KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ അരുണ്‍ ഒരു ജി എം ബോയ്‌
അരുണ്‍ ഒരു ജി എം ബോയ്‌


katha 

എല്ലാ ട്യൂഷനും കഴിഞ്ഞപ്പോള്‍ തളര്‍ന്നു.  അരുണ്‍ തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ അഞ്ചാറു ഗസ്റ്.  പരിചയമുള്ള മുഖമൊന്നുമില്ല.  ആകെ അങ്കലാപ്പു തോന്നി.  ഒതുങ്ങി മുറിയിലേക്ക് പോarun1കാന്‍ തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു:
“മോനേ..ടാ.. ദാ ഇതാരാണെന്ന് മനസ്സിലായോ?”
ആളിന്റെ മുഖത്തേക്ക് നോക്കി.  അയാള്‍ പുഞ്ചിരിച്ചു.  അരുണ്‍ മനസ്സിലായില്ലെന്ന അര്‍ഥത്തില്‍ തലയാട്ടി.  
“കുറേ നാളായില്ലേ കണ്ടിട്ട്...” അയാള്‍
ആശ്വസിപ്പിച്ചു.
മറ്റുള്ളവരെല്ലാം വലിയ പരിചയക്കാരെപ്പോലെ പുഞ്ചിരിക്കുകയാണ്.
“നീ ഓര്‍ത്തു നോക്ക്,”  ആ സ്ത്രീ പിന്നെയും വിടാനുള്ള ഒരുക്കമല്ല.  നീ എന്ന് വിളിച്ചതു കൊണ്ട് അരുണിന് ദേഷ്യം തോന്നി.  എങ്കിലും ശബ്ദത്തില്‍ ആ ദേഷ്യം വരാതെ അവന്‍ മെല്ലെ ചോദിച്ചു:
“ആന്റിയേയും എനിക്ക് മനസ്സിലായില്ല.”
പെട്ടെന്ന് ഒരു നിശ്ശബ്ദത അവിടെ പടര്‍ന്നു.  പിന്നെ പലരും പൊട്ടിച്ചിരിച്ചു.  ആ ആന്റി ചമ്മുന്നത് വളരെ വ്യക്തമായിരുന്നു.  അവര്‍ പറഞ്ഞു:
“അഹങ്കാരം പറയുന്നോടാ...”
ഇക്കുറി അരുണിന് നന്നായി ദേഷ്യം വന്നു.  പരിചയമില്ലാതെ ഇത്രയും സ്വാതന്ത്യ്രം എടുക്കുന്നതെന്തിനാ? അവന്‍ അകത്തേക്ക് കയറി
പ്പോയി.
പെട്ടെന്ന് അവന്‍ അറിയാതെ ചുമരിലെ ചിത്രത്തിലേക്ക് നോക്കി.  താനും അമ്മയും... താനിപ്പോള്‍ ഉടക്കിയ ആന്റിക്ക് അമ്മയുടെ അതേ ഛായ!
ദൈവമേ! അമ്മയോടാണ് ഞാനിപ്പോള്‍ ഇങ്ങനൊക്കെ പറഞ്ഞത്...

2
അങ്ങനെയാണ് അരുണ്‍ ഇപ്പോള്‍ ഇവിടെ ഈ മുറിയില്‍ എത്തപ്പെട്ടത്.  മുന്നില്‍ ബുള്‍ഗാന്‍ താടി വച്ച ഒരു അങ്കിള്‍ ഇരിപ്പുണ്ട്.  അരുണ്‍ ഇരിക്കുന്ന ഭാഗത്ത് രണ്ടു കസേരകള്‍ ഇട്ടിട്ടുണ്ട്.  അതിലൊന്നില്‍ അവനും മറ്റൊന്നില്‍ അമ്മയും ഇരുന്നു.
അത് അമ്മയാണെന്ന് മറന്നേ പോകുന്നു.  ഇടയ്ക്കിടെ അത് സ്വയം ഓര്‍മ്മിപ്പിച്ചു കൊണ്ട് അവന്‍ തല കുനിച്ചിരുന്നു.
ബുള്‍ഗാന്‍ താടിയുള്ള അങ്കിള്‍ ഡോക്ടറാണ്.  കഴുത്തില്‍ കുഴല്‍.
“ഞാനാരാണെന്ന് മനസ്സിലായോ?” ഡോക്ടര്‍ ചോദിച്ചു
“ഡോക്ടര്‍,” അരുണ്‍ പറഞ്ഞു.
“ഒ. കെ.” ഡോക്ടര്‍ പറഞ്ഞു.  “ഞാന്‍ അരുണിനോട് കുറച്ചു കാര്യം പറയാം.  കുറേ ഡോക്ടര്‍മാര്‍ അരുണിനെ പരിശോധിച്ചു.  അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ പറയാന്‍ പോവുകയാണ്.”
“അവനോട് പറയണ്ടാ” ആ ആന്റി, സോറി അമ്മ പറഞ്ഞു.
“അവനാണ് കേള്‍ക്കേണ്ടത്...”  ബുള്‍ഗാന്‍ താടിവച്ച അങ്കിള്‍ കടുപ്പിച്ചു പറഞ്ഞു.
പിന്നെ ശാന്തമായി അവനോടു ചോദിച്ചു: “അരുണിന് പേടിയുണ്ടോ?”
അവന്‍ മെല്ലെ പറഞ്ഞു: “ഉണ്ട്.  പക്ഷേ എന്താ എന്റെ പ്രശ്നം?”
“റിലേറ്റീവ്സിനെ പലരേയും നീ തിരിച്ചറിയുന്നില്ല.  ഒന്നിലേറെ തവണ കണ്ടാലും പലപ്പോഴും അറിയുന്നില്ല.”
അവന്‍ പറഞ്ഞു: “അത്രേ ഉള്ളോ.  അത് റിവിഷന്‍ ഇല്ലാത്തതു കൊണ്ടാ.. രണ്ടോ മൂന്നോ തവണ ഒരു ആന്‍സര്‍ വായിച്ചാല്‍ മന:പാഠമാകുമോ?”
ഡോക്ടര്‍ ചോദിച്ചു: “സ്വന്തം അമ്മയെ പക്ഷേ ആരെങ്കിലും മറക്കുമോ?”
“അമ്മയെന്നൊരു ഫീല്‍ എനിക്ക് കിട്ടണ്ടേ..:” അരുണ്‍ കടുപ്പിച്ചു ചോദിച്ചു.
അമ്മ വളരെ നിശ്ശബ്ദയായിരുന്ന് കണ്ണു തുടച്ചു.
ഡോക്ടര്‍ അല്‍പസ്വല്പം ദേഷ്യത്തോടെ അവനെ നോക്കി.  പിന്നെ അത് സഹതാപമായി.  അയാള്‍ വളരെ മെല്ലെ ചോദിച്ചു:
“എന്തു ഫീലാണ് തോന്നേണ്ടത്?”
“ഒരു ഇഷ്ടം.  സ്നേഹം.. അമ്മയെ കാണുമ്പോള്‍ നമ്മള്‍ കെയര്‍ ചെയ്യപ്പെടുന്നു എന്നൊരു ഫീല്‍...” അവന്‍ പറഞ്ഞു.
അമ്മയെന്നു പറഞ്ഞ ആ ലേഡി പിന്നെയും മെല്ലെ കരയുന്നുണ്ടായിരുന്നു.
“ഒന്നു പുറത്തേക്കിറങ്ങ്.  ഞാന്‍ വിളിക്കാം.”  അമ്മയോട് ഡോക്ടര്‍ പറഞ്ഞു.
അമ്മ പുറത്തേക്കിറങ്ങി.
ഒറ്റയ്ക്കായപ്പോള്‍ അരുണിന് പേടി തോന്നി.
“എന്നെ ഉപദ്രവിക്കുമോ...” അവന്‍ ചോദിച്ചു.
“എന്തിന്?” ഡോക്ടര്‍ ചോദിച്ചു.
“സാധാരണ ഷോക്ക് ഒക്കെ അടിപ്പിക്കുമെന്നാ കേട്ടത്...”
“എന്തിന്?”
“ഓര്‍മ്മകള്‍ തിരിച്ചു കിട്ടാന്‍,” അരുണ്‍ പറഞ്ഞു.
arun2ഡോക്ടര്‍ പറഞ്ഞു:  “നീയതിന് ഒന്നും ഓര്‍ക്കാതെയിരിക്കുന്നില്ല.  കഴിഞ്ഞ ആഴ്ച എന്‍ട്രന്‍സിന്റെ മോഡല്‍ ടെസ്റില്‍ നിനക്കല്ലായിരുന്നോ ഫസ്റ്.  ഒന്നും മറന്നില്ലല്ലോ.”
“പക്ഷേ ചില റിലേഷന്‍ഷിപ്പ്...” അരുണ്‍ പറഞ്ഞു. “സത്യത്തില്‍ എനിക്ക് ആരൊക്കെയാ ഉള്ളതെന്നു പോലും പെട്ടെന്നു ചിന്തിക്കുമ്പോള്‍ എനിക്കറിഞ്ഞുകൂടാ ഡോക്ടര്‍, പേര് അറിയില്ല...  ആരെന്നറിയുന്നില്ല...”
അവന് കരച്ചില്‍ വന്നു.
“ഇന്നത്തെ ദിവസം എന്തൊക്കെയാ നടന്നത്?  അരുണിന് ഒന്ന് ഓര്‍ത്തു നോക്കാമോ.”
“അതിപ്പോ ഇന്ന്... എന്നു വച്ചാല്‍?” അവന്‍ അങ്കലാപ്പോടെ ചോദിച്ചു.
“ഇന്നലെ ഉറങ്ങാന്‍ കിടന്നതു മുതല്‍ എന്നല്ലേ അര്‍ഥം.  അങ്ങനെയെങ്കില്‍...”
“സോറി, ഡോക്ടര്‍. ഞാന്‍ ഇന്നലെയല്ല ഉറങ്ങാന്‍ കിടന്നത്; ഇന്നാണ്.  അതതു ദിവസം പുലര്‍ച്ചെ രണ്ടു മണിയൊക്കെയാകുമ്പോള്‍ ഞാന്‍ പഠിച്ചു പഠിച്ച് ഉറങ്ങി വീഴുകയാണുണ്ടാവുക.  അപ്പോള്‍ ആരോ, എന്നെ വന്നു വിളിച്ച് എഴുന്നേല്‍പ്പിക്കുന്നുണ്ട്.  കടുംചായ, നിലത്ത് കാലിറക്കി വയ്ക്കാന്‍ വെള്ളം, പിന്നെ പരീക്ഷാത്തലേന്ന് ഉറങ്ങാതിരിക്കാന്‍ ചില ഗുളികകള്‍.. ഭീഷണി, തലയ്ക്ക്  ഞോണ്ടല്‍.. അതൊരു പക്ഷേ ഇപ്പോഴിറങ്ങി പോയ ലേഡിയാകാം.  മൈ മദര്‍ എന്ന് നിങ്ങളെല്ലാം കൂടി പറയുന്ന... അതുകൊണ്ട്, കൃത്യമായി ദിവസം എനിക്ക് ഡിഫറന്‍ഷിയേറ്റ് ചെയ്യാന്‍ പറ്റുന്നില്ല.  ഡോക്ടര്‍... വെളുപ്പാന്‍കാലത്ത് അഞ്ചു മണിക്ക് ട്യൂഷന്‍ തുടങ്ങും.  അങ്ങനങ്ങനെ ഓര്‍മ്മ വന്ന അന്നു മുതല്‍ ഞാനിങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്.”
ഡോക്ടര്‍ കൈ കാണിച്ചു,  മതിയാക്കാനെന്ന അര്‍ഥത്തില്‍.
“അരുണിന്റെ അച്ഛന്‍ എന്തു ചെയ്യുന്നു?””അയാള്‍ ചോദിച്ചു.
“ഐ തിങ്ക്...” അവന്‍ തിട്ടമില്ലാതെ നിര്‍ത്തി.
“പറയ്...?”
“ഓര്‍ക്കാന്‍ പറ്റുന്നില്ല ഡോക്ടര്‍...”
“പോട്ടെ.”  ഡോക്ടര്‍ പറഞ്ഞു.  “അരുണിന് ആരാകാനാണ് ആഗ്രഹം... അതു പറ... ഡോക്ടര്‍, എന്‍ജിനീയര്‍...”
“എനിക്കൊരു ചിത്രകാരനാകണം.  അല്ലെങ്കില്‍ ഒരു എഴുത്തുകാരനാകണം.  ഡോക്ടര്‍,  പക്ഷേ അതീ ജന്മത്ത്  നടക്കുമെന്ന് തോന്നുന്നില്ല.”
“എന്തുകൊണ്ട്?”
“അതെനിക്കറിയില്ല. എങ്ങനെയോ ഞാനിങ്ങനെയൊക്കെ ആയിപ്പോയി.  എനിക്കറിഞ്ഞൂട ഒന്നും.  ഈ പഠിക്കുന്നതല്ലാതെ ഒന്നും...”
അവനിരുന്ന് മെല്ലെ കരഞ്ഞു.

3
ഇപ്പോള്‍ മറ്റൊരു ഡോക്ടറാണ് അരുണിന്റെ മുന്നില്‍.  നേരത്തെ ഉണ്ടായിരുന്ന ബുള്‍ഗാന്‍ ഡോക്ടര്‍ അവന് വിശദീകരിച്ചു കൊടുത്തു:
“അരുണ്‍, ഇദ്ദേഹം എന്റെ ഫ്രണ്ടാണ്. വളരെ പ്രശസ്തനായ ഡോക്ടര്‍.  അദ്ദേഹം നിന്നെ ഒരുപാട് പഠിച്ചു.  അതേ തുടര്‍ന്ന് ചില കാര്യങ്ങള്‍ പറയും.  അത് നീ കൂടി കേള്‍ക്കണമെന്നു പറഞ്ഞു.”
“യേസ്” ആ ഡോക്ടര്‍ പറഞ്ഞു.  “അരുണിനതൊക്കെ മനസ്സിലാകും. നീ ഒരു ജി. എം. കുട്ടി ആണ്.  എന്നു വച്ചാല്‍, ജനറ്റിക്കലി മോഡിഫൈഡ് കുട്ടി.  ജി.എം. വിളകള്‍ എന്നൊക്കെ കേട്ടിട്ടില്ലേ? ജനിതകമായി മാറ്റം വരുത്തിയെടുക്കുന്ന വിളകള്‍.  കൂടുതല്‍ കാലം കേടാവാതിരിക്കാനും രോഗങ്ങളെ ചെറുക്കാനും കഴിവു നേടി, മനുഷ്യന് കൂടുതല്‍ പണം ഉണ്ടാക്കാനുള്ള വിളകളാണ്  അവ.  ഡി എന്‍ എ യില്‍ മാറ്റം വരുത്തി ഒരുപാട് പരീക്ഷണം നടത്തി ഉണ്ടാക്കുന്നവയാണ് അത്.  പക്ഷേ അരുണിന്റെ ജീനുകള്‍ സ്വയം മാറ്റത്തിന് വിധേയമാകുന്നു.  അതായത് അരുണ്‍ വെറുമൊരു ജി. എം കുട്ടി അല്ല.  ജി.എം. എന്നതിന്റെ നടുക്ക് എസ് കൂടി ചേര്‍ക്കണം.  ജി. എസ്. എം. ബോയ്. എന്നു വച്ചാല്‍ ജെനറ്റിക്കലി സെല്‍ഫ് മോഡിഫൈഡ് കുട്ടി.  എന്നു വച്ചാല്‍, ജീനുകള്‍ സ്വയം മ്യൂട്ടേഷന് വിധേയമാകുന്ന ഒരു അപൂര്‍വ പ്രതിഭാസമാണ് അരുണില്‍ നടക്കുന്നത്.  ഓര്‍മകളെയാണ് ഇപ്പോഴത് സ്വാധീനിക്കുന്നത്.
“ഉദാഹരണത്തിന് കലാപരമായ വാസനകളാണ് അരുണിന്റെ ജീനില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.  കല എന്നത് ഒരു തരം അസുഖം പോലെയാണ്.  കൃത്യമായ നിയമങ്ങളില്‍ അസ്വസ്ഥരാകും കലാഹൃദയമുള്ളവര്‍.  പക്ഷേ അരുണ്‍ നിയമങ്ങള്‍ക്കുള്ളിലാണ്.”
പിന്നെ അമ്മയോടെന്ന വിധം പറഞ്ഞു:
“കുട്ടിക്കാലം മുതല്‍ പഠനത്തിന്റെ കുരുക്കില്‍പെടുത്തി.  കര്‍ശനമായി അവനിഷ്ടമില്ലാത്ത ലോകത്തു കൊണ്ടെത്തിച്ചു.  അതോടെ, മനസ്സും ദേഹവും കൂടി തീരുമാനിച്ച് രക്ഷയ്ക്ക് പുതിയൊരു മാര്‍ഗം സ്വീകരിച്ചു.  അവന്റെ
ഡി എന്‍ എ യില്‍ നിന്ന് റിലേഷന്‍ഷിപ്പ് എന്ന ഭാഗം പോയി.  കുട്ടിച്ചേര്‍ത്താലും ബ്രെയിനില്‍ നിന്ന് എളുപ്പമെളുപ്പം ആ ഫീല്‍ ഡിലീറ്റ് ആയിപ്പോകുന്നു.  അതുകൊണ്ട് ഓരോ തവണയും അമ്മ പ്രത്യക്ഷപ്പെട്ട്, ഞാന്‍ അമ്മയാണ് എന്ന് ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു.  അല്ലെങ്കില്‍ തന്നെ റിലേഷന്‍ഷിപ്പില്‍ ഊന്നാന്‍ അവനെ നിങ്ങള്‍ പഠിപ്പിച്ചിട്ടില്ലല്ലോ.  എല്ലാ കുടുംബ-സാമൂഹികബന്ധങ്ങളില്‍ നിന്നും ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്തി.  എല്‍കെജി മുതല്‍ ക്ളാസ് നഷ്ടപ്പെടുന്നതാണ് ആഗോളപ്രശ്നം...”
ഡോക്ടര്‍ മെല്ലെ എഴുന്നേറ്റു:
“വിഷമിക്കേണ്ട.  ഇതൊരു പ്രശ്നമേയല്ല.  നിങ്ങള്‍, അവന്റെ ജനിതകസ്വഭാവത്തെ കൂടി കണക്കിലെടുക്കൂ.  അവന്റെ ജനിതകശൈലിക്ക് വളരാന്‍ അല്‍പം സ്പേസ് കൊടുക്കൂ.  അല്ലെങ്കില്‍ തന്നെ, ഒന്നോ രണ്ടോ മക്കളേ ഉള്ളൂ എന്ന് കരുതി, മുഴുവന്‍ കോണ്‍സന്‍ട്രേഷനും അവര്‍ക്ക് കൊടുക്കുന്നതെന്തിന്?  അവരുടെ പ്രകൃതത്തെ അല്‍പം മാനിക്കൂ.  അങ്ങനെ ചെയ്താല്‍, സെല്‍ഫ് മ്യൂട്ടേഷനിലൂടെ അവന്‍ സ്വയം ക്രമപ്പെടും.  ഒരു രൂപയുടെ മരുന്നും അവനു വേണ്ട.  അവന്‍ മാനസികമായും സ്ട്രോങ്ങ് ആകും.  ഇല്ലെങ്കില്‍...”
“വേണ്ട ഡോക്ടര്‍, ഞാന്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാം.”arun3
ബുള്‍ഗാന്‍ താടിക്കാരനായ ഡോക്ടര്‍ പറഞ്ഞു.

4
മനോഹരമായ ഒരു ഉദ്യാനം.  ഇപ്പോള്‍ അരുണിനൊപ്പം അവന്റെ അമ്മയെന്നു പറഞ്ഞ സ്ത്രീയും ബുള്‍ഗാന്‍ താടിക്കാരനായ ഡോക്ടറും ഉണ്ട്.  ഡോക്ടര്‍ അവന്റെ തോളില്‍ കൈവച്ചു കൊണ്ട് ഉദ്യാനത്തിന്റെ വശത്തുള്ള കായല്‍ക്കരയിലേക്കു നടന്നു.  അമ്മ എന്ന ലേഡിയും ഒപ്പം ഉണ്ടായിരുന്നു.
ഡോക്ടര്‍ ചോദിച്ചു: “എന്നെ മനസ്സിലായോ?”
അവന്‍ പറഞ്ഞു: “യേസ്. ഡോക്ടര്‍.”
ഡോക്ടര്‍ പറഞ്ഞു: “എന്റെ പേര് ഡോ.വിജയ്.  നിന്റെ മുഴുവന്‍ പേരെന്താ...”
അരുണ്‍ പറഞ്ഞു: “അരുണ്‍ വിജയ്.”
“നിന്റെ പേരിലെ വിജയ് ഞാനാണ്.  നിന്റെ അച്ഛന്‍.” ഡോക്ടര്‍ പറഞ്ഞു
അരുണ്‍ ആശ്ചര്യപ്പെട്ടു:  “ഹൊ. വാട്ട് എ സര്‍പ്രൈസ്...”
“നീ മറന്നു പോയതാണ്.  ഇനിയും ഞാന്‍ ഓര്‍മ്മിപ്പിക്കാം.  ഞാന്‍ അമേരിക്കയിലായിരുന്നു,  ദീര്‍ഘ നാള്‍.  പണമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.  എനിക്കും നിനക്കും അമ്മയ്ക്കും വേണ്ടി... ഇനി പോകുന്നില്ല.  ഇവിടെ തുടരും, നിന്റടുത്ത്. നീ പഠിക്കണം;  നിന്റെ കൂടി പ്രകൃതത്തിന് ഇണങ്ങും വിധം.  ഒപ്പം കളിക്കാം, പാട്ടു പാടാം, സിനിമയ്ക്കു പോകാം. പെറ്റിനെ വളര്‍ത്തണോ...?”
“വേണം...”
“വളര്‍ത്താം.  പഠിക്കുന്നത് എന്താവണം, നിന്റെ താല്‍പര്യമെന്ത്... അതൊക്കെ നമുക്ക് തീരുമാനിക്കാം.  നിന്റെ രാപകല്‍ ട്യൂഷനുകള്‍, ശ്വാസം വിടാനിഷ്ടമില്ലാത്ത പഠിത്തം... അതൊക്കെ മാറും.  നീ റിലാക്സ് ചെയ്യൂ... ശാന്തമായി, സ്വസ്ഥമായി ആസ്വദിച്ചു പഠിക്കൂ...”
“താങ്ക് യൂ... യു ലവ് മീ...”
“വേഗം നീ ചെയ്ഞ്ചു ചെയ്യൂ. മടങ്ങി വരൂ.  ഒരു സാധാരണ കുട്ടിയായി... വേഗം...”

 

ജി ആര്‍ ഇന്ദുഗോപന്‍
വര : അരുണ ആലഞ്ചേരി