KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ ഹിറ്റെര്‍ പീറ്ററും ധനികനും
ഹിറ്റെര്‍ പീറ്ററും ധനികനും

thamasha
ഹിറ്റര്‍ പീറ്റര്‍ - ബള്‍ഗേറിയയിലെ ഒരു സാധു കര്‍ഷകന്‍; പക്ഷേ ആള്‍ മഹാസൂത്രശാലിയാണ് കേട്ടോ. ഒരിക്കല്‍ ഹിറ്റര്‍ പീറ്റര്‍ തന്റെ അയല്‍ക്കാരനായ ധനികനെ ശുണ്ഠി പിടിപ്പിച്ചു.
ആ ദിവസം, ഹിറ്റര്‍ പീറ്റര്‍ പണി കഴിഞ്ഞ് കഴുതയുമായി നടന്നു വരികയായിരുന്നു. അയാള്‍ പതിയെ ഒരു മൂളിപ്പാട്ടു മൂളി. ചുറ്റും നടക്കുന്നതൊന്നും അയാള്‍ ശ്രദ്ധിച്ചതേയില്ല. പെട്ടെന്ന് ആരോ അയാളെ വിളിച്ചു. “ഏയ്...”
thamasam1അത് ധനികനായ ആ മനുഷ്യനായിരുന്നു.thamasha2
ഓ... ഹിറ്റര്‍ പീറ്റര്‍ അയാളെ അഭിവാദനം ചെയ്യാന്‍ വിട്ടുപോയി. ധനികന് ദേഷ്യം വന്നു. പണക്കാരനായതു കാരണം എല്ലാവരും അയാളെ വണങ്ങിയിരുന്നു. ഹിറ്റര്‍ പീറ്റര്‍... ആളു കൊള്ളാമല്ലോ... ഇയാള്‍ക്കെങ്ങനെ അതിന് ധൈര്യം കിട്ടി?
“എന്താ എന്നെ അഭിവാദനം
ചെയ്യാതിരുന്നത്?”
അയാള്‍ കോപത്തോടെ ചോദിച്ചു.
“ഞാനെന്തിന് നിങ്ങളെ അഭിവാദനം ചെയ്യണം?”
ഹിറ്റര്‍ പീറ്റര്‍ ചോദിച്ചു.
“ഞാന്‍ ധനികനായതുകൊണ്ട്. എന്റെ കൈയില്‍ 1000 സ്വര്‍ണനാണയങ്ങളുണ്ട്.”
“ഓ, അപ്പോള്‍ നിങ്ങളുടെ കൈവശം 1000 സ്വര്‍ണ നാണയങ്ങളുണ്ട്. പക്ഷേ അത് നിങ്ങളുടേത് മാത്രമാണ്; എന്റേതല്ല. അപ്പോള്‍ ഞാന്‍ താങ്കളെയെന്തിന് അഭിവാദനം ചെയ്യണം?” ഹിറ്റര്‍ പീറ്റര്‍ വാദിച്ചു.
“ഞാന്‍ 500 സ്വര്‍ണ നാണയങ്ങള്‍ നിങ്ങള്‍ക്ക് തന്നാലോ? അപ്പോള്‍ നിങ്ങള്‍ എന്നെ അഭിവാദനം ചെയ്യുമോ?” ധനികന്‍ ആരാഞ്ഞു.
“നിങ്ങള്‍ എനിക്ക് 500 എണ്ണം തന്നാല്‍, നിങ്ങള്‍ക്ക് 500, എനിക്കും 500. നാം തുല്യരാകും. അപ്പോള്‍ ഞാനെന്തിന് നിങ്ങളെ അഭിവാദനം ചെയ്യണം?” എന്നായി ഹിറ്റര്‍ പീറ്റര്‍.
“ഞാന്‍ 1000 സ്വര്‍ണ നാണയങ്ങളും തന്നാലോ?”
“ആഹാ. കൊള്ളാം. എനിക്ക് 1000 സ്വര്‍ണ നാണയങ്ങള്‍; നിങ്ങള്‍ക്കൊന്നുമില്ല. അപ്പോള്‍ നിങ്ങളല്ലേ എന്നെ കുമ്പിട്ട് അഭിവാദനം ചെയ്യേണ്ടത്?”
ഇതും പറഞ്ഞ് ഹിറ്റര്‍ പീറ്റര്‍ തിരിഞ്ഞു നടന്നു.

പുനരാഖ്യാനം, വര: ഇന്ദു ഹരികുമാര്‍