KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അര്‍ജുന വനവാസം

mahabaharathm_title

ലജ്ജാസംഭ്രമങ്ങളാല്‍ വിവശയായി സുഭദ്ര തന്റെ മന്ദിരത്തിലേക്കു തിരിച്ചെത്തി മെത്തയില്‍ വീണു. വിവരങ്ങളറിഞ്ഞ അമ്മ ദേവകി അവളെ ആശ്വസിപ്പിച്ചു. “പരമയോഗ്യനായ പാര്‍ഥനില്‍ തന്നെയാണല്ലോ നീ മനസ്സുവെച്ചത്. കൃഷ്ണനോടു പറഞ്ഞ് ഈ വിവാഹം നടത്തിത്തരുന്നുണ്ട്. ആശ്വസിക്കുക.” - സാധുശീലയായ ദേവകീദേവി കപടസന്യാസിയുടെ വിവരമെല്ലാം ഒന്നുമറിയാത്ത മട്ടില്‍ നില്‍ക്കുന്ന കൃഷ്ണനെ അറിയിച്ചു. ഭഗവാന്‍ പറഞ്ഞു. ““അതാണ് സുഭദ്രയ്ക്കു ഹിതമെങ്കില്‍ നാം ഈ വേളി നടത്തിക്കൊടുക്കാന്‍ ബാധ്യസ്ഥരാണ്.” ബലഭദ്രരാമന്‍ സുഭദ്രയെ ദുര്യോധനപുത്രനായ ലക്ഷ്മണനു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും ഈ വിവാഹത്തിന് അനുമതി നല്‍കുകയില്ലെന്നുമറിയുന്ന വാസുദേവന്‍ അദ്ദേഹമറിയാതെ തന്നെ അനുജത്തിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു.
സുഭദ്രയ്ക്ക് അസ്വാസ്ഥ്യമാണെന്നും അതിനു പരിഹാരമായി ബന്ധുക്കളായ എല്ലാ യാദവരും ദ്വീപിലെത്തി മഹേശ്വര പൂജ നടത്തണമെന്നും വിധിക്കപ്പെട്ടു. ബലഭദ്ര - കൃഷ്ണന്മാരും മറ്റു യാദവ വീരന്മാരുമെല്ലാം ദ്വീപിലേക്കു പുറപ്പെട്ട് അവിടെ മഹേശോത്സവമാരംഭിച്ചു. വൃഷ്ണികളോടൊപ്പം പാട്ടും കൂത്തും മദ്യസേവയുമായി മേളിച്ച ശേഷം ബലഭദ്രരാമന്‍ ഉറക്കമായി.
ഈ അവസരം നോക്കി വാസുദേവന്‍ ചില ആപ്ത ബന്ധുക്കളുമൊത്തു തിരിച്ചെത്തി വേളിക്കൊരുങ്ങി. കൃഷ്ണന്‍ വരുന്നതു കണ്ട് സന്തുഷ്ടനായ പാര്‍ഥന്‍ ദേവേന്ദ്രനെ ധ്യാനിച്ചു. ഇന്ദ്രാദികള്‍ ദിവ്യഭൂഷണങ്ങളും വസ്ത്രങ്ങളുമായി മാനത്തുനിന്നിറങ്ങി വന്നു. ശ്രീകൃഷ്ണപത്നിമാരും ദേവസ്ത്രീകളുമൊത്തുചേര്‍ന്ന് അലങ്കരിച്ചൊരുക്കിയ സുഭദ്ര വധൂവേഷത്തില്‍ ശചീദേവിയെപ്പോലെ ലാവണ്യവതിയായി വിളങ്ങി. സന്യാസിവേഷം ത്യജിച്ച് അര്‍ജുനന്‍ സ്വന്തരൂപം പൂണ്ടു. പുത്രനെ തഴുകി ദേവേന്ദ്രന്‍ സമ്മാനിച്ച ദിവ്യകിരീടവും രത്നഹാര കുണ്ഡലങ്ങളും ദിവ്യവസ്ത്രങ്ങളുമണിഞ്ഞ് ആ വീരന്‍ ഇന്ദ്രതുല്യം പ്രശോഭിച്ചു. ദേവകളെയും വൃഷ്ണികളെയും സാക്ഷിയാക്കി സഹോദരിയെ ശ്രീകൃഷ്ണന്‍ അmahabharatham1ര്‍ജുനന് കൈപിടിച്ചു നല്‍കി ആശീര്‍വദിച്ചു. വേളി കഴിഞ്ഞയുടന്‍ തന്നെ ശ്രീകൃഷ്ണനും യാദവരും ദ്വീപിലേക്കു മടങ്ങിപ്പോയി. ദേവതകളും മറഞ്ഞു.
വധൂവരന്മാര്‍ തനിച്ചായപ്പോള്‍ പാര്‍ഥന്‍ പറഞ്ഞു. “ഭദ്രേ, തേരു വരുത്തുക. നമുക്ക് പോകാന്‍ നേരമായിരിക്കുന്നു.”  തേര് തയ്യാറായി വന്നെത്തി. മണികിലുക്കിക്കൊണ്ട് അശ്വങ്ങള്‍ അക്ഷമരായി ചുരമാന്തവേ ഹാരകിരീടാഭരണങ്ങള്‍ ധരിച്ചും പടവില്ലു കൈയിലേന്തിയും ദേവതുല്യനായ അര്‍ജുനന്‍ ഇറങ്ങിവന്ന് തന്റെ പിന്നാലെവന്ന വധൂവേഷധാരിണിയായ സുഭദ്രയെ തേരിലേക്കു കൈപിടിച്ചു കയറ്റി, താനും കയറി. കണ്ടുനിന്ന പൌരന്മാര്‍ ഹാഹാരവം മുഴക്കി. ശ്രീകൃഷ്ണ സോദരിയെ, യാദവകുലശ്രീയെ ഇതാ ആരുമറിയാതെ കൊണ്ടുപോവുകയോ? കാവല്‍ക്കാര്‍ പാഞ്ഞെത്തി തടഞ്ഞു. സുഭദ്ര പറഞ്ഞു:  “ആര്യപുത്ര, അങ്ങു വില്ലെടുത്താലും, ഞാന്‍ തേര് നടത്തിക്കൊള്ളാം. ആ യുദ്ധകേളി കാണാന്‍ എനിക്ക് മോഹമുണ്ട്. ‘വീരനായ പാര്‍ഥന്റെ തേര് നടത്തേണ്ടവളാണ് നീ’ എന്ന് എന്റെ പ്രിയ ജ്യേഷ്ഠന്‍ വസുദേവകൃഷ്ണന്‍ പണ്ടേ അരുളിച്ചെയ്തിട്ടുണ്ട്.” നഗരദ്വാരത്തില്‍ യാദവമഹാസേന അര്‍ജുനനെ തടഞ്ഞുനിര്‍ത്തി വളഞ്ഞു യുദ്ധം തുടങ്ങി. പാര്‍ഥരഥം യാദവ സേനയ്ക്കിടയില്‍ ഇരമ്പിക്കയറി അവരെ ചിതറിച്ചു. അസ്ത്രങ്ങള്‍ മഴപോലെ പെയ്ത് അവരുടെ തേരുകളും കൊടികളും ആയുധങ്ങളും മുറിച്ചെറിഞ്ഞുവെങ്കിലും അത്ഭുതം! ഒരാളെയും മുറിവേല്പിച്ചില്ല, വധിച്ചില്ല!  സുഭദ്ര ആഹ്ളാദത്തോടെ ഭര്‍ത്തൃവീര്യം കണ്ടുകൊണ്ടാടി. പടച്ചട്ടകള്‍ പിളര്‍ന്നും തേരൊടിഞ്ഞും ആയുധങ്ങള്‍ മുറിഞ്ഞും നിസ്സഹായമായ യാദവസൈന്യം ക്രോധത്തോടെ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ സേനാപതിയായ വിപൃഥു കൈകളുയര്‍ത്തി അവരെ തടഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു. “മതിയാക്കുവിന്‍! യുദ്ധം നിര്‍ത്തുവിന്‍.” കടല്‍ത്തിരകള്‍ പിന്മാറുംപോലെ സേനകള്‍ മടങ്ങി. വിപൃഥു അര്‍ജുനനെ ആശ്ളേഷിച്ചുകൊണ്ടു പറഞ്ഞു. “പുരുഷശ്രേഷ്ഠ, അങ്ങയെ ഞാന്‍ അഭിനന്ദിക്കുന്നു. ശ്രീകൃഷ്ണ വാക്യത്താല്‍ ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. ഇതാ ഭഗവാന്റെ പള്ളിത്തേരുതന്നെ നിങ്ങള്‍ക്കായി എത്തിയിരിക്കുന്നു. സുഖമായി പോകുവിന്‍.”
പൊന്നിന്‍കിങ്ങിണി കിലുക്കുന്ന വെളുത്ത കുതിരകളെ പൂട്ടിയ മഹാരഥത്തില്‍ സുഭദ്രയോടൊപ്പം അര്‍ജുനന്‍ കയറി അതിവേഗം ഇന്ദ്രപ്രസ്ഥത്തിലേക്കു പാഞ്ഞുപോയി.
സൈനികര്‍ ഓടിച്ചെന്ന് അറിയിച്ച സുഭദ്രാഹരണകഥ കേട്ട ബലഭദ്രര്‍ ക്രോധാഗ്നികൊണ്ടു ജ്വലിച്ച് മറ്റ് വൃഷ്ണി പ്രമാണികളെയെല്ലാം വിളിച്ചുകൂട്ടി. മദം കൊണ്ടു കണ്ണു കലങ്ങിയ അവര്‍ സഭയിലെത്തി പീഠങ്ങളില്‍ ഇരുന്ന് പാര്‍ഥനെ സംഹരിക്കുമെന്നു വീരവാദം മുഴക്കിത്തുടങ്ങി. “തേരുകള്‍ പൂട്ടുവിന്‍, കുതിരകള്‍ വരട്ടെ. സൈന്യങ്ങള്‍ അണിനിരക്കുവിന്‍. നാം അവനെ പിന്തുടര്‍ന്നു ചെന്ന് മര്യാദ പഠിപ്പിക്കുന്നുണ്ട്.””എന്നു പറഞ്ഞു. “നിങ്ങള്‍ മിണ്ടാതിരിക്കുവിന്‍. കണ്ണന്‍ എന്തുകൊണ്ട് ഒന്നും പറയാതിരിക്കുന്നു എന്നു കേള്‍ക്കട്ടെ. ആ ധിക്കാരി നമ്മെയെല്ലാം മാത്രമല്ല കണ്ണനെയും നിന്ദിച്ചിരിക്കുന്നു. പാമ്പിന്റെ പത്തിമേലാണ് അവന്‍ കാല്‍ വെച്ചിരിക്കുന്നത്. അവനെയും ആ കുലത്തെയും ഞാന്‍ മുടിക്കുന്നുണ്ട്!”
ഇപ്രകാരം ഗര്‍ജിക്കുന്ന ബലരാമന്റെ ചുവന്നു ജ്വലിക്കുന്ന മുഖം നോക്കി, കോപത്താല്‍ ഗര്‍ജിക്കുന്ന വൃഷ്ണികളെ നോക്കി, മന്ദഹാസത്തോടെ വാസുദേവന്‍ ഇങ്ങനെ അരുളിച്ചെയ്തു.
“ജ്യേഷ്ഠാ, ഞാന്‍ നേര ത്തെതന്നെ മുന്നറിയിപ്പ് തന്നിട്ടും അവിടുന്നു കേട്ടില്ലല്ലോ. അതിസുന്ദരനായ യുവസന്യാസിയെ കന്യാഗൃഹത്തിനരികില്‍ പാര്‍പ്പിക്കരുതെന്ന് ഞാന്‍ അന്നേ പറഞ്ഞതല്ലേ? എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മനസ്സടക്കി നിങ്ങളേവരും ആലോചിച്ചു നോക്കുവിന്‍. എന്തപരാധമാണ് അര്‍ജുനന്‍ ചെയ്തത്! സ്വയംവരം ക്ഷത്രിയകന്യകമാര്‍ക്ക് വിധിച്ചതല്ലേ! വീരനായ ഒരുവന് കന്യയെ ഹരിക്കുവാനും വിധിയുള്ളതല്ലേ! അല്ലെങ്കില്‍തന്നെ പാര്‍ഥന്‍ നമ്മുടെ അച്ഛന്‍പെങ്ങളുടെ മകനും നമ്മുടെ സോദരിക്ക് അനുയോജ്യനുമല്ലേ? വില്ലാളിവീരനും സുന്ദരനും യശസ്വിയും കുലീനനുമായ ധനഞ്ജയന്‍ നമ്മുടെ ഉറ്റ ബന്ധുകൂടിയായിത്തീര്‍ന്നതില്‍ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? അവന്റെ പിന്നാലെ ചെന്നു പടവെട്ടിയാല്‍തന്നെ നാം ജയിക്കുമെന്ന് ഉറപ്പുണ്ടോ? തോറ്റാല്‍ പിന്നെയുണ്ടാകുന്ന അപമാനം സഹിക്കാനാവുമോ? പിന്നാലെചെന്ന് അവരെ പിന്തിരിപ്പിച്ച് അനുനയിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.”
ഇപ്രകാരം മധുരമായി വാദിച്ച് വൃഷ്ണികളെ അനുനയിപ്പിച്ചതിനുശേഷം ശ്രീകൃഷ്ണന്‍ അവരുമൊത്ത് സുഭദ്രാര്‍ജുനന്മാരെ പിന്തുടര്‍ന്നു ചെന്നു. വൃഷ്ണികളുടെ പെരുമ്പറയൊച്ച കേട്ട അര്‍ജുനന്‍ തേരുനിര്‍ത്തി തിരിഞ്ഞു നില്‍ക്കുകയായി. “ഭദ്രേ, നിന്റെ ബന്ധുക്കളിതാ യുദ്ധോദ്യുക്തരായി പാഞ്ഞു
വരുന്നുണ്ട്. എന്റെ ബാണങ്ങളാല്‍ അവരെ തകര്‍ത്തെറിയുന്നതു കണ്ടുകൊള്‍ക.”  “അരുതേ” എന്ന് സുഭദ്ര പാര്‍ഥന്റെ കാല്‍ക്കല്‍ വീണു. “വൃഷ്ണികള്‍ക്ക് സുഭദ്ര കലിയായിത്തീര്‍ന്നു എന്നു കേള്‍പ്പിക്കാന്‍ ഇടവരുത്തരുതേ, എനിക്കു ദുഃഖമുണ്ടാക്കരുതേ,” എന്നപേക്ഷിക്കുന്ന പ്രിയയുടെ കണ്ണീരുകണ്ട് പാര്‍ഥന്‍ അടങ്ങി. ബാണങ്ങള്‍ എയ്ത് രാജമാര്‍ഗത്തിലും കൊടിമരത്തിന്മേലും ഭൂമിയിലുമെല്ലാം തറപ്പിച്ചുകൊണ്ട് സുഭദ്ര അതിവേഗം തെളിക്കുന്ന തേരില്‍ അര്‍ജുനവീരന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു പാഞ്ഞുപോയി. പിറകെചെന്ന വൃഷ്ണികളാവട്ടെ രാജപാതയിലും കൊടികളിലും ഭൂമിയിലുമെല്ലാം തറച്ചു നില്‍ക്കുന്ന പാര്‍ഥബാണങ്ങള്‍ കണ്ടും സുഭദ്ര തെളിക്കുന്ന ശ്രീകൃഷ്ണരഥത്തില്‍ അവര്‍ അകന്നു പൊയ്ക്കഴിഞ്ഞു എന്നറിഞ്ഞും പിന്മടങ്ങി സ്വഗൃഹങ്ങളിലേക്കു പോയി.
സുഭദ്രാര്‍ജുനന്മാര്‍ പൂങ്കാവനങ്ങളിണങ്ങിയ മനോഹരമായ ഇന്ദ്രപ്രസ്ഥ പുരം കണ്ട് അതിനരികിലുള്ള ഒരു ഗൃഹത്തിലെത്തി വിശ്രമിച്ചു. പിmahabharatham2ന്നീട് പാര്‍ഥന്‍ സുഭദ്രയോടു പറഞ്ഞു. “പ്രിയേ, നീ രാജകീയ വേഷഭൂഷകള്‍ മാറ്റി ഒരു ഗോപസ്ത്രീയുടെ വേഷംധരിച്ച് അന്ത:പുരത്തിലേക്കു ചെല്ലുക. നാം ഒന്നിച്ചുചെന്നാല്‍ ദ്രൌപദി കുപിതയായി പരുഷവാക്കുകള്‍ പറയും. ആദ്യം നിന്നെ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ദൃഢവ്രതയായ അവള്‍ വാക്കു മാറ്റുകയില്ല
തന്നെ. അഭിമാനം വെടിഞ്ഞ് നീയിതു ചെയ്താലും.”
“അങ്ങനെ തന്നെ” എന്നു സമ്മതിച്ച് സുഭദ്ര ഗോപസ്ത്രീയുടെ വേഷംകെട്ടി. ചുവന്ന പരുക്കന്‍ ചേലയുടുത്ത് മുടി ഉയര്‍ത്തിത്തിരുകി പൂചൂടി, മുത്തുമാലയും കുപ്പിവളകളും അണിഞ്ഞ് മറ്റ് ഗോപസ്ത്രീകളുമൊത്ത് കൊട്ടാരത്തിലേക്കു കാല്‍നടയായി ചെന്നെത്തി. അന്തഃപുരത്തില്‍ പ്രവേശനമനുവദിക്കപ്പെട്ട അവര്‍ ആദ്യം കുന്തീദേവിയെക്കണ്ട് നമസ്കരിച്ചു. പിന്നീട് ദ്രൌപദിയുടെ അരികില്‍ ചെന്നു നമസ്കരിച്ച് “എന്നെ ദാസിയായി സ്വീകരിച്ചാലും” എന്നപേക്ഷിച്ചു. മനോഹരിയായ ഗോപകന്യകയെക്കണ്ട് സന്തുഷ്ടയായ പാഞ്ചാലി അവളെ കൈപിടിച്ചു തഴുകി. “നീ ഭര്‍ത്താവോടൊത്ത് സുഖമായി വാഴുക” എന്ന് അനുഗ്രഹിച്ചു. അവളുടെ സൌന്ദര്യാതിരേകം കണ്ട് വിസ്മയിച്ച ദ്രൌപദി “ആരു നീ?” എന്ന് ചോദ്യം ചെയ്കെ “ഞാന്‍ കൃഷ്ണ സോദരിയായ സുഭദ്ര” എന്ന് ഗോപകന്യക ലജ്ജയോടെ  പറഞ്ഞു. ആ വാക്കു കേട്ട ദ്രൌപദി ആനന്ദത്തോടെ അവളെ വാരിപ്പുണര്‍ന്ന് അങ്കത്തിലിരുത്തി ലാളിച്ചു. കണ്ണന്റെ പെങ്ങളെന്ന് വാത്സല്യത്തോടെ വീണ്ടും വീണ്ടും വിളിക്കപ്പെട്ട അവള്‍ വിനയത്തോടെ പാഞ്ചാലിയുടെ പാര്‍ശ്വത്തില്‍ ശോഭയോടെ വസിച്ചു.
ഏറെനാള്‍ കൂടി സ്വഗൃഹത്തിലെത്തിച്ചേര്‍ന്ന അര്‍ജുനനെ യുധിഷ്ഠിരാദികള്‍ ഹര്‍ഷാശ്രുക്കളോടെ സ്വീകരിച്ചു. ധൌമ്യ പുരോഹിതനെയും മാതാവിനെയും വന്ദിച്ച പാര്‍ഥന്‍ സോദരന്മാരുമൊത്ത് ആനന്ദിച്ചു വാണു. സാക്ഷാല്‍ ലക്ഷ്മീദേവിയെപ്പോലെ മനോഹരിയായ കൃഷ്ണസോദരിയെക്കണ്ട് കുന്തീദേവിയും പാണ്ഡവന്മാരും ഏറ്റവും ആനന്ദിച്ചു.
സാന്ത്വനവാക്കുകളാല്‍ ബലഭദ്രരെയും വൃഷ്ണിവീരന്മാരെയുമെല്ലാം ശാന്തരാക്കിയ ശേഷം ശ്രീകൃഷ്ണന്‍ സഹോദരിക്കു നല്‍കേണ്ട സമ്മാനങ്ങളെന്തെന്ന് കൂടിയാലോചിക്കുകയായി. എടുക്കാനാവാത്ത ദ്രവ്യവും പൊന്നണിഞ്ഞ കിങ്ങിണി കിലുങ്ങുന്ന, നാല് വെള്ളക്കുതിരകളെ വീതം പൂട്ടിയ ആയിരം തേരുകളും കറക്കുന്ന നൂറൂ നൂറു പശുക്കളും വന്‍മലയൊത്ത പൊന്നണിഞ്ഞ ആയിരം ആനകളും വെളുത്ത പെണ്‍കുതിരപ്പടയും ആഭരണങ്ങളണിഞ്ഞ സുന്ദരിമാരായ ആയിരം ദാസിമാരും നൂറു വെളുത്ത മുത്തുമാലകളും ആയിരം പവിഴമാലകളും പാദപീഠങ്ങളും വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും മറ്റുമായി മഹാധനം സ്വരൂപിക്കപ്പെട്ടു. അവയെല്ലാം വഹിച്ചുകൊണ്ട് ആനകളും അമ്പാരികളും തേരുകളും കാലാള്‍പ്പടകളുമായി ഒരു മഹാസംഘം ഇന്ദ്രപ്രസ്ഥത്തിലേക്കു പുറപ്പെട്ടു.
ശ്രീകൃഷ്ണ ബലരാമന്മാരും വൃഷ്ണികളും വരുന്ന വിവരം കേട്ട യുധിഷ്ഠിരന്റെ ആജ്ഞപ്രകാരം നഗരപാതകള്‍ കഴുകി
മിനുക്കി പൂക്കള്‍ വിതറിയും ഇരുവശവും പൂമാലകളും കൊടിതോരണങ്ങളും തൂക്കിയും അകില്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ പുകച്ചും അലങ്കരിച്ചൊരുക്കി. ആ വിധം നയനാഭിരാമമായ ആ പുരിയിലേക്ക് രാമ കൃഷ്ണന്മാരും വൃഷ്ണികളും പൌരജനങ്ങളുടെ പൂജയേറ്റുകൊണ്ട് ആനയിക്കപ്പെട്ടു. യുധിഷ്ഠിരനും അനുജന്മാരും അവരെ സ്നേഹാദരപൂര്‍വം സ്വാഗതം ചെയ്തു സല്‍ക്കരിച്ചു. അന്തഃപുരത്തിലേക്ക് ചെന്ന ബലരാമ കൃഷ്ണന്മാര്‍ പാഞ്ചാലിയോടൊപ്പം സലജ്ജം പ്രണമിച്ച സുഭദ്രയെ ആലിംഗനംചെയ്ത് അനുഗ്രഹിച്ചു. ഏതാനും നാള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ദേവതുല്യമായ സുഖഭോഗങ്ങളോടെ പാര്‍ത്ത ശേഷം സഹോദരിക്ക് എണ്ണിയാലൊടുങ്ങാത്ത ധനവും സമ്മാനങ്ങളും നല്‍കിയിട്ട് വാസുദേവനും വൃഷ്ണികളും ദ്വാരകയിലേക്കു മടങ്ങി. സുഭദ്രാ വിവാഹത്തോടെ ബന്ധുത്വം കൂടുതല്‍ പ്രബലമായതില്‍ പാണ്ഡവര്‍ സന്തുഷ്ടരായിത്തീര്‍ന്നു.
തുടരും

സുഗതകുമാരി
വര: ജെയേന്ദ്രന്‍