KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കേരള നവോത്ഥാന ശില്പികള്‍bookreviewമാനവരാശിയുടെ സംസ്കാരം ആരംഭിക്കുന്നത് അവര്‍ക്ക് പൂര്‍വികരെക്കുറിച്ചുള്ള സ്മരണ ഉണരുന്നതോടെയാണ്. മഹതീമഹാന്മാരുടെ പാരമ്പര്യവും മാതൃകകളുമാണ് പുതിയ തലമുറയുടെ വിശ്വാസങ്ങള്‍ക്കും ജീവിത സമ്പ്രദായങ്ങള്‍ക്കും വഴികാട്ടുന്നത്. കാലം മാറുന്നതോടെ പൂര്‍വികരുടെ ആശയങ്ങളും ഉപദേശങ്ങളും കാലഹരണപ്പെട്ട് പുതിയവയ്ക്ക് വഴി മാറി കൊടുക്കുന്നതും ചരിത്രനിയോഗം തന്നെ. എങ്കിലും പഴമയില്‍ കാല്‍കുത്തി നിന്നുകൊണ്ട് വേണം പുതുമയുടെ ചക്രവാളത്തിലേക്ക് കൈനീട്ടാനും കുതിക്കാനും. അതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ് മഹദ് ചരിത്രങ്ങള്‍. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് കേരള നവോത്ഥാന ശില്പികള്‍ എന്ന പേരില്‍ ഒരു ജീവചരിത്രപരമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
നവോത്ഥാനമെന്നാല്‍ പുത്തന്‍ ഉണര്‍വ് എന്നര്‍ത്ഥം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അയിത്തം മുതലായ പ്രാകൃത സമ്പ്രദായങ്ങളോടും പടപൊരുതിയ ശ്രീനാരായണന്റെ ആവേശം ഉള്‍ക്കൊണ്ട് സാമൂഹികവും രാഷ്ട്രീയവുമായ മോചനത്തിന് വേണ്ടി പടപൊരുതിയവരാണ് bookഈ പരമ്പരയിലെ കഥാനായകന്മാര്‍. കേരളത്തില്‍ നവോത്ഥാനം ആരംഭിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ശ്രീനാരായണഗുരുവിന്റെ ദൌത്യത്തോടുകൂടിയാണ്. പ്രശസ്ത സാഹിത്യകാരനായ  പ്രൊഫ. എം.കെ. സാനുവാണ് അദ്ദേഹത്തിന്റെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരു സവര്‍ണാധിപത്യത്തിനെതിരെ അവര്‍ണര്‍ക്കു വേണ്ടിയാണ് പോരാട്ടം ആരംഭിച്ചതെങ്കിലും അതിനര്‍ത്ഥം സവര്‍ണജാതിക്കാരുടേത് അവശതകളൊന്നുമില്ലാത്ത സമൂഹമായിരുന്നുവെന്നല്ല. സവര്‍ണരില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗക്കാരായ നമ്പൂതിരി ബ്രാഹ്മണരുടെ ഇടയിലുള്ള അനാചാരങ്ങള്‍ അനവധിയായിരുന്നു. വൃദ്ധന്മാര്‍ ബാലികമാരെ വിവാഹം ചെയ്യുക, സ്വന്തം ജാതിയിലും പുറത്തുമായി ഒന്നിലേറെ ഭാര്യമാരെവെച്ച് പുലര്‍ത്തുക, വിധവാ വിവാഹം നിരോധിക്കുക, നമ്പൂതിരി സ്ത്രീകള്‍ പുറത്ത് മുഖം കാണിക്കാതെ മറക്കുടയ്ക്കുള്ളില്‍ മറഞ്ഞ് നടക്കുക, ഇളയ സഹോദരന്മാര്‍ക്ക് സ്വജാതീയ വിവാഹം നിഷേധിക്കുക തുടങ്ങിയ അനാചാരങ്ങള്‍ അനവധിയായിരുന്നു. അവയ്ക്കെതിരെയുള്ള പോരാട്ടത്തിലൂടെ സമൂഹത്തിന്റെയാകെ ഉയര്‍ച്ചയ്ക്കു വേണ്ടി ശ്രമിച്ച യുക്തിവാദിയായ നവോത്ഥാന നായകനായിരുന്നു വി.ടി ഭട്ടതിരിപ്പാട്. വി.ടിയുടെ സഹപ്രവര്‍ത്തകനായ പ്രേംജിയുടെ മകന്‍ നീലനാണ്. ഈ ജീവചരിത്രം ആവേശം പകരുന്ന അനുഭവമായി എഴുതിയത്.
മൂന്നാമത്തെ കൃതി സ്വാതന്ത്യ്ര സമരത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങളിലും നിറഞ്ഞു നിന്ന എ കെ ജി  എന്ന എ കെ ഗോപാലന്റെ ജീവചരിത്രമാണ്. പയ്യന്നൂര്‍ കുഞ്ഞിരാമനാണ് ആവേശകരമായ ഈ ജീവചരിത്രം രചിച്ചിട്ടുള്ളത്.
‘കേരളഗാന്ധി’ എന്ന പേരില്‍ അറിയപ്പെടുന്ന സ്വാതന്ത്യ്ര സമരസേനാനിയും ഗുരുവായൂര്‍ സത്യാഗ്രഹ നേതാവും മാതൃഭൂമി പത്രാധിപരുമായിരുന്ന കെ കേളപ്പനെ നമുക്കു പരിചയപ്പെടുത്തുന്നത് പ്രശസ്ത ബാലസാഹിത്യകാരനായ  കെ. ശ്രീകുമാറാണ്.
ഈ പരമ്പരയിലെ അഞ്ചാമത്തെ കൃതി തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമായ ഒരു വ്യക്തിത്വമായിരുന്ന പൊയ്കയില്‍ യോഹന്നാന്റെ കഥയാണ്. ഹിന്ദു മതത്തിലെപ്പോലെ ജാതിവ്യത്യാസങ്ങളും അയിത്തം മുതലായ അനാചാരങ്ങളും ഇല്ലെന്നു പ്രഖ്യാപിച്ച് ദളിതരെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടും പുലയന്‍ പത്രോസിനും പറയന്‍ മത്തായിക്കും കുറവന്‍ കുര്യനും സവര്‍ണ ക്രിസ്ത്യാനികളുടെ പള്ളിയില്‍ പോലും പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് പ്രത്യേകം പള്ളികളുണ്ടാക്കി അകറ്റി നിറുത്തിയിരുന്ന അവസ്ഥയെ വെല്ലുവിളിച്ചു പോരാടിയ പൊയ്കയില്‍ യോഹന്നാന്‍, അത് കൊണ്ടൊന്നും ഫലം ലഭിക്കാതെ ക്രിസ്തീയ സഭ വിട്ട് ‘പ്രത്യക്ഷരക്ഷാ ദൈവസഭ’ (പി ആര്‍ ഡി എസ്) എന്നൊരു സഭ തന്നെ ഉണ്ടാക്കി. ഈ കഥ നമ്മോടു പറയുന്നത് യുവ സാഹിത്യകാരനായ എം ആര്‍ രേണുകുമാറാണ്.
കേരളത്തിന്റെ സ്വാതന്ത്യ്ര സമരചരിത്രത്തില്‍ മുഹമ്മദ് അബ്ദു റഹിമാന്റേത് വേറിട്ടൊരു ചരിത്രമാണ്. കോണ്‍ഗ്രസ്സിലെ യാഥാസ്ഥിതികരെയും  ‘ചാലപ്പുറം ഗ്യാങ്’, ‘ഞായറാഴ്ച കോണ്‍ഗ്രസ്’  എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ചേര്‍ത്ത് വിളിക്കപ്പെട്ടിരുന്ന മേലാളന്മാരെയും വെല്ലുവിളിച്ച അബ്ദുറഹിമാന്‍ സാഹിബിന്റെ സഖ്യശക്തികള്‍ കമ്മ്യൂണിസ്റുകാരും സോഷ്യലിസ്റുകാരും സുഭാഷ് ബോസിന്റെ അനുയായികളായ ഫോര്‍വേഡ് ബ്ളോക്കുകാരും മറ്റുമായിരുന്നു. പ്രൊഫ  ഹാഫിസ് മുഹമ്മദ് വ്യക്തിപരമായ ഓര്‍മകള്‍കൂടി കലര്‍ത്തി ഉദ്വേഗജനകമായ ഒരാഖ്യായികപോലെയാണ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവചരിത്രം എഴുതിയിരിക്കുന്നത്.
ഈ പരമ്പര ബാലസാഹിത്യ കൃതികള്‍ക്ക് ഒരു മാതൃകയാണ്. നല്ല ബാലസാഹിത്യകൃതികള്‍ മുതിര്‍ന്നവര്‍ക്കും രസകരവും വിജ്ഞാനപ്രദവും ആയിരിക്കുമല്ലോ. ആ പൊതുനിയമത്തിന് ഈ കൃതികളും അപവാദമല്ല. ഈ പരമ്പരയില്‍ വരേണ്ട കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, ഡോ. പല്‍പ്പു, കുമാരനാശാന്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ടി കെ മാധവന്‍ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും അധികം താമസിയാതെ ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്തോടെ ഇന്‍സ്റിറ്റ്യൂട്ടിനെ ഹൃദയംഗമമായി അഭിനന്ദിച്ചുകൊള്ളുന്നു.

പി ഗോവിന്ദപ്പിള്ള