KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ എഴുത്തെന്ന അനുഗ്രഹം
എഴുത്തെന്ന അനുഗ്രഹം

novel1novel2

ഇനിയും എത്രയോ എഴുതാനുണ്ട്. ഞാന്‍ ജീവിച്ചതു മുപ്പത്തഞ്ചു കൊല്ലമാണെങ്കിലും അനുഭവങ്ങള്‍ ഒരു നൂറു വയസ്സുകാരന്റേതാണ്. ഞാന്‍ ഒറ്റയാനാണ്. അതുകൊണ്ട് എനിക്ക് ഈ ദ്വീപിലും അങ്ങകലെ അത്ലാന്തിക്കിന്നക്കരെ സ്പെയിനിലും ധാരാളം മിത്രങ്ങളുണ്ട്. എല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്. അതിനാലാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്നെ നയിക്കാന്‍ ഒരാഗ്രഹവുമുണ്ട്. എന്റെ ഗോത്രത്തിന്റെ കഥ രേഖപ്പെടുത്തിവയ്ക്കണം. അതിനാണ് ഈ ഡയറി. ഇന്നലെ കാത്തി അയച്ച ഒരു മധ്യ വയസ്ക്കന്‍ ഒരടുക്ക് കടലാസുകൂടി കൊണ്ടു വന്നു തന്നു. മുറത്തിന്റെ വലിപ്പത്തില്‍ മുറിച്ചെടുത്ത കട്ടിക്കടലാസ്. വെളുപ്പിച്ചിട്ടുണ്ട്. എന്നാലും അല്പം മങ്ങിയ നിറം. തടികള്‍ ചതച്ച് പശ ചേര്‍ത്ത് നിര്‍മ്മിച്ചതാണ്. ഒരു മണ്‍ ഭരണി നിറയെ കറുത്ത മഷി. എഴുതാന്‍ ഒരു പേന. നേര്‍ത്ത മുളന്തണ്ടുണക്കി, ഒരു മുനയിട്ട് ഉണ്ടാക്കിയതാണ്. ഞാന്‍ എഴുത്തുപകരണങ്ങള്‍ എനിക്കഭിമുഖം വലതു വശത്തുള്ള ഒരു പാറയലമാരയില്‍ സൂക്ഷിച്ചു. എഴുതാനുള്ള തടിച്ച മേശ ഇപ്പോള്‍ എന്റെ കൂട്ടുകാരനാണ്. അവന്റെ മുഖത്തു നോക്കി ഞാന്‍ മങ്ങിയ ഇരുട്ടിലിരുന്നു പറയും.
“അല്ലയോ കൂട്ടുകാരാ, എന്റെ ഡയറി എഴുതിത്തീര്‍ക്കാന്‍ നീയെന്നെ അനുവദിക്കുക. ഇതില്‍ നിന്റെ കാര്യവും ഉണ്ടല്ലോ. കാത്തി തന്ന മെഴുകുതിരിക്കുറ്റി എരിഞ്ഞു തീരുംമുമ്പ് എന്റെ ഡയറിയെഴുത്ത് അവസാനിക്കണം...”
മെഴുകുതിരിപ്പുക, പാറവിള്ളലിലൂടെ ഒരു കരിനാഗത്തെപ്പോലെ ഇഴഞ്ഞ്, കാടിന്റെ തുറസ്സിലേക്ക് പോകുന്നു. ഈ ഗുഹയ്ക്കകത്ത് എന്നെപ്പോലൊരുവനേ ജീവിക്കാന്‍ പറ്റൂ. കാരണം എനിക്ക് എന്റെ ചോരയില്‍പ്പിറന്നവരാരും കൂട്ടിനില്ലല്ലോ. പാവം കാത്തി! അവള്‍, കടലില്‍പ്പോയ അവളുടെ ഭര്‍ത്താവിനെ കാത്തിരിക്കുകയാണ്. ഈ ദ്വീപില്‍ ദിവയെപ്പോലെ അച്ഛന്‍ നഷ്ടമായ എത്രയോ കുട്ടികളും യുവാക്കളും ഉണ്ട്. ചിലരെ മുതല പിടിച്ചു, ചിലരെ കപ്പല്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി, ചിലരെ അവര്‍ ജീവനോടെ കാട്ടിലിട്ടു ചുട്ടുകൊന്നു. എല്ലാം അവര്‍ വിശ്വസിക്കുന്ന ഒരു ദൈവത്തിന്റെ പേരിലായിരുന്നു. ഈ ലോകത്തിലെ സര്‍വചരാചരങ്ങളേയും ജീവജാലത്തേയും, ആകാശത്തിലെ കാര്‍മേഘങ്ങളേയും ജലത്തിന്റെ ഒഴുക്കുകളേയും കാറ്റിന്റെ ചിറകുകളേയും ഒരേയൊരു ദൈവം സൃഷ്ടിച്ച താണെന്നു ഞാനവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? എന്റെ കൈവശമുള്ള വേദ പുസ്തകം ഞാന്‍ പുറത്തെടുക്കാന്‍ മടിക്കുന്നു. കാരണം, അതിലുള്ളതെല്ലാം ഞങ്ങളുടെ പൂര്‍വികര്‍ ഞങ്ങളുടെ മനസ്സില്‍ത്തന്നെ എഴുതി വച്ചിരിക്കുന്നു.
ഹഹഹ
ഇന്നലെ രാത്രി എനിക്ക് ശരിയായ ഉറക്കം വന്നില്ല. പാറയിടുക്കില്‍ നിന്ന് ഒരു അജ്ഞാത മുഖം എന്നെ നോക്കിപ്പറയുന്നു, നിനക്കിവിടെ ഇനി അധികകാലം കഴിയാനില്ല!novel3
അങ്ങനെ എനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. എനിക്കു വിശപ്പ് കുറയുന്നു. പകല്‍ ഒരു കുടം വെള്ളം കുടിക്കുന്നു. ചുറ്റുമുള്ള കടല്‍ മുഴുവനും ഊറ്റിക്കുടിക്കാന്‍ മോഹം. പുലരുമ്പോള്‍ എന്റെ കാലുകള്‍ക്ക് മരത്തടിയുടെ വണ്ണം. തടിയുടെ മരവിപ്പും.
എന്നാലും ഞാന്‍ എഴുത്തു തുടരുന്നു.
ഒരു ചിന്ത ഈയിടെ എന്നെ പിടികൂടി. എന്റെ അര്‍ദ്ധ സഹോദരന്‍ ചാക്കോ ഈ ദ്വീപിലെങ്ങോ ഒളിച്ചു താമസിക്കുന്നുണ്ട്. ആരേയും പേടിച്ചല്ല. തന്റെ നാട്ടു മൂപ്പന്‍ സ്ഥാനം യൂറോപ്പില്‍ നിന്നു വന്നവര്‍ തട്ടിയെടുത്തതിന്റെ പേരില്‍. ചാക്കോവിനു സുന്ദരിയായൊരു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും.ഉണ്ടെന്ന് ഒരിക്കല്‍ ഇവിടെ വന്നു പോയ കപ്പല്‍ക്കാര്‍ പറഞ്ഞു ഞാനറിഞ്ഞു. അവനാണ് ശൂരന്‍. വീരന്‍. പരാക്രമി. പ്രജകളോട്, പ്രത്യേകിച്ച് എല്ലാ ഗോത്രങ്ങളോടും കാരുണ്യമുള്ളവന്‍! ശത്രുക്കള്‍ അവനെ ജീവനോടെ പിടിച്ചുകൊണ്ടു പോവാന്‍ പഠിച്ച പണിയെല്ലാം നോക്കി. അവസാനം മടുത്തു മടങ്ങി. ഒരു ദ്വീപു നിവാസി മുതലവേട്ടക്കാരന്‍, കറുത്തവന്‍, ചാക്കോ എന്ന യുവ കേസരി തങ്ങളെ ഇളിഭ്യരാക്കി എന്നവര്‍ക്ക് കോപം കാണും.
ഈ ഇരുട്ടിനെ നോക്കി ഞാന്‍ അവന്റെ പേരില്‍ മന്ദഹസിക്കുന്നു...
ചാക്കോവിനെ ഓര്‍ത്തുകൊണ്ട് ഞാനുറങ്ങിപ്പോയി. കതകില്ലാത്ത വാതിലിലൂടെ എന്റെ സഹായി, ആഹാരവും ചൂടുവെള്ളവും മധുര പാനകവുമായി വരുമ്പോഴും ഞാനുറങ്ങുകയായിരുന്നു. ഞാന്‍ മരിച്ചു പോയെന്ന് അവന്‍ വിചാരിച്ചു കാണും. എന്നാല്‍ ഞാന്‍ മരിച്ചിട്ടില്ല! എന്റെ പാദങ്ങളിലെ നീരിറങ്ങുന്നുണ്ട്. ഭാരക്കുറവ്... അവന്‍ ഇന്നലെ രാത്രി കൊണ്ടുവന്ന ഒരു പാത്രം കഷായം ഞാന്‍ കുടിച്ചിരുന്നു. അങ്ങനെ ദാഹം ശമിച്ചു. രാത്രി പല തവണ എണീറ്റില്ല.
ഞാന്‍ അരുവിയിലേക്കു നടന്നു പോയി. ഭൂമിയുടെ നെഞ്ചകത്തെ ചൂടുള്ള അരുവിയില്‍ മുങ്ങിക്കുളിച്ചു വന്നു. ഉടുപ്പു മാറ്റി. ഈയിടെ അതെന്റെ സഹായിയാണ് അലക്കിയുണക്കിത്തരുന്നത്. അവന് ഞാനെന്തു പാരിതോഷികം നല്കണം? സ്പെയിനില്‍ നിന്നു കൊണ്ടു പോന്ന ഒരുപിടി സ്വര്‍ണ നാണ്യങ്ങള്‍ കൊടുത്തു.
“എപ്പോഴെങ്കിലും ആവശ്യം വരും!”
അവന്‍വണങ്ങി. ദൈവ ത്തെ സ്തുതിച്ചു. നാണ്യം മുറുകെപ്പിടിച്ചു.  മുഷ്ടി നെറുകയില്‍ വച്ചു. ആഹാരം ഒരു മുളങ്കൂടയില്‍ തൂക്കി ഞാന്‍ ചാക്കോ ഒളിച്ചിരിക്കാനിടയുള്ള ഒരു ദിക്ക് ലക്ഷ്യമാക്കി നടന്നു. അവിടെ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കളിച്ചും മല്ലയുദ്ധം പരിശീലിച്ചും കത്തിയേറു നടത്തിയും ചെലവഴിച്ചിരുന്നത് വ്യക്തമായി ഓര്‍ക്കുന്നു. അന്ന് ആഹാരം കൂടെക്കൊണ്ടു പോവില്ല. അരുവിയിലെ വെള്ളം കൈക്കുടന്നയിലെടുത്ത് ആവോളം കുടിക്കും. തീകൂട്ടി വേട്ട മൃഗങ്ങളെ ചുട്ടു തിന്നും. വേനല്‍ക്കാലത്ത് ദിവസങ്ങളോളം അവിടെ താമസിക്കുമായിരുന്നു. പോകുമ്പോള്‍ ഊരു മൂപ്പന്മാരുടെ അനുവാദം മേടിച്ചിരിക്കണം. അന്യഗ്രാമങ്ങളില്‍ച്ചെന്നു വഴക്കുണ്ടാക്കുകയില്ലെന്നുറപ്പു കൊടുക്കണം. “ജീവിക്കാന്‍ പഠിച്ചിട്ടു വരൂ.” എന്നനുഗ്രഹിച്ചു വിടും. ഓരോ പുതപ്പും തരും. പരമ സുഖമായിരുന്നു.
അങ്ങനെ കളിച്ചു നടക്കുമ്പോള്‍ ഒരു പറയരികില്‍ നിന്ന് നാലഞ്ച് വൃക്ഷങ്ങള്‍ കഴുത്തു നീട്ടി ഞങ്ങളെ നോക്കുന്നതു കണ്ടു.
അതിശയം! തടിയില്ലാത്ത വൃക്ഷങ്ങളോ!
പാറപ്പരപ്പില്‍ മുളച്ചിരുന്ന പുല്ല് ഉണങ്ങി കാറ്റേറ്റു ഞരങ്ങുന്നു. ഗ്രാമത്തില്‍ നിന്നു ദൂരെയാകയാല്‍ ഒരൊറ്റ കന്നുകാലിയേയും കണ്ടില്ല. കാട്ടു പന്നികള്‍ കൂത്താടിയ ലക്ഷണമുണ്ട്.
പാറവിളുമ്പില്‍ ചെന്നു നിന്നു. താഴോട്ടു നോക്കി. താഴെ ഇടതൂര്‍ന്ന മരങ്ങള്‍. ഇരുട്ട്. അരുവിയുടെ കളകളം. അവള്‍ പാറകളില്‍ നൃത്തം ചെയ്യുകയാണ്. ഏതോ ഒരു ശബ്ദം കേട്ടു. മനുഷ്യ ശബ്ദം. തുടര്‍ന്നൊരു ചെറുചുമ. പിന്നെ വേട്ടക്കാരുടെ വായ്ത്താരി. പിന്നെയൊരു പാട്ട്. തുടിയൊച്ച. ഒരു നിമിഷം കഴിഞ്ഞു. പരിപൂര്‍ണ നിശ്ശബ്ദത.
ഭാണ്ഡം ചുമലില്‍ തൂക്കി, ഞാനെന്റെ പഴയ വിദ്യയിലൊന്നു പുറത്തെടുത്തു. വൃക്ഷങ്ങള്‍ വളരെ ഉയരത്തിലേക്കു വളര്‍ന്നു പുല്‍മേട്ടിലേക്ക് എത്തി നോക്കുകയാണ്. ഒരു മരച്ചില്ല പിടിച്ചിറങ്ങിയിറങ്ങി ആഴമേറിയ താഴ്വരയിലെത്തി. ആരായാലും അവിടെയൊരു മനുഷ്യനിരിപ്പുണ്ട്. നായാട്ടു വായ്ത്താരി കേട്ടാലറിയാം, സ്വന്തം ഗോത്രത്തില്‍ പെട്ടവനാണ്. അവര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന വാക്കാണ്.
ഇറങ്ങുന്തോറും ആയിരക്കണക്കിനു പ്രാണികളെ കണ്ടു. ഇഴഞ്ഞും നടന്നും പറന്നും നടക്കുന്നവരെ തമ്മിലുരസിയും അവരെ തിരിച്ചറിഞ്ഞും വള്ളികളില്‍ പിടിച്ചിറങ്ങി. അണ്ണാനും കുരുവിയും തേനീച്ചയും ചീവീടും തേരട്ടയും ഓന്തും അരണയും പലതരം ഇഴജീവികളും... മുള്ളന്‍ പന്നി, കുരങ്ങ്, പാമ്പുകള്‍, പറക്കും പാമ്പുകള്‍, നടക്കും കിളികള്‍, നീന്തും മുതലകള്‍ - എല്ലാവരും ചേര്‍ന്ന ഒരു വന നഗരം!novel4 അവരാരും എന്നെ ഉപദ്രവിക്കുന്നില്ല. വഴിമാറിത്തരുന്നു. വഴിയില്ലെങ്കിലും ഞാനെന്റെ കാലുകള്‍ക്ക് സ്വന്തം വഴിയുണ്ടാക്കി. അവസാനം ഞാന്‍ കാണുന്നതെന്ത്?
പച്ചപ്പനയോല മേഞ്ഞ ഒരു കൂര! ഉമ്മറത്തിരുന്നു രണ്ടു കയ്യുകള്‍ കുട്ട നെയ്യുന്നു. അടുത്ത് പെറുക്കിക്കൂട്ടിയ ഫലങ്ങളും പഴങ്ങളും വേറെ വേറെ കൂട്ടി വച്ചിരിക്കുന്നു. കുറെക്കൂടി നടന്നടുത്തപ്പോള്‍ ഒരു മുഖം, മിഴിച്ചു നോക്കുന്ന കണ്ണുകള്‍, വളര്‍ന്നു മുറ്റിയ ഇരുണ്ട താടി മീശകള്‍. ഒറ്റത്തുണി ചുമലില്‍ കെട്ടി നഗ്നത മറച്ച ഒരാള്‍!
ചാക്കോ!
എന്റെ സ്വന്തം ചാക്കോ!
ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. അനേകം അനുഭവങ്ങള്‍ കൈമാറി. അരുവിജലം കുടിച്ചു. ഫലമൂലങ്ങള്‍ തിന്നു. തലേന്നു രാത്രി ചുട്ടു വച്ച കിഴങ്ങുകള്‍ അടുപ്പിലെ ചുടുചാരത്തില്‍ നിന്നു പെറുക്കിക്കൊണ്ടു വന്നു ചാക്കോ
പറഞ്ഞു,
“നല്ല രുചിയുണ്ട്.”
ഒരു മുളങ്കുറ്റി തേന്‍ കൊണ്ടു വന്നു.
“ഞാനിതു ദിവയ്ക്കു കൊടുക്കാം.”
“അവള്‍ക്ക്, കാത്തിക്ക്, ഞാന്‍ ഈയിടെ കൊടുത്തിട്ടുണ്ട്.”
“നേരോ?”
“ഉം. കാത്തിക്കറിയാം ഞാനിവിടെ ജീവിക്കുന്ന കാര്യം. എന്തായാലും അവളെന്റെ പെങ്ങളല്ലേ?”
“ശരിയായ പെങ്ങള്‍. ആങ്ങളയെ ഒറ്റു കൊടുക്കാത്തവള്‍...” ചാക്കോ ഊറിച്ചിരിച്ചു.
ഉച്ച തിരിഞ്ഞപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞു.
അതിവേഗം നടന്നു. മൈതാനത്തിന്റെ ഇക്കരെയെത്തിയപ്പോള്‍ തിരിഞ്ഞു നോക്കി. ചാക്കോവിന്റെ തുടിയൊച്ച പതിഞ്ഞ താളത്തില്‍ കേട്ടു.
എനിക്ക് സന്തോഷം തോന്നുന്നു.
ചാക്കോവിനെ കണ്ടതോടെ ഞാനെന്റെ ആത്മകഥ എഴുതി മുഴുമിക്കാന്‍ തിരക്കു കൂട്ടുന്നു. മെഴുകുതിരിക്കുറ്റികള്‍ തീരാറായി. നാളെ കാത്തി വീണ്ടും കൊണ്ടു വന്നേക്കും. എന്നാല്‍ ഞാനെഴുതിത്തീര്‍ന്നല്ലോ. അവസാനത്തെ പേജാണിത്. അവസാനത്തെ പേജിന് കീഴെ നാന്നൂറ്റിപ്പതിനാറ് എന്നെഴുതി, ഞാനെന്റെ പേരും എഴുതുന്നു. മേല്‍വിലാസമില്ലാത്ത ഒരാളായി മറഞ്ഞു പോകാന്‍ എനിക്കാഗ്രഹമില്ല.
നിങ്ങളുടെ സ്വന്തം,
അല്‍ക്കാഫ് ദിയാഗൊ

പി വത്സല
വര: സുധീഷ് കോട്ടേമ്പ്രം