ
അറിയിച്ചു.
ക്ഷുരകന്‍ കത്തി തേച്ചു മിനുക്കി രാജാവിന്റെ താടി വടിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ കത്തി വെള്ളത്തില്‍ മുക്കുന്നതു കണ്ട രാജാവിന് ഇഠാണന്റെ കവിത ഓര്‍മ വന്നു. രാജാവ് ആ കവിത ചൊല്ലിയപ്പോള്‍ ക്ഷുരകന്‍ ഭയന്നു വിറച്ചു. കത്തി
വലിച്ചെറിഞ്ഞ് അവന്‍ രാജാവിന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു.
“തിരുമനസ്സേ! അടിയനോട് പൊറുക്കണം! മന്ത്രി കൊല്ലുമെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് അടിയന്‍ അത് ചെയ്യാമെന്നേറ്റത്!”
രാജാവ് ആകെ അമ്പരന്നുപോയി. ചോദ്യം ചെയ്തപ്പോള്‍ ക്ഷുരകന്‍ എല്ലാ വിവരവും വിശദമായിത്തന്നെ അറിയിച്ചു. ക്ഷൌരം ചെയ്യുന്നതിനിടയ്ക്ക് രാജാവിന്റെ കഴുത്തറുക്കാന്‍ പത്ത് സ്വര്‍ണനാണയം മന്ത്രി വാഗ്ദാനം ചെയ്ത കഥ അങ്ങനെ പുറത്തു വന്നു. ഉടന്‍ തന്നെ മന്ത്രിയുടെ തല വെട്ടാന്‍ രാജാവ് ഉത്തരവിട്ടു. ക്ഷുരകനെ തടവിലാക്കുകയും ചെയ്തു.
ഇഠാണന്റെ കവിതയാണല്ലോ തന്റെ പ്രാണന്‍ രക്ഷിച്ചത് എന്നോര്‍ത്ത് രാജാവ് സന്തോഷിച്ചു. ഒന്നിനു പകരം പത്ത് സ്വര്‍ണ നാണയം ഇഠാണന് സമ്മാനിക്കുകയും ചെയ്തു.

പുനരാഖ്യാനം: ഗ്രേസി
വര: ഗോപു പട്ടിത്തറ