KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അപ്പുവിന്റെ ബാല്യം


featureappu1

ദീപങ്ങള്‍ മങ്ങുകയും കൂരിരുള്‍  തിങ്ങുകയും ചെയ്ത ആ ഗ്രാ മീണ സന്ധ്യയില്‍, റാന്തല്‍ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഉമ്മറത്തിണ്ണയിലിരുന്ന് എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് മുറ്റത്തുലാത്തുകയായിരുന്ന കാരണവര്‍ ചോദിച്ചു:
“അപ്പൂ, നീ തോന്ന്യാക്ഷരമെഴുതുമോ?”
ഉള്ളിന്റെയുള്ളില്‍ ഊറിക്കൂടിവരുന്ന വൈകാരികാനുഭൂതികളെ അപ്പപ്പോള്‍ പകര്‍ത്തുമായിരുന്ന അപ്പുവിന് താന്‍ എഴുതുന്നതൊക്കെ തോന്ന്യാക്ഷരങ്ങളാണെന്ന് അന്നാണ് മനസ്സിലായത്. എന്നിട്ടും അപ്പുവിന് എഴുതാതെയിരിക്കാനാകുമായിരുന്നില്ല. കാരണം ചുറ്റുവട്ടത്തെ ഓരോ കാഴ്ചയും ആ കുട്ടിയെ വല്ലാതെ സ്വാധീനിച്ചിരുന്നു. അവയുടെ അനുരണനങ്ങള്‍ ആത്മാവില്‍ നിന്നൊഴുകുന്ന സംഗീതമായി, കവിത എന്ന തോന്ന്യാക്ഷരങ്ങളായി കടലാസിലേക്ക് വാര്‍ന്നു വീണു. ആ കവിത, ആ സംഗീതം ഒരായുഷ്കാലം മുഴുവന്‍ അപ്പുവിന് കൂട്ടായി.
“മണ്‍വിളക്കുകള്‍ വിട്ടു
പാറിപ്പോം  പ്രകാശത്തെ

“അന്ന് മനുഷ്യനെ മനുഷ്യന്‍ വലിച്ചുകൊണ്ടോടുന്ന റിക്ഷാവണ്ടികളായിരുന്നു കൊല്ലത്തെ പ്രധാന വാഹനം. ഇറക്കവും കയറ്റവുമധികമില്ലാത്ത appuനിരപ്പായ നിരത്തുകളില്‍ മണിയടിച്ചുകൊണ്ടും ഒന്നോ രണ്ടോ പേരുടെ ഭാരം ചുമന്നുകൊണ്ടും മനുഷ്യക്കാളയ്ക്ക് ഓടാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ മുന്നില്‍ വിയര്‍ത്തു കിതയ്ക്കുന്ന മനുഷ്യന്റെ കുതിപ്പും കിതപ്പും ഇന്ന് ഓര്‍മ്മിക്കുമ്പോള്‍ വിഷമം തോന്നുന്നു. ഒരു കാലില്‍ ലേശം മന്തുള്ള ഒരാളായിരുന്നു പതിവായി എന്നെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നത്. അയാളുടെ ഇരുകാലുകളും താളത്തിലല്ലെന്ന് ആദ്യമൊക്കെ ഒരു കൌതുകത്തോടെയാണ് കണ്ടിരുന്നത്. പിന്നെപ്പിന്നെ അത് അസുഖകരമായ ഒരു കാഴ്ചയായി.”

 

പിന്‍തുടരുമ്പോള്‍ കൂട്ടി
ന്നെനിക്കീ പാട്ടാണല്ലോ!
മര്‍ത്ത്യത നഷ്ടപ്പെട്ട-
തെങ്ങെന്നു തിരയുവാന്‍
കത്തിച്ചുപിടിച്ച കൈ-
വിളക്കുമിപ്പാട്ടാണല്ലോ!
കൂട്ടിനു പോരാറുള്ള
തെനിക്കിപ്പാട്ടാണല്ലോ?
പാട്ടിതെന്‍ കൂടപ്പിറ-
പ്പാ,ണെന്റെ നിഴലല്ലോ!
കൊല്ലം നഗരത്തിലെ ‘ഒറ്റപ്ളാക്കല്‍’ കുടുംബത്തിലെ പ്രസിദ്ധ ആയുര്‍വേദ വൈദ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും നമ്പ്യാടിക്കല്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും ഇളയ മകനായാണ് അപ്പു  ജനിച്ചത്. ശ്രീമൂലം പ്രജാസഭാംഗവും കൊല്ലം മുനിസിപ്പല്‍ കൌണ്‍സിലറുമൊക്കെയായി തിരക്കുപിടിച്ച സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന കൃഷ്ണക്കുറുപ്പ് ഒരു നാള്‍ ഡയറിയില്‍ എഴുതി:
“1931 മേയ് 27. കൊല്ലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനും കമലാനെഹ്റുവിനും വമ്പിച്ച ഒരു സ്വീകരണം നല്കി... ഇന്ന് എനിക്കൊരു നല്ല ദിവസമാണ്. സന്തോഷത്തിന്റെ ദിവസം. എനിക്കൊരു മകന്‍ ജനിച്ചു.”
പരമേശ്വരന്‍ എന്നാണ് അച്ഛനമ്മമാര്‍ കുട്ടിക്ക് ആദ്യപേരിട്ടതെങ്കിലും പിന്നീട്  കൃഷ്ണക്കുറുപ്പ് അതൊന്നു മാറ്റി. സ്വന്തം അച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് മകനെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ നല്കിയത്. മരുമക്കത്തായ സമ്പ്രദായം നിലവിലിരുന്ന അക്കാലത്ത് അനന്തരവന്മാര്‍ മാത്രം ഉപയോഗിച്ചിരുന്ന കുടുംബപ്പേരും ചേര്‍ത്തു.
എട്ടു വയസ്സുവരെയുള്ള അപ്പുവിന്റെ ജീവിതം എല്ലാംകൊണ്ടും സമ്പന്നമായിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ തനിയാവര്‍ത്തനങ്ങളും കഥകളിയുടെ മേളപ്പദങ്ങളും ചേര്‍ന്ന് സംഗീത സാന്ദ്രമാക്കിയ രാപ്പകലുകള്‍. ശാസ്ത്രീയ സംഗീത വിദ്വാന്‍ കൂടിയായിരുന്ന അച്ഛന്‍ നടത്തിവന്ന വെള്ളങ്ങാട്ടു കഥകളിയോഗത്തിന്റെ വക നിഴല്‍ക്കുത്തും പാദുകപട്ടാഭിഷേകവുമെല്ലാം തറവാട്ടു മുറ്റത്തുതന്നെ അവതരിപ്പിച്ചപ്പോള്‍ കണ്ണും കാതും മനസ്സും തുറന്നിരുന്ന്  അപ്പു ആസ്വദിച്ചു. നാദസ്വരക്കാരും മൃദംഗവിദ്വാന്മാരും ഓട്ടന്‍ തുള്ളല്‍ക്കാരുമെല്ലാം അവിടെ നിത്യസന്ദര്‍ശകരായി.
കൊല്ലത്തെ ഗവണ്‍മെന്റ് ഇംഗ്ളീഷ് സ്കൂളിലെ പ്രിപറേട്ടറി ക്ളാസ്സിലാണ് അപ്പു ആദ്യമായി ചേര്‍ന്നത്. നാലു ക്ളാസ്സുകളിലെ പഠനം വീട്ടിലിരുന്ന് പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു പ്രവേശനപ്പരീക്ഷയിലൂടെ അര്‍ഹത നേടിയാണ് ഇന്നത്തെ അഞ്ചാം ക്ളാസ്സിന് തുല്യമായ പ്രിപറേട്ടറിയില്‍ ചേര്‍ന്നത്. ആയിടയ്ക്ക് അച്ഛന്റെ ഓസ്റിന്‍കാര്‍ എവിടെയോ ചെന്നിടിച്ചു പഞ്ചറായി. അതുകൊണ്ട് റിക്ഷാവണ്ടിയിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര. അതും അല്പം ഗമയില്‍ത്തന്നെയായിരുന്നു.
ഒരു ജ്യോതിഷ പണ്ഡിതന്‍ കൂടിയായിരുന്ന കൃഷ്ണക്കുറുപ്പിന് തന്റെ ആയുസ്സെത്തുന്ന സമയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നത്രേ. സ്നേഹവാത്സല്യങ്ങളുടെ ആള്‍രൂപമായിരുന്ന അച്ഛന്‍ രോഗബാധിതനായപ്പോള്‍, മദിരാശിയില്‍ ആത്മസുഹൃത്തായ ഡോ. പണ്ടാലയുടെ നഴ്സിംഗ് ഹോമിലേക്ക് ചികിത്സയ്ക്കായി പോയി.  റെയില്‍വേസ്റേഷന്‍വരെ അപ്പുവും അച്ഛനെ അനുഗമിച്ചു.
ആ മകനെ ജീവനു തുല്യം സ്നേഹിച്ച അച്ഛന്‍
നീങ്ങുന്ന വണ്ടിതന്‍appu2
ജാലകത്തില്‍ക്കൂടി
നീളുന്നൊരാര്‍ദ്രമാം
നോട്ടമായ് മാഞ്ഞുപോയ്!
പിന്നെത്തിരികെവ-
ന്നെത്തിയതസ്ഥിയും
വെണ്ണീറുമായൊരു മണ്‍കലശം മാത്രം!
(ദിനാന്തം)
“കത്തുന്ന കുപ്പിവിളക്കിന്റെ ചൂടുപിടിച്ച മേല്‍മൂടിയില്‍ ഒരു തുള്ളി തണുത്ത വെള്ളമിറ്റിച്ചാല്‍ അവിടം പൊട്ടിത്തെറിക്കുംപോലെ, ആഹ്ളാദ ദീപ്തമായ എന്റെ ബാല്യത്തിനു മേല്‍ ആകസ്മികമായി പിതൃമരണമേല്പിച്ച ആഘാതം കനത്തതായിരുന്നു, അച്ഛന്റെ സ്നേഹവാത്സല്യങ്ങള്‍ എന്നിലുണര്‍ത്തിയ സ്വപ്നങ്ങളായിരുന്നു പൊട്ടിത്തെറിച്ചത്.”
അപ്പു അനാഥത്വത്തിന്റെയും ഇല്ലായ്മയുടെയും ക്രൂരമുഖം ഇതാദ്യമായ് കണ്ടു പകച്ചു നിന്നു. ആള്‍ത്തിരക്കും ആഘോഷങ്ങളും കൊണ്ട് സദാ മുഖരിതമായ വീട്ടില്‍ ആളൊഴിഞ്ഞു; മൂകത തളം കെട്ടിനിന്നു. വാടകക്കുടിശ്ശിക തീര്‍ക്കാന്‍, അച്ഛന്‍ പണ്ടെങ്ങോ കഴുത്തിലിട്ടു കൊടുത്ത സ്വര്‍ണച്ചെയിന്‍ നിസ്സഹായതയോടെ അമ്മ ഊരിക്കൊടുത്തപ്പോഴാണ് അപ്പുവിന് വെളിപാടുണ്ടായത്:
“ഇതു വാടകവീടായിരുന്നോ അമ്മേ?”
“അച്ഛന്‍ മദിരാശിയില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നമ്മള്‍ സ്വന്തം വീട്ടിലേക്ക് മാറുമല്ലോ” എന്നാരോ സമാശ്വസിപ്പിച്ചു. ജന്മദേശമായ ചവറയിലെ ഓലമേഞ്ഞ, പഴകി ജീര്‍ണിച്ച തറവാട്ടിലേക്കാണ് പിന്നീട് ചേക്കേറിയത്. വിളക്കുകള്‍ക്കുപോലും വെളിച്ചമില്ലെന്ന് തോന്നിച്ച അവിടെ അമ്മയും മൂന്നു കുഞ്ഞുങ്ങളും ഇല്ലായ്മ പങ്കിട്ടു ജീവിച്ചു.  “ഒരു റിക്ഷാവണ്ടിപോലും ഓടാത്ത ഇടങ്ങളിലൂടെ, വയല്‍ വരമ്പിലൂടെ രണ്ടു നാഴികയകലെയെത്തുന്ന സ്കൂളിലേക്ക് പുസ്തകവും പൊതിച്ചോറും പഴഞ്ചന്‍ കുടയുമായി പോകുന്ന മകനെ കണ്ണില്‍ നിന്നു മറയുംവരെ നോക്കിനില്ക്കുന്ന അമ്മയുടെ വേലിക്കൈതയ്ക്കു പിന്നിലെ നിഴല്‍ച്ചിത്രവും എന്റെ മനസ്സിലിന്നുണ്ട്.”
കൊല്ലത്തെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന തേക്കിലും കരിവീട്ടിയിലും പണിതീര്‍ത്ത മനോഹരമായ അലമാരകളും ഷെല്‍ഫുമൊക്കെ ഓരോന്നായി ആവശ്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനായി വിറ്റുപോകുന്നതിലുള്ള മകന്റെ ദുഃഖവും മൂകമായ പ്രതിഷേധവും അവന്റെ കുഞ്ഞിവായ് പൊത്തിപ്പിടിച്ച് അമ്മ അമര്‍ത്തി. ഒടുവില്‍ അച്ഛന്റെ പ്രിയപ്പെട്ട ഗ്രാമഫോണും appu3പൊയ്പ്പോയപ്പോള്‍ അവന് ദുഃഖം സഹിക്കാനായില്ല. ആരും കാണാതെ അമ്മ സമാധാനിപ്പിച്ചു: “മോന്‍ പഠിച്ചു വലുതാവുമ്പം പുതിയ പാട്ടുപെട്ടി വാങ്ങിക്കണം. പോയതു പോകട്ടെ. നിന്റെയച്ഛന്‍ പോയതിലും വലുതാണോ ഇതൊക്കെ?”
“പുതുതായി ചേര്‍ന്നത് ചവറയിലെ പ്രശസ്തമായ ഇംഗ്ളീഷ് ഹൈസ്കൂളിലായിരുന്നു. അവിടത്തെ താണ ക്ളാസ്സുകളിലെ കുട്ടികളുടെ ശ്ളീലാശ്ളീല വിവേചനമില്ലാത്ത വര്‍ത്തമാനവും മറ്റും എന്നെ അവരില്‍ നിന്നകറ്റി നിര്‍ത്തി. ‘ഏകാന്തതയുടെ അമാവാസി’ തന്നെയായിരുന്നു അത്. അവിടെ എനിക്ക് ഒരു തുള്ളി വെളിച്ചമായത് അച്ഛന്റെ പുസ്തക ശേഖരമായിരുന്നു. വിശേഷിച്ച്  കവിതാ പുസ്തകങ്ങള്‍. ഗദ്യത്തില്‍ സംഗ്രഹിച്ച രാമായണ-ഭാരതവും അറബിക്കഥയും ചില പഴയ നോവലുകളും മറ്റും വായനയുടെ ലോകത്തെ അത്ഭുതങ്ങളായി. ഒരേ വര്‍ഷം രണ്ട് സ്കൂളുകളില്‍ മാറി മാറി പഠിക്കേണ്ടി വന്നതിന്റെ വൈഷമ്യങ്ങള്‍ നികത്താന്‍, വീട്ടില്‍ വന്നു പഠിപ്പിക്കുന്ന രണ്ട് ഗുരുനാഥന്മാരുമുണ്ടായിരുന്നു. അവരുടെ മുന്നിലും, സംശയ നിവൃത്തിക്ക് ‘നളിനി’യും ‘ലീല’യും ‘ബന്ധനസ്ഥനായ അനിരുദ്ധനും’ ‘ശിഷ്യനും മകനും’ നിരത്തിവെച്ചു. അങ്ങനെ സ്കൂളില്‍ പഠിക്കാനില്ലാത്ത പല കൃതികളും കുട്ടിക്കാലത്തുതന്നെ കുറെയൊക്കെ മനസ്സിലാക്കാനിടയായി. അതിലെ ശ്ളോകങ്ങള്‍ ഉരുവിട്ടുകൊണ്ട് ഇടവഴിയും വയല്‍വരമ്പുകളും ഒറ്റയ്ക്കു താണ്ടി സ്കൂളിലേക്കു പോയി വരുമ്പോള്‍ ഒരുതരം അനുരണനം - സിംപതെറ്റിക് വൈബ്രേഷന്‍പോലെ മനസ്സില്‍ ശ്ളോകങ്ങള്‍ തോന്നിത്തുടങ്ങി. കുറിച്ചിടാനും തുടങ്ങി.”
അപ്പുവിന്റെ തോന്ന്യാക്ഷരങ്ങളുടെ പുറപ്പാട് അങ്ങനെയായിരുന്നു. ആ ബാലന്റെ സാഹിത്യവാസനയ്ക്ക് വളമേകാന്‍ പറ്റിയ വേറെയും ചില സാഹചര്യങ്ങളുണ്ടായിരുന്നു. അപ്പു പഠിച്ചിരുന്ന ശങ്കരമംഗലം ഇംഗ്ളീഷ് ഹൈസ്കൂള്‍ അന്ന് തിരുവിതാംകൂര്‍ സംസ്ഥാനത്തെ ഒരു പ്രമുഖ വിദ്യാലയമായി അറിയപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്ര വിലാസത്തിന്റെ കര്‍ത്താവ് മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പ് അവിടത്തെ ഭാഷാ (മലയാളവും സംസ്കൃതവും)ദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായിരുന്ന മുന്‍ഷിappu5 ശങ്കുപ്പിള്ളസ്സാറായിരുന്നു അപ്പുവിന്റെയും അദ്ധ്യാപകന്‍.
ആയിടയ്ക്ക് അപ്പുവിന് ഒരു ചങ്ങാതിയെ കിട്ടി. നമ്പ്യാടിക്കല്‍ വീടിന്റെ വിളിപ്പാടകലെയുള്ള കോലത്തുവടക്കേതില്‍ വീട്ടിലെ ശ്രീകണ്ഠന്‍. അപ്പുവിന്റെ രണ്ട് വര്‍ഷം സീനിയറായ ശ്രീകണ്ഠനും മിതഭാഷിയായിരുന്നു. രണ്ടു പേര്‍ക്കുമുണ്ടായിരുന്ന ഒറ്റപ്പെടലിന്റെ വിഷാദഭാവം അവരെ ഇണക്കിച്ചേര്‍ത്തു. ഒരേ ഇടവഴിയിലൂടെ, വയല്‍
വരമ്പിലൂടെ, ചരല്‍പ്പാതയിലൂടെ സ്കൂളിലേക്ക് അവര്‍ ഒരുമിച്ചുപോയി. അക്കാലത്ത് സ്കൂളില്‍ വെള്ളിയാഴ്ചകളിലെ ഉച്ചയുടെ ഇടവേള ഒന്നര മണിക്കൂറായിരുന്നു. മുസ്ളീം നമസ്കാരത്തിന് വേണ്ടിയുള്ള ഈ നീണ്ട ഇടവേള സാഹിത്യതത്പരരായ വിദ്യാര്‍ ത്ഥികള്‍ ശരിക്കും വിനിയോഗിച്ചു. ഓരോരുത്തര്‍ക്കുമിഷ്ടപ്പെട്ട കവിതകള്‍ വായിക്കുക, സ്വന്തം കവിതകളുണ്ടെങ്കില്‍ ചൊല്ലുക, ഏതെങ്കിലും സാഹിത്യ വിഷയത്തില്‍ സംവാദം നടത്തുക... ഈ വേളകളില്‍ അപ്പു, ആശാന്റെയും വള്ളത്തോളിന്റെയും കവിതകളാണേറെയും ചൊല്ലിയിരുന്നത്. പതുക്കെ സ്വയം രചിച്ച ചില ശ്ളോകങ്ങള്‍ ധൈര്യം സംഭരിച്ച് ചൊല്ലിത്തുടങ്ങി. ഒരു ദിവസം ഒരു ശ്ളോകം ചൊല്ലി നിര്‍ത്തിയപ്പോള്‍ ശ്രീകണ്ഠന്‍ എഴുന്നേറ്റു നിന്നുറക്കെപ്പറഞ്ഞു: “തെറ്റ്! വൃത്തം തെറ്റ്!” അപ്പുവിന് വല്ലാത്ത സങ്കടം തോന്നി. അപ്പോള്‍ കൂട്ടത്തിലുള്ള രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇരുവരെയും കൂട്ടി മുന്‍ഷി ശങ്കുപ്പിള്ളസാറിന്റെ അടുത്തേക്ക് പോയി. സാറിന്റെ മുമ്പില്‍ ഈ ശ്ളോകം വൃത്തപ്പിശകുണ്ടോ എന്നു പരിശോധിക്കാന്‍ സമര്‍പ്പിച്ചു. സാര്‍ തന്റെ കണ്ണട മൂക്കിലേക്കിറക്കിവെച്ച് ആ ശ്ളോകം മൂളി മൂളി വായിച്ചിട്ട് “ഇതിലെവിടെയാ തെറ്റ്!” എന്ന് ചോദിച്ചപ്പോള്‍ ശ്രീകണ്ഠനൊഴികെ എല്ലാവര്‍ക്കും സന്തോഷമായി.
“ഇതാരുടെ പദ്യമാണെന്ന സാറിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഒരു വല്ലാത്ത ലജ്ജയോടെ ഞാന്‍ മടിച്ചു നിന്നപ്പോള്‍ കൂട്ടുകാര്‍ എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞു, ‘ഇയാളാണ്’ - വൃത്തം ശരിയായെങ്കിലും വല്ല അര്‍ത്ഥപ്പിശകും സാറിന്റെ കണ്ണില്‍പ്പെട്ടാലുണ്ടാകുന്ന ക്ഷീണമോര്‍ത്ത് ഞാന്‍ മിണ്ടാതെ നില്ക്കുമ്പോള്‍, സാറെന്റെ പുറത്ത് വാത്സല്യത്തോടെ ഒന്നു തലോടി. ഒരു വലിയ ഫുട്ബോള്‍ മാച്ചില്‍ ജയിച്ചു വരുന്ന സ്കൂള്‍ ടീമിനെപ്പോലെ ആ വെള്ളിയാഴ്ചക്കൂട്ടം എന്നെ മുമ്പേ നടത്തി ക്ളാസ്സില്‍ കൊണ്ടുചെന്നാക്കി. സ്കൂളിന് കിഴക്ക് വശത്തുള്ള രാമന്‍കുളങ്ങരക്ഷേത്രത്തിലെ കളിത്തട്ടായിരുന്നു ആ ഇഷ്ടതോഴര്‍ക്കുവേണ്ടി ഞാന്‍ കവിത ചൊല്ലിയ ആദ്യത്തെ അരങ്ങ്.”
ചവറയില്‍ അന്ന് രണ്ട് വലിയ വായനശാലകളുണ്ടായിരുന്നു. നാട്ടുകാരനും തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ സര്‍വാധികാരിയുമായിരുന്ന ശങ്കരന്‍ തമ്പിയുടെ പേരിലും, തമ്പിയുടെ പ്രേരണ കാരണം നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരിലുമായിരുന്നു അവ. കേശവദേവ്, തകഴി, ബഷീര്‍, അന്തര്‍ജനം, പൊറ്റക്കാട്, പി സി കുട്ടിക്കൃഷ്ണന്‍ തുടങ്ങിയ അന്നത്തെ പ്രമുഖ പുരോഗമന സാഹിത്യകാരന്മാരും ചങ്ങമ്പുഴയും ഇടപ്പള്ളിയുമെല്ലാം അപ്പുവിന്റെ മാനസമിത്രങ്ങളായത് ശങ്കരന്‍തമ്പി സ്മാരക വായനശാലയില്‍വെച്ചായിരുന്നു. അപ്പുവിനെപ്പോലെ ശ്രീകണ്ഠനും വായനശാലയിappu4ലെ പതിവുകാരനായിരുന്നു.
“ശ്രീകണ്ഠന്റെ മധുരമായ പ്ര തികാരത്തിന് ഞാന്‍ വിധേയനായത് തൊട്ടടുത്ത വെള്ളിയാഴ്ചക്കൂട്ടത്തിലാണ്. ശ്രീകണ്ഠന്‍ “ചങ്ങമ്പുഴയുടെ മാസ്റര്‍പീസേത്?” എന്ന ചോദ്യം ചോദിച്ചിട്ടെന്നെ നോക്കി. ഞാന്‍ പറഞ്ഞു. “രമണന്‍!” പൊടുന്നനെ ശ്രീകണ്ഠന്‍ “അല്ലാ...” എന്ന് ഉച്ചത്തില്‍ നീട്ടിപ്പറഞ്ഞു. “രമണനല്ലാതൊരു മാസ്റര്‍ പീസോ ചങ്ങമ്പുഴയ്ക്ക്?” എല്ലാവരും പരസ്പരം നോക്കി. പെട്ടെന്ന് താനുദ്ദേശിച്ച കൃതിയുടെ പേര് പറയാതെ ശ്രീകണ്ഠന്‍ ഒരു ‘സസ്പെന്‍സ്’ ഉണ്ടാക്കി. എന്നിട്ട് ശ്രീകണ്ഠന്‍ താന്‍ ജയിച്ചിരിക്കുന്നു എന്ന അഭിമാനത്തോടെ “വാഴക്കുല” എന്ന് സഹജമായ രീതിയില്‍ പ്രഖ്യാപിച്ചു. അങ്ങനെയൊരു കവിത അന്ന് ഞങ്ങള്‍ക്കാര്‍ക്കുമറിയില്ലായിരുന്നു. ശ്രീകണ്ഠന്‍ ‘വാഴക്കുല’യെപ്പറ്റി ഒരു വിവരണം തന്നു. എന്നിട്ട് രണ്ടു നാലു വരിയും ഉദ്ധരിച്ചു. അന്ന് വൈകിട്ട് ശങ്കരന്‍ തമ്പി ഗ്രന്ഥശാലയില്‍പ്പോയി ലൈബ്രേറിയന്‍ കുട്ടന്‍പിള്ളയോട് ഞാന്‍ വാഴക്കുലയെപ്പറ്റി അന്വേഷിച്ചു. അങ്ങനെയൊരു പുസ്തകമേയില്ലെന്ന് കുട്ടന്‍പിള്ളയും ഒരു സസ്പെന്‍സ് സൃഷ്ടിച്ചു. പിന്നെ സാവകാശത്തിലെല്ലാം പറഞ്ഞു. രക്തപുഷ്പങ്ങള്‍ എന്ന സമാഹാരത്തിലെ ഒരു കവിതയാണ് ‘വാഴക്കുല’. പുസ്തകം വന്നപാടെ ശ്രീകണ്ഠന്‍ കൊണ്ടുപോയി. എന്തായാലും വാഴക്കുല വായിച്ചിട്ട് അതിലെ പല വരികളും എന്റെ പഴയ വീടിന്റെ ചുമരില്‍ പെന്‍സില്‍ കൊണ്ട് പകര്‍ത്തിയിട്ടത് വളരെക്കാലം മായാതെ കിടന്നു.”
അപ്പുവിലെ കവിയെ ഒട്ടേറെ സ്വാധീനിച്ച വാഴക്കുലയെക്കുറിച്ച് ആദ്യമായി പറഞ്ഞ ശ്രീകണ്ഠന്‍ പില്‍ക്കാലത്ത് പ്രശസ്ത നാടകകൃത്തും കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി എന്‍ ശ്രീകണ്ഠന്‍ നായരായി വളര്‍ന്നു.
അപ്പുവിനെ സ്വാതന്ത്യ്രസമരത്തോടും ദേശീയ പ്രസ്ഥാനത്തോടും ആകര്‍ഷിച്ചത് സ്വദേശാഭിമാനി സ്മാരക ഗ്രന്ഥശാലയില്‍ നിന്നെടുത്തു വായിച്ച ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മറ്റും കൃതികളായിരുന്നു. സ്വദേശാഭിമാനി സ്മാരകത്തിന്റെ അങ്കണത്തില്‍വെച്ചാണ് മഹാകവി വള്ളത്തോളിനെ ആദ്യമായി കാണുന്നത്. രാവിലെ നടന്ന സമ്മേളനത്തിലെ വള്ളത്തോളിന്റെ പസംഗം കേട്ടു കഴിഞ്ഞ് സ്കൂളിലെത്തിയപ്പോള്‍ രണ്ട് പീരിയഡ് കഴിഞ്ഞിരുന്നു. അതിനു ശിക്ഷയും കിട്ടി. ഒരു പീരിയഡ് മുഴുവന്‍ ബഞ്ചില്‍ കയറി നില്ക്കുക!
‘ചവറ-പന്മന-തേവലക്കര-ചകിരികൊണ്ടു പിഴയ്ക്കണം’ എന്ന് പണ്ടുള്ളവര്‍ ജാതകം കുറിച്ച ഗ്രാമത്രയത്തിലെ ആദ്യഗ്രാമത്തിലാണ് അപ്പു ജനിച്ചതും എട്ട് വയസ്സ് മുതല്‍ വളര്‍ന്നതും. മറ്റെന്തിനെക്കാളുമുപരിയായി അപ്പുവിലെ കവിയെ സ്വാധീനിച്ചതും വശീകരിച്ചതും ആ ഗ്രാമഭംഗിയും അവിടത്തെ പച്ച മനുഷ്യരുടെ ജീവിതവുമാണ്.

“പച്ചയില്‍പ്പച്ച
പലവിധമെന്നെന്റെappu6
കൊച്ചു നാട്ടിന്‍പുറം
പണ്ടു കാട്ടിത്തന്നു
കന്നിവയലിലെ
ഞാറിന്നിളം പച്ച;
പൊന്‍ മുളങ്കാടിന്റെ
പീലിമുടിപ്പച്ച;
തെങ്ങുകള്‍ ചൂടുന്നൊ-
രോലക്കുടപ്പച്ച;
മണ്ണില്‍പ്പടരും
കറുകവിരിപ്പച്ച;
കണ്ണിന്‍ കുളിരാം
കദളീവനപ്പച്ച;
എണ്ണമിനുപ്പെഴും
പൂവരശിന്‍പച്ച;
പിന്നെയിലഞ്ഞിയും
കൊന്നയും കൈതയും

ജീവിതത്തിലെ ഏറ്റവും വലിയ ഒരു പാഠം അപ്പു പഠിച്ചത് സ്കൂളില്‍ ചേര്‍ന്ന ആദ്യ ദിവസമാണ്.
“ഒരു അദ്ധ്യയന വര്‍ഷത്തിന്റെ മധ്യത്തിലാണല്ലോ കൊല്ലത്ത് നിന്ന് ഞാന്‍ ചവറ സ്കൂളിലേക്ക് മാറി വന്നത്. ഹെഡ്മാസ്ററുടെ മുറിയില്‍ നിന്ന് ഒരു പ്യൂണാണ് എന്നെ ക്ളാസ് മുറിയിലേക്കു കൊണ്ടുപോയത്. ടി സി വാങ്ങി വന്ന പുതിയ കുട്ടിയെ അധ്യാപകന്‍ മുമ്പിലെ ബെഞ്ചില്‍ ഒന്നാമതുതന്നെ ഇരുത്തി. അപ്പോള്‍ പീരിയഡ് അവസാനിക്കുകയായിരുന്നു. അദ്ധ്യാപകന്‍ പുറത്തുപോയി. അടുത്ത പീരിയഡായി. പുതിയൊരദ്ധ്യാപകന്റെ വരവായി. കണക്കുസാര്‍! വന്നപാടെ അദ്ദേഹം ചൂരല്‍ കൊണ്ട് മേശപ്പുറത്തടിച്ചു ശബ്ദമുണ്ടാക്കിയിട്ട് ‘ഹോംവര്‍ക്ക് ചെയ്തുകൊണ്ടുവരാത്തവരെല്ലാം എഴുന്നേറ്റ് നില്ക്ക്!’ എന്നാജ്ഞാപിച്ചു. പിന്‍ ബഞ്ചിലുള്ള രണ്ടോ മൂന്നോ പേര്‍ എഴുന്നേറ്റു. ഞാനും എഴുന്നേറ്റു. ഞാനും ഹോംവര്‍ക്ക് ചെയ്തു കൊണ്ടു വന്നിട്ടില്ലല്ലോ. ചോദിക്കുമ്പോള്‍ കാരണം പറയാം എന്നു കരുതിയും ഏതു കാരണവശാലും കളവ് പറയരുതെന്ന വിശ്വാസം കൊണ്ടും എഴുന്നേറ്റ്  നിന്നതാണ്. കണക്കുസാറാകട്ടെ, മുഖത്തു നോക്കാതെ, ഒന്നും ചോദിക്കാതെ അലുമിനിയം ചുറ്റുള്ള ഒരു പെന്‍സിലിന്റെ അറ്റം എന്റെ കൈയുടെ മുകള്‍ഭാഗത്ത് ചേര്‍ത്തുവച്ച് അച്ചു കുത്തുന്ന മാതിരി ഒരു തിരി തിരിച്ചു. കണ്ണില്‍ നിന്ന് പൊന്നീച്ച പാറി. എങ്കിലും കരഞ്ഞില്ല, ഒന്നും മിണ്ടിയതുമില്ല. അപ്പോള്‍ അടുത്തിരുന്ന കുട്ടി വിളിച്ചു പറഞ്ഞു: “സാര്‍ അയാളിന്നു പുതിയതായി വന്നു ചേര്‍ന്നതാ.” അധ്യാപകന്‍: ‘ആണോ’ കണ്ണട താഴ്ത്തിവെച്ച് എന്നോടു ചോദിച്ചു. ‘അതെ’ എന്നു പറയുമ്പോള്‍ ഞാന്‍ വിതുമ്പുന്നുണ്ടായിരുന്നു. ‘പിന്നെ എഴുന്നേറ്റു നിന്നതെന്തിനാ?’ എന്ന് കുറേക്കൂടി രോഷത്തോടെ ചോദിച്ചുകൊണ്ട് ശിക്ഷാര്‍ഹരായ മറ്റ് കുട്ടികളുടെ അടുത്തേക്കു പോകുകയും മുറതെറ്റാതെ ഒരനുഷ്ഠാനം പോലെ പെന്‍സില്‍ പ്രയോഗം നടത്തുകയും ചെയ്തു. ഞാനെഴുന്നേറ്റതു ശരിയോ തെറ്റോ? ഈ ചോദ്യം ഉത്തരം കിട്ടാത്ത ഒരു കണക്കുപോലെ എന്റെ ഉള്ളില്‍ കിടന്നു. എന്നാല്‍ സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ വേദനിക്കേണ്ടി വരുമെന്ന പാഠമാണ് ഞാനവിടെ നിന്ന് ആദ്യ നാളുകളില്‍ പഠിച്ചത്. അത് എത്ര ശരി എന്ന് ഇന്നും തോന്നുന്നു.”


പുന്നയും ചാര്‍ത്തു
മോരോരോ തരം പച്ച!”
(ദിനാന്തം)
എന്നാല്‍ അപ്പുവിന്റെ കൊച്ചു മനസ്സിനെ വല്ലാതെ അലട്ടുന്ന കാഴ്ചകളായിരുന്നു ഏറെയും. അവിടത്തെ പാവപ്പെട്ട തൊഴിലാളികളുടെയും കൃഷിക്കാരുടെയും ദയനീയമായ ജീവിതാവസ്ഥ അപ്പു നേരിട്ടു കണ്ടറിഞ്ഞു.
ചീയുന്ന തൊണ്ടുകള്‍
തല്ലിച്ചതച്ചു പൊന്‍
നാരാക്കി മാറ്റും
ചകിരിക്കുഴികളില്‍
മാടും മനുഷ്യനു
മൊന്നായ് മടയ്ക്കുമാ
പാടങ്ങളില്‍ -മ-
ണ്ണരിച്ചു വിലപ്പെട്ട
ലോഹത്തരികള്‍ വേ
റാക്കുവാന്‍ ജീവിതം
ആഹുതി ചെയ്വോര്‍
പണിയിടങ്ങളില്‍
മാനവ ജീവിത
മെന്ന ദൈന്യത്തിന്റെ
മൌനദുഃഖങ്ങളില്‍
തൊട്ടു നടന്നു ഞാന്‍.

അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അവയ്ക്ക് ഉത്തരം തേടിക്കൊണ്ടും തൊഴിലാളി നേതാക്കളായ കണ്ണന്തോടത്ത് ജനാര്‍ദനന്‍ നായരും, സുഗതന്‍ സാറും എന്‍ ശ്രീകണ്ഠന്‍ നായരും മറ്റും ഉച്ചഭാഷിണിയില്ലാതെ ഉറക്കെപ്പറഞ്ഞ വാക്കുകള്‍ക്ക് കാതോര്‍ത്തുനിന്നു കൌമാര പ്രായക്കാരനായ അപ്പു.
“ലോകമെമ്പാടുമുള്ള നിന്ദിതരും പീഡിതരുമായ നിസ്വ വര്‍ഗത്തിന്റെ കൂടെ നില്ക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായിത്തോന്നി. ഒരു കവിയാവുക എന്നതിനും മീതെ ഈ നിസ്വരുടെ വിമോചനം സ്വപ്നം കണ്ടു കഴിഞ്ഞ ആ കാലത്ത് എന്റെ കവിതയില്‍ ഏറെ ചോര വാര്‍ന്നു വീണു. അതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമേറ്റു വാങ്ങിയിട്ടുണ്ട്. ഒരു തത്ത്വശാസ്ത്രത്തെ പ്രവാചക സ്ഥാനത്തു നിര്‍ത്തി, അത് ചൂണ്ടിക്കാട്ടിയ വാഗ്ദത്ത ഭൂമിയിലേക്ക് നടന്നു നീങ്ങിയ ചൂടേറിയൊരു വേനലായിരുന്നു ആ കാലഘട്ടം.”
അങ്ങനെയൊരു വേനല്‍ക്കാലത്തിന്റെ കൊടുംചൂടില്‍ വളര്‍ന്ന് മലയാള ഭാഷയിലെ ഏറ്റവും വലിയ കവികളിലൊരാളായി, ഒടുവിലിതാ ഭാരതീയ സാഹിത്യ മണ്ഡലത്തിലെ പരമോന്നത സ്ഥാനമായ ജ്ഞാനപീഠമേറി
നില്ക്കുന്ന ആ പഴയ അപ്പുവിന്റെ, മലയാളിയുടെ പ്രിയപ്പെട്ട ഒ എന്‍ വിയുടെ പാട്ട് തലമുറകളായി ഏറ്റുപാടിക്കൊണ്ടിരിക്കുന്നു.
“എന്റെ പാട്ടില്‍ കട-
ലുപ്പുണ്ട്, ഭൂമി തന്‍
കണ്ണുനീരുപ്പാണ-
തെന്നറിയുന്നു ഞാന്‍...
(ദിനാന്തം)

അവലംബം: നടക്കാവുകളിലൂടെ: ഒ എന്‍ വി
ഞാനഗ്നി: ഒ എന്‍ വി
ദിനാന്തം: ഒ എന്‍ വി
ഒ എന്‍ വി കവിതകളുടെ സമാഹാരം
ഒ എന്‍ വിയിലൂടെ: ചവറ കെ എസ് പിള്ള
കൌമുദി: സി എന്‍  ശ്രീകണ്ഠന്‍ നായര്‍പ്പതിപ്പ്

ബൈജു ചന്ദ്രന്‍
വര : അനിഷ തമ്പി