KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ ഹാമെലിനിലെ കുഴലൂത്തുകാരന്‍
ഹാമെലിനിലെ കുഴലൂത്തുകാരന്‍balakathaഎലികള്‍, എലികള്‍, സര്‍വത്ര എലികള്‍! കിടക്കയില്‍, അലമാരയ്ക്കുള്ളില്‍, അടുക്കളയില്‍, കുളിപ്പുരയില്‍, സ്വീകരണമുറിയില്‍,  കലവറയില്‍, എന്തിന് കൊച്ചു കുഞ്ഞുങ്ങളുടെ തൊട്ടിലിനുള്ളില്‍ വരെ എലികളങ്ങനെ മദിച്ചു നടപ്പാണ്!
പള്ളികളില്‍, ഓഫീസുകളില്‍, ആളുകള്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍, പലവ്യഞ്ജനക്കടകളില്‍, പൊലീസ്സ്റേഷനില്‍... മൂഷികന്മാരില്ലാത്ത ഒരിടവുമില്ല.  ഹാമെലിന്‍ പട്ടണത്തിലെ കാര്യമാണീ പറയു
ന്നത്.
വെസെര്‍ നദിയുടെ തീരത്തുള്ള മനോജ്ഞമായ ഒരു പട്ടണമായിരുന്നു അത്.  ശുദ്ധവായു, തെളിനീര്‍, ഫലഭൂയിഷ്ഠമായ മണ്ണ്, അദ്ധ്വാനികളും സച്ചരിതരുമായ ദേശവാസികള്‍... എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമായ ഒരിടം.ham
പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? അതൊക്കെ പഴയ കഥ! ഇന്നെല്ലാം താറുമാറായിരിക്കുന്നു.  ഹാമെലിന്‍വാസികള്‍ സ്വസ്ഥതയെന്തെന്നറിഞ്ഞിട്ട് നാളേറെയായിരിക്കുന്നു.  എല്ലാത്തിനും കാരണം എലികളാണ്, ആ നാശം പിടിച്ച എലികള്‍...
എലികള്‍ അത്ര കുഴപ്പക്കാരാണോ എന്നു നിങ്ങള്‍ ചിന്തിച്ചേക്കും. കാരണം എല്ലായിടത്തുമുണ്ട് എലികള്‍. അവറ്റകള്‍ അത്യാവശ്യം കുഴപ്പങ്ങളും കുണ്ടാമണ്ടികളുമൊക്കെ ഒപ്പി ക്കാറുണ്ടെങ്കിലും ആരും അത ത്ര കാര്യമായി എടുക്കാറില്ല.
അതുപോലല്ല, ഹാമെലിനിലെ എലികള്‍. അവര്‍ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനാണ് അവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്.  എവിടെ നിന്നു വന്നതാണെന്ന് ആര്‍ക്കും പിടിയില്ല.
ഒരു ദിവസം നോക്കുമ്പോഴുണ്ട്, നിരത്തിലൂടെ എലികളുടെ വലിയൊരു ഘോഷയാത്ര കടന്നു വരുന്നു.  ആളുകള്‍ അമ്പരന്നു നില്‍ക്കേ മൂഷികപ്പട എല്ലായിടത്തും വ്യാപിച്ചു.  ദിവസങ്ങള്‍ കൊണ്ട് അവ പെറ്റു പെരുകി.
തെരുവുകളും മുറ്റങ്ങളും വീടുകളും അവര്‍ കൈയേറി.  അവര്‍ക്ക് ആരെയും ഒന്നിനെ യും പേടിയുണ്ടായിരുന്നില്ല.  എവിടെയും പാഞ്ഞു കയറും. നിങ്ങള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന കോട്ടെടുത്ത് ഇടാന്‍ ഭാവിക്കുമ്പോള്‍, അതിന്റെ പോക്കറ്റിനുള്ളില്‍ ഒരെലി! കളിത്തൊട്ടി ലില്‍ നീന്തിത്തുടിക്കുന്നുണ്ടാവും മൂന്നാലെണ്ണം.
കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്ന പലഹാരങ്ങളൊക്കെയും കൊതിയന്മാരായ എലികള്‍ വന്നു തട്ടിപ്പറിച്ചു കൊണ്ടു പോ കും.  അടുക്കളയില്‍ ആഹാരം പാകം ചെയ്തു വെച്ചാല്‍, കലത്തിനുള്ളില്‍ നൂണു കടക്കും.  മേശമേല്‍ ആഹാരം വിളമ്പിവെക്കേണ്ട താമസം, അവറ്റകള്‍ കൂട്ടത്തോടെ അവിടെങ്ങും പാഞ്ഞു നടക്കും, പാത്രത്തില്‍ തലയിടും.  അതോടെ നിങ്ങള്‍ ആഹാരം കഴിക്കേണ്ടെന്നു വെക്കും.
ഒരു പണിയും സ്വസ്ഥമായിരുന്നു ചെയ്തു തീര്‍ക്കാന്‍ പറ്റില്ല,  അപ്പോഴേക്കും നിങ്ങളുടെ ഉടലിലും കാലിനടിയിലുമൊക്കെയായി അവറ്റകള്‍ കേറിയിറങ്ങി നടപ്പുണ്ടാവും.
ആളുകള്‍ക്ക് എലികളുടെ ചിലപ്പും ബഹളവും കാരണം, അന്യോന്യം വര്‍ത്തമാനം പറയാന്‍ കൂടി വയ്യെന്നായി.  അത്രham2യ്ക്കുണ്ട് ശബ്ദ കോലാഹലം.  കൊച്ചു പൈതങ്ങളെ തൊട്ടിലാട്ടുമ്പോള്‍ രണ്ടു മൂന്നു മൂഷികന്മാരും കൂടി, അതിനുള്ളില്‍ കയറിയിരുന്ന് ഒപ്പം ഊഞ്ഞാലാടുന്നുണ്ടാവും! എന്തിന്, പകലത്തെ അലച്ചിലൊക്കെ കഴിഞ്ഞ് രാത്രി സ്വസ്ഥമായൊന്ന് ഉറങ്ങാമെന്നു വെച്ചാല്‍ അവിടെങ്ങും സ്വൈരം കിട്ടില്ല.  എലിക്കുഞ്ഞുങ്ങള്‍ കൂട്ടമായി പാഞ്ഞു വന്ന് കിടക്കുന്നവരുടെ മേ ലേക്കു കയറി മറിഞ്ഞു രസിക്കലാണ്, പിന്നത്തെ പ്രധാന പരിപാടി!
എലികളെക്കൊണ്ട് ആളുകള്‍ വശം കെട്ടു. എല്ലാവരും ചേര്‍ന്ന് നഗരപിതാവായ മേയറിന് ഒരു നിവേദനം സമര്‍പ്പിച്ചു. മൂഷികപ്പടയുടെ കടന്നുകയറ്റം തങ്ങളുടെ സ്വസ്ഥ ജീവിതത്തെ എങ്ങനെയൊക്കെ താറുമാറാക്കി എന്നതായിരുന്നു ആ നീണ്ട നിവേദനത്തിന്റെ വിഷയം.
അതു വായിക്കാതെ തന്നെ മേയറിന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മനസ്സിലാകുന്നുണ്ടായിരുന്നു.  അവരെപ്പോലെ തന്നെ മേയറും അവറ്റകളെക്കൊണ്ടു പൊറുതിമുട്ടിയിരുന്നു.  
പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ജനപ്രതിനിധികളെ വിളിച്ചുകൂട്ടി. വിശദമായ ഒരു ആലോചനാ യോഗം നടത്തി. എലികളെ നശിപ്പിക്കാന്‍ പലരും പല പ്രതിവിധികളും നിര്‍ദേശിച്ചു. എലിവിഷം പലതരം, ശക്തിയുള്ള കീടനാശിനികള്‍, പലതരം എലിക്കെണികള്‍... ഓരോരുത്തരും ഓരോരോ ആശയങ്ങള്‍ മുന്നോട്ടു വെച്ചു.
മേയറുടെ നേതൃത്വത്തില്‍ ഓരോന്നും പരീക്ഷിച്ചു നോക്കി.  എലികള്‍ പെരുകുന്നതല്ലാതെ ഒട്ടും കുറയുന്നില്ല.  ഹാമെലിന്‍ നിവാസികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടു കണ്ടിട്ട് അടുത്തും അകലെയുമുള്ള പട്ടണങ്ങളില്‍ വസിക്കുന്ന എലിപിടുത്തക്കാരൊക്കെയും ആ വഴി വന്നു.
അവര്‍ പല അഭ്യാസങ്ങളും പയറ്റി നോക്കി. ഒക്കെയും വന്‍ പരാജയം.  മനസ്സു മടുത്ത മേയര്‍ ഇങ്ങനെയൊരു വിളംബരം പുറപ്പെടുവിച്ചു:
“ഹാമെലിന്‍ പട്ടണത്തില്‍ നിന്നും
എലികളെ എന്നേക്കുമായി
തുരത്തുന്നവര്‍ക്ക് ആയിരം
പൊന്‍പണം സമ്മാനം!”
മൈക്കില്‍ക്കൂടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതിനു പുറമേ വലിയ അക്ഷരത്തില്‍ ഒരു ബാനര്‍ കെട്ടിത്തൂക്കുകയും ചെയ്തു.  ആര്‍ക്കും കാണാന്‍ പാകത്തില്‍ പട്ടണകവാടത്തില്‍ത്തന്നെയാണ് അതു പ്രദര്‍ശിപ്പിച്ചത്.
അങ്ങനെയിരിക്കെ ഒരു ദിവസം മേയറിന്റെ ഓഫീസ് വാതിലില്‍ മൃദുലമായ ഒരു മുട്ടു കേട്ടു.  മേയര്‍ ആഗതനോട് ഉള്ളിലേക്കു വരാന്‍ ആവശ്യപ്പെട്ടു.  വിചിത്ര വേഷധാരിയായ ഒരാള്‍ അദ്ദേഹത്തിന്റെ സമക്ഷത്തു ഹാജരായി.
കുപ്പായത്തിന്റെ ഒരു പാതി മഞ്ഞ, മറുപാതി ചുവപ്പ്.. മഞ്ഞയും ചുവപ്പും വരകളുള്ള ഒരു നീണ്ട ഉറുമാല്‍ കഴുത്തില്‍ കെട്ടിയിരിക്കുന്നു. കൂടാതെ കട്ടിയുള്ള ഒരു ചരടും കഴുത്തിലുണ്ട്. അതിന്റെ അറ്റത്തായി ഒരു കുഴല്‍ വാദ്യം തൂങ്ങിക്കിടപ്പുണ്ട്.
“കുഴലൂത്തുകാരന്‍ എന്നാണ് ഞാന്‍ അറിയപ്പെടുന്നത്. ഈ പട്ടണത്തിലെ എലികളെ തുരത്തിയാല്‍ താങ്കള്‍ എനിക്ക് ആയിരം പൊന്‍പണം പ്രതിഫലം തരുമോ?”
“ആയിരമല്ല, പതിനായിരം പണം തരാന്‍ തയ്യാര്‍! നിങ്ങളീ നശിച്ച എലികളെ എന്നേക്കുമായി ഇവിടുന്ന് ഓടിച്ചു കളഞ്ഞാല്‍ മാത്രം മതി,”  മേയര്‍ പറഞ്ഞു.
ഇതു കേട്ട് അയാളുടെ മുഖത്ത് നേര്‍ത്ത ഒരു മന്ദഹാസം വിരിഞ്ഞു. അയാളുടെ വിരലുകള്‍ അസാധാരണമാം വിധം നീണ്ടു മെല്ലിച്ചതായിരുന്നു. സാവധാനത്തിലുള്ള ചലനങ്ങളും മൃദുലമായ സംസാരവും ഒക്കെക്കൂടി, അയാള്‍ക്കൊരു വിഷാദവാന്റെ മട്ടുണ്ടായിരുന്നു.
മേയറുടെ ഓഫീസിന്റെ പടിക്കെട്ടുകള്‍ ഇറങ്ങിയപാടെ, അയാള്‍ തന്റെ കുഴല്‍വാദ്യം ചുണ്ടോടടുപ്പിച്ചു. ham4 അത്ഭുതമായൊരു ഈണം പുറപ്പെട്ടു.  നേര്‍ത്തതും എന്നാല്‍ മായികവുമായ ഒരു പ്രത്യേക രാഗം.
കുറച്ചു നേരം കൊണ്ട് എങ്ങും നിശ്ശ ബ്ദത പരന്നു. പതിനായിരക്കണക്കിനു മൂഷികന്മാര്‍, ഓടുകയും ചാടുകയും കരളുകയും ചെയ്യുന്ന പണികള്‍ നിര്‍ത്തി വെച്ചു. എന്നിട്ട് ഈണം പുറപ്പെടുന്ന ദിക്കറിയാന്‍ ഏകാഗ്രതയോടെ ചെവികള്‍ കൂര്‍പ്പിച്ചു.
പിന്നത്തെ കോലാഹലമൊന്നും വിവരിക്കാനാവില്ല.  മൂഷികന്മാരുടെ ഒരു കൂട്ടപ്പെരളി! നിലവറക്കുണ്ടുകളില്‍ നിന്നും കളപ്പുരകളില്‍ നിന്നും മച്ചിന്‍പുറങ്ങളില്‍ നിന്നും അവറ്റകള്‍ കൂട്ടം കൂട്ടമായി കുഴല്‍വാദ്യം പുറ
പ്പെട്ട ദിക്കിലേക്കു പാഞ്ഞു.
ആളുകള്‍ ആ കാഴ്ച കണ്ട്, അന്തം വിട്ടങ്ങനെ നില്‍ക്കയാണ്. കുഴലൂത്തുകാരന്‍ പട്ടണത്തിലെ തെരുവുകളും ഇടവഴികളും പിന്നിട്ട് മുന്നോട്ടു മുന്നോട്ടു പോവുകയാണ്. വശ്യതയാര്‍ന്ന ആ ഈണം അയാളുടെ കുഴലിലൂടെ അനസ്യൂതമായങ്ങനെ ഒഴുകുന്നു.  എലികള്‍ ഒന്നടങ്കം അയാളെ പിന്തുടരുന്നു.
അയാളുടെ കണ്ണുകള്‍ ഒരു പ്രത്യേക മട്ടില്‍ തിളങ്ങുന്നുണ്ടായിരുന്നു. ഓടകള്‍, തെരുവിന്റെ ഇരുണ്ട മൂലകള്‍, പൂന്തോട്ടങ്ങള്‍, കോവണിച്ചുവടുകള്‍, ഗോതമ്പു വയലുകള്‍. എവിടെല്ലാം എലികള്‍ പതുങ്ങിയിരുപ്പുണ്ടോ, അവിടെ നിന്നെല്ലാം അവര്‍ പുറത്തേക്കു കുതിക്കുന്നുണ്ടായിരുന്നു.
കുഴലൂത്തുകാരന്‍ മുന്നില്‍...  ലക്ഷോപലക്ഷം മൂഷികന്മാര്‍ പിന്നാലെ... തെരുവീഥിയുടെ ഇരുവശത്തും അവിശ്വസനീയമായ ഈ കാഴ്ച കാണാന്‍ തടിച്ചുകൂടിയ ജനങ്ങള്‍...
നടന്നു നടന്ന്, അയാള്‍ വെസെര്‍ നദിക്കരയിലെത്തി.  എന്നിട്ട് നദിയിലിറങ്ങി, മൂന്നാലു കാലടികള്‍ മുന്നോട്ടു വച്ചു. കുഴലൂത്തുകാരന്റെ പിന്നാലെ പാഞ്ഞ എലികള്‍, രണ്ടാമതൊന്നാലോചിക്കാതെ, പുഴയിലേക്ക് എടുത്തു ചാടി.  അവ ഒന്നോടെ ആ പെരുവെള്ളത്തില്‍ മുങ്ങിച്ചത്തുപോയി.  അവസാനത്തെ എലിയും പുഴയില്‍ച്ചാടും വരെ അയാള്‍ കുഴലൂതിക്കൊണ്ട് അതേ നില്‍പ്പു തുടര്‍ന്നു.
ham3അങ്ങനെ ഏറെ മാസങ്ങളായി ഹാമെലിന്‍ പട്ടണത്തെ നരകതുല്യമാക്കിയ ആ മൂഷികര്‍ ഒന്നോടെ, ചത്തൊടുങ്ങി.  ജനങ്ങള്‍ സന്തോഷത്താല്‍ ആര്‍പ്പു വിളിച്ചു.  അവര്‍ തെരുവീഥികളില്‍ നൃത്തം ചെയ്തു.  കുട്ടികള്‍ തുള്ളിച്ചാടി.
കുഴലൂത്തുകാരന്‍ മേയറിന്റെ ഓഫീസില്‍ ചെന്നിട്ടു പറഞ്ഞു: “ഞാനെന്റെ ജോലി ഇതാ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി തരാമെന്നേറ്റ ആയിരം പൊന്‍പണം തരൂ!”
മേയറുടെ മുഖം മാറി.  പുഞ്ചിരിയുടെ സ്ഥാനത്ത് ധിക്കാരം നിറഞ്ഞ ഭാവം: “ആയിരം പൊന്‍പണമോ? വെറുതെ ഈ കുഴലെടുത്ത് ഒന്നൂതി നിസ്സാരമായൊരു രാഗം കേള്‍പ്പിച്ചതിനോ? അമ്പതു പൊന്‍പണം തരാം! വേണമെങ്കില്‍, ചെയ്ത സേവനത്തിന് കുപ്പായത്തിന്മേല്‍ ഒരു ബഹുമതി ചിഹ്നം കൂടി കുത്തിത്തരാം!”
മൂഷികപ്പട, ഒന്നൊഴിയാതെ ചത്തൊടുങ്ങിക്കിട്ടി. ഇനിയെന്തിന് അത്രയും വലിയ ഒരു തുക വെറുതെ സമ്മാനമായി കൊടുക്കണം? എളിയവനായ ഈ കുഴലൂത്തുകാരനെ വല്ല നിസ്സാര തുകയും കൊടുത്ത് ഒഴിവാക്കിയേക്കാം... ഇങ്ങനെ പോയി മേയറുടെ ചിന്തകള്‍.
“അപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ച തുക നിങ്ങളെനിക്കു തരില്ല, അല്ലേ?” അവസാനവാക്കെന്നോണം കുഴലൂത്തുകാരന്‍ ഒരിക്കല്‍കൂടി മേയറോടു ചോദിച്ചു.
“ഇല്ല, അമ്പതില്‍ കൂടുതല്‍ ഒരു ചില്ലിപോലും നിങ്ങള്‍ക്കു ഞാന്‍ തരാന്‍ പോണില്ല!”  മേയര്‍ തറപ്പിച്ചു പറഞ്ഞു.  കുഴലൂത്തുകാരന്‍, ഒരക്ഷരം പോലും പറയാതെ നേരെ പുറത്തിറങ്ങി.
എന്നിട്ട് ഹാമെലിന്‍ പട്ടണത്തിന്റെ പ്രധാന വീഥിയിലെത്തി. ഒരിക്കല്‍ കൂടി കുഴല്‍വാദ്യം അയാള്‍ ചുണ്ടോടു ചേര്‍ത്തു. ഇത്തവണ ഒഴുകിവന്ന നാദം, ആരുടെയും മനം മയക്കുന്നതായിരുന്നു.  കാതിന് ഇമ്പം പകരുന്ന ആ മനോജ്ഞരാഗം, ഹാമെലിനിലെങ്ങും ഒഴുകി നടന്നു.
അപ്പോഴുണ്ട്, കുട്ടികള്‍ ആ മധുരനാദത്തിനൊത്തു താളം പിടിച്ചും ചുവടു വെച്ചു നൃത്തം ചെയ്തും അണിയണിയായി അങ്ങനെ എത്തിച്ചേരുന്നു! മൈതാനത്തു കളിച്ചു കൊണ്ടിരുന്നവരും വീട്ടിനുള്ളില്‍ വിശ്രമിക്കുന്നവരും അമ്മമാരുടെ മാര്‍ത്തട്ടില്‍ മയങ്ങിക്കിടന്ന പൈതങ്ങളും അവരോടൊപ്പം ചേര്‍ന്നു.
ആ പട്ടണത്തിലെ സകലമാന കുട്ടികളും കൈകോര്‍ത്തു നൃത്തം ചെയ്തുകൊണ്ട്,  കൂഴലൂത്തുകാരന്റെ പിന്നാലെ കൂടി. അച്ഛനമ്മമാര്‍ ഇതു കണ്ടമ്പരന്നു.  അവര്‍ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അവരെ പിന്തിരിപ്പിക്കാനായില്ല.
വെസെര്‍ നദിയുടെ തീരത്തു കൂടി നടന്നു നടന്ന്, നീണ്ടു നീണ്ടു പോയ ഒറ്റയടിപ്പാത പിന്നിട്ട് കുഴലൂത്തുകാരനും കുട്ടികളും ചെങ്കുത്തായ ഒരു മലയെ ലക്ഷ്യമാക്കി മുന്നോട്ടു മുന്നോട്ടു നീങ്ങി.
മലയുടെ മുന്നിലെത്തിയപ്പോള്‍ അയാള്‍ പുതിയൊരു രാഗം പൊഴിച്ചു. അതാ മലയുടെ ചെരിവിലായി ഒരു ചെറുവാതില്‍ തുറന്നു വരുന്നു. അയാള്‍ കുട്ടികളെ അതിനുള്ളിലേക്കാനയിച്ചു.ham5
പൊട്ടിച്ചിരികളുതിര്‍ത്തു കൊണ്ട് കുട്ടികള്‍ തുള്ളിച്ചാടി.  അത്യാഹ്ളാദത്തോടെ അവര്‍ കുഴലൂത്തുകാരന്‍ കാട്ടിയ വഴിയെ നടന്നു. പട്ടണവാസികള്‍ സ്തബ്ധരായങ്ങനെ നിലകൊണ്ടു.  അവര്‍ക്ക് ആ ബാലകരെ ഒരു വിധത്തിലും തടയാനായില്ല.
അങ്ങനെ ഹാമെലിന്‍ പട്ടണത്തിലെ കുട്ടികളെല്ലാവരും നിഗൂഢമായ ഏതോ ഒരിടത്തേക്കു പോയി മറഞ്ഞു.  മുടന്തനായ ഒരു ബാലന്‍ മാത്രം പിന്നില്‍ അവശേഷിച്ചു. നടക്കാന്‍ ബുദ്ധിമുട്ടാകയാല്‍ അവന്‍ ഏറെ പിന്നിലായിപ്പോയി. അവന്‍ കുന്നിന്‍ ചെരിവില്‍ എത്തുമ്പോള്‍, ആ ഗുഹാവാതില്‍ അടഞ്ഞു കഴിഞ്ഞിരുന്നു.  
ഒറ്റയ്ക്കായിപ്പോയ ആ പിഞ്ചുബാലന്‍ കുന്നിന്‍ ചെരിവിലിരുന്നു തേങ്ങിക്കരഞ്ഞു. തന്റെ കൂട്ടുകാരെ ഓരോരുത്തരെയായി പേര്‍ചൊല്ലി വിളിച്ചു. പക്ഷേ, വിളി കേള്‍ക്കാന്‍ ആരുമേ ഉണ്ടായിരുന്നില്ല. നോക്കി നില്‍ക്കേ ആ വാതിലും മറഞ്ഞു പോയി.
അതില്‍പ്പിന്നെ നമ്മുടെ കുഴലൂത്തുകാരനെയോ കുട്ടികളെയോ ആരും ഇന്നേവരെ കണ്ടിട്ടില്ല. പക്ഷേ മലയുടെ ചെരിവില്‍ നിന്നും കുട്ടികളുടെ മണിനാദം പോലെയുള്ള ചിരിമുഴക്കങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെന്ന് ചിലരൊക്കെ പറയുന്നു. ഒപ്പം ആരുടെയും ഹൃദയത്തെ പിടിച്ചുലയ്ക്കും വിധം നിഗൂഢവശ്യതയാര്‍ന്ന കുഴലൂത്തിന്റെ ഈണവും അവിടെങ്ങും ഒഴുകിപ്പരക്കാറുണ്ടത്രേ..
എന്തായാലും അതിനു ശേഷം ഒറ്റ എലിപോലും ഹാമെലിന്‍ പട്ടണത്തില്‍ പ്രവേശിച്ചിട്ടില്ല; ഉറപ്പ്...

പുന: റോസ് മേരി
വര: ടി ആര്‍ രാജേഷ്