KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഓലമടല്‍

 

kavitha

1ola1
തൊട്ടു തൊട്ടില്ലെന്ന മട്ടില്‍
തൊട്ടു പിന്നാലെ പാഞ്ഞെത്തും
മഴയ്ക്ക് പിടിനല്‍കാതെ
കൈതകള്‍ പൂത്തോരാറ്റിറ-
മ്പത്തെ തെങ്ങിന്‍ത്തോപ്പിലൂടെ
സ്കൂള് വിട്ട് വീട്ടിലേക്ക്
സ്ളേറ്റിനാല്‍ തല മറച്ച്
കുഞ്ഞുണ്ണി കുതിക്കുമ്പോള്‍
വഴിമുടക്കി വീഴുന്നു
മുന്നിലായൊരോലമടല്‍.

ഞൊടിനേരമിതുകണ്ട-
മ്പരന്നോട്ടം നിറുത്തവെ
കിട്ടിയനേരം നോക്കി മഴ
കുഞ്ഞുണ്ണിതന്‍ മുന്നിലാവുന്നു.
ഓടിപ്പോകുന്ന പോക്കില്‍ മുഖ-
മൊട്ട് തിരിച്ചത് മൂക്കത്ത്
വിരലുവെച്ച് തോറ്റെയെന്ന്
ഉച്ചത്തില്‍ വിളിച്ചു കൂവുന്നു.

മിന്നല്‍ക്കുസൃതിയായ് വാനില്‍
പുളഞ്ഞ് പല്ലിളിക്കുന്നു
ഇടിവെട്ടായ് മുഴങ്ങി
മുഖം കോട്ടി കാണിക്കുന്നു.
ഉടുപ്പിന്റെയുള്ളില്‍ മറച്ച
സ്ളേറ്റിലെ തറയും പറയും
നനച്ച് മായ്ച്ചു കളയുന്നു.
കൈകളില്‍ നിന്നറിയാതെ
olaവഴുതി കറുകപ്പുല്ലില്‍
വീഴുന്നു കല്ലുപെനസില്‍
വഴിയില്‍ നിന്നു പറിച്ച
കോലുമഷിത്തണ്ടുകളും
 പുല്ലുകള്‍ക്കിടയില്‍ വീണ്
പൂണ്ട് കാണാതെ പോകുന്നു.

എന്തായാലുമാകെ നനഞ്ഞു
എന്നാലീയോല മടലിനെ
എടുത്തോണ്ടു പോയിട്ടുതന്നെ
കാര്യമെന്നോര്‍ത്തോരു കുഞ്ഞുണ്ണി
സ്ളേറ്റ് കൈയിലിറുക്കിവെച്ച്
ഓല വലിച്ചു കൊണ്ടോടുന്നു.
തന്നെക്കടന്നുപോം മഴേടെ
ചന്തിക്കിട്ട് കളിയായൊരു
തൊഴി വെച്ചങ്ങ് കൊടുക്കുന്നു.

ഓലമടലുകൊണ്ടോ-
ടുന്ന നേരമീവിധം
ഓര്‍ക്കുന്നു കുഞ്ഞുണ്ണി.
ഓലമടലുകൊണ്ട്
എന്തെന്തു കാര്യങ്ങള്‍.
ഓലമടലുകൊണ്ട്
ഒമ്പതു കാര്യങ്ങള്‍.

2
തുഞ്ചങ്ങള്‍ രണ്ടും
വെട്ടിക്കളഞ്ഞാല്‍
കിട്ടുന്നൊരോലയെ
രണ്ടു നാള്‍ വെള്ളത്തി-
ലിട്ട് പിന്നെ രണ്ടായ്
കീറിമെടഞ്ഞുണങ്ങി-
യെടുത്താല്‍ രണ്ടോലയായ്;
വര്‍ഷകാലത്ത് പെര
ചോരുമ്പോള്‍ തിരുകാം.
ചൂട്ടുകറ്റയായ് കെട്ടി-
യറ്റത്ത് തീ പിടിപ്പിച്ചാല്‍
പിന്നെ വീശി വീശിപ്പോകാം
ഒട്ടുമേ ഭയക്കാതെ
തനിച്ചേത് കൂരിരുട്ടിലും.

ഓലകോതിക്കളഞ്ഞ്
ഈര്‍ക്കിലായ് ചീകിയെ-
ടുത്ത് ചുവട് ചേര്‍ത്ത്
കെട്ടിയാല്‍; മുറ്റമടി-
ക്കാനൊത്തൊരു ചൂലായ്.
olaa2
മുഴുത്തതൊന്ന് കൂട്ട-
ത്തീന്നെടുത്തിറയത്ത്
കൈയെത്താ ഉയരത്തില്‍
വെച്ചാല്‍; കുരുത്തക്കേടിന്‍
തുടയില്‍ രണ്ടു പൊട്ടിക്കാം.

ചാരിവെക്കാമതിന്‍ കവ-
ളമ്മടല്‍ മാവിന്റെ ചോട്ടില്‍
കേറുവാന്‍ പിന്നെയെളുപ്പ-
മായിറങ്ങുവാന്‍ നേരം
ആരാനുമത് മാറ്റിയാല്‍
പിന്നെപ്പെടാപ്പാടായ്.

ചെത്തി മിനുക്കിയ
മടലിന്റെ മുഞ്ഞിയില്‍
തുളയൊന്നു തീര്‍ത്താല്‍;
കമ്പുകൊണ്ട് കുത്തി വണ്ടി-
യായോടിക്കാം മണ്ണിലൂടെ.

പച്ചയ്ക്ക് കൊത്തിക്കീറി
ഉച്ചവെയിലിലുണങ്ങി
തട്ടിന്മേലടുക്കിവെച്ചാല്‍
അമ്മയ്ക്ക് കഞ്ഞിയും കറിയും
വെക്കാന്‍ നല്ല വെറകായ്.

പിടിയൊന്നു ചെത്തി
തുഴപോല്‍ പടുത്താല്‍
സിക്സറുകളടിക്കാം
തെണ്ടുല്‍ക്കറായ് വിലസി
പെരപ്പുറം പൊളിക്കാം.

എട്ടുചെത്താമെട്ടും
കുറ്റിയും കളിക്കാം
ഒരെട്ടു പൊട്ടട്ടെ
വെള്ള മലര്‍ക്കട്ടെ
എന്നാര്‍പ്പു വിളിക്കാം.


3
വേണമെങ്കിലിനിയും
നിരത്താമോലമട-
ലുകൊണ്ടുള്ള കാര്യങ്ങള്‍.
ഒമ്പതെന്നു പറഞ്ഞു
പോയല്ലോ മുന്നെ, ആക-
യാലിപ്പോള്‍ നിറുത്തുന്നു.


ola3വീടരികത്തണഞ്ഞല്ലോ
മേലെല്ലാമുണങ്ങിയല്ലോ
വഴിയാകെയുരഞ്ഞോല-
മടലിന്റെയുടലിലെ
തൊലി മൊത്തം പോയല്ലോ.
തെങ്ങിന്റെ പൊറ്റയില്‍
കാല് തട്ടി മണ്ണില്‍
മുട്ട് കുത്തി വീണല്ലോ
കൈവിട്ട സ്ളേറ്റപ്പോള്‍
കല്ലേ മുട്ടി പൊട്ടിയല്ലോ.

മടലു കിട്ടിയ സന്തോഷ -
ത്താലമ്മ വടിയെടുക്കാനും
വഴക്കുപറയാനും മറ-
ന്നേച്ചാല്‍ മതിയായിരുന്നു.
ഓലമടലുകൊണ്ട്
എന്തെന്തു കാര്യങ്ങള്‍
ഓലമടലുകൊണ്ട്
ഒത്തിരി കാര്യങ്ങള്‍.

എം ആര്‍ രേണുകുമാര്‍
വര : കെ സുധീഷ്‌