KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അര്‍ജുന വനവാസം

mahabaharathm_title

മ്ളാനമുഖരായ സഹോദരന്മാരോടും കൃഷ്ണയോടും യാത്ര പറഞ്ഞ് അര്‍ജ്ജുനന്‍ തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ടു. ജനപ്രിയനായ പാര്‍ത്ഥന് മംഗളം നേര്‍ന്നുകൊണ്ട് പൌരജനങ്ങള്‍ അനുയാത്രmaha1 ചെയ്തു. കുറെ നാള്‍ യാത്ര ചെയ്ത് ഗംഗാതീരത്തെത്തിയ പാര്‍ത്ഥന്‍ സ്നാനത്തിനായി നദിയിലിറങ്ങി മുങ്ങിയപ്പോള്‍ ആ ഇന്ദ്രതുല്യനായ മനുഷ്യന്റെ രൂപസൌഭാഗ്യം കണ്ട് നാഗരാജാവിന്റെ മകളായ ഉലൂപി കൃഷ്ടയായി. ഗംഗാജലത്തില്‍ മുങ്ങിയ പാര്‍ത്ഥന്‍ പിന്നീട് ഉയര്‍ന്നത് നാഗരാജാവിന്റെ കൊട്ടാരത്തിലാണ്. അരികില്‍ കൈകൂപ്പി നില്‍ക്കുന്ന സുന്ദരിയായ നാഗകന്യകയോട് അര്‍ജ്ജുനന്‍ ചോദിച്ചു: “ആരാണ് നീ? എന്തിനാണ് ഈ സാഹസം ചെയ്തത്?”
“അങ്ങയെക്കണ്ട് മോഹിച്ചിട്ടാണ് ഞാന്‍ കൊണ്ടുപോകുന്നത്. വീര, അങ്ങെന്നെ വരിക്കാഞ്ഞാല്‍ ഞാന്‍ പ്രാണനെക്കളയും,” എന്നായി ഉലൂപി. അവളുടെ സ്നേഹാധിക്യവും നിര്‍ബന്ധവും കണ്ട് അര്‍ജ്ജുനന്‍ അവളെ സ്വീകരിച്ച് അവളോടൊപ്പം നാഗരാജ്യത്ത് കുറച്ചു കാലം വാണു. വീണ്ടും യാത്ര തുടര്‍ന്നു. അര്‍ജ്ജുനന് ഉലൂപിയില്‍ അക്കാലത്തുണ്ടായ പുത്രനാണ് ഇരാന്‍.
വീണ്ടും മാസങ്ങള്‍ കഴിഞ്ഞു. പാര്‍ത്ഥന്‍ യാത്ര തുടര്‍ന്ന് ഹിമാലയ പര്‍വതത്തിന്റെ പാര്‍ശ്വവനങ്ങളില്‍ എത്തിച്ചേര്‍ന്നു. ഹിമാലയത്തില്‍ നിന്ന് ശ്രീ വിളങ്ങി ഒഴുകി വരുന്ന ഉല്ലലിനിയും നന്ദാ നദിയും അമരനന്ദയും കൌശികിയും മഹാനദിയും ഗംഗാനദിയും മറ്റും കണ്ടും തീര്‍ത്ഥങ്ങളാടിയും പൂജകള്‍ ചെയ്തും അംഗ, വംഗ, കലിംഗദേശങ്ങളും കടന്നു ചെന്ന് മഹേന്ദ്രപര്‍വത പ്രാന്തത്തിലെത്തിച്ചേര്‍ന്നു. അവിടെ മണലൂരപുരത്തിലെ ചിത്രാംഗദയെന്ന രാജകന്യകയെ കണ്ടു. പുത്രിയായ ചിത്രയെ പുത്രനായി വളര്‍ത്തി വന്ന രാജാവ് അവളെ അര്‍ജ്ജുനന് നല്‍കി. അവളെ വേട്ട് അവളില്‍ ജനിക്കുന്ന പുത്രനെ മണലൂരപുരത്തിന്റെ അവകാശിയാക്കുവാന്‍ ഏല്പിച്ചിട്ട് പാര്‍ത്ഥന്‍ യാത്ര തുടര്‍ന്നു. ചിത്രാംഗദപുത്രനത്രേ ബദ്രുവാഹനന്‍ എന്ന വീരകുമാരന്‍.
പിന്നീട് തെക്കന്‍ സമുദ്ര തീരത്തില്‍ മുനിമാര്‍ സേവിക്കുന്ന അനേകം തീര്‍ത്ഥങ്ങള്‍ക്കിടയില്‍ അവര്‍ വര്‍ജ്ജിക്കുന്ന പഞ്ചതീര്‍ത്ഥങ്ങള്‍ കണ്ട് എന്താണിതിനു കാരണം എന്ന് പാര്‍ത്ഥന്‍ കാരണമാരാഞ്ഞു. ഓരോ തീര്‍ത്ഥത്തിലും ഓരോ ഭീകരനക്രങ്ങള്‍ പാര്‍ക്കുന്നുണ്ടെന്നും അവയെപ്പേടിച്ചാണ് ജലത്തിലിറങ്ങാത്തതെന്നും മുനിമാര്‍ പറഞ്ഞതുകേട്ട അര്‍ജ്ജുനന്‍ അരുതരുതെന്ന് അവര്‍ തടുത്തിട്ടും നീറ്റിലിറങ്ങി മുങ്ങി. അപ്പോള്‍ത്തന്നെ ഉഗ്രമായ ഒരു മുതല പാര്‍ത്ഥന്റെ കാലില്‍ പിടികൂടി. കടിച്ചു തൂങ്ങുന്ന നക്രത്തെയും വലിച്ചുകൊണ്ട് ആ വീരന്‍ കരയ്ക്കു കയറി അതിനെ പിടിച്ചുയര്‍ത്തിയപ്പോള്‍ അത്ഭുതം! ദിവ്യാഭരണങ്ങളണിഞ്ഞ ഒരു അപ്സരസ്സായി മാറീ ആ നക്രം! ശാപത്താല്‍ താന്‍ മുതലയായി മാറിപ്പോയതാണെന്നും തന്റെ നാലു സഖിമാര്‍ മുതലകളായി മറ്റ് നാലു തീര്‍ത്ഥങ്ങളിലും കിടക്കുകയാണെന്നും വീരനായ ഒരുവന്‍ വന്ന് പിടിച്ചു കയറ്റുമ്പോള്‍ മാത്രമേ ശാപമോക്ഷമുണ്ടാവുകയുള്ളൂ എന്നും പറഞ്ഞ് മോക്ഷത്തിനപേക്ഷിച്ച അപ്സരസ്സിനെ വന്ദിച്ച് പാര്‍ത്ഥന്‍ അവളുടെ സഖിമാരെയും മോചിപ്പിച്ച് സ്വര്‍ഗ്ഗത്തിലേക്കയച്ചു.
മാസങ്ങള്‍ കഴിഞ്ഞു. അര്‍ജ്ജുനന്‍ പശ്ചിമാദ്രിയുടെ അരികിലുള്ള തീര്‍ത്ഥങ്ങളും ക്ഷേത്രങ്ങളും കണ്ടു കണ്ട് ഒടുവില്‍ പ്രഭാസത്തിലെത്തി. അവിടെ വിശ്രമിച്ച പാര്‍ത്ഥന്‍ ഒരു രാവില്‍ വഴിപോക്കര്‍ തങ്ങളില്‍ സംസാരിക്കുന്നത് കേട്ടു കിടന്നു. ശ്രീകൃഷ്ണന്റെ ഇളയ സഹോദരി സുഭദ്ര എന്ന കന്യകയുടെ രൂപലാവണ്യത്തെപ്പറ്റിയും ശീലഗുണങ്ങളെപ്പറ്റിയുമായിരുന്നു അവരുടെ സംഭാഷണം. അതുകേട്ട പാര്‍ത്ഥന്റെ മനസ്സിളകി. ത്രിലോകസുന്ദരനായ ശ്രീകൃഷ്ണന്റെ സോദരിയും അതുപോലെ മനോഹരിയായിരിക്കുമല്ലോ. അവളെ എനിക്കു ലഭിക്കുമോ? ഭഗവാന്‍ കൃഷ്ണന് അത് ഹിതമായിരിക്കുമോ? എന്നെല്ലാം ആലോചിച്ച് അസ്വസ്ഥനായ പാര്‍ത്ഥന്‍ വേഷം മാറി ദ്വാരകയിലെത്തുവാന്‍ തീരുമാനിച്ചു. കാവിവസ്ത്രവും കമണ്ഡലുവും രുദ്രാക്ഷമാലയും ധരിച്ച് ആളും ഭാവവും മാറ്റി സന്യാസിവര്യനായി രൂപം പൂണ്ട് അര്‍ജ്ജുനന്‍ ഒരു ആല്‍മരച്ചുവട്ടില്‍ ധ്യാനം പൂണ്ടിരിപ്പായി. ദ്വാരകാപുരിയില്‍ പള്ളിമെത്തയില്‍ ഉറങ്ങാന്‍ കിടന്ന ശ്രീകൃഷ്ണന്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നതു കണ്ട സത്യഭാമ അത്ഭുതത്തോടെ ചോദിച്ചു: “ഭഗവാനേ, എന്താണീ ചിരിയുടെ അര്‍ത്ഥം? ഞാന്‍ അറിയാവുന്നതാണെങ്കില്‍ പറഞ്ഞു തന്നാലും.”
ശ്രീകൃഷ്ണന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, “ഭാമേ, എന്റെ അച്ഛന്‍ പെങ്ങളുടെ മകന്‍ അര്‍ജ്ജുനന്‍ കള്ളസന്ന്യാസി വേഷത്തില്‍ അകലെയൊരു ആല്‍ച്ചുവട്ടിലിരുന്ന് നമ്മുടെ സുഭദ്രയെ ധ്യാനിക്കുന്നു. ഞാന്‍ അനുകൂലനാകുമോ എന്നാണയാളുടെ ശങ്ക.”
ഒന്നുമറിയാത്ത മട്ടില്‍ ശ്രീകൃഷ്ണന്‍ പിറ്റേന്ന് പ്രഭാസദേശത്ത് എത്തിച്ചേര്‍ന്നു. തന്റെ പ്രാണനായ നാരായണനെകണ്ട പാണ്ഡവകുമാരന്‍ ഓടി അരികിലെത്തി വന്ദിച്ച് ആശ്ളേഷിച്ചു നിന്നപ്പോള്‍ ഭഗവാന്‍ ചോദിച്ചു. “എന്തുണ്ടായീ അര്‍ജ്ജുനാ, എന്താണീ വേഷം? എന്തിനാണീ തീര്‍ത്ഥയാത്ര?”
വിവരമെല്ലാം വിസ്തരിച്ചു പറഞ്ഞ് അവരൊന്നിച്ച് രണ്ട് നാള്‍ പാര്‍ത്തതിനുശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്കുപോയി. ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൃഷ്ണികള്‍ക്ക് രൈവതകപര്‍വതത്തില്‍ വെച്ച് പതിവായി നടത്തുന്ന ഉല്‍സവത്തിന്റെ സമയമായി. ബലഭദ്രരാമനും സാത്യകിയും കൃതവര്‍മ്മാവും ഉഗ്രസേനനും അന്ത:പുരസ്ത്രീകളും ദാസീദാസന്മാരും ഗായകരും മറ്റുമൊത്ത് പര്‍വത പാര്‍ശ്വത്തില്‍ വന്ന് മനോഹരങ്ങളായ കൂടാരങ്ങള്‍ ചമച്ച് അവയില്‍ പാര്‍പ്പുറപ്പിച്ചു. അവരോടൊപ്പം ശ്രീകൃഷ്ണനും വന്നെത്തി. ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ തോഴിമാരോടൊത്ത് അണിഞ്ഞൊരുങ്ങിഎത്തിയ കൃഷ്ണസോദരിയെ ക്കണ്ട് അര്‍ജ്ജുനന്‍ മനം മയങ്ങി നിന്നുപോയി. ആ മുഖഭാവം നോക്കിച്ചിരിച്ചുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു. “സന്യാസിയുടെ മനസ്സ് ഇളകുന്നതുപോലെ തോന്നുന്നുവല്ലോ. അക്കാണുന്ന കന്യക എന്റെ അനുജത്തി സുഭദ്രയാണ്. വസുദേവ പുത്രി.”
അര്‍ജ്ജുനന്‍ കൂപ്പുകൈയോടെ അപേക്ഷിച്ചു. “ജനാര്‍ദ്ദന, സുഭദ്രയെ എനിക്ക് നല്‍കുക. അതിന് എന്തുപായമാണുള്ളത്? പറഞ്ഞു തന്നാലും.” ആ പ്രാണ സുഹൃത്തുക്കള്‍ തമ്മില്‍ പലതും ആലോചിച്ചുറപ്പിച്ചു പിരിഞ്ഞു. ഉത്സവം കഴിഞ്ഞ് സുഭദ്ര ദ്വാരകയിലേക്കു മടങ്ങിയതിനുശേഷം വീണ്ടും വട വൃക്ഷച്ചുവട്ടില്‍ ധ്യാനമഗ്നനായിരിക്കുന്ന സന്യാസിയെപ്പറ്റി കേട്ടറിഞ്ഞ വൃഷ്ണികള്‍ ബലരാമന്റെയൊപ്പം അവിടെയെത്തി വന്ദിച്ചു നിന്നു. ‘ഇരിക്കുവിന്‍’ എന്ന് സന്യാസി അനുവദിച്ചപ്പോള്‍ അവിടെ വിരിച്ചിട്ട ഇലകളിന്മേല്‍ ഇരുന്ന് ഏറെ നേരം അവര്‍ സംഭാഷണം ചെയ്തു. തീര്‍ത്ഥങ്ങളാടി വന്ന ദിവ്യനായ സന്യാസിയോട് ബലഭദ്രരാമന്‍ വിവരങ്ങളാരാഞ്ഞപ്പോള്‍ താന്‍ കണ്ട ദിവ്യസ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും തീര്‍ത്ഥങ്ങളെയും പറ്റി സന്യാസി വര്‍ണ്ണിച്ചു കേള്‍പ്പിക്കുകയായി. തനിക്ക് നാല് മാസ വ്രതം കൂടിയുണ്ടെന്ന സന്യാസിയുടെ വാക്കുകേട്ട് ബലഭദ്രര്‍ അദ്ദേഹത്തെ പുരത്തിലേക്ക് ആദരവോടെ ക്ഷണിച്ചു. “മഹാത്മന്‍, ഞങ്ങളുടെ ഗൃഹത്തിലേക്കു വന്നാലും. അവിടെ വസിച്ച് അങ്ങയുടെ ചാതുര്‍മ്മാസ്യവ്രതം പൂര്‍ണ്ണമാക്കിയാലും” എന്ന് അഭ്യര്‍ത്ഥിച്ചു. സന്യാസി ഔദാര്യപൂര്‍വം ആ ക്ഷണം സ്വീകരിച്ചു. അപ്പോള്‍ അവിടെ വന്നെത്തിയ ശ്രീകൃഷ്ണനോട് ബലഭദ്രര്‍ പറഞ്ഞു. “ഉണ്ണീ, ഈ മഹാനായ സന്യാസിയെ നമ്മുടെ പുരത്തിലേക്കു ഞാന്‍ ക്ഷണിച്ചു കഴിഞ്ഞു. വ്രതാര്‍ത്ഥം നാലു മാസം അദ്ദേഹം നമ്മുടെ കൊട്ടാരക്കെട്ടിനോടു ചേര്‍ന്നുള്ള ആ രാമ ഗൃഹത്തില്‍ വസിപ്പിച്ചാലോ? എന്താണ് നിന്റെ അഭിപ്രായം?” “ജ്യേഷ്ഠാ, അവിടുന്നുള്ളപ്പോള്‍ ഞാന്‍ എന്തു പറയാനാണ്! അവിടുന്നു തന്നെ നിശ്ചയിച്ചാലും,” എന്നായി കൃഷ്ണന്‍. പ്രസന്നനായ ബലരാമന്‍ ഇങ്ങനെ കല്പിച്ചു. “വത്സ, ഇദ്ദേഹം കന്യകാഗൃഹത്തിനു സമീപം വസിക്കുകയാണെങ്കില്‍ നമ്മുടെ സഹോദരി സുഭദ്ര ഇദ്ദേഹത്തെ പൂജിച്ചു സല്‍ക്കരിച്ചുകൊള്ളും. എന്നും അവള്‍ ഭിക്ഷാന്നമൊരുക്കി യതിക്കു നല്‍കട്ടെ.”
ശ്രീകൃഷ്ണന്‍ ചെറിയൊരു ശങ്കാഭാവത്തില്‍ ജേഷ്ഠനോട് ചോദിച്ചു: “അവിടുത്തെ കല്പന പോലെയാവാം. പക്ഷേ ഈ ശ്രീമാനായ സന്യാസി പരമയോഗ്യനും സുന്ദരനും ബലവാനുമാണ്. കന്യകാഗൃഹ സമീപത്ത് ഈ യുവാവായ യതിയെ പാര്‍പ്പിക്കുന്നത് ഉചിതമോ എന്ന് ഒരിക്കല്‍കൂടി ചിന്തിക്കേണ്ടതല്ലേ?”
ബലരാമന്‍ തര്‍ക്കിച്ചു. “ഇദ്ദേഹം പരമയോഗ്യനാണ്. ദേശാതിഥിയാണ്. വിനയപൂര്‍ണ്ണനും ജിതേന്ദ്രിയനും മാന്യനുമാണ്. ഇങ്ങനെയൊരാളെ സുഭദ്ര ശുശ്രൂഷിക്കുന്നത് പുണ്യമാണെന്നറിയുക.”
“എന്നാല്‍ അങ്ങനെയാകാം,” എന്ന് പുഞ്ചിരിയോടെ ശ്രീകൃഷ്ണന്‍ സമ്മതമേകി. സന്യാസി ആരാമഗൃഹത്തിലേക്ക് ആനയിക്കപ്പെട്ടു.
ഭഗവാന്‍ പ്രിയസുഹൃത്തായ കപടവേഷധാരിയെപ്പറ്റി തന്റെ പത്നിമാരായ രുഗ്മിണിയോടും സത്യഭാമയോടും മാത്രം പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അവരേവരും ആഹ്ളാദം പൂണ്ടു. പിന്നീട് അനുജത്തിയെ വിളിച്ച് ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു. “വത്സേ, നിന്റെ ഗൃഹത്തിനരികില്‍ യോഗ്യനായ ഒരു സന്യാസിവര്യനെ ബലരാമ ജ്യേഷ്ഠന്‍ ക്ഷണിച്ചുകൊണ്ടുവന്നു താമസിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തെ യഥാവിധി ശുശ്രൂഷിച്ച് പ്രസാദിപ്പിക്കേണ്ടതും നിന്റെ കടമയാണെന്ന് ജ്യേഷ്ഠന്‍ കല്പിച്ചിരിക്കുന്നു.”
“അങ്ങനെയാവാം,” എmaha2ന്ന് സുശീലയായ സുഭദ്ര സമ്മതമേകി. സന്യാസിയെ ചെന്നു കണ്ടു വന്ദിച്ച് അദ്ദേഹത്തിന് പൂജാകര്‍മ്മങ്ങള്‍ക്കും ഭക്ഷണത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും നേരിട്ടു ചെയ്യുകയായി. കൃഷ്ണസോദരിയുടെ സുന്ദര രൂപം കണ്ടു കണ്ട് കപട സന്യാസി ആനന്ദത്തോടെ അവിടെ വസിച്ചു. പൂജാദ്രവ്യങ്ങളൊരുക്കുമ്പോഴും ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴും തോഴിമാരുമൊത്ത് ഉദ്യാനത്തില്‍ പൂവിറുക്കുമ്പോഴും കേളികളാടി രസിക്കുമ്പോഴുമെല്ലാം അവളറിയാതെ തന്നെ സന്യാസിയുടെ കണ്ണുകള്‍ അവളെ വലംവെച്ചു കൊണ്ടിരുന്നു.
യഥാര്‍ത്ഥത്തില്‍ സുഭദ്രയും അര്‍ജ്ജുനനെന്ന നാമം കേട്ടുകേട്ട് അവനെ ആരാധിക്കുന്നവളായിരുന്നു. വൃഷ്ണികള്‍ അഭ്യാസത്തിനിടയിലും വീരവാദം മുഴക്കുമ്പോഴും കലഹിക്കുമ്പോഴുമെല്ലാം ആ പേരു പറയുന്നത് കേള്‍ക്കാം. “നീയാര് അര്‍ജ്ജുനനോ!” എന്നും “ഞാന്‍ അര്‍ജ്ജുനനെപ്പോലെ വീരനാവും” എന്നും “ഞാന്‍ പാര്‍ത്ഥനു സമനാണ്” എന്നുമൊക്കെ അവര്‍ വിളിച്ചു പറയും. അച്ഛനമ്മമാരും ഗുരുജനങ്ങളും കുട്ടികളുടെ ശിരസ്സില്‍ കൈവെച്ച് ‘നീ അര്‍ജ്ജുനനെപ്പോലെയാവട്ടെ’ എന്ന് ആശീര്‍വദിക്കും. തന്റെ പ്രാണനായ ജ്യേഷ്ഠന്‍ കൃഷ്ണന്റെ ഉറ്റ തോഴനായ പാര്‍ത്ഥന്‍ അങ്ങനെ ആ കന്യകയ്ക്കും പ്രിയപ്പെട്ടവനായിത്തീര്‍ന്നിരുന്നു. അര്‍ജ്ജുനന്റെ രൂപവര്‍ണ്ണന പലരിലും നിന്ന് കേട്ടിട്ടുള്ള സുഭദ്ര പരമയോഗ്യനായ യുവസന്യാസിയെക്കണ്ട് ഇങ്ങനെ സ്വയം ശങ്കയാര്‍ന്നു. ഈബഹുമാന്യനായ സന്യാസിയുടെ നീണ്ടുരുണ്ട് വന്‍ പാമ്പുകളെപ്പോലെയുള്ള ഈ കൈകളില്‍ ഞാണ്‍ തഴമ്പാണല്ലോ ഞാന്‍ കാണുന്നത്. ഇതെങ്ങനെ സംഭവിക്കും? ഒരു നാള്‍ അവള്‍ യതിസന്നിധിയില്‍ ചെന്നു കൈകൂപ്പി നിന്നുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “മഹാത്മന്‍, അവിടുത്തെ ദേശസഞ്ചാരകഥകള്‍ കേള്‍ക്കാന്‍ എനിക്ക് ആകാംക്ഷയുണ്ട്. അപ്രിയമില്ലെങ്കില്‍ പറഞ്ഞു തന്നാലും.”
“അപ്രിയമെന്തിനു ഭദ്രേ, ഇരിക്കുക,” എന്ന് സന്യാസി കുമാരിയെ അരികിലിരുത്തി യാത്രാ വിവരണം ആരംഭിച്ചു. ഏറെ കാടുകളും നാടുകളും ക്ഷേത്രങ്ങളും നഗരങ്ങളുമെല്ലാം വര്‍ണ്ണിക്കപ്പെടുന്നതിനിടയില്‍ സുഭദ്ര ഇങ്ങനെ ചോദിക്കുകയായി. “യതിസത്തമ, യാത്രയ്ക്കിടയില്‍ അവിടുന്ന് ഇന്ദ്രപ്രസ്ഥ പുരിയില്‍ പോവുകയുണ്ടായോ? അവിടെ ഞങ്ങളുടെ അച്ഛന്‍ പെങ്ങളായ കുന്തീദേവിയുണ്ട്. അവരെ കണ്ടുവോ? യുധിഷ്ഠിര ജ്യേഷ്ഠന്‍ സഹോദരന്മാരുമൊത്ത് സുഖമായി കഴിയുന്നുണ്ടോ? വീരനായ ധനഞ്ജയന്‍ പ്രായശ്ചിത്തം ചെയ്യാനായി നാടുവിട്ട് ദുഃഖിതനായി അലയുകയാണെന്നു കേട്ടു. യാത്രാമദ്ധ്യേ എവിടെയെങ്കിലും വെച്ച് അങ്ങ് ആ മഹാവീരനെ കാണുകയുണ്ടായോ?”
സന്യാസി പുഞ്ചിരി തൂകിക്കൊണ്ടു മറുപടിയോതി. “മാധവി, ആര്യയായ കുന്തീദേവി പുത്രന്മാരോടൊപ്പം സുഖമായി വാഴുന്നു, അവര്‍ക്കെല്ലാം ക്ഷേമം തന്നെ. എന്നാല്‍ അര്‍ജ്ജുനന്‍ കള്ളസന്യാസിയായി വേഷം കെട്ടി ദ്വാരകാപുരിയില്‍ എത്തിയിരിക്കുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്.”
നെടിയ കണ്ണുകളില്‍ നീര്‍ നിറഞ്ഞും ഓമന മുഖം ചുവന്നും ആകെ  പരിഭ്രമിച്ച് തലകുനിച്ച് നില്‍ക്കുന്ന കുമാരിയെ നോക്കി തന്റെ ബലിഷ്ഠകരങ്ങള്‍ നീട്ടിക്കൊണ്ട് സന്യാസി മധുരമായി പറഞ്ഞു. “മാധവി, ഇതാ ഈ ഞാന്‍ തന്നെയാണ് അര്‍ജ്ജുനന്‍! നിന്നെ കാണുവാന്‍ വേണ്ടി മാത്രമാണ് ഞാനീ വേഷം ധരിച്ച് ഇവിടെ എത്തിയത്. ഭദ്രേ, നീ എന്നെ വേള്‍ക്കുക. സാവിത്രി സത്യവാനോടൊപ്പമെന്നപോലെ എന്നോടൊപ്പം വാഴുക.”
(തുടരും)

സുഗതകുമാരി
വര: ജയേന്ദ്രന്‍