KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അണ്‍ടൈറ്റില്‍ഡ്


elam_thalirukalഞാന്‍ നടന്നുകൊണ്ടേയിരിക്കുന്നു. അച്ഛന്‍ പറഞ്ഞ, അമ്മ പറഞ്ഞ ആ പച്ചപ്പ് എനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല. പഴയ ആ വായനശാലക്കെട്ടിടം ഞാന്‍ കണ്ടു. വിജനമായ ആ പരിസരത്ത് എനിക്കാ മുത്തശ്ശന്‍ മാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  അമ്മ പഠിച്ച ആ സരസ്വതീക്ഷേത്രം ഞാന്‍ കണ്ടു.  ആ പഴയ യു പി സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങളും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അച്ഛന്‍ അടിപിടികൂടി വീണ് കൈ ഒടിഞ്ഞ മരമോ കൂട്ടുകാര്‍ പരസ്പരം തള്ളിയിടാറുള്ള കുഴിയോ കാണാനില്ല.  അതെ, സ്കൂള്‍ പുരോഗതിയുടെ വഴിയിലാണ്...ilam1
അവര്‍ പോയതിനു ശേഷം ഇന്നാണ് ആദ്യമായി അവര്‍ വളര്‍ന്ന, എന്റെ വേരുകളോടുന്ന, ഈ മണ്ണില്‍ ഞാനെത്തുന്നത്.  കുട്ടിക്കാലം മുതല്‍ ഈ നാടിന്റെ ഭംഗിയെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചും കേട്ടു വളര്‍ന്ന ഞാന്‍ ഇവിടെവന്നു ചേര്‍ന്നപ്പോള്‍ ആകെ അത്ഭുതപ്പെട്ടുപോയി. അതിനു കാരണം ഞാന്‍ ഈ വര്‍ണനകളെല്ലാം കേള്‍ക്കുമ്പോള്‍ തന്നെ തിരശ്ശീലയിലെന്നപോലെ കണ്ടിട്ടുണ്ട് എന്നതാണ്.  ഈ നാട്ടില്‍ത്തന്നെ ജനിച്ചിരുന്നെങ്കില്‍പ്പോലും ഇവിടം എനിക്ക് ഇത്ര സുപരിചിതമാകില്ലെന്ന് അന്നൊക്കെ ത്തോന്നിയിരുന്നു.
എന്റെ അച്ഛന്‍ വര്‍ഷം കഴിയുന്തോറും തടിച്ചാണ് വന്നിട്ടുള്ളത്.  എന്നിട്ടെന്തേ ഈ പുഴ മാത്രം മെലിഞ്ഞു? അച്ഛന് പുഴയെ എത്രമാത്രം ഇഷ്ടമായിരുന്നു! അച്ഛന് ഈ പുഴയുമായിട്ടുണ്ടായിരുന്ന ആത്മബന്ധം വളരെ വലുതായിരുന്നുവെന്ന് അച്ഛന്റെ വികാരഭരിതമായ വാക്കുകള്‍ എനിക്ക് വളരെ വ്യക്തമായി കാണിച്ചുതന്നിട്ടുണ്ടായിരുന്നു.  പല ചിന്തകളിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിനെ പിടിച്ചു നിര്‍ത്തി, ഒന്നു കുളിച്ചു ഫ്രഷാകാന്‍ ഒരു ലോഡ്ജ് അന്വേഷിച്ചു ഞാന്‍ നടന്നു.  

എന്നാണ് ഈ നാട്ടില്‍ ഒരു ‘വിസിറ്റ്’ നടത്തണമെന്ന് തോന്നിയത്? ഓര്‍മയില്ല. പക്ഷേ തിരക്കേറിയ രാവുകള്‍ക്കും പകലുകള്‍ക്കും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തീരുമാനം എടുത്തത്.  ഇവിടെയൊന്ന് ചുറ്റിയതിനുശേഷം നാളെ രാവിലെ തന്നെ മടങ്ങണം.  ഒരു ദിവസത്തെ ഈ യാത്ര പ്ളാന്‍ ചെയ്തപ്പോള്‍ തന്നെ ഭാര്യയെയും മകനെയും കൂടി ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നു.  പക്ഷേ “ലുക്ക് വിനു, ഇഫ് യു വാണ്ട് ടു ഗോ റ്റു യുവര്‍ പാരന്റ്സ് വില്ലേജ് ദെന്‍ യു കാന്‍ ഗോ.  ബട്ട് ഡോണ്‍ട് കമ്പല്‍ മി ഓര്‍ അമിത്. യൂ നോ ഹിസ് എക്സാം ഈസ്....” പതിവ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ അവള്‍ തന്നെ വിജയിച്ചു.  ഞാന്‍ ഒറ്റയ്ക്കു തന്നെ വരാന്‍ തീരുമാനമായി.  പച്ച പുതച്ച ഒരു ഗ്രാമത്തെ പ്രതീക്ഷിച്ച ഞാന്‍ ഈ നാട്ടിലും വികസനത്തിന്റെ ദൃഷ്ടി പതിഞ്ഞിട്ടുണ്ടാകുമെന്ന് കരുതിയില്ല.  ഇന്നിത് ഒരു നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഉച്ചകഴിഞ്ഞ് അച്ഛന്റെ കളിക്കൂട്ടുകാരായ ഇന്ദുലേഖയെയും മാധവനെയും രമണനെയും ദിവാകരനെയും നളിനിയെയുമൊക്കെ കാണണമെന്നു തോന്നി.  അതിനാല്‍ വായനശാലയെ ലക്ഷ്യമാക്കി നീങ്ങി.  ഓട്ടോ വിളിക്കണോ.  വേണ്ട നടക്കാം... നടന്നു.  വായനശാലയില്‍ തല നരച്ച ഒരാള്‍ എന്തോ ഗാഢമായി വായിച്ചിരിക്കുകയാണ്. തീപിടിച്ചാലും ബോബ് പൊട്ടിയാലും അറിയാത്ത മട്ട്... എനിക്കതില്‍ പുതുമയുണ്ടായിരുന്നില്ല.  എന്റെ അച്ഛനും അങ്ങനെയായിരുന്നു.  ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.  “ഗുഡ് ഈവനിംഗ് സര്‍, ഞാന്‍ വിനോദ്.  എന്റെ വീട് മുംബൈയിലാണ്.”  “ഞാന്‍ അശോകന്‍. ലൈബ്രേറിയനാണ്.”  അദ്ദേഹവും പെട്ടെന്നു തന്നെ സംസാരിച്ചു തുടങ്ങി.  ഒരു പക്ഷേ അടിച്ചേല്‍പ്പിക്കപ്പെട്ട ‘മൌനവ്രതം’ മടുത്തിരിക്കാം.  ഞാന്‍ ചോദിച്ചു: “ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്.  ഞാന്‍ കുറേ നേരം മുന്‍പുതന്നെ താങ്കളെ ഇവിടെക്കണ്ടിരുന്നു; താങ്കളെ മാത്രം.  മറ്റാരും ഇവിടെ വരാറില്ലേ?” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.  “അന്യദേശക്കാരനാണെന്ന് ആദ്യമേilam2 പറഞ്ഞുവല്ലോ.  അതുകൊണ്ടാണീ സംശയം.  ഇത്
കമ്പ്യൂട്ടര്‍ യുഗമല്ലേ? സര്‍വം കമ്പ്യൂട്ടര്‍മയം... ആര്‍ക്കും വായന വേണ്ട...” “പിന്നെന്തിനാണ് അങ്ങ് ഇങ്ങനെ ഇതും തുറന്നിരിക്കുന്നത്?” ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു. ഒരു ചിരിയായിരുന്നു മറുപടി. പിന്നെ നിശ്ശബ്ദത. “ഞാന്‍ പുസ്തകങ്ങളൊക്കെ ഒന്നു മറിച്ചുനോക്കട്ടെ?”” “എടുത്തോളൂ, നിങ്ങളുടെ കൈ പതിയുന്ന താളുകള്‍ക്കെങ്കിലും ആയുസ്സ് നീട്ടിക്കിട്ടുമല്ലോ.”  ഞാന്‍ തിരഞ്ഞു. അച്ഛന്റെ വിരലുകള്‍ പതിഞ്ഞ, കണ്ണുകള്‍ പല പ്രാവശ്യം കടന്നുപോയ ആ പുസ്തകങ്ങളിലൊന്ന് ഒടുവില്‍ ഞാന്‍ കണ്ടെത്തി.  പുസ്തകം പഴകിയെങ്കിലും വാക്കുകള്‍ക്ക് മനോഹാരിത വിട്ടു മാറിയിട്ടില്ല.  അച്ഛന്റെ ആ കളിക്കൂട്ടുകാരനുമായി കുശലാന്വേഷണങ്ങളില്‍ മുഴുകി ഒരല്പസമയം. അശോകന്‍ സാറിന് നന്ദിയും പറഞ്ഞ് പുറത്തേക്കിറങ്ങി.  പണ്ട് അച്ഛന്‍ പലവുരു നീന്തിക്കടന്ന ആ പുഴയായിരുന്നു അടുത്ത ലക്ഷ്യം. അച്ഛന്റെ പഴയ കളിക്കൂട്ടുകാരിയുടെ ഇന്നത്തെ അവസ്ഥ എന്നെ വേദനിപ്പിച്ചു.  തന്റെ അന്ത്യനാളുകളില്‍ കൂടി നാട്ടില്‍ തിരിച്ചെത്തി പഴയ ദിനങ്ങള്‍ പുതുക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു.  പറ്റിയില്ല.  പറ്റാഞ്ഞതു നന്നായി.  ഇല്ലെങ്കില്‍ ആ ഹൃദയം തകര്‍ന്നുപോയേനെ... ഇല്ല.  അങ്ങനെ സംഭവിക്കില്ല കാലത്തിനോടൊപ്പമോടാന്‍ അച്ഛന്‍ ശീലിച്ചതിന്റെ പ്രതിഫലനമല്ലേ എന്റെ ജീവിതം?
തിരിച്ച് ലോഡ്ജിലെത്തുമ്പോള്‍, നേരം വൈകിയിരുന്നു.  ഒന്നും കുടിച്ചിട്ടില്ല.  കഴിക്കാന്‍ തോന്നിയുമില്ല കുപ്പായം മാറാതെ തന്നെ കട്ടിലില്‍ ചാഞ്ഞു. കണ്‍മൂടുമ്പോള്‍ ഇരുട്ട് പരക്കുമ്പോള്‍ മനസ്സില്‍ നിന്നാരോ പറഞ്ഞു- ‘വേഗം ഉറങ്ങ്... നാളെ നിനക്ക് നിന്റെ ബിസി ലൈഫിലേക്ക് മടങ്ങാനുള്ളതാണ്.  ബിസി ലൈഫ് ഹ.ഹ..ഹ...ഹാ....’


ജിതിന്‍ പി,
ക്ളാസ്: 10 ബി, ഗവ എച്ച് എസ് എസ്, ചായ്യോത്ത്, കാസര്‍ഗോഡ്