KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പഴയ കൂട്ടുകാര്‍ പറന്നടുത്തെത്തുന്നു പുസ്തകത്തില്‍ നിന്ന്!!bookreview

കുട്ടികള്‍ക്കുള്ള മനോഹരമായ മറ്റൊരു പുസ്തകവുമായി സി സുശാന്തും ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടും വീണ്ടും. കഴിഞ്ഞ തവണ ചിത്രശലഭങ്ങളെയാണ് ഇവര്‍ അത്യാകര്‍ഷകമായി അവതരിപ്പിച്ചതെങ്കില്‍ ഇത്തവണ കേരളത്തിലെ സാധാരണ പക്ഷികളെയാണ് അവതരിപ്പിക്കുന്നത്.  നാം സാധാരണ കാണുകയും അലസമായിട്ടെങ്കിലും ശ്രദ്ധിക്കുകയും പിന്നെ മറന്നു കളയുകയും ചെയ്യുന്ന പക്ഷികളെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍.  കുട്ടികള്‍ക്കിവ കൌതുകകരമാവും തീര്‍ച്ച.  അതിലപ്പുറം, സ്വന്തം പരിസരത്തെ ശ്രദ്ധിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും..birds
പക്ഷികളെ ഇനം തിരിച്ചിരിക്കുന്നതു തന്നെ കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കും വിധമാണ്.  പഴക്കൊതിയന്മാര്‍, തേന്‍കൊതിച്ചികള്‍, പാറ്റപിടിയന്മാര്‍, പ്രാണിപിടിയന്മാര്‍, രാത്രീഞ്ചരന്‍മാര്‍, കാട്ടു പക്ഷികള്‍, നീര്‍പ്പക്ഷികള്‍ എന്നിങ്ങനെ.  മുകളില്‍ നിന്നു പറന്നിറങ്ങി കോഴിക്കുഞ്ഞുങ്ങള്‍ മുതല്‍ പാമ്പുകളെപ്പോലും റാഞ്ചിപ്പറന്ന് പോകുന്ന വിറയന്‍ പുള്ളും ചുട്ടിപ്പരുന്തും മറ്റും സൂത്രശാലികളായ ഇരപിടിയന്മാരാണ്.  നമ്മുടെ കാക്കയും ചെമ്പോത്തും ഇത്തരത്തില്‍ സമര്‍ത്ഥമായി ഇരപിടിക്കാന്‍ കഴിവുള്ളവരത്രേ..
ഒരാളുടെ പഴയ പരിചയക്കാരായ പക്ഷികളെ അയാളുടെ അടുത്ത കൂട്ടുകാരാക്കാന്‍ പോന്നതാണ് ഈ കൃതി.  മരങ്ങള്‍ തിങ്ങിവളരുന്ന വീട്ടുപറമ്പില്‍ പഴങ്ങള്‍ കൊത്തിവിഴുങ്ങിക്കറങ്ങുന്ന ഒരു പച്ചപ്പക്ഷി എനിക്കേറെ പരിചിതനാണ്.  പഴുത്ത പപ്പായ അമ്മയുടെ കണ്ണില്‍പ്പെടും മുമ്പ് കണ്ടെത്തി കട്ടു തിന്നും ഈ പച്ചക്കള്ളന്‍.  ഇവന്റെ പേര് ചിന്നക്കുട്ടുറുവന്‍ എന്നാണെന്നറിയുന്നത് ഈ പുസ്തകത്തില്‍ നിന്നാണ്.  വേനല്‍ക്കാലത്ത് ബലം കുറഞ്ഞ മരങ്ങളില്‍ പൊത്തുകള്‍ തുരന്നുണ്ടാക്കിയാണ് ഇവന്‍ കൂടുണ്ടാക്കുന്നതെന്നും കൂട്ടില്‍ രണ്ടു മുെതല്‍ നാലു വരെ മുട്ടകളുണ്ടാകുമെന്നുമൊക്കെയുള്ളതു പുതിയ അറിവുകള്‍.  മുട്ടകള്‍ വെളുത്ത് നീണ്ടുരുണ്ടിരിക്കുമത്രേ.  വളരെ പഴയൊരു പരിചയക്കാരനെ അങ്ങനെ അത്രമേല്‍ അടുത്തറിയുന്നു ഞാനിപ്പോള്‍ ഈ പുസ്തകത്തിലൂടെ.
ഇതുപോലെ കണ്ടേറെ പരിചയമുള്ളതും അടുത്തറിയാത്തതുമായ മറ്റൊരു കൂട്ടുകാരനാണ് മഞ്ഞത്തേന്‍കിളി... ചിറകടിച്ച്, ചിറകടിച്ച് വായുവില്‍ ഒരഭ്യാസിയെപ്പോലെ പറന്നു നിന്ന് സൂചിപോലുള്ള birdssകൊക്ക് പൂക്കള്‍ക്കകത്തേക്ക് താഴ്ത്തി തേന്‍ വലിച്ചു കുടിക്കുന്ന ഇവനെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്.  കൌതുകം കൊണ്ടിട്ടുമുണ്ട്.  പക്ഷേ  ഈ കൂട്ടുകാരനെ അടുത്തറിയുകയാണ് ഞാനിപ്പോള്‍.  
വീട്ടുപറമ്പിലെ തലപോയ തെങ്ങിന്റെ തടിയില്‍ പൊത്തിപ്പിടിച്ചിരുന്ന് ആഞ്ഞുകൊത്തുന്ന നാട്ടു മരംകൊത്തി ഭക്ഷണം തേടുകയായിരുന്നു എന്നതും പുതിയ ഒരറിവാകുന്നു.  മരത്തടിയില്‍ കൊത്തിക്കൊത്തി ആരോടുള്ള പ്രതികാരമാണ് ഈ പക്ഷി തീര്‍ക്കുന്നതെന്ന് കുട്ടിക്കാലത്ത് അമ്പരന്നിട്ടുണ്ട്.  തെങ്ങിന്‍തടിക്കകത്ത് ഒളിച്ചിരിക്കുന്ന പ്രാണികളെയും വണ്ടുകളെയും പിടികൂടുകയായിരുന്നത്രേ വിരുതന്‍.  കൊത്തിയുണ്ടാക്കുന്ന ദ്വാരത്തില്‍ നാവു കടത്തിയാണ് ഇവന്‍ പ്രാണികളെയും വണ്ടുകളെയും അകത്താ ക്കുന്നത്.  മരപ്പൊത്തുകളില്‍ തന്നെയാണ് ഇവര്‍ കൂടുണ്ടാക്കുന്നതും.  പൊത്തുകളില്‍ തൂവെള്ള നിറത്തിലുള്ള മൂന്നു മുട്ടകള്‍ വരെ കാണും..
മഞ്ഞക്കിളി, കരിങ്കുയില്‍ (കുട്ടിക്കുറുമ്പ് മൂത്ത് ഇയാളെ എത്ര കൂകി തോല്‍പ്പിച്ചിരിക്കുന്നു!) മോതിരത്തത്ത (കൊയ്ത്തുകാലത്ത് അമ്പലമുറ്റത്തെ ആലിന്‍കൊമ്പത്ത് മുടങ്ങാതെ എത്തുമായിരുന്നു ഈ വിരുന്നുകാരന്‍) നാട്ടുമൈന, ചെറിയ മീന്‍കൊത്തി, കൃഷ്ണപ്പരുന്ത്, ബലിക്കാക്ക (എന്നും മുറ്റത്ത് ഒരു പിടി അരിയിട്ട് ഇവരെ വിളിച്ചു വരുത്തിയാണ്  മരിച്ചുപോയവരെ ഓര്‍ക്കുന്നത് അമ്മ ഇന്നും.), ചെമ്പോത്ത്, ചെമ്പന്‍ നത്ത്, അമ്പലപ്രാവ്, അങ്ങാടിക്കുരുവി (അരിയങ്ങാടിയില്‍ ഇവരെത്തിയിട്ടു വേണം കട തുറക്കാന്‍!) തുടങ്ങി പഴയ കൂട്ടുകാര്‍ നിരവധിയാണ് ഈ പുസ്തകത്തില്‍.
ഈ കൃതിയിലൂടെ കടന്നു പോകുമ്പോള്‍ ചിലവേള ഒരുവന്‍ കൂട്ടില്‍ നിന്നാണ് കിളിയിലെത്തുന്നത്. നാരുകളും വേരുകളും ചേര്‍ത്തുണ്ടാക്കുന്ന കൊച്ചു കോപ്പപോലുള്ള കിളിക്കൂട്, കുട്ടിക്കാലത്ത് പൊന്തക്കാടുകളിലൂടെ വേനല്‍ നട്ടുച്ചകളിലുള്ള അലച്ചിലില്‍ കണ്ടിട്ടുണ്ട്.  പുറം ഭാഗം ചിലന്തിവലകൊണ്ട് അലങ്കരിച്ചു കാണാറുള്ള ഈ കൂട് സൂക്ഷിച്ചു വയ്ക്കാറുമുണ്ട് അന്ന്.  പക്ഷേ കറുത്ത തലയും കഴുത്തും തവിട്ടു നിറമാര്‍ന്ന പുറവുമുളള നാട്ടുബുള്‍ബുളിന്റേതാണ് ഈ കൂടെന്ന് അറിയുന്നത് ഇപ്പോഴാണ്.  മാര്‍ച്ചു മുതല്‍ ജൂണ്‍വരെയാണത്രേ ഈ പക്ഷിയുടെ മുട്ടയിടും കാലം.  ഒരു കൂട്ടില്‍ രണ്ടും മൂന്നും മുട്ടകള്‍ കാണുമത്രേ.  റോസ് കലര്‍ന്ന വെള്ള നിറത്തില്‍ നിറയെ പുള്ളിക്കുത്തുകളുള്ള ഈ മുട്ടകള്‍ കാണാനുള്ള ആകാംക്ഷ ഉbird1ണ്ടാക്കുന്നു ഈ പുസ്തകം.
പക്ഷികളോടൊപ്പം അവരുടെ ബന്ധുക്കളെയും പരിചയപ്പെടുത്തുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത.  നാട്ടുമരങ്കൊത്തിക്കൊപ്പം വലിയപൊന്നിമരങ്കൊത്തിയേയും കാണുന്നതിലുണ്ട് ഒരു രസം. കരിങ്കുയിലിനൊപ്പം പുള്ളിക്കുയില്‍, മീന്‍കൂമനോടൊപ്പം കാട്ടുമൂങ്ങ,  പി ഭാസ്കരന്‍ മുതല്‍ പുത്തഞ്ചേരി വരെയുള്ളവര്‍ എഴുതിയ പാട്ടുകളില്‍ കേട്ട പക്ഷികളുമുണ്ട് ഇവിടെ.  ആറ്റക്കുരുവി, ഓലേഞ്ഞാലി, മൂങ്ങാങ്കോഴി, കുളക്കോഴി (കുണിക്കിട്ട കോഴി കുളക്കോഴി), പൂത്താങ്കിരി, കാട്ടുമൈന(കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര്) അങ്ങനെ പാട്ടുകളില്‍ നിന്നു പറന്നു വരുന്നവര്‍ നിരവധിയാണ്.  
പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളെയുംകുറിച്ചുള്ള ലഘുവിവരണങ്ങള്‍ മനോഹരമായ ചിത്രങ്ങള്‍,  മികച്ച പ്രിന്റിങ്ങ്...  കുട്ടികളെ പക്ഷി നിരീക്ഷണത്തിനു പ്രേരിപ്പിക്കാവുന്ന സമ്പൂര്‍ണതയുണ്ട് ഈ കൃതിക്ക്.
ദൂരെയുള്ള മഹാത്ഭുതങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ അറിവല്ല പൊതുവിജ്ഞാനം.  മറിച്ച് സ്വന്തം പരിസരത്തെക്കുറിച്ചുള്ള അനുഭവജ്ഞാനമാണത്.  ആ നിലയ്ക്ക് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കണ്ടിരിക്കേണ്ട ഒരു പുസ്തകമാണിത്.  അവര്‍ക്കുള്ളിലും ഉണ്ടല്ലോ ഒരു കുട്ടി!!

നീലന്‍