KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മുന്നുര

munnura

കേരളം എന്ന നമ്മുടെ അമ്മയുടെ പിറന്നാള്‍ ദിനമാണ്  നവംബര്‍ 1.  കേരളം എന്ന വാക്ക് പണ്ടു മുതല്‍ക്കേ ഉപയോഗിച്ചുവന്നുവെങ്കിലും കുറച്ചുവര്‍ഷം മുമ്പുവരെ അതു മൂന്നു സംസ്ഥാനങ്ങളായി വേര്‍പെട്ടു കിടന്നു- മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. ഇവയെ മൂന്നിനെയും ഒന്നിച്ചു കോര്‍ത്തിണക്കി ഒറ്റ സംസ്ഥാനമാക്കി മാറ്റിയത് 1956 നവംബര്‍ 1 നായിരുന്നു.  പക്ഷേ അന്ന് തിരുവിതാംകൂറുകാരായ ഞങ്ങള്‍ക്ക് ഒരു വലിയ സങ്കടമുണ്ടായി.  തിരുവിതാംകൂറിന്റെ ഏറ്റവും വിലപ്പെട്ട ഒരു ഭാഗം മുഴുവനും തമിഴ്നാടിനു നല്‍കപ്പെട്ടു.  പണ്ട് വേണാട്ടരചന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരവും നാഞ്ചിനാട്ടിലെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും വിശാലങ്ങളായ നെല്പാടങ്ങളും പൂവയലുകളും താമരക്കുളങ്ങളും മാത്രമല്ല മനോഹരവും പവിത്രവുമായ കന്യാകുമാരിയും നമുക്കു കൈവിടേണ്ടി വന്നു.  തെക്കന്‍ തിരുവിതാംകൂറിന്റേത് ചരിത്രസ്മരണകളുറങ്ങുന്ന മണ്ണാണ്. രാജാകേശവദാസനും വേലുത്തമ്പിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും പിറന്ന വീര്യമുള്ള മണ്ണാണത്.  ആ നഷ്ടം munnura1നികത്താനാവാത്തതാണ്. എങ്കിലും കേരളം ഒന്നായി. ശക്തവും സുദൃഢവുമായി- ചൈതന്യപൂര്‍ണമായ നമ്മുടെ തായ്മൊഴി, മലയാളം നമ്മെ കോര്‍ത്തിണക്കുന്നു.എനിക്കു കുട്ടികളോട് ഇന്നു പറയാനുള്ളത് ഇതു മാത്രമാണ്.  മലയാളം മറന്ന, മാതൃഭാഷയെ നിന്ദിക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വന്നിരിക്കുന്നു; മലയാളം വായിക്കാനും എഴുതാനും അറിഞ്ഞുകൂടാ എന്ന് ഇംഗ്ളീഷില്‍ കൊഞ്ചിപ്പറയുന്ന കേരളമക്കളുടെ എണ്ണം ഇന്ന് അപകടകരമായ വിധം വര്‍ദ്ധിച്ചു കഴിഞ്ഞു.  സ്വകാര്യസ്കൂളുകള്‍ ഈ പാപത്തില്‍ ഒരു വലിയ തോതില്‍ പങ്കാളികളാണ്.  സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു രംഗമാണിത്.
മലയാളം പഠിക്കാത്ത ഒരു മലയാളിക്കുട്ടിയും ഉണ്ടായിക്കൂടാ.  ഈ ഭാഷ തുഞ്ചന്റെയും കുഞ്ചന്റെയും സി വി യുടെയും ജി ശങ്കരക്കുറുപ്പിന്റെയും തകഴിയുടെയും പൊറ്റക്കാടിന്റെയും ബഷീറിന്റെയും ഉറൂബിന്റെയും മാധവിക്കുട്ടിയുടെയും ഭാഷയാണ്.  എന്‍ വി കൃഷ്ണ വാരിയരുടെയും ബാലാമണിയമ്മയുടെയും എം ടി യുടെയും ഒ എന്‍ വിയുടെയും ഭാഷയാണ്.  മലയാളത്തെ സ്നേഹിക്കുക.  ആദരിക്കുക.  മലയാളം പഠിക്കുക.  ഒരു മലയാളിക്കുട്ടിയായതില്‍ അഭിമാനം കൊള്ളുക.  ഇതത്രേ കേരളപ്പിറവിനാളില്‍ തളിരിന്റെ സന്ദേശം.  

സ്നേഹപൂര്‍വം,
സുഗതകുമാരി

വര : സുനില്‍ അശോകപുരം